നമ്മുടെയെല്ലാം പ്രിയപ്പെട്ട സിനിമാതാരങ്ങൾ മറ്റു രാജ്യങ്ങളിലാണ് ജനിച്ചിരുന്നതെങ്കിൽ കാണാൻ എങ്ങനെയുണ്ടാവുമെന്ന് ചിന്തിച്ചിട്ടുണ്ടോ? പല രാജ്യങ്ങളിൽ നിന്നുള്ള രൂപത്തിൽ നമ്മളെങ്ങനെയിരിക്കുമെന്നറിയാനുള്ള ഫേസ് ആപ്പുകൾ ഇന്ന് സജീവമാണ്. ആഫ്രിക്കയിലും റഷ്യയിലുമൊക്കെയാണ് നമ്മൾ ജനിച്ചതെങ്കിൽ കാണാൻ എങ്ങനെയായിരിക്കുമെന്ന് പലരും ഫേസ് ആപ്പുകളിൽ പരീക്ഷിച്ചുനോക്കിയിട്ടുണ്ട്. ഇപ്പോഴിതാ ആലിയ ഭട്ടിന്റെ വിവിധലുക്കുകളിലുള്ള എഐ നിർമിതചിത്രങ്ങൾ ശ്രദ്ധിക്കപ്പെടുകയാണ്.

To advertise here,

ഇൻസ്റ്റാഗ്രാമിൽ മിസ്റ്റർ ഹെൽറോക്കർ എന്ന പേരിൽ അറിയപ്പെടുന്ന എഐ ആർട്ടിസ്റ്റും ഷോർട്ട് ഫിലിം നിർമ്മാതാവുമായ സൗവിക് ആണ് വിവിധ രാജ്യങ്ങളിൽ നിന്നുള്ള വ്യത്യസ്ത രൂപങ്ങളിൽ ആലിയ ഭട്ടിന്റെ വീഡിയോ തയ്യാറാക്കിയത്. ഓരോ പ്രദേശത്തിനും അനുയോജ്യമായ രീതിയിൽ പ്രാദേശിക വസ്ത്രങ്ങളും മുഖത്തിന്റെ സവിശേഷതകളും സൂക്ഷ്മമായി ഇതിൽ ക്രമീകരിച്ചിട്ടുണ്ട്.

"ആലിയ ഭട്ട് വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ളവളായിരുന്നെങ്കിൽ?" എന്ന അടിക്കുറിപ്പാണ് വീഡിയോക്ക് നൽകിയത്. റഷ്യൻ വേഷത്തിൽ നീല കണ്ണുകൾ, വിളറിയ നിറം, മങ്ങിയ സ്വർണ്ണ നിറത്തിലുള്ള മുടി, പിങ്ക് നിറത്തിലുള്ള കവിളുകൾ, ചുവന്ന ചുണ്ടുകൾ എന്നിവയോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ഫർ കോട്ട്, തവിട്ടുനിറത്തിലുള്ള റിബ്ഡ് ടർട്ടിൽനെക്ക് എന്നിവയായിരുന്നു വേഷം. റഷ്യൻ പതിപ്പിൽ ആലിയ മനോഹരിയായി കാണപ്പെട്ടു.

ആലിയയുടെ ഉക്രേനിയൻ, നോർവീജിയൻ രൂപങ്ങൾ റഷ്യൻ വേഷത്തോട് വളരെ സാമ്യമുള്ളതായിരുന്നു. വെളുത്ത മുടി, നീല കണ്ണുകൾ, വിളറിയ നിറം, ശൈത്യകാലത്തേക്ക് തയ്യാറായ കമ്പിളി വസ്ത്രങ്ങൾ എന്നിവയിൽ ആലിയ സ്ലാവിക് വംശജയായി തോന്നിപ്പിച്ചു.

ബീച്ച് വേവുകൾ സ്റ്റൈൽ ചെയ്ത കടും തവിട്ടുനിറത്തിലുള്ള മുടിയുമായി ബ്രസീലിയൻ രൂപത്തിലും ആലിയയെ അവതരിപ്പിക്കുന്നുണ്ട്. നൈജീരിയൻ, ഓസ്ട്രേലിയൻ, ചൈനീസ്, ജാപ്പനീസ്, ദക്ഷിണ കൊറിയൻ രൂപങ്ങളിലും വീഡിയോയിൽ ആലിയയെത്തുന്നു.

വ്യത്യസ്ത ദേശീയതകളിലേക്കുള്ള ആലിയ ഭട്ടിന്റെ പരിവർത്തനത്തെ ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾ സ്വാഗതം ചെയ്തു. ആലിയയുടെ അമ്മ സോണി റാസ്ദാനും ഈ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്. ഒരു ഉപയോക്താവ് ഇങ്ങനെ അഭിപ്രായപ്പെട്ടു- "അവളുടെ ബ്രസീലിയൻ ലുക്ക് അവളുടെ ഇന്ത്യൻ ലുക്ക് പോലെ തന്നെയായിരുന്നു." "നൈജീരിയൻ ലുക്ക് ഏറ്റവും മികച്ചതായിരുന്നു.", "അവൾ ഒരു ബ്ലോണ്ട് പെൺകുട്ടിയാണ്.", "അവൾ അവളുടെ മുടിക്ക് ഇളം നിറം നൽകാൻ ശ്രമിക്കണം, അത് അവൾക്ക് നന്നായിരിക്കും." എന്നിങ്ങനെ നീളുന്നു കമന്റുകൾ.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi