മഴക്കാലം കുട്ടികൾക്ക് ആഘോഷത്തിന്റെ സമയമാണ്. മഴയിൽ നനയാനും വെള്ളക്കെട്ടുകളിൽ ചാടിക്കളിക്കാനുമൊക്കെ അവർക്ക് വലിയ ഇഷ്ടമാണ്. എന്നാൽ ഈ സന്തോഷത്തിനപ്പുറം ചില ആരോഗ്യപ്രശ്നങ്ങളും ഒളിഞ്ഞിരിപ്പുണ്ട്. സ്കൂളിൽ നിന്ന് നനഞ്ഞ യൂണിഫോമും ഈർപ്പമുള്ള സോക്സും ഷൂസുമായി വീട്ടിലെത്തുന്ന കുട്ടികളിൽ ചർമ്മരോഗങ്ങൾ, ഫംഗസ് അണുബാധ, പേൻ ശല്യം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ആശങ്കപ്പെടാതെതന്നെ കുട്ടികൾക്കുണ്ടാകുന്ന ഈ അസ്വസ്ഥതകൾ എളുപ്പത്തിൽ തടയാനാകും. സ്കൂളിൽനിന്ന് വന്നയുടനെ ചില ശീലങ്ങൾ പിന്തുടർന്നാൽ മതിയാകും.
വീട്ടിലെത്തിയയുടൻ യൂണിഫോമും സോക്സും മാറ്റുക: യൂണിഫോം പൂർണമായും നനഞ്ഞാലും ഇല്ലെങ്കിലും വീട്ടിലെത്തിയയുടൻ അഴിച്ചുമാറ്റുക. വിയർപ്പും അന്തരീക്ഷത്തിലെ ഈർപ്പവും കാരണം അതിൽ നനവ് ഉണ്ടായിരിക്കാം. കാലുകൾ നന്നായി കഴുകി തുടച്ച് ഉണങ്ങിയ വസ്ത്രങ്ങൾ ധരിപ്പിക്കുക. ദീർഘനേരം ഈർപ്പത്തിൽ കഴിയുന്നത് ഫംഗസ് അണുബാധയ്ക്കും ചർമ്മത്തിലെ അസ്വസ്ഥതകൾക്കും കാരണമാകാം.
Also Read
ശരീരത്തിലെ മടക്കുകൾ നന്നായി ശ്രദ്ധിക്കുക: മഴവെള്ളവും വിയർപ്പും ശരീരത്തിലെ ചില ഭാഗങ്ങളിൽ കൂടുതൽ നേരം തങ്ങിനിൽക്കാൻ സാധ്യതയുണ്ട്. കഴുത്ത്, കക്ഷം, തുടകളുടെ ഇടയിലെ ഭാഗം, കാൽവിരലുകൾക്കിടയിൽ എന്നിവിടങ്ങളാണ് പ്രത്യേകിച്ച് ശ്രദ്ധിക്കേണ്ടത്. വസ്ത്രം മാറ്റിയശേഷം ഈ ഭാഗങ്ങൾ മൃദുവായി തുടച്ച് നന്നായി ഉണക്കുക. ഈർപ്പം നീണ്ടുനിൽക്കുന്നത് ഫംഗസ് ബാധയ്ക്ക് സാധ്യത കൂട്ടും.
ഷൂസ് പൂർണമായും ഉണങ്ങിയിട്ടുണ്ടെന്ന് ഉറപ്പാക്കുക: മഴക്കാലത്ത് ഷൂസ് നനയുന്നത് സ്വാഭാവികമാണ്. എന്നാൽ നനഞ്ഞ ഷൂസ് വീണ്ടും ധരിക്കുന്നത് കാലുകളിൽ ദുർഗന്ധത്തിനും ഫംഗസ് അണുബാധയ്ക്കും കാരണമാകും. അതുകൊണ്ടുതന്നെ പിന്നീട് ധരിക്കുന്നതിനുമുമ്പ് ഷൂസ് പൂർണമായും ഉണങ്ങിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. കഴിയുമെങ്കിൽ മഴക്കാലത്ത് രണ്ട് ജോഡി സ്കൂൾ ഷൂസ് കരുതുന്നത് നല്ലതാണ്.
തലയും ചെവിക്കുപിന്നിലെ ഭാഗവും പരിശോധിക്കുക: മഴക്കാലത്ത് കുട്ടികളുടെ തലയോട്ടി ഇടയ്ക്കിടെ പരിശോധിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് തലയുടെ മുകൾഭാഗം, ചെവിക്കുപിന്നിലെ ഭാഗം, കഴുത്തിന്റെ പിൻഭാഗം എന്നിവ ശ്രദ്ധിക്കുക. സ്കൂളിൽ കുട്ടികൾ അടുത്തിടപഴകുന്നതിനാൽ പേൻ (Head Lice) പകരാൻ സാധ്യത കൂടുതലാണ്. തുടക്കത്തിൽ തന്നെ കണ്ടെത്തിയാൽ ചികിത്സ എളുപ്പമാകും. വീട്ടിലെ മറ്റുള്ളവരിലേക്കും പകരുന്നത് തടയാനും സാധിക്കും.
ചൊറിച്ചിലും ചർമ്മത്തിലെ മാറ്റങ്ങളും അവഗണിക്കരുത്: എത്ര ശ്രദ്ധിച്ചാലും ചിലപ്പോൾ കുട്ടികളിൽ ചൊറിച്ചിൽ, ചുവന്ന പാടുകൾ, ചെറിയ കുമിളകൾ, തൊലി പൊളിയൽ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ അവ അവഗണിക്കരുത്. ഫംഗസ് അണുബാധ വേഗത്തിൽ പടരാൻ സാധ്യതയുള്ളതിനാൽ സമയബന്ധിതമായി ശിശുരോഗ വിദഗ്ധനെയോ ചർമ്മരോഗ വിദഗ്ധനെയോ സമീപിക്കുന്നത് നല്ലതാണ്.
മഴക്കാലത്ത് കുട്ടിയുടെ സ്കൂൾ ബാഗിൽ ചെറിയൊരു എമർജൻസി കിറ്റ് വെക്കുന്നതും നല്ലതാണ്. സ്കൂളിലേക്കുള്ള യാത്രയ്ക്കിടെയോ മറ്റോ കുട്ടി നനഞ്ഞാൽ ഉടൻ വസ്ത്രം മാറാൻ ഇത് സഹായിക്കും. ഒരു ജോഡി അധിക അടിവസ്ത്രം, ഒരു ജോഡി അധിക സോക്സ്-ഷൂസ്, ചെറിയ ടവൽ, ചെറിയൊരു ബാഗോ കവറോ ഒക്കെ കിറ്റിൽ ഉൾപ്പെടുത്താം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: monsoon-health-care-tips-for-kids-post-school
Published: 10 Jul 2026, 03:30 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented