ബി.ആർ. ചോപ്രയുടെ വിഖ്യാത ടെലിവിഷൻ പരമ്പരയായ 'മഹാഭാരത'ത്തിൽ ശ്രീകൃഷ്ണനായി വേഷമിട്ട നടനാണ് നിതീഷ് ഭരദ്വാജ്. രൺബീർ കപൂർ നായകനായ 'രാമായണ'ത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ ചിത്രത്തെ ആദ്യം പ്രശംസിച്ച താരങ്ങളിൽ ഒരാളായിരുന്നു അദ്ദേഹം. ചിത്രത്തിന് ഓസ്‌കർ ലഭിക്കുമെന്നും പ്രവചിച്ചിരുന്നു. എന്നാൽ സിനിമ കണ്ടതോടെ നിലപാട് മാറ്റിയിരിക്കുകയാണ് താരം. ഇന്ത്യയുടെ ചരിത്രത്തെയും പൈതൃകത്തെയും ആത്മീയ മൂല്യങ്ങളെയും തെറ്റായി അവതരിപ്പിക്കുന്നതാണ് ചിത്രമെന്നാണ് നിതീഷിന്റെ വിമർശനം.
യഷ് അവതരിപ്പിക്കുന്ന രാവണനെ ഉദാരമതിയും സാമൂഹിക നീതിയിൽ വിശ്വസിക്കുന്നവനുമായാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നതെന്നാണ് നിതീഷിന്റെ പ്രധാന വിമർശനം. ഇത് ഇതിഹാസത്തിന്റെ അടിസ്ഥാന ധാർമികതയെ മാറ്റിമറിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Also Read
“രാമായണം വെറുമൊരു കഥയല്ല. സനാതന ഭാരതത്തിന്റെ നാഗരികവും ആത്മീയവുമായ ബോധത്തിൽ ആഴത്തിൽ വേരൂന്നിയ മഹാകാവ്യമാണത്. അതിലെ നായകന്മാരും നായികയും പ്രതിനായകനും അതിന്റെ മൂല്യങ്ങളുടെയും സന്ദേശത്തിന്റെയും ഭാഗമാണ്. അവരുടെ സ്വഭാവവും പ്രാധാന്യവും തോന്നുംപടി മാറ്റിയെഴുതാനാകില്ല. ധർമവും പാരമ്പര്യവും ഉയർത്തിപ്പിടിക്കാനും മര്യാദ സ്ഥാപിക്കാനുമാണ് മഹാവിഷ്ണു രാമാവതാരം സ്വീകരിച്ചത്. രാവണനെ അതീവ ഉദാരമതിയും സാമൂഹിക നീതിയിൽ വിശ്വസിക്കുന്നവനുമായും അവതരിപ്പിക്കുന്നതിലൂടെ സിനിമ രാമായണത്തിന്റെ ധാർമിക ചട്ടക്കൂട് മാറ്റുകയും അവതാരത്തിന്റെ ഉദ്ദേശ്യത്തെത്തന്നെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു”, നിതീഷ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ചിത്രത്തിലെ മികച്ച വിഷ്വൽ ഇഫക്ടുകൾക്ക് ഇതിഹാസത്തിന്റെ അടിസ്ഥാന മൂല്യങ്ങൾക്കു പകരമാകാനാകില്ലെന്നും താരം വിമർശിച്ചു. ട്രെയിലർ കണ്ടശേഷം ചിത്രത്തെ പ്രശംസിച്ച് നേരത്തേ പങ്കുവെച്ച കുറിപ്പ് പിൻവലിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
“ഈ സിനിമ എന്നെ വല്ലാതെ നിരാശപ്പെടുത്തുകയും അസ്വസ്ഥനാക്കുകയും ചെയ്തു. നേരത്തേ പങ്കുവെച്ച കുറിപ്പ് ഞാൻ പിൻവലിക്കുന്നു. ചിത്രത്തെക്കുറിച്ച് നല്ലൊരു വാക്കുപോലും പറയാനില്ല. വിഎഫ്എക്‌സിന്റെ വിസ്മയത്തിന് ഈ മഹാകാവ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങൾക്കും ദാർശനിക ആഴത്തിനും ആത്മീയ സത്തയ്ക്കും പകരമാകാനാവില്ല. ഇന്ത്യയുടെ ചരിത്രത്തെയും പൈതൃകത്തെയും അടിസ്ഥാന ആത്മീയ മൂല്യങ്ങളെയും തെറ്റായി അവതരിപ്പിക്കുന്ന ഒരു ആഖ്യാനമുള്ള ഈ ചിത്രം അന്താരാഷ്ട്ര തലത്തിൽ ഇന്ത്യൻ സിനിമയെ പ്രതിനിധീകരിക്കാൻ അർഹമല്ലെന്നാണ് എന്റെ അഭിപ്രായം”, അദ്ദേഹം കുറിച്ചു.
ചിത്രത്തിന്റെ ട്രെയിലർ കണ്ടശേഷം സംവിധായകൻ നിതേഷ് തിവാരിയെയും അണിയറപ്രവർത്തകരെയും പ്രശംസിച്ചുകൊണ്ടായിരുന്നു നിതീഷിന്റെ ആദ്യ പ്രതികരണം. മികച്ച വിദേശചിത്രത്തിനുള്ള ഓസ്‌കർ നൂറുശതമാനം ചിത്രത്തിന് ലഭിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രവചനം. സത്യജിത് റേയ്ക്കും ശേഖർ കപൂറിനും ശേഷം ലോകസിനിമയ്ക്ക് ഇന്ത്യ നൽകുന്ന അടുത്ത സമ്മാനമാണ് നിതേഷ് തിവാരിയെന്നും അദ്ദേഹം വിശേഷിപ്പിച്ചിരുന്നു. പ്രൊഡക്ഷൻ ഡിസൈനിനും ഛായാഗ്രഹണത്തിനും നിരവധി പുരസ്‌കാരങ്ങൾ ലഭിക്കുമെന്നും വിഎഫ്എക്‌സും എഐയും ഉപയോഗിച്ചുള്ള കാലഘട്ടാവിഷ്‌കാരം മികച്ചതാണെന്നും കുറിപ്പിൽ പറഞ്ഞിരുന്നു. രൺബീർ കപൂറിന്റെയും യഷിന്റെയും പ്രകടനസാധ്യതകളെയും അദ്ദേഹം പ്രശംസിച്ചിരുന്നു.
നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രീരാമനായി രൺബീർ കപൂറും സീതയായി സായ് പല്ലവിയും രാവണനായി യഷുമാണ് എത്തുന്നത്. നമിത് മൽഹോത്ര നിർമിക്കുന്ന രണ്ട് ഭാഗങ്ങളുള്ള ചിത്രത്തിന് എ.ആർ. റഹ്‌മാനും ഹാൻസ് സിമ്മറും ചേർന്നാണ് സംഗീതം ഒരുക്കുന്നത്. ആദ്യഭാഗം നവംബർ 5ന് തിയേറ്ററുകളിലെത്തി. രണ്ടാം ഭാഗം 2028ൽ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 11 Nov 2026, 02:26 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented