മഴക്കാലം രോഗങ്ങളുടെ കാലംകൂടിയാണ്. മഴവെള്ളവുമായി സമ്പർക്കം കൂടുതലുള്ളതിനാൽ പാദങ്ങളെ ബാധിക്കുന്ന അസുഖങ്ങൾ വളരെ സാധാരണമാണ്.

To advertise here,

ഫംഗൽ അണുബാധ

വളംകടി, പുഴുക്കടി, കുഴിനഖം, വട്ടച്ചൊറി എന്നിങ്ങനെ പലതരത്തിൽ കാണുന്ന അസുഖമാണ് ഫംഗൽ അണുബാധ. പാദങ്ങളിൽ ഈർപ്പം കെട്ടിനിൽക്കുന്നതാണ് അണുബാധയുടെ പ്രധാന കാരണം. വിരലുകളുടെ ഇടയിൽ ചുവപ്പ്, വേദന, ചൊറിച്ചിൽ, നഖത്തിന് ചുറ്റും വേദന, വീക്കം, നഖങ്ങൾക്ക് നിറംമാറ്റം, വട്ടത്തിലുള്ള തടിപ്പും ചൊറിച്ചിലും എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. വായുസഞ്ചാരമില്ലാത്ത, മൂടിനിൽക്കുന്ന ഷൂസ് പോലെയുള്ള ചെരിപ്പ് ഉപയോഗിക്കുന്നവരിൽ കൂടുതലായി കാണപ്പെടുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • കാലുകളിൽ അധികനേരം ഈർപ്പം തങ്ങിനിർത്തരുത്.
  • നനഞ്ഞ ചെരിപ്പുകൾ പെട്ടെന്നുതന്നെ മാറ്റുക.
  • തുറന്നതും ഈർപ്പം കെട്ടിനിൽക്കാത്തതുമായ ചെരിപ്പുകൾ ഉപയോഗിക്കുന്നതാണ് അഭികാമ്യം.
  • വീട്ടിലെത്തി കാലുകൾ കഴുകിയതിനുശേഷം ഒപ്പി ഉണക്കി വിരലുകളുടെ ഇടയിൽ ടാൽക്കം പൗഡർ ഇടാവുന്നതാണ്.
  • ചെരിപ്പുകൾ മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്.
  • നഖങ്ങൾ കൃത്യമായി വെട്ടി സൂക്ഷിക്കുക.
  • നഖങ്ങളുടെ വശങ്ങൾ ഉള്ളിലേക്ക് കയറ്റിവെട്ടാതെ കൃത്യമായി വെട്ടുക.

എക്സിമ

പ്രായമുള്ളവരിലും കുട്ടികളിലും കൂടുതലായി കണ്ടുവരുന്ന അസുഖമാണ് എക്‌സിമ. ഇത് വരാൻ പല കാരണങ്ങളുണ്ടെങ്കിലും ഏറ്റവും സാധാരണമായി കാണുന്നത് വരണ്ട ചർമം കാരണമാണ്. ചൊറിച്ചിൽ, തൊലിഅടർന്നുപോകൽ, ചുവന്നുതടിപ്പ് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

  • കുളിക്കാൻ തണുത്തതോ ഇളം ചൂടുള്ളതോ ആയ വെള്ളം ഉപയോഗിക്കുക.
  • ഉരച്ചുകഴുകുന്നത് ഒഴിവാക്കുക.
  • കാരം കുറഞ്ഞ സോപ്പ് ഉപയോഗിച്ച് കുളിക്കുക.
  • കുളിച്ചുകഴിഞ്ഞ ഉടനെ മോയ്‌സ്ചറൈസിങ് ക്രീം പുരട്ടുക. വിരലുകളുടെ ഇടയിൽ മോയിസ്ചറൈസർ ഒഴിവാക്കുക.
  • വെള്ളം ആവശ്യത്തിന് കുടിക്കുക.

ബാക്ടീരിയമൂലമുള്ള അണുബാധ

കുട്ടികളിലും പ്രമേഹരോഗികളിലും ഇത് കൂടുതലായി കാണുന്നു. ആളുകൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിലുള്ളവർ, പോഷകക്കുറവുള്ളവർ, പ്രതിരോധശേഷി കുറവുള്ളവർ എന്നിവരിൽ ഈ രോഗത്തിനുള്ള സാധ്യത കൂടുതലാണ്. വേദനയോടുകൂടിയുള്ള ചുവപ്പ്, പഴുത്ത കുരുക്കൾ, നീരൊലിപ്പ് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

  •  ചെളിയുള്ള വെള്ളത്തിൽ ചവിട്ടുന്നത് കഴിയുന്നതും ഒഴിവാക്കുക.
  • കാലുകളിൽ ചെറിയ മുറിവുണ്ടെങ്കിൽ അതുണങ്ങുന്നതുവരെ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.
  • സ്വന്തം നിലയിലുള്ള ചികിത്സ, പ്രത്യേകിച്ച് ആണിരോഗങ്ങൾ സ്വയം ചെത്തുന്നത് ഒഴിവാക്കുക.
    കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi