എന്റെ ‘കഥയിലെ നായികമാര്‍’ എന്ന കോളത്തിലേക്ക് മലയാള സിനിമയിലെ ആദ്യകാല നായികമാരായിരുന്ന രണ്ട് അംബികമാരില്‍ ഒരാളായ തിരുവനന്തപുരം കല്ലറ സ്വദേശിയായ ജൂനിയര്‍ അംബികയെക്കുറിച്ച് എഴുതാനിരുന്നപ്പോഴാണ് എന്റെ സുഹൃത്തും പ്രശസ്ത സംവിധായകനും കെ.എസ്.എഫ്.ഡി.സി. ചെയര്‍മാനുമായ കെ. മധുവിന്റെ ഫോണ്‍വരുന്നത്…
''ആശാനേ, ഞാന്‍ കെ. മധുവാണ്.''
''അറിയാം. പേര് പറയാതെത്തന്നെ ശബ്ദംകേട്ടാല്‍ ആളെ മനസ്സിലാകും.'' ഞാന്‍ പറഞ്ഞു.
അപ്പോള്‍ മധുവിന്റെ ഉച്ചത്തിലുള്ള മുഴങ്ങുന്ന ചിരി ഉയര്‍ന്നു.
ഞങ്ങള്‍ തമ്മില്‍ ഗുരുശിഷ്യബന്ധമൊന്നുമില്ലെങ്കിലും പരിചയപ്പെട്ടകാലം മുതല്‍ മധു എന്നെ ആശാനേ എന്നാണ് വിളിക്കുന്നത്. സ്‌നേഹ ബഹുമാനസൂചകമായ ഒരു വിളി എന്നുവേണമെങ്കില്‍ അതിനെ വിശേഷിപ്പിക്കാം.

മധു എന്റെ സുഖവിശേഷങ്ങളൊക്കെ തിരക്കിയതിനുശേഷം പെട്ടെന്ന് എന്തോ ഓര്‍ത്തതുപോലെ പറഞ്ഞു,
''ആശാന്റെ ‘കഥയിലെ നായികമാര്‍’ ഞാന്‍ വായിക്കാറുണ്ട്. ഈ ആഴ്ചയിലെ നായിക ആരാണ്?''
''നമ്മുടെ അംബികയാണ്.''
''നമ്മുടെ 'മലരുംകിളിയി'ലെ അംബികയാണോ?''
''അല്ലാതെ ഇപ്പോള്‍ വേറെ ഏത് അംബികയാണുള്ളത്?''
അപ്പോഴും മധുവിന്റെ വിശാലമായ ചിരി ഉയര്‍ന്നുകേട്ടു.
പിന്നെ മധു തന്റെ പ്രഥമ ചലച്ചിത്ര സംരംഭമായ 'മലരും കിളിയെ'ക്കുറിച്ചും അംബിക അതില്‍ നായികയായിവന്നതിനെക്കുറിച്ചുമൊക്കെ വാചാലനാകാന്‍ തുടങ്ങി.
''ആശാന് ഓര്‍മ്മയുണ്ടോ? നമ്മുടെ മലരും കിളിയും റിലീസായിട്ട് നാല്പതുകൊല്ലമാകാന്‍ പോകുകയാണ്.''
''നാല്പത് കൊല്ലമോ?''
പെട്ടെന്ന് കേട്ടപ്പോള്‍ എന്നില്‍ അദ്ഭുതം വിടര്‍ന്നു. ഞാന്‍ മനക്കണക്കുകൂട്ടാന്‍ തുടങ്ങിയപ്പോള്‍ മധു തുടര്‍ന്നു.

“1985 ഡിസംബറിലാണ് ഷൂട്ടിങ് തുടങ്ങിയത്. ആശാന്റെ വൈഫ് ഹൗസാണ് അംബികയുടെ ഗ്രാമത്തിലുള്ള വീടായി നമ്മള്‍ ഷൂട്ട് ചെയ്തത്. മമ്മൂട്ടിയും അംബികയും മേനകയും സുകുമാരിയമ്മയുമൊക്കെവെച്ച് നമ്മള്‍ രണ്ടുദിവസം അവിടെ ഷൂട്ടുചെയ്തിട്ടുണ്ട്.''
''മധുവിന് നല്ല ഓര്‍മ്മയാണ്. ഇത്രയധികം കൊല്ലം കഴിഞ്ഞിട്ടും ഇതൊക്കെ എങ്ങനെ ഓര്‍ത്തിരിക്കുന്നു.''
''ആദ്യത്തെ കുഞ്ഞിനെ അങ്ങനെ മറക്കാന്‍ പറ്റുമോ ആശാനേ?'' മധുവിന്റെ ശബ്ദത്തില്‍ ചാരിതാര്‍ഥ്യത്തിന്റെ മണിമുഴക്കം.
അതില്‍ അംബിക മമ്മൂട്ടിയോട് പറയുന്ന കാവ്യാത്മകമായ ഒരു ഡയലോഗ് വരെ മധുവിന് ഇന്നും ഓര്‍മയുണ്ട്.
''പുല്‍ക്കൊടിത്തുമ്പിന് മഞ്ഞുതുള്ളിയെ മോഹിച്ചുകൂടാ. മഞ്ഞുതുള്ളിയുടെ കനിവുകൊണ്ടാണ് പുല്‍ക്കൊടിത്തുമ്പ് കുളിരണിയുന്നത്. ഞാന്‍ നാട്ടിന്‍പുറത്ത് ജനിച്ചുവളര്‍ന്ന ഒരു സാധാരണ പെണ്‍കുട്ടിയാണ്. എനിക്ക് സാറിനെപ്പോലെയുള്ള ഒരാളെ ആഗ്രഹിച്ചുകൂടാ. നിറക്കൂടുതലുണ്ടെങ്കിലും നിറക്കൂട്ടുകള്‍ ഉണ്ടാകാന്‍ പാടില്ലല്ലോ”.
ഇനി അംബികയെ ആദ്യമായിക്കണ്ട ആ ദിവസത്തിലേക്ക് വരാം.
'അകലങ്ങളില്‍ അഭയ'ത്തിന്റെ ഷൂട്ടിങ് തുടങ്ങി അഞ്ചാംദിവസമാണ് അംബികവരുന്നത്. എറണാകുളം ബോള്‍ഗാട്ടി പാലസായിരുന്നു പ്രധാന ലൊക്കേഷന്‍.
ഞാന്‍ ഇതുവരെ അംബികയെ നേരിട്ടുകണ്ടിട്ടില്ല. മധു, സോമന്‍, സുകുമാരന്‍, ഷീല, ശാരദ തുടങ്ങി വന്‍ താരനിരയുള്ള ഈ ചിത്രത്തില്‍ അംബിക സോമന്റെ കാമുകിയുടെ വേഷത്തിലാണ് വരുന്നത്. ഞാന്‍ അംബികയെ ആദ്യമായി കാണാന്‍പോവുകയാണ്. അന്ന് ബോള്‍ഗാട്ടി പാലസില്‍ എത്തിപ്പെടണമെങ്കില്‍ വഞ്ചിയിലോ ബോട്ടിലോ ചങ്ങാടത്തിലോ വേണം പോകാന്‍. വെള്ളത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ഒരു ചെറിയ ദ്വീപിലാണ് ബോള്‍ഗാട്ടി പാലസ് സ്ഥിതിചെയ്യുന്നത്.

അംബിക വരുന്നദിവസം ഞാനും ജോണ്‍പോളുംകൂടി പാലസ്സിലേക്ക് പോകാനിരുന്നതാണ്. ജോണ്‍ ബാങ്ക് ഉദ്യോഗസ്ഥനായതുകൊണ്ട് അന്ന് ജോണിന് ലീവ് അനുവദിച്ചുകിട്ടിയില്ല. പിന്നെ ഞാന്‍ തനിച്ചാണ് മറൈന്‍ഡ്രൈവിനു മുന്‍പിലെ ജട്ടിയില്‍നിന്ന് ബോട്ടില്‍ക്കയറി ബോള്‍ഗാട്ടിയിലേക്ക് പോയത്.
ഞാന്‍ പതുക്കെ നടന്ന് പാലസ്സിനുള്ളിലേക്ക് കയറിയപ്പോള്‍ ആദ്യം കണ്ട കാഴ്ച, അകത്തെ ഹാളില്‍ ഷീലയുടെയും ശാരദയുടെയും നടുക്കായി ചെറിയ കുട്ടിയുടുപ്പൊക്കെയിട്ട് പത്തുപതിനേഴ് വയസ്സ് പ്രായംതോന്നിക്കുന്ന വെളുത്ത് മെലിഞ്ഞ് സുന്ദരിയായ ഒരു ചെറിയ പെണ്‍കുട്ടിയിരിക്കുന്നതാണ്. ഞാന്‍ അല്പംകൂടി മുന്നോട്ടു നടന്നപ്പോഴാണ് അത് നടി അംബികയാണെന്ന് മനസ്സിലായത്.
അപ്പോള്‍ത്തന്നെ എന്റെ മനസ്സില്‍ ഒരു സംശയബോംബ് പൊട്ടി. സോമന്റെ കാമുകിയും ഭാര്യയുമൊക്കെയായി സാരിയും സെറ്റുമുണ്ടും ധരിച്ചുവരുന്ന മെച്യൂരിറ്റിയുള്ള ഒരു കഥാപാത്രമാണത്. ഈ വേഷം അംബികചെയ്താല്‍ നന്നാകുമോ?
എന്റെ മനസ്സില്‍ എന്തെങ്കിലും ഡൗട്ടടിച്ചാല്‍ അത് അപ്പോള്‍തന്നെ ക്ലിയര്‍ ചെയ്തില്ലെങ്കില്‍ പിന്നെ എനിക്ക് ടെന്‍ഷനായിരിക്കും. പണ്ടുമുതലേയുള്ള എന്റെ ഒരു സ്വഭാവമാണത്. സംവിധായകന്റെ സജഷനാണല്ലോ അംബിക. ഞാന്‍ വേഗംതന്നെ ഷൂട്ടിങ് നടക്കുന്ന മുറിയിലേക്ക് ചെന്നു. മധുസാറും സോമനും ശങ്കരാടിയും തമ്മിലുള്ള ഒരു കോമ്പിനേഷന്‍ സീന്‍ എടുത്തുകൊണ്ടിരിക്കുകയാണ് ജേസി.
എന്നെ കണ്ടയുടനെത്തന്നെ ജേസി ചോദിച്ചു,
''ജോണ്‍പോള്‍ വന്നില്ലേ?''
''ഇല്ല. ജോണിന് ലീവ് കിട്ടിയില്ല.''
ഷൂട്ട്ചെയ്തുകൊണ്ടിരുന്ന സീന്‍ തീര്‍ന്നപ്പോള്‍ ജേസി എന്റെ അടുത്തേക്കുവന്നു.
ഞാന്‍ ഒരു ആമുഖവുമില്ലാതെതന്നെ അംബികയുടെ വിഷയത്തിലേക്ക് കടന്നു.
എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ ജേസി ചിരിച്ചുകൊണ്ടുപറഞ്ഞു.
''അംബിക അങ്ങനെ വളരെ സ്ലിമ്മായി ചെറിയ പെണ്‍കുട്ടിയെപ്പോലെ ഇരിക്കുന്നതുകൊണ്ട് കലൂരാന്‍ ടെന്‍ഷനടിക്കണ്ട. മേക്കോവറില്‍ സാരിയും ബ്ലൗസുമൊക്കെ ധരിച്ചുവരുമ്പോള്‍ അംബികയ്ക്ക് നല്ല മെച്യൂരിറ്റി തോന്നും. പണ്ട് ശശികുമാര്‍ സാര്‍ സംവിധാനം ചെയ്ത 'തൊമ്മന്റെ മക്കളില്‍' സത്യന്റെയും മധുവിന്റെയും അമ്മയായി അഭിനയിച്ചത് അന്ന് വെറും ഇരുപതുവയസ്സുമാത്രം പ്രായമുണ്ടായിരുന്ന കവിയൂര്‍ പൊന്നമ്മയായിരുന്നു. അടുത്തത് എടുക്കാന്‍ പോകുന്നത് സോമനും അംബികയും തമ്മിലുള്ള സീനാണ്. അംബിക കഥാപാത്രമായി വരുമ്പോള്‍ താന്‍ നോക്കിക്കോ?''

ജേസി അങ്ങനെ പറഞ്ഞെങ്കിലും എന്റെ മനസ്സിലെ സംശയം പൂര്‍ണമായും വിട്ടുമാറിയിരുന്നില്ല. ഒരു മണിക്കൂര്‍ കഴിഞ്ഞ് സോമനും അംബികയും ചേര്‍ന്നുള്ള കോമ്പിനേഷന്‍സീനെടുക്കാനുള്ള ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ അംബിക സെറ്റുമുണ്ടും ബ്ലൗസുമണിഞ്ഞ് തലയില്‍ പൂവുംചൂടി നിറയൗവനത്തിന്റെ പ്രസരിപ്പോടെ ജേസിയുടെ അടുത്തേക്കുവന്നപ്പോള്‍ രാവിലേ ഞാന്‍ പാലസിലേക്ക് കയറിവന്നനേരം ഷീലയുടെയും ശാരദയുടെയും കൂടെയിരുന്ന് അവരുടെ സ്‌നേഹലാളനകള്‍ ഏറ്റുവാങ്ങിയിരുന്ന കൗമാരക്കാരിയായ അംബികയാണോ ഞങ്ങളുടെ ചാരത്തുനില്‍ക്കുന്നതെന്ന് എനിക്ക് വിശ്വസിക്കാനായില്ല. ഇതെന്തു മറിമായമെന്ന ചിന്തയില്‍ ഇരിക്കുമ്പോള്‍ ജേസിയാണ് എന്നെ പരിചയപ്പെടുത്തിയത്.
'അകലങ്ങളില്‍ അഭയ'ത്തിന്റെ കഥാകാരനെന്നതിലുപരിയായി ചിത്രപൗര്‍ണമി സിനിമാവാരികയുടെ പത്രാധിപരെന്ന പദവിക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ടാണ് ജേസി അംബികയുടെയും അമ്മ കല്ലറ സരസമ്മയുടെയും മുന്നില്‍ എന്നെ അവതരിപ്പിച്ചത്. ചിത്രപൗര്‍ണമി എന്നുകേട്ടപ്പോള്‍ അവരുടെ മുഖത്ത് ഒരു പ്രത്യേക കൗതുകം വിടരുന്നത് ഞാന്‍ കണ്ടു. നിത്യഹരിതനായകനായ പ്രേംനസീറിന്റെ അനുഗ്രഹാശിസ്സുകളോടെ തുടങ്ങിയ വാരികയാണെന്നറിയാവുന്നതുകൊണ്ടായിരിക്കാം കൂടുതലും ചിത്രപൗര്‍ണമി വിശേഷങ്ങളിലേക്കാണ് അവര്‍ കടന്നത്.
ആ ലൊക്കേഷനില്‍വെച്ചാണ് ഞാനും അംബികയും തമ്മില്‍ കൂടുതല്‍ സൗഹൃദത്തിലാകുന്നത്. തുടര്‍ന്ന് ഞാന്‍ എഴുതിയ താറാവ്, സംഭവം എന്നീ ചിത്രങ്ങളിലും അംബികയുടെ സാന്നിധ്യമുണ്ടായിരുന്നു.
മറ്റുള്ള ആര്‍ട്ടിസ്റ്റുകളില്‍നിന്ന് ഞാന്‍ അംബികയില്‍ കണ്ട ഒരു പ്രത്യേക സ്വഭാവവിശേഷമുണ്ട്. ഓരോ വ്യക്തിയോടും എങ്ങനെ സംസാരിക്കണമെന്നും എങ്ങനെ പെരുമാറണമെന്നും അംബികയ്ക്ക് നന്നായിട്ടറിയാം. കുസൃതിയും തമാശകളോടൊപ്പംതന്നെ വിവേകബുദ്ധിയും നയതന്ത്രതയുമൊക്കെ നന്നായി ഉപയോഗിക്കാനും അംബികയ്ക്കറിയാം. അമ്മയില്‍നിന്നുകിട്ടിയ ശിക്ഷണമായിരിക്കാമത്.

ഒരു ഉദാഹരണം പറയാം. 'അകലങ്ങളില്‍ അഭയ'ത്തിന്റെ ഔട്ട്ഡോറൊക്കെ കഴിഞ്ഞ് വീണ്ടും ബോള്‍ഗാട്ടി പാലസില്‍ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുന്ന സമയം. അംബികയ്ക്ക് തിരുവനന്തപുരത്തുനടക്കുന്ന പുതിയൊരു പടത്തില്‍ ജോയിന്‍ ചെയ്യാനുള്ളതുകൊണ്ട് വൈകുന്നേരം അഞ്ചുമണിക്ക് മുന്‍പുതന്നെ വര്‍ക്ക് തീര്‍ത്തുവിടാന്‍വേണ്ടി ജേസി തിരക്കുപിടിച്ച് ഷൂട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. അപ്പോഴാണ് ഉച്ചയോടെ കെ.എസ്.ഇ.ബി.യിലുള്ള രണ്ട് ഉദ്യോഗസ്ഥന്മാര്‍ അങ്ങോട്ട് വന്നത്.

പാലസിലെ മെയിന്റനന്‍സ് വര്‍ക്കിനായി അവര്‍ ലൈന്‍ ഓഫ് ചെയ്യാനായി എത്തിയിരിക്കുകയാണ്. അവര്‍ പ്രൊഡക്ഷന്‍ കൺട്രോളർ കെ.പി.സി. പിള്ളയുമായി സംസാരിക്കുകയാണ്. ഷൂട്ടിങ് നടക്കുന്നത് രണ്ടാംനിലയിലായതുകൊണ്ട് മറ്റുള്ളവരാരും ഈ വിവരം അറിഞ്ഞിട്ടില്ല. ലൈന്‍ ഓഫ് ചെയ്താല്‍ ഷൂട്ടിങ് മുടങ്ങും. അംബികയുടെ സീന്‍ എടുത്തുതീരില്ല. പിള്ള ഉദ്യോഗസ്ഥന്മാരോട് കാലുപിടിക്കുംപോലെ അപേക്ഷിച്ചിട്ടും അവര്‍ വഴങ്ങിയില്ല.

പിള്ള വേഗംതന്നെ മുകളിലേക്ക് ചെന്നു. ജേസിയോട് പറയാതെ അംബികയുടെ അമ്മയെ മാറ്റിനിര്‍ത്തി വിവരം പറഞ്ഞു.
''എന്റെ മക്കളേ, ഞങ്ങള്‍ക്ക് ഇന്നുതന്നെ പോകണം. നാളെ രാവിലെ ഷൂട്ടിങ് വെച്ചിരിക്കുകയാണ്.''
അപ്പോഴേക്കും അംബിക അങ്ങോട്ടുവന്നു. വിവരമറിഞ്ഞ് അംബികയ്ക്കും ടെന്‍ഷനായി.
അവസാനം അംബികയുടെ അമ്മ ഒരു ബുദ്ധി ഉപയോഗിച്ചു.
''മോളേ, നമുക്ക് ചെന്ന് അവരോട് സംസാരിക്കാം. ആര്‍ട്ടിസ്റ്റിനെ കണ്ടാല്‍ ഇവന്മാര്‍ പത്തിമടക്കും. നീ വാ''
അംബികയും അമ്മയും പിള്ളയുംകൂടി വേഗംതന്നെ താഴേക്കുചെന്നു. ഉദ്യോഗസ്ഥന്മാര്‍ ലൈന്‍ ഓഫ് ചെയ്യാന്‍ പോകുമ്പോള്‍ 'സാര്‍' എന്ന വിളികേട്ട് അവര്‍ തിരിഞ്ഞുനോക്കി. യുവമനസ്സുകളുടെ രോമാഞ്ചമായ അംബികയെ കണ്ട് അവര്‍ ആകെ സ്തബ്ധരായി.
പിന്നെ വളരെ നാടകീയമായ സംസാരമാണ് അവിടെ നടന്നത്. എന്തിനേറെപ്പറയുന്നു, അവസാനം ആ ഉദ്യോഗസ്ഥന്മാര്‍ നാളെക്കഴിഞ്ഞ് വന്ന് ലൈന്‍ ഓഫ് ചെയ്യാമെന്നും പറഞ്ഞ് ഉച്ചയ്ക്ക് ലൊക്കേഷനിലെ വിഭവസമൃദ്ധമായ ഊണും കഴിച്ച് ഷൂട്ടിങ്ങുംകണ്ട് നാലുമണിയോടെയാണ് തിരിച്ചുപോയത്.
അകലങ്ങളില്‍ അഭയം, താറാവ്, സംഭവം, ഒരുനോക്കുകാണാന്‍, ഇനിയും കഥ തുടരും, നിറഭേദങ്ങള്‍ തുടങ്ങി എന്റെ എട്ടോളം ചിത്രങ്ങളിലാണ് അംബിക അഭിനയിച്ചിട്ടുള്ളത്. എല്ലാ ചിത്രങ്ങളും സാമ്പത്തികവിജയം നേടുകയും ചെയ്തു.

(അടുത്തത്: ഉർവശി)

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi