ഇക്കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പ് നടന്നത്. ഇക്കുറി എല്ലാവരും ഏറെ ആകാംക്ഷയോടെയാണ് തമിഴ്‌നാട് തിരഞ്ഞെടുപ്പിനെ നോക്കിക്കണ്ടത് (Tamil Nadu Elections). നടൻ വിജയ് തന്റെ തമിഴക വെട്രി കഴകം (TVK) എന്ന പാർട്ടിയുമായി രാഷ്ട്രീയത്തിലേക്ക് കടന്നുവെന്നത് തന്നെയാണ് തമിഴ് രാഷ്ട്രീയത്തെ ചർച്ചാവിഷയമാക്കിയത്.

To advertise here,

വിജയ്‌യുടെ സ്വകാര്യജീവിതവും സിനിമാജീവിതവുമെല്ലാം തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെട്ടു. ഈ വർഷം തന്നെയാണ് എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് വിജയ്‌യുടെ ഭാര്യ സംഗീത, വിവാഹമോചനത്തിന് അപേക്ഷ നൽകിയത് (Vijay Sangeeta Divorce Case). വിവാഹമോചനഹർജിയിലെ സംഗീതയുടെ ആരോപണങ്ങളിലൊന്ന് വിജയ്ക്ക് ഒരു നടിയുമായുള്ള ബന്ധമായിരുന്നു. ആ നടിയുടെ പേര് പറഞ്ഞില്ലെങ്കിലും, അത് തൃഷയാണെന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. പല താരങ്ങളും വിജയ്ക്കും തൃഷയ്ക്കുമെതിരെ വിമർശനങ്ങളുമായെത്തി. അങ്ങനെ എല്ലാം കൊണ്ടും സംഭവബഹുലമായി തമിഴ്‌നാട് രാഷ്ട്രീയം.

അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പിൽ തൃഷ വോട്ട് ചെയ്യാനെത്തിയതും ഏറെ കൗതുകത്തോടെയാണ് എല്ലാവരും നോക്കിക്കണ്ടത്. അമ്മ ഉമയ്‌ക്കൊപ്പമാണ് തൃഷ വോട്ട് ചെയ്യാനെത്തിയത്.

അതിനുശേഷം തൃഷയും അമ്മയും ചിത്രങ്ങൾക്കായി പോസ് ചെയ്തു. തുടർന്ന് താരം മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തു, ''ദയവായി എല്ലാവരും പോയി വോട്ട് ചെയ്യുക. അത് നിങ്ങളുടെ അവകാശമാണ്, നിങ്ങളുടെ കടമയാണ്''.

പിന്നീട് വോട്ട് ചെയ്ത ശേഷം എടുത്ത തന്റെ ചിത്രം അവർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. വിരലിലെ മഷി വ്യക്തമായി കാണിക്കുന്ന ചിത്രം. എന്നാൽ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത് തൃഷ ഈ പോസ്റ്റിനായി തിരഞ്ഞെടുത്ത ഗാനമാണ്. 2004-ൽ പുറത്തിറങ്ങിയ 'ഗില്ലി'യിലെ 'അർജുനാര് വില്ല്' എന്ന പാട്ടാണ് അവർ പോസ്റ്റിൽ ചേർത്തത്. വിജയ്‌ക്കൊപ്പം അഭിനയിച്ച ചിത്രമാണ് 'ഗില്ലി'. ആ ചിത്രമാണ് വിജയ്‌നെയും തൃഷയെയും ഒരു ഹിറ്റ് ജോഡിയാക്കി മാറ്റിയതും.

തൃഷ ഏത് പാർട്ടിക്കാണ് വോട്ട് ചെയ്തതെന്ന് വ്യക്തമല്ലെങ്കിലും, ഈ പോസ്റ്റ് കണ്ടതോടെ വിജയ് ആരാധകർക്ക് ആഘോഷിക്കാനുള്ളത് ലഭിച്ചു. 'നിങ്ങൾ ആർക്കാണ് വോട്ട് ചെയ്തതെന്ന് മനസ്സിലായി, ഗില്ലി ഗാനം; എല്ലാം മനസ്സിലായി, ഒരു ബി.ജി.എമ്മിൽനിന്ന് തന്നെ എല്ലാം വ്യക്തമായി, വിജയ് അണ്ണന് തന്നെയാണ് നിങ്ങൾ വോട്ട് ചെയ്തത്, ഇലക്ഷനുശേഷം വിവാഹം, തൃഷ വെട്രി കഴകം...'ഫോട്ടോയ്ക്കുതാഴെ ആരാധകർ കമന്റുകളുമായെത്തി. ചില ആരാധകർ തൃഷയെ 'അണ്ണി' (അണ്ണന്റെ ഭാര്യ) എന്നാണ് വിശേഷിപ്പിച്ചത്. 'ഗില്ലി'ക്കുശേഷം തിരുപ്പാച്ചി, ആദി, കുരുവി, ലിയോ എന്നീ ചിത്രങ്ങളിലാണ് വിജയ്-തൃഷ ജോഡി ഒരുമിച്ചെത്തിയത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi