നിതേഷ് തിവാരി സംവിധാനം ചെയ്ത രാമായണ സിനിമയെപ്പറ്റി അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ മുകേഷ് ഖന്ന. തിയേറ്ററിൽ പോയി സിനിമ കാണില്ലെന്നും ഇപ്പോഴത്തെ അഭിപ്രായം റിവ്യൂ കേട്ടതിന്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
"രാമായണ എന്ന പേരിൽ ഒരു ചിത്രം റിലീസ് ചെയ്തിട്ടുണ്ട്, അതിനെച്ചൊല്ലി രാജ്യത്തുടനീളം ചർച്ചകളാണ്. സമൂഹമാധ്യമങ്ങളിൽ, വാർത്താ ചാനലുകളിൽ, ആളുകൾക്കിടയിൽ എല്ലാം. ചിത്രം എത്ര തുക നേടുമെന്ന് ഇതുവരെ വ്യക്തമല്ല. എന്നാലിവിടെ പ്രധാന വിഷയം പണമായി മാറിയിരിക്കുന്നു. കാരണം, 400 കോടിയോ 4000 കോടിയോ മുടക്കിയിട്ടുണ്ട്, ഇനി ആ പണം എങ്ങനെ തിരിച്ചുപിടിക്കും എന്നതാണ് ചർച്ച."- ബോക്സോഫീസ് കളക്ഷനിലേക്ക് രാമായണത്തിന്റെ ശ്രദ്ധ വ്യതിചലിച്ചതിനെ സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
"രാമായണ കഥ കൃത്യമായിട്ടാണോ അവതരിപ്പിച്ചിരിക്കുന്നത് എന്നതല്ല ഇപ്പോഴത്തെ ആശങ്ക. സാർ, രാമായണം ഞങ്ങളുടെ രക്തത്തിൽ അലിഞ്ഞുചേർന്നതാണ്. കുട്ടിക്കാലംതൊട്ട് ഞാൻ രാംലീല കണ്ടിട്ടുണ്ട്. എനിക്ക് 10-12 വയസ്സുള്ളപ്പോൾ, മറൈൻ ഡ്രൈവിൽ താമസിച്ചിരുന്ന കാലത്ത് ക്രോസ് മൈതാനത്ത് പോയി രാംലീല കാണുമായിരുന്നു, രാത്രിയിൽ ഒറ്റയ്ക്കിരുന്ന്. അവിടെയുണ്ടായിരുന്ന മുഴുവൻ ആളുകളും രാമായണത്തിൽ ലയിച്ചിട്ടുണ്ടാകും. എന്നിട്ടും ഇന്ന്, അതേ രാജ്യത്ത് തങ്ങൾ വ്യാസമുനിയേക്കാളും വാത്മീകി മഹർഷിയേക്കാളും രണ്ട് പടി മുന്നിലാണെന്ന് കരുതുന്ന ചില ഹിന്ദി ചലച്ചിത്ര പ്രവർത്തകരുണ്ട്."-മുകേഷ് പറഞ്ഞു.
"ഞാൻ നേരെ കാര്യത്തിലേക്ക് വരാം. രാമായണത്തിന്റെ റിവ്യൂവിനെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്. ക്ഷമിക്കണം, ഞാൻ ഇതുവരെ രാമായണം കണ്ടിട്ടില്ല. എന്നാൽ സുഹൃത്തുക്കളേ, കഴിഞ്ഞ കുറേ ദിവസങ്ങളായി, ആളുകൾ അവരുടെ അഭിപ്രായങ്ങളും റിവ്യൂകളും പറയുകയാണ്.- അദ്ദേഹം പറഞ്ഞു.
ആളുകളിൽ നിന്ന് ഇത്രയധികം കാര്യങ്ങൾ കേട്ടശേഷം, തിയേറ്ററിൽ പോയി രാമായണം കാണേണ്ടതില്ല എന്ന് തീരുമാനിച്ചുവെന്നും ഖന്ന വ്യക്തമാക്കി. 1,200 രൂപയുടെ ടിക്കറ്റ് വാങ്ങി ഞാൻ രാമായണം കാണില്ല. അതെ, ഐമാക്സിൽ (IMAX) 1,200 രൂപയാണ് ടിക്കറ്റ് വില. ഞാൻ പോവുന്നുണ്ടെങ്കിൽ എന്റെ മുഴുവൻ സ്റ്റാഫുകളെയും കൊണ്ടാണ് പോവുക. അതുകൊണ്ട് അത്രയും വലിയ തുക പ്രൊഡ്യൂസർക്ക് നൽകാൻ ആഗ്രഹിക്കുന്നില്ല. നമ്മളിൽ നിന്ന് പണം സമ്പാദിക്കുക എന്നത് മാത്രമാണ് ലക്ഷ്യമെങ്കിൽ, നമ്മുടെ വിശ്വാസത്തെ മുറിപ്പെടുത്തുകയാണെങ്കിൽ, അതെത്ര ചെറിയ തുകയാണെങ്കിലും അവർക്കാ പണം നൽകാൻ ഞാനാഗ്രഹിക്കുന്നില്ല. ഇതെന്റെ വ്യക്തിപരമായ തീരുമാനമാണ്. പ്രിന്റ് കിട്ടിയാൽ താൻ കാണുമെന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 10 Nov 2026, 06:20 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented