'മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍'ക്കുശേഷം ഇരുപത്തിയഞ്ചോളം സിനിമകളില്‍ അഭിനയിച്ചതില്‍പ്പിന്നെയാണ് മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് മേക്കറുകളിലൊരാളായ ജോഷിസാറിലേക്ക് ഞാന്‍ എത്തിച്ചേരുന്നത്. പ്രിയദര്‍ശന്‍ തിരക്കഥയും സംഭാഷണവുമെഴുതി ജോഷിസാര്‍ സംവിധാനംചെയ്ത 'ഭൂകമ്പം' എന്ന സിനിമയിലൂടെയായിരുന്നു ആ തുടക്കം. നസീര്‍സാറും തമിഴിലെ ജയശങ്കറുമുള്‍പ്പെടെ വലിയൊരു താരനിര അണിനിരന്ന ആ ചിത്രത്തില്‍ എനിക്ക് വില്ലന്‍ വേഷമായിരുന്നു.
പിന്നീട് മൂന്നോ നാലോ വര്‍ഷങ്ങള്‍തന്നെ വേണ്ടിവന്നു ജോഷിസാറുമായി വീണ്ടും ഒന്നിക്കാന്‍. ആ കാലം വലിയൊരു ഗ്യാപ്പുതന്നെയായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നു. കാരണം, വര്‍ഷത്തില്‍ മുപ്പതിലേറെ ചിത്രങ്ങളില്‍വരെ അഭിനയിച്ച കാലമായിട്ടുകൂടി ജോഷിസാറിലേക്കുള്ള ദൂരത്തിന് 'ജനുവരി ഒരു ഓര്‍മ്മ' വരെ കാത്തിരിക്കേണ്ടതായിവന്നു.
ജോഷിസാറിന്റെ സിനിമയില്‍ അഭിനയിക്കുകയെന്നത് ഏതൊരഭിനേതാവിന്റെയും മോഹവും സ്വപ്നവുമാണ്. നാല്‍പ്പതുവര്‍ഷത്തിലേറെ നീണ്ട എന്റെ സിനിമാജീവിതത്തില്‍ പതിനൊന്ന് ചിത്രങ്ങളിലാണ് ജോഷിസാറിനൊപ്പം ഒന്നിക്കാനുള്ള ഭാഗ്യമുണ്ടായത്. ആ സിനിമകളില്‍ പത്തെണ്ണവും മികച്ച സാമ്പത്തികവിജയം നേടിയവയായിരുന്നു.
തുടക്കംമുതലേ കലയിലും കച്ചവടത്തിലും ജോഷിസാറിന്റെ സിനിമകള്‍ നല്‍കുന്ന ഒരു ഗാരന്റിയുണ്ട്. ആ ഉറപ്പ് അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങള്‍ക്കും നല്‍കാന്‍ കഴിയുന്നുവെന്നു പറയുമ്പോള്‍ ജോഷി എന്ന സംവിധായകന്‍ സിനിമയ്ക്കൊപ്പം സഞ്ചരിക്കുന്നുവെന്നാണ് മനസ്സിലാക്കേണ്ടത്. പ്രഗല്ഭരായ ഒട്ടേറെ സംവിധായകര്‍ നമുക്കുണ്ടായിട്ടുണ്ട്.
മികച്ച ഒട്ടേറെ സിനിമകള്‍ അവര്‍ നമുക്ക് തന്നിട്ടുമുണ്ട്. പക്ഷേ, കാലത്തിനൊപ്പം സഞ്ചരിക്കാന്‍ അവരില്‍ പലര്‍ക്കും കഴിഞ്ഞിട്ടുണ്ടാവില്ല. സിനിമ അടിമുടി മാറിക്കൊണ്ടിരിക്കുമ്പോള്‍, ഇന്നത്തെ കുട്ടികളുടെ സിനിമകള്‍ക്കൊപ്പം വിസ്മയങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള തലമുതിര്‍ന്ന സംവിധായകരില്‍ ജോഷിസാറിന്റെ സ്ഥാനം ഒന്നാമതാണ്.
സിനിമയുമായി ബന്ധപ്പെട്ടവരെല്ലാം ഏറെ ബഹുമാനത്തോടെ നോക്കിക്കാണുന്ന വ്യക്തിയാണ് ജോഷിസാര്‍. സിനിമയ്ക്കപ്പുറം മറ്റൊന്നും അദ്ദേഹത്തിന്റെ ജീവിതത്തിലില്ലെന്നുതോന്നിയ ഒരുപാട് സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരുസിനിമയും വിട്ടുപോകാതെ കാണുകയും പഠിക്കുകയും ചെയ്യുന്ന സാറിന് ഇന്നും ഒരു വിദ്യാര്‍ഥിയുടെ മനസ്സാണ്. തന്റെ സിനിമകള്‍ മഹത്തരമാണെന്ന് ജോഷിസാര്‍ ഒരിടത്തും പറയാറില്ല. അപ് ടു ഡേറ്റ് ആയി സിനിമയെ മനസ്സിലാക്കുകയും പഠിക്കുകയും ചെയ്യുന്നതുകൊണ്ടാണ് ജോഷിസാറിന് ഇന്നും വലിയ പടങ്ങള്‍ ചെയ്യാനാവുന്നത്
താരസംഘടനയായ 'അമ്മ'(എ.എം.എം.എ) ഒരു സിനിമ നിര്‍മ്മിക്കാന്‍ തീരുമാനിച്ചപ്പോള്‍ അത് സംവിധാനം ചെയ്യേണ്ടത് ജോഷി സാറാവണമെന്ന കാര്യത്തില്‍ എല്ലാവര്‍ക്കും ഒരേ അഭിപ്രായമായിരുന്നു. അത്രയും വിശാലമായ ഒരു ക്യാന്‍വാസില്‍ ഒട്ടനവധി ആര്‍ട്ടിസ്റ്റുകളെ അണിനിരത്തി സിനിമ ചെയ്യാന്‍ നല്ല കമാന്റിങ് പവര്‍ തന്നെ വേണം. അത് ഞങ്ങളെല്ലാവരും ജോഷി സാറില്‍ കണ്ടു. അമ്മയ്ക്ക് വേണ്ടി അമരത്തുനിന്ന് മൂന്ന് സ്റ്റേജ് ഷോകള്‍ നടത്തി തന്നതും സാറായിരുന്നു. എന്തിലും നൂറു ശതമാനം പെര്‍ഫെക്ഷന്‍ ആഗ്രഹിക്കുന്ന മനസ്സാണ് അദ്ദേഹത്തിന്റേത്. സിനിമയായാലും സ്റ്റേജ് ഷോ ആയാലും ജോഷി സാറിനൊപ്പം വര്‍ക്ക് ചെയ്യുന്നത് വളരെ ആഹ്ലാദവും അഭിമാനവുമുള്ള കാര്യമാണ്.
സിനിമയ്ക്ക് വേണ്ടിയും അല്ലാതെയും കുറെ പാട്ടുകള്‍ പാടാന്‍ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. അതില്‍ ഞാനേറെ ഇഷ്ടപ്പെടുന്ന ഒരു ഗാനം ജോഷി സാറിന്റെ 'റണ്‍ ബേബി റണ്‍' എന്ന സിനിമയിലേതാണ്. 'ആറ്റുമണല്‍ പായയില്‍ അന്തി വെയില്‍ ചാഞ്ഞ നാള്‍...'എന്ന ഗാനം ഏറ്റവും മനോഹരമായിട്ടാണ് അദ്ദേഹം ചിത്രീകരിച്ചത്. ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ കാണിക്കുന്ന അതേ വൈഭവം ഗാനരംഗങ്ങളുടെ ചിത്രീകരണത്തിലും ജോഷി സാര്‍ കാണിക്കാറുണ്ട്. നരനിലെ 'വേല്‍ മുരുകാ...', 'ജനുവരി ഒരു ഓര്‍മ്മ'യിലെ 'പൂക്കൈത പൂക്കുന്ന പാടങ്ങളില്‍...' തുടങ്ങിയ ഗാനങ്ങളെല്ലാം ഇപ്പോഴും കേള്‍ക്കുമ്പോള്‍ ഞാന്‍ ആദ്യം ഓര്‍ത്തു പോകുന്നത് അത് ചിത്രീകരിച്ച ജോഷി സാറിനെ തന്നെയാണ്.
സിനിമ കണ്ടുവളര്‍ന്ന ബാല്യത്തിലേ സിനിമ ജോഷിസാറിന്റെ സ്വപ്നങ്ങളിലുണ്ടായിരുന്നിരിക്കാം. ഒരുപക്ഷേ, സിനിമയല്ലാതെ മറ്റൊന്നും അദ്ദേഹം സ്വപ്നം കാണുകയോ ആഗ്രഹിക്കുകയോ ചെയ്തിട്ടുണ്ടാവില്ല. ജീവിച്ചുപോകാനുള്ള നല്ല ചുറ്റുപാടുകളില്‍നിന്നു വന്നിട്ടും സിനിമയില്‍ ഉറച്ചുനില്‍ക്കാന്‍ അദ്ദേഹം സഹിച്ച പ്രയാസങ്ങളില്‍നിന്നുതന്നെ ആ പ്രൊഫഷനോട് അദ്ദേഹത്തിനുള്ള താത്പര്യം എത്രത്തോളമായിരുന്നുവെന്ന് മനസ്സിലാക്കാം. ആ താത്പര്യം ഇന്നും അദ്ദേഹത്തിലുണ്ട്.
സിനിമയെന്ന സ്വപ്നത്തിലേക്ക് പിടിച്ചുകയറിയ ജോഷിസാറിന് ഇനിയുള്ള ജീവിതത്തിലും സിനിമയ്ക്കപ്പുറം മറ്റൊന്നും സ്വപ്നം കാണാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അത്രയേറെ സിനിമയെ സ്നേഹിച്ച ഒരു മനസ്സിന് അങ്ങനെയാവാതെകഴിയില്ലല്ലോ?
Content Highlights: mohanlal talking about his working experience with director joshy
Published: 11 Apr 2024, 03:43 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented