അന്നുമിന്നും ബോളിവുഡിലെ ചുംബനരംഗങ്ങൾ ഏറെ ചർച്ചയാവാറുണ്ട്. അതുകൊണ്ടുതന്നെ പല താരങ്ങളും 'നോ കിസ്സിങ് പോളിസി' പിന്തുടരുന്നവരാണ്. ഷാരൂഖ് ഖാൻ, ഐശ്വര്യ റായ് മുതൽ സൽമാൻ ഖാൻ വരെ ആ ലിസ്റ്റിൽ ഉൾപ്പെടുന്നു. ബോളിവുഡിലെ ഏറ്റവും വിവാദമായ ചില ചുംബനസീനുകളിലൂടെ.

To advertise here,

ഇന്ത്യൻസിനിമയിൽ ആദ്യമായി ചുംബനരംഗം ഉൾപ്പെടുത്തിയത് 1929-ലാണ്. ജർമൻ സംവിധായകനായ ഫ്രാൻസ് ഓസ്റ്റൺ സംവിധാനം ചെയ്ത 'എ ത്രോ ഓഫ് ഡൈസ്' എന്ന സിനിമയിലായിരുന്നുവത്. 'മഹാഭാരത'ത്തിനെ ആസ്പദമാക്കി നിർമിച്ച സിനിമയാണത്. ആ ചുംബനരംഗത്തിൽ അഭിനയിച്ചത് സീതാ ദേവി (റെനി സ്മിത്ത്), ചാരു റോയ് എന്നിവരും. നിശ്ശബ്ദചിത്രമായിരുന്നുവത്. റെനി സ്മിത്ത് എന്ന നടിയാണ് പിന്നീട് സീതാ ദേവിയായത്. ആ പേരിലാണ് അവർ സിനിമകളിൽ അഭിനയിച്ചതും. ചുംബനരംഗത്തിന്റെ പേരിൽ അന്നേറെ ചർച്ചകൾ നടന്നിരുന്നു. എങ്കിലും അതൊന്നും ഇരുതാരങ്ങളെയും ബാധിച്ചില്ല.

രാജ്യം അപ്പോഴും ബ്രിട്ടീഷ് ഭരണത്തിൻ കീഴിലായതിനാൽ, പാശ്ചാത്യപ്രേക്ഷകർക്കുവേണ്ടിയാണ് ഇത്തരമൊരു രംഗം ഉൾപ്പെടുത്തിയതെന്നാണ് അന്ന് പറയപ്പെട്ടത്. എന്നാൽ, സാധാരണപ്രേക്ഷകർക്ക് ഇത് തീരെ ദഹിച്ചില്ല. 2006-ൽ ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സിനിമയുടെ ഡിജിറ്റലായി പുനസ്ഥാപിച്ചിരുന്നു. തുടർന്ന് വിദേശരാജ്യങ്ങളിലെ സിനിമാഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കുകയും ചെയ്തു.

അടുത്തത് ഇന്ത്യൻസിനിമയിലെ ആദ്യ ലേഡി സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന ദേവികാറാണിയും അവരുടെ ഭർത്താവ് ഹിമാൻഷു റായും തമ്മിലുള്ള ചുംബനമായിരുന്നു. അതിനും 'എ ത്രോ ഓഫ് ഡൈസു'മായി ബന്ധമുണ്ട്. ലണ്ടനിൽനിന്ന് പഠനം കഴിഞ്ഞെത്തിയ ദേവികാ റാണി കോസ്റ്റിയൂം ഡിസൈനറായി ജോലി ചെയ്യാൻ തുടങ്ങി. അതിനിടയിലാണ് ഹിമാൻഷു റായെ പരിചയപ്പെടുന്നത്. ദേവികയുടെ ഡിസൈനുകളിഷ്ടപ്പെട്ട ഹിമാൻഷു, അവരെ അടുത്ത സിനിമയായ 'എ ത്രോ ഓഫ് ഡൈസി'ലേക്ക് വിളിച്ചു. സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ ഇരുവരും പ്രണയത്തിലായി.

ദേവികയേക്കാൾ പതിനാറ് വയസ്സ് കൂടുതലായിരുന്നു ഹിമാൻഷുവിന്. തൊട്ടടുത്തവർഷം അവർ വിവാഹം കഴിച്ചു. പിന്നീട് 'കർമ' എന്ന സിനിമ നിർമിക്കാൻ ഹിമാൻഷു തീരുമാനിച്ചു. ഹിമാൻഷുവും ദേവികയും നായികാ-നായകൻമാരാകാമെന്നും ധാരണയായി. അക്കാലത്ത് 'നല്ല കുടുംബത്തിൽ പിറന്ന' സ്ത്രീകളാരും ബോളിവുഡ്സിനിമയിൽ അഭിനയിക്കാറില്ലെന്ന് മിഥ്യാധാരണ ഉയർന്നുവരുന്ന സമയമാണ്. സ്ത്രീകളുടെ വേഷങ്ങൾ ചെയ്യുന്നത് അധികവും പുരുഷൻമാരായിരുന്നു.

എന്നിട്ടും സിനിമയിൽ അഭിനയിക്കാൻ ദേവിക തീരുമാനിച്ചു. ഹിന്ദി-ഇംഗ്ലീഷ് ഭാഷകളിൽ നിർമിച്ച ആദ്യത്തെ ഇന്ത്യൻസിനിമയാണത്. അതിലേറെ ആ സിനിമയ്ക്ക് പേര് നേടിക്കൊടുത്തത് മറ്റൊന്നാണ്, ഇന്ത്യൻസിനിമയിലെ ഏറ്റവും ദൈർഘ്യമുള്ള ലിപ് ലോക്ക് രംഗമുള്ള സിനിമയെന്ന പേര്. നാലുമിനിറ്റ് നീണ്ടുനിൽക്കുന്ന ആ ചുംബനരംഗം പലരെയും ഞെട്ടിച്ചു. ലണ്ടനിൽ അത് നന്നായി സ്വീകരിക്കപ്പെട്ടെങ്കിലും, ഈ ചുംബനരംഗം ഉള്ളതുകൊണ്ട് മാത്രം ഇന്ത്യയിൽ സിനിമ പരാജയപ്പെട്ടു.

റിഷി കപൂർ, ഡിംപിൾ കപാഡിയ എന്നിവർ ആദ്യമായി നായികാ-നായകൻമാരാവുന്ന ചിത്രമെന്ന പേരിൽ ആദ്യമേ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് 'ബോബി' (1973). എന്നാൽ, റിലീസിനുമുമ്പ് അത് ചർച്ചയാവാൻ കാരണം അതിലെ താരങ്ങൾ തമ്മിലുള്ള ചുംബനമാണ്. സിനിമയുടെ ജനപ്രീതിക്ക് ഒരു കാരണമായി ഈ ചുംബനം മാറുകയും ചെയ്തു. ബോൾഡ് നായിക എന്ന പേര് ഡിംപിൾ കപാഡിയയ്ക്ക് ചാർത്തിക്കിട്ടിയതും ഇതോടെ തന്നെ.

1988-ൽ പുറത്തിറങ്ങിയ സിനിമയാണ് 'ദയവൻ'. മാധുരി ദീക്ഷിത്തും വിനോദ് ഖന്നയുമാണ് നായികാനായകൻമാരായത്. ഇതിലെ ചുംബനരംഗം വിനോദ് ഖന്നയുടെ കരിയറിലെയും ജീവിതത്തിലെയും ഒരു കറുത്ത ഏടായി മാറുകയും ചെയ്തു. ആ ചുംബനരംഗം ചിത്രീകരിക്കുന്നതിനിടെ സംവിധായകൻ 'കട്ട്' പറഞ്ഞിട്ടും വിനോദ് ഖന്ന ചുംബനം നിർത്താൻ തയ്യാറായില്ലത്രേ. ആ സീൻ മാധുരിയെ കരയിപ്പിക്കുകയും ചെയ്തു. സീൻ ഒഴിവാക്കാനായി മാധുരി ആവശ്യപ്പെട്ടെങ്കിലും, സംവിധായകൻ തയ്യാറായില്ല. ആ സിനിമയിൽ അഭിനയിച്ചതിന്റെ പേരിൽ മാധുരി പിന്നീട് ഖേദിക്കുകയും ചെയ്തു. സിനിമാസെറ്റുകളിലെ കൺസെന്റ് എന്ന വിഷയത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കം കുറിച്ചതും ഈ സംഭവം തന്നെ. ചിത്രീകരണസമയത്ത് സ്ത്രീകൾ ചൂഷണം ചെയ്യപ്പെടുന്നതും അന്ന് ചർച്ചയായി. പിന്നീടൊരിക്കലും മാധുരി, വിനോദ് ഖന്നയ്‌ക്കൊപ്പം അഭിനയിച്ചിട്ടില്ല.

ആമിർ ഖാന്റെയും കരിഷ്മ കപൂറിന്റെയും കരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്നാണ് 'രാജാ ഹിന്ദുസ്ഥാനി' (1996). അതിലെ ചുംബനരംഗം 47 തവണയാണ് റീടേക്ക് എടുത്തത്. ഊട്ടിയിൽ മൂന്നുദിവസം കൊണ്ടാണ് ഷൂട്ടിങ് പൂർത്തിയാക്കിയത്. അതിനെക്കുറിച്ച് കരിഷ്മ പിന്നീട് സംസാരിച്ചതിങ്ങനെ, ''ആളുകൾ സിനിമ കാണുമ്പോൾ കിസ്സിങ് സീൻ എന്നുപറഞ്ഞ് കളിയാക്കും. പക്ഷേ, ഞങ്ങൾ ആ സീൻ ചിത്രീകരിക്കുമ്പോൾ എത്ര കഷ്ടപ്പെട്ടുവെന്ന് ഞങ്ങൾക്ക് മാത്രമറിയാം. ഊട്ടിയിലെ അതികഠിനമായ തണുപ്പുള്ള സമയം. ഞങ്ങൾ രണ്ടുപേരും തണുത്തുവിറയ്ക്കുകയായിരുന്നു. എപ്പോഴാണ് ഈ സീൻ തീരുക എന്ന് മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളൂ''.

 

ഒട്ടേറെ പ്രശ്‌നങ്ങളിലേക്ക് വെളിച്ചംവീശിയ സിനിമയാണ് ദീപാ മേത്തയുടെ 'ഫയർ' (1998). സ്വവർഗരതി പോലുള്ള വിഷയങ്ങൾ പ്രേക്ഷകരിൽ പലർക്കും അംഗീകരിക്കാൻ കഴിഞ്ഞില്ല. റിലീസായപ്പോൾ പലതരത്തിലുള്ള പ്രതിഷേധപ്രകടനങ്ങളും നടന്നു. സിനിമയിൽ നന്ദിതാ ദാസും ഷബാന ആസ്മിയും തമ്മിലുള്ള പ്രണയവും ചുംബനരംഗങ്ങളും ഏറെ വിവാദമായി അക്കാലത്ത്.

ഹിമാൻഷു മാലിക്കും മല്ലിക ഷെറാവത്തും പ്രധാനതാരങ്ങളായ സിനിമയാണ് 'ഖ്വാഷിഷ്' (2003). സിനിമ ബോക്‌സോഫീസിൽ വിജയിച്ചതേയില്ല. മാത്രമല്ല അണിയറപ്രവർത്തകർ തന്നെ ഏറെ കൊട്ടിഘോഷിച്ച 17 ചുംബനരംഗങ്ങൾ സിനിമയെ ഒരുതരത്തിലും സഹായിച്ചില്ല.

ഇമ്രാൻ ഹാഷ്മിയുടെയും മല്ലിക ഷെറാവത്തിന്റെയും കരിയറിൽ ബ്രേക്ക് സമ്മാനിച്ച സിനിമയാണ് 'മർഡർ' (2004). അതിലെ ചുംബനരംഗങ്ങളും ഇന്റിമേറ്റ് സീനുകളും വിവാദങ്ങൾ ഏറെ സൃഷ്ടിച്ചു. 20-ലേറെ ചുംബനരംഗങ്ങളാണ് സിനിമയിലുണ്ടായിരുന്നത്. അതിനുശേഷമാണ് 'സീരിയൽ കിസ്സർ' എന്ന പേര് ഇമ്രാൻ ഹാഷ്മിക്ക് ലഭിക്കുന്നതും.

ഐശ്വര്യ റായ് സിനിമയിൽ അഭിനയിക്കുന്നതിന് മുമ്പ് കുറേ ഡിമാന്റുകൾ വെക്കാറുണ്ട്. അവയിലൊന്നാണ് ഇന്റിമേറ്റ് സീനുകൾ, ചുംബനരംഗങ്ങൾ എന്നിവയിൽ അഭിനയിക്കുകയില്ല എന്നത്.

2006-ൽ പുറത്തിറങ്ങിയ ആക്ഷൻ ത്രില്ലറാണ് 'ധൂം 2'. റിലീസായി കുറേനാൾ കഴിഞ്ഞ് കൾട്ട് പദവി നേടിയ സിനിമയാണത്. ആ വർഷം ബോക്സോഫീസിൽ ഏറ്റവും കൂടുതൽ വിജയിച്ച സിനിമയും ഇതുതന്നെ. എന്നാൽ, സിനിമ അക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെടാൻ കാരണം ഹൃത്വിക് റോഷനും ഐശ്വര്യ റായും തമ്മിലുള്ള ചുംബനരംഗമാണ്. സെക്കൻഡുകൾ മാത്രം നീണ്ടുനിൽക്കുന്ന ചുംബനരംഗം ഏറെ വിവാദങ്ങൾ സൃഷ്ടിച്ചു.

 

അതിന്റെ പേരിൽ ആഷിന് കുറേ വക്കീൽ നോട്ടീസുകൾ ലഭിക്കുകയും ചെയ്തുവത്രേ. ''കുറേ വക്കീൽ നോട്ടീസുകൾ കിട്ടിയിരുന്നു. 'നിങ്ങൾ എല്ലാവർക്കും വളരെ മാതൃകയായ സ്ത്രീയാണ്. ജീവിതം എങ്ങനെ നന്നായി മുന്നോട്ടുകൊണ്ടുപോവണമെന്നതിന് പെൺകുട്ടികൾക്ക് ഉദാഹരണമായി കാണിച്ചുകൊടുക്കാൻ പറ്റുന്നയാൾ. നിങ്ങൾ ഇങ്ങനെ ചുംബനരംഗങ്ങളിൽ അഭിനയിച്ചാൽ എങ്ങനെ ശരിയാവും' എന്നാണ് പലരും ചോദിച്ചത്'', ഐശ്വര്യ ഒരഭിമുഖത്തിൽ അതിനെക്കുറിച്ച് സംസാരിച്ചിരുന്നു. ''ഞാനതുവരെ ചുംബനസീനുകളിൽ അഭിനയിച്ചിരുന്നില്ല. കാരണം ഞാനൊട്ടും കംഫർട്ടബിൾ ആയിരുന്നില്ല എന്നതുതന്നെയായിരുന്നു കാരണം. അത് ചിലപ്പോൾ പ്രേക്ഷകർക്കും മനസ്സിലായിട്ടുണ്ടാവാം'', അവർ തുടർന്നുപറഞ്ഞു.

എങ്കിലും സെക്കന്റുകൾ മാത്രമുള്ള ചുംബനരംഗം അത്രയും ചർച്ച ചെയ്യപ്പെട്ടത് അവരെയും വേദനിപ്പിച്ചു. ''ഞാനൊരു അഭിനേതാവാണ്. എന്റെ ജോലിയാണ് ചെയ്യുന്നതും. എന്നിട്ടും മൂന്നു മണിക്കൂർ നീളുന്ന സിനിമയിലെ വെറും രണ്ടുസെക്കന്റുള്ള ആ സീനിന്റെ പേരിൽ ഞാൻ ചോദ്യം ചെയ്യപ്പെടുന്നു എന്ന് പറയുന്നത് ഏറെ സങ്കടകരമാണ്'', ആഷ് ഒരിക്കലിങ്ങനെ പറഞ്ഞു.

സിനിമയിൽ അഭിനയിക്കുന്നതിനുമുമ്പ് എപ്പോഴും രണ്ടു കാര്യങ്ങളാണ് ഷാരൂഖ് ഖാൻ മുന്നോട്ടുവെക്കാറുള്ളത്. ഒന്ന് സിനിമയിൽ കുതിരയെ ഓടിക്കില്ലെന്നതാണ്. രണ്ടാമത്തേത് നായികയെ ചുംബിക്കില്ലെന്നതും. എന്നാൽ, ഷാരൂഖിന്റെ 'നോ കിസ് പോളിസി' തകർത്ത സിനിമയാണ് 'ജബ് തക് ഹേ ജാൻ' (2012), തന്റെ ഗുരുവായ യാഷ് ചോപ്രയുടെ നിർദേശപ്രകാരം ആയിരുന്നുവേ്രത ഷാരൂഖ് തീരുമാനം മാറ്റിയത്. സിനിമ സൂപ്പർഹിറ്റായിരുന്നു.

2013-ൽ പുറത്തിറങ്ങിയ '3G' എന്ന സിനിമ 'മർഡറി'ന്റെ റെക്കോർഡും തകർത്തു. ത്രില്ലർ എന്ന പേരിലാണ് സിനിമ പുറത്തിറങ്ങിയത്. പക്ഷേ 30-ലേറെ ലിപ് ലോക്കുകളാണ് സിനിമയിൽ കുത്തിത്തിരുകി. ആളുകളെ ആകർഷിക്കാൻ മാത്രമുള്ള തന്ത്രമായിരുന്നു അതെന്ന് വിമർശനങ്ങളുണ്ടായി. ചുംബനങ്ങളൊന്നും സിനിമ വിജയിക്കാൻ കാരണമായില്ലെന്നതാണ് മറ്റൊരു വസ്തുത. ഇതിനൊപ്പം തന്നെ ചർച്ചയായ ചുംബനരംഗങ്ങൾ വേറെയും ചിലതുണ്ട്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi