നവംബർ 5-ന് തിയേറ്ററുകളിൽ റിലീസായ 'രാമായണ: പാർട്ട് 1' നല്ല പ്രതികരണവുമായി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. സിനിമയിൽ രാവണനായെത്തുന്നത് യഷ് ആണ്. യഷിന്റെ അഭിനയം പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെടുകയും ചെയ്തു. സിനിമയിൽ യഷ് ധരിച്ച കോസ്റ്റിയൂമിനെക്കുറിച്ച് സംസാരിക്കുകയാണ് സ്‌റ്റൈലിസ്റ്റും ഡിസൈനറുമായ സാനിയ സർധാരിയ.

To advertise here,

16 മുതൽ 20 കിലോ വരെ ഭാരമുള്ള വസ്ത്രങ്ങളാണ് യഷിന് ധരിക്കേണ്ടി വന്നതെന്ന് അവർ വെളിപ്പെടുത്തി. ചില ദിവസങ്ങളിൽ 33 കിലോ വരെ ഭാരമുണ്ടായിരുന്നു. ഇന്ത്യാ ടുഡേയോട് സംസാരിക്കുകയായിരുന്നു സാനിയ. ''ആഭരണങ്ങൾ ഉൾപ്പെടെ മിക്ക വേഷവിധാനങ്ങൾക്കും ഏകദേശം 16 മുതൽ 20 കിലോ വരെ ഭാരമുണ്ടായിരുന്നു. എന്നാൽ ലങ്കയുമായി ബന്ധപ്പെട്ട രാവണന്റെ വേഷം, അദ്ദേഹത്തിന്റെ വിവാഹവേഷം, ശൂർപ്പണഖയുടെ വിവാഹത്തിന് ധരിച്ച വേഷം എന്നിങ്ങനെ ചില വേഷങ്ങൾക്ക് ഭാരം വളരെ കൂടുതലായിരുന്നു. എന്റെ ഓർമ്മ ശരിയാണെങ്കിൽ, അവയ്ക്ക് ഏകദേശം 30 മുതൽ 33 കിലോ വരെ ഭാരമുണ്ടായിരുന്നു''.

രാവണന്റെ വേഷവിധാനം ഒരുക്കുന്നതിൽ ഏറ്റവും പ്രയാസകരമായ ഭാഗം അദ്ദേഹത്തിന്റെ കിരീടം രൂപകൽപ്പന ചെയ്യുന്നതായിരുന്നുവെന്ന് സാനിയ സമ്മതിച്ചു. കിരീടത്തിന്റെ ഭാരം കുറയ്ക്കാൻ പലതവണ ശ്രമിച്ചിട്ടും, ഒടുവിൽ അതിന് 1.8 കിലോഗ്രാം ഭാരം ഉണ്ടായിരുന്നുവെന്ന് അവർ വെളിപ്പെടുത്തി. ''കിരീടം ധരിപ്പിക്കുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി എന്ന് എനിക്ക് തോന്നുന്നു. കാരണം തലയിൽ അല്പം ഭാരം വന്നാൽ പോലും അത് വലിയ അസ്വസ്ഥതയും ഭാരവുമുണ്ടാക്കും. അതിനാൽ, ഈ കാര്യത്തിൽ ഞങ്ങൾ ധാരാളം പരീക്ഷണങ്ങൾ നടത്തി. 3D സാങ്കേതികവിദ്യ ഉപയോഗിച്ച് പലതവണ മാതൃകകൾ നിർമ്മിക്കുകയും, ആദ്യം ഡിസൈൻ കൃത്യമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. പിന്നീട്, ഭാരം പരമാവധി കുറയ്ക്കുന്നതിനായി ഞങ്ങൾ അതിൽ പല മാറ്റങ്ങളും പരീക്ഷിച്ചുനോക്കി. എന്നാൽ 1.8 കിലോഗ്രാമിൽ താഴേക്ക് ഭാരം കുറയ്ക്കാൻ ഞങ്ങൾക്ക് സാധിച്ചില്ല. ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച കാര്യമായിരുന്നു അത്. എങ്കിലും ആ ഭാരം പോലും വളരെ കൂടുതലായി തോന്നി. അദ്ദേഹത്തിന്റെ മുഖഭാവങ്ങളിലോ മറ്റോ ഇത് പ്രകടമല്ലെങ്കിലും, ഇതൊരു വലിയ ദൗത്യം തന്നെയായിരുന്നു''.

വിപുലമായ വേഷവിധാനങ്ങൾ നടന്റെ ചലനങ്ങളെ എങ്ങനെ പരിമിതപ്പെടുത്തി എന്നതിനെക്കുറിച്ചും സാനിയ സംസാരിച്ചു. ശാരീരികമായ അസ്വസ്ഥതകളും മണിക്കൂറുകളോളം നീണ്ടുനിന്ന ഷൂട്ടിങ്ങും ഉണ്ടായിരുന്നിട്ടും, യഷ് അതീവ ലാഘവത്തോടെയാണ് കാര്യങ്ങളെ നേരിട്ടത്. പലപ്പോഴും തന്റെ ചുറ്റുമുള്ളവരെ രസിപ്പിക്കാനും അദ്ദേഹം മറന്നില്ല. ഈ അനുഭവം എത്രത്തോളം ക്ഷീണമുണ്ടാക്കുന്നതാണെന്ന് നടൻ പെട്ടെന്നുതന്നെ തിരിച്ചറിഞ്ഞതായി സാനിയ ഓർത്തെടുത്തു.

റിലീസ് ചെയ്ത് ആറാം ദിവസത്തിലേക്ക് കടക്കുമ്പോൾ, ഇതുവരെയായി ഇന്ത്യയിൽനിന്ന് മാത്രം 440 കോടി രൂപയാണ് സിനിമ കളക്ട് ചെയ്തത്. 2000 കോടി രൂപയ്ക്കാണ് നിർമിച്ചത്. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സിനിമ കൂടിയായി മാറിയിരിക്കുകയാണ് 'രാമായണ'. രണ്ടാം ഭാഗം 2028-ലാണ് റിലീസ് ചെയ്യുക.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi