വെറും രണ്ടുകോടി രൂപയ്ക്ക് നിർമിച്ചൊരു സിനിമയാണിപ്പോൾ ബോളിവുഡിൽ ചർച്ചയാകുന്നതും തരംഗമാകുന്നതും. 'ഹനുമാൻ അൻഷ്' (Hanuman Ansh) എന്ന ആ ചിത്രം തിരക്കഥയൊരുക്കി സംവിധാനം ചെയ്തത് ഡോ.വിശാൽ ചതുർവേദിയാണ്. നിർമിച്ചത് സംവിധായകൻ ഉൾപ്പെടെയുള്ള നാലുപേർ ചേർന്നിട്ടും. ഷോഭിനവ് സത്യ, ചന്ദൻ ആനന്ദ് എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തിയത്. 12-ലേറെ പാട്ടുകളാണ് സിനിമയിലുള്ളത്.

To advertise here,

വിശാൽ ചതുർവേദിയുടെ ആത്മീയാനുഭവങ്ങൾ വിവരിക്കുന്ന 'Divine Detour: That Changed My Life' എന്ന പുസ്തകത്തെ ആസ്പദമാക്കി ആസൂത്രണം ചെയ്ത ട്രൈലോജിയിലെ ആദ്യഭാഗമാണിത്. 2009-ലാണ് താൻ സിനിമയ്ക്കായുള്ള ഗവേഷണം തുടങ്ങിയതെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

2025 നവംബറിലായിരുന്നു ചിത്രീകരണം. പ്രധാനമായും ചിത്രകൂടിലായിരുന്നു ഷൂട്ടിങ്. മുംബൈയിലും ചിത്രീകരണത്തിന്റെ ചില ഭാഗങ്ങൾ നടന്നു.

തിയേറ്ററുകളിലെത്തിയപ്പോൾ ആദ്യം അത്ര നല്ല പ്രതികരണമായിരുന്നില്ല ലഭിച്ചത്. 250 തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ആദ്യവാരം നേടിയത് വെറും 90 ലക്ഷം രൂപയാണ്.

അതിനിടെ മറ്റ് വമ്പൻചിത്രങ്ങൾ വന്നതോടെ, തിയേറ്ററുകൾ അതിന് മുൻഗണന നൽകാൻ തീരുമാനിച്ചു. അതോടെ 'ഹനുമാൻ അൻഷ്' പ്രദർശിപ്പിക്കുന്ന തിയേറ്ററുകളുടെ എണ്ണത്തിലും വമ്പൻ ഇടിവുണ്ടായി. 250-ൽനിന്ന് വെറും 25-ലേക്കാണ് കൂപ്പുകുത്തിയതെന്നും ഒരഭിമുഖത്തിൽ സംവിധായകൻ പറഞ്ഞു.

എങ്കിലും, പിന്നീടുള്ള മൂന്നാഴ്ചയിൽ ചിത്രം പ്രേക്ഷകശ്രദ്ധ നേടി. 'ടോക്‌സിക്' ഉൾപ്പെടെയുള്ള ചിത്രങ്ങൾ ഉയർത്തിയ വെല്ലുവിളികളെ അതിജീവിച്ചാണ് ചിത്രം കുതിച്ചത്. സെപ്റ്റംബർ ആദ്യമായപ്പോഴേക്കും സിനിമയുടെ കളക്ഷൻ 85 കോടിയായി ഉയർന്നു. നാലാം ആഴ്ചയിലേക്ക് കടന്നപ്പോഴേക്കും യഷിന്റെ 'ടോക്‌സിക്കി'നെയും ചിത്രം മറികടന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

സാക്‌നിൽക്കിന്റെ റിപ്പോർട്ടുകൾ പ്രകാരം സെപ്റ്റംബർ 3-ന് മാത്രം ചിത്രം കളക്ട് ചെയ്തത് 11 കോടി രൂപയാണ്. അതേ സമയത്ത് 'ടോക്‌സിക്' കളക്ട് ചെയ്തത് നാലേകാൽ കോടി രൂപയും.

പിന്നാലെ ഹോംബാലെ ഫിലിംസ് ചിത്രം ഇന്ത്യയ്ക്ക് പുറത്ത് റിലീസ് ചെയ്യാനുള്ള അവകാശവും സ്വന്തമാക്കി. സെപ്റ്റംബർ 11-നാണ് വിദേശരാജ്യങ്ങളിൽ സിനിമ റിലീസാവുക. അതിനിടെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പണികൾ ഇതിനകം തുടങ്ങിക്കഴിഞ്ഞുവെന്ന് സംവിധായകൻ പറയുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi