ഏഴുവർഷത്തെ ഇടവേളയ്ക്കുശേഷം തമിഴ് സിനിമയിലേക്ക് തിരിച്ചെത്തുകയാണ് മമ്മൂട്ടി. ധനുഷും സായ് പല്ലവിയും പ്രധാന വേഷങ്ങളിലെത്തുന്ന 'ഒഎം: ചാപ്റ്റർ 1 ഉദിരം: ദ ബ്ലഡ് വുഡ്' എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ്. ചിത്രത്തിന്റെ പ്രീ-റിലീസ് ചടങ്ങിൽ ധനുഷിന്റെയും സായ് പല്ലവിയുടെയും പ്രകടനങ്ങളെ മമ്മൂട്ടി പ്രശംസിച്ചു.
മലനിരകളുടെ പശ്ചാത്തലത്തിൽ സാധാരണക്കാരുടെ ജീവിതം പറയുന്ന സിനിമയിൽ സായ് പല്ലവിക്കും ധനുഷിനും മമ്മൂട്ടിക്കും വ്യത്യസ്തമായ കഥാസന്ദർഭങ്ങളുണ്ട്. ആദ്യം 45 ദിവസത്തെ ചിത്രീകരണമാണ് അറിയിച്ചിരുന്നതെങ്കിലും ആറുമാസത്തോളം നീണ്ടുവെന്നും ഏറെയും രാത്രിയിലായിരുന്നു ഷൂട്ടിങ്ങെന്നും മമ്മൂട്ടി വെളിപ്പെടുത്തി. കൂടാതെ സായ് പല്ലവിയുടെ ആക്ഷൻ രംഗങ്ങളെ ബ്രൂസ് ലീയുടെ പോരാട്ടമികവിനോടാണ് മമ്മൂട്ടി ഉപമിച്ചത്.
“ആദ്യം 45 ദിവസത്തെ ഷൂട്ടിങ്ങാണെന്നാണ് പറഞ്ഞത്. ഇപ്പോൾ ആറുമാസമായി. രാത്രിക്കു രാത്രി ചിത്രീകരണം നടക്കുകയാണ്. എന്റെ കഥാപാത്രത്തിന്റെ കഥ രാത്രിയിൽ മാത്രമേ ചിത്രീകരിക്കാൻ കഴിയൂ എന്നാണ് സംവിധായകൻ പറയുന്നത്. പിന്നെ ഞാനെന്തു ചെയ്യാനാണ്. സായ് പല്ലവിയെ ഞാൻ ഹീറോ എന്നാണ് വിളിക്കുന്നത്. സാധാരണ സിനിമകളിൽ ആക്ഷൻ ചെയ്യുന്നത് പുരുഷന്മാരായ നായകന്മാരാണ്. എന്നാൽ ഈ ചിത്രത്തിൽ സായ് പല്ലവി പോരാടുമ്പോൾ നായകന്മാർ പോലും പിന്നിലാകും. ബ്രൂസ് ലീയെപ്പോലെയാണ് അവൾ ഫൈറ്റ് ചെയ്യുന്നത്. ഞാൻ പറയുന്നത് തമാശയായി തോന്നിയേക്കാം. പക്ഷേ സിനിമ വളരെ ഗൗരവമുള്ളതാണ്. അത് നിങ്ങളുടെ ഹൃദയത്തെ തൊടും,” മമ്മൂട്ടി പറഞ്ഞു.
Also Read
ചിത്രത്തിലെ ധനുഷിന്റെ പ്രകടനം കരിയറിലെ മികച്ചവയിൽ ഒന്നായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൂട്ടത്തിൽ ധനുഷിന്റെ മകനെക്കുറിച്ച് പറഞ്ഞ തമാശയും ശ്രദ്ധ നേടി.
“'പേരൻപി'നു ശേഷം മറ്റൊരു തമിഴ് ചിത്രത്തിൽ അഭിനയിക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും അവസരങ്ങൾ ലഭിച്ചിരുന്നില്ല. ഏഴുവർഷത്തിനുശേഷമാണ് 'ഒഎം' എന്ന ചിത്രത്തിലൂടെ തമിഴിലേക്ക് മടങ്ങിയെത്തുന്നത്. രജനി സാറിനൊപ്പവും ധനുഷ് സാറിനൊപ്പവും ഞാൻ അഭിനയിച്ചിട്ടുണ്ട്. ധനുഷിന്റെ മകൻ ഇവിടെ ഇരിക്കുന്നുണ്ട്. അവൻ എപ്പോഴാണ് അഭിനയം തുടങ്ങുന്നതെന്ന് എനിക്കറിയില്ല,” എന്നായിരുന്നു മമ്മൂട്ടിയുടെ തമാശ.
രാജ്കുമാർ പെരിയസാമി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ മമ്മൂട്ടി, ബർമ കാർത്തികേയൻ എന്ന ശക്തനായ കള്ളക്കടത്തുകാരനായാണ് എത്തുന്നത്. ധനുഷ് നായകനാകുന്ന ചിത്രത്തിൽ ഐപിഎസ് ഉദ്യോഗസ്ഥ നിത്യ റെഡ്ഡിയായാണ് സായ് പല്ലവി അഭിനയിക്കുന്നത്. ശ്രീലീലയും പ്രധാന വേഷത്തിലുണ്ട്. നവംബർ 20-ന് ചിത്രം തിയറ്ററുകളിലെത്തും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 07 Nov 2026, 06:00 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented