1992-ൽ 'ബേക്കുദി' എന്ന സിനിമയിലൂടെ ബോളിവുഡിലേക്കെത്തിയ താരമാണ് കജോൾ. 34 വർഷമായി നീളുന്ന അഭിനയജീവിതത്തിൽ എത്രയോ ബോളിവുഡ് ചിത്രങ്ങളിൽ താരം അഭിനയിച്ചു. പല നായകൻമാർക്കൊപ്പവും അവർ സ്‌ക്രീൻസ്‌പേസ് പങ്കിട്ടു. ദിൽവാലെ ദുൽഹാനിയ ലെ ജായേംഗെ, കഭി ഖുഷി കഭി ഗം, കുച്ച് കുച്ച് ഹോതാ ഹേ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിലും കജോൾ നായികയായി. എന്നാൽ, അപ്പോഴൊക്കെയും കജോൾ തുടർന്നിരുന്നൊരു കാര്യമുണ്ട്, ചുംബനരംഗങ്ങളിൽ അഭിനയിക്കുകയില്ലെന്നതാണത് (No kissing policy).

To advertise here,

അതിനിടെ 'ദി ട്രയൽ-പ്യാർ കാനൂൺ ധോഖ' (The Trial: Pyaar Kaanoon Dhokha) എന്ന സീരീസിലൂടെയാണ് കജോൾ ഒ.ടി.ടി.യിൽ അരങ്ങേറ്റം കുറിച്ചത്. ആ സീരീസിലൂടെ 'നോ-കിസ്സിങ് പോളിസി' ലംഘിക്കുകയും ചെയ്തു. സീരീസിൽ സഹതാരമായ ജിഷു സെൻഗുപ്തയുമൊത്തുള്ളൊരു ചുംബനരംഗമുണ്ട്. തന്നെ അത് ചെയ്യാൻ പ്രേരിപ്പിച്ച കാരണങ്ങളെക്കുറിച്ച് പറയുകയാണ് കജോൾ ഇപ്പോൾ.

ലില്ലി സിങ്ങിന്റെ പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു താരം. ''കഥാപാത്രവുമായും അവൾ ആരാണെന്നതുമായും ആ ചുംബനത്തിന് വളരെയധികം ബന്ധമുണ്ടായിരുന്നു. അത് വെറുമൊരു ചുംബനമായിരുന്നില്ല; അവൾ എന്ത് ചിന്തിക്കുന്നു, എന്ത് സംഭവിക്കാൻ ആഗ്രഹിക്കുന്നു, അവൾക്ക് എന്ത് സംഭവിച്ചില്ല എന്നതിനെക്കുറിച്ചായിരുന്നു അത്. അവൾ എന്തിൽ വിശ്വസിച്ചു, എന്തിലാണ് അവൾക്ക് വിശ്വാസമുണ്ടായിരുന്നത്, അവൾക്ക് വിശ്വസിക്കാൻ കഴിയാത്തത്. മുഴുവൻ തിരക്കഥയുടെയും അവിഭാജ്യ ഘടകമായിരുന്നു ആ ചുംബനം. ആ ഭാഗം മുറിച്ചുമാറ്റാൻ കഴിയില്ലായിരുന്നു''.

ആ ചുംബനരംഗത്തിൽ അഭിനയിക്കാൻ മാത്രം കജോൾ എന്ന വ്യക്തിക്ക് മാറ്റമുണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് അവർ നൽകിയ ഉത്തരമിങ്ങനെ, ''എനിക്കതിൽ വളരെ അസ്വസ്ഥത തോന്നിയിരുന്നു. സെറ്റിൽ നിൽക്കുന്നത് വരെ എനിക്ക് ആ ആശയത്തോട് അസ്വസ്ഥതയുണ്ടായിരുന്നു. ഞാനൊട്ടും കംഫർട്ടബിൾ ആയിരുന്നില്ല. പിന്നെ അതിന്റെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലായി. അപ്പോഴും എനിക്കത് ചെയ്യാൻ പറ്റുമോയെന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നു. എനിക്കത് ചെയ്യാൻ പറ്റുമോ, അതോ 'കട്ട്, എനിക്കിത് പറ്റുന്നില്ല' എന്ന് പറയുമോ എന്നതായിരുന്നു ഞാൻ ചിന്തിച്ചത്. അതൊരു പ്രൊഫഷണൽ കോളായിരുന്നു''.

വക്കീൽ ജോലിയിലേക്ക് തിരിച്ചുവരുന്ന ഹൗസ് വൈഫിന്റെ റോളിലാണ് സീരീസിൽ കജോൾ അഭിനയിക്കുന്നത്. മഹാറാണി: ക്വീൻ ഓഫ് ക്വീൻസ് ആണ് കജോളിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന സിനിമ.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi