കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത 'ഡൊറോത്തി'യിലൂടെ ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടായെന്ന് പറയുകയാണ് നടി ജീവ സുബ്രഹ്‌മണ്യം. ട്രാൻസ്ജെൻഡർ വ്യക്തിത്വത്തിന്റെ പേരിൽ വർഷങ്ങൾക്കുമുൻപ് വീടുവിട്ടിറങ്ങേണ്ടി വന്നതും അതുണ്ടാക്കിയ വേദനയും പങ്കുവെച്ചിരിക്കുകയാണ് താരം. വർഷങ്ങളായി ദീപാവലി ഉൾപ്പെടെ ഒന്നും ആഘോഷിച്ചിരുന്നില്ലെന്നും എന്നാൽ ഇത്തവണത്തെ ദീപാവലി ഏറെ സന്തോഷം നിറഞ്ഞതായിരുന്നുവെന്നും ജീവ പറഞ്ഞു. സിനിമയിൽ വിശ്വാസമർപ്പിച്ച സംവിധായകൻ കാർത്തിക് സുബ്ബരാജിനോടും താരം നന്ദി അറിയിച്ചു.

To advertise here,

“വർഷങ്ങളായി പിറന്നാളും ദീപാവലി ഉൾപ്പെടെയുള്ള ആഘോഷങ്ങളും ഞാൻ ഒഴിവാക്കിയിരുന്നു. ഒരിക്കൽ ഒരു ദീപാവലിക്ക് നാലുദിവസം മുൻപ് വീടുവിട്ടിറങ്ങേണ്ടിവന്നത് ജീവിതത്തിലെ വലിയ വേദനയായിരുന്നു. സ്വന്തം ജീവിതത്തെക്കുറിച്ചോ വ്യക്തിത്വത്തെക്കുറിച്ചോ പൂർണമായി മനസ്സിലാക്കാൻ പോലും കഴിയാത്ത പ്രായത്തിലായിരുന്നു ആ അനുഭവം. പിന്നീട് ദീപാവലി എന്നു കേൾക്കുമ്പോഴെല്ലാം വേദനിപ്പിക്കുന്ന ഓർമകളായിരുന്നു മനസ്സിൽ നിറഞ്ഞിരുന്നത്. ആഘോഷദിവസങ്ങളിൽ പുറത്തുപോകാതെ വീട്ടിൽതന്നെ കഴിയുകയായിരുന്നു പതിവ്. നാലുദിവസത്തേക്ക് ആവശ്യമായ അരിയും പയറുമെല്ലാം നേരത്തേ വാങ്ങിവെക്കും. സിനിമാ ചിത്രീകരണത്തിന് പോകേണ്ടിവരുമ്പോൾ മാത്രമാണ് പുറത്തിറങ്ങുക. അല്ലാത്ത സമയങ്ങളിൽ ആരുമായും സമ്പർക്കമില്ലാതെ വീട്ടിൽ ഒറ്റയ്ക്കു കഴിയുമായിരുന്നു. സമാധാനത്തോടെ താമസിക്കാൻ ഒരിടം കണ്ടെത്താനുള്ള ശ്രമം പോലും വേദനാജനകമായ അനുഭവമായിരുന്നു. ജീവിതത്തിൽ നിരവധി പ്രതിസന്ധികളും ബുദ്ധിമുട്ടുകളും നേരിട്ടിട്ടുണ്ടെങ്കിലും താമസിക്കാൻ ഒരു വീട് അന്വേഷിച്ചപ്പോൾ അത് നിഷേധിക്കപ്പെട്ടതും എന്നെ ഏറെ വേദനിപ്പിച്ചിരുന്നു. എന്നാൽ ഈ അനുഭവം എന്റെ മുന്നോട്ടുള്ള യാത്രയെ തടസ്സപ്പെടുത്താൻ അനുവദിക്കില്ല. എനിക്ക് വീട് നിഷേധിച്ച അതേ സ്ഥലത്ത് ഒരുനാൾ സ്വന്തമായി വീട് വാങ്ങുമെന്ന ഉറച്ച വിശ്വാസം എനിക്കുണ്ട്. എന്റെ അധ്വാനത്തിലും ജീവിതയാത്രയിലും വിശ്വാസമുണ്ട്. ഇത്തവണ എല്ലാം മാറി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ജന്മദിനാശംസകളും ദീപാവലി ആശംസകളും ലഭിച്ചു. ഇത്രയധികം സ്‌നേഹം ഒരിക്കലും അനുഭവിച്ചിട്ടില്ല,” താരം പറയുന്നു.

placeholder
കാർത്തിക് സുബ്ബരാജിനൊപ്പം/Instagram

ഇതുവരെ സ്വന്തം ജന്മദിനം പോലും ആഘോഷിച്ചിട്ടില്ലാത്ത താൻ ഇത്തവണ ചെറിയൊരു ആഘോഷം സംഘടിപ്പിച്ചെന്നും ജീവ പറഞ്ഞു. കടയിൽപോയി കേക്ക് വാങ്ങി മുറിച്ച് ഒറ്റയ്ക്കിരുന്ന് കഴിച്ചു. മറ്റുള്ളവർക്ക് ചെറിയ കാര്യമായി തോന്നാമെങ്കിലും തനിക്ക് അത് വലിയ സന്തോഷം നൽകിയെന്നും താരം കുറിച്ചു.

“ദീപാവലിക്ക് പുതിയ വസ്ത്രങ്ങളോ പടക്കങ്ങളോ വാങ്ങിയില്ലെങ്കിലും വർഷങ്ങൾക്കുശേഷം മനസ്സുനിറഞ്ഞ്, സന്തോഷത്തോടെയാണ് ദീപാവലി ആഘോഷിച്ചത്. അതിന് പ്രധാന കാരണം സംവിധായകൻ കാർത്തിക് സുബ്ബരാജാണ്. എന്റെ കഴിവ് ആദ്യം തിരിച്ചറിയുകയും വിശ്വാസമർപ്പിച്ച് സിനിമയിൽ അവസരം നൽകുകയും ചെയ്തത് അദ്ദേഹമാണ്. ആ അവസരം എന്റെ കരിയറിൽ മാത്രമല്ല, വ്യക്തിജീവിതത്തിലും മനോഹരമായ മാറ്റങ്ങൾ കൊണ്ടുവന്നു. നമുക്ക് ശരിയായ സമയത്ത് സഹായവും പിന്തുണയും നൽകിയവരുടെ നന്മകൾ എന്നും ഓർമിക്കുകയും ആഘോഷിക്കുകയും ചെയ്യണമെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. കാർത്തിക് ചെയ്ത നന്മയ്ക്കായി എന്നും അദ്ദേഹത്തെ ആഘോഷിക്കും”, ജീവ വ്യക്തമാക്കി. 

സനത്തും ഋഷികാന്തും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് 'ഡൊറോത്തി'. പിതൃമേധാവിത്വം നിലനിൽക്കുന്ന ഒരു സമൂഹത്തിൽ വളരുന്ന ബാല്യകാല സുഹൃത്തുക്കളായ കാർത്തിയുടെയും സുബ്ബുവിന്റെയും കഥയാണ് ചിത്രം പറയുന്നത്. കീർത്തി സുരേഷ് അവതരിപ്പിക്കുന്ന ഡൊറോത്തി ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്നതോടെ കഥാഗതിയും മാറുന്നു. 2026-ലെ ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ വേൾഡ് പ്രീമിയർ നടത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. തിയറ്റർ റിലീസിനുശേഷം ആഗോളതലത്തിൽ 18.34 കോടി രൂപയാണ് ചിത്രം നേടിയത്. നിലവിൽ നെറ്റ്ഫ്‌ളിക്‌സിൽ ചിത്രം സ്ട്രീം ചെയ്യുന്നുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi