ലോകമെമ്പാടുമുള്ള സ്ത്രീകളിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന കാൻസറുകളിലൊന്നാണ് സ്തനാർബുദം. കാൻസർ നിർണ്ണയത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകം അത് എത്രയും നേരത്തെ തിരിച്ചറിയുന്നു എന്നുള്ളതാണ്. രോഗം പ്രാരംഭദശയിൽ തന്നെ കണ്ടെത്തുന്നത് രോഗമുക്തിക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചികിത്സ കൂടുതൽ എളുപ്പമാക്കുകയും ചെയ്യുന്നു. ഒക്ടോബർ സ്തനാർബുദ മാസമായി ആചരിക്കപ്പെടുമ്പോൾ അതിന്റെ ചികിത്സ രംഗത്തെ പുതിയ സാങ്കേതിക വിദ്യകളെ കുറിച്ച് അറിഞ്ഞിരിക്കാം. പതിറ്റാണ്ടുകളായി സ്തനാർബുദ നിർണ്ണയത്തിന് നമ്മൾ പ്രധാനമായും ആശ്രയിച്ചിരുന്നത് പരമ്പരാഗത 2ഡി ഡിജിറ്റൽ മാമോഗ്രാമുകളെയായിരുന്നു. എന്നാൽ, സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള വളർച്ച ഈ രംഗത്ത് വൻ മാറ്റങ്ങളാണ് വരുത്തിക്കൊണ്ടിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, 3ഡി ഇമേജിംഗ്, മോളാകുലാർ ബയോമാർക്കറുകൾ എന്നിവയുടെ വരവോടെ സ്തനാർബുദ പരിശോധനകൾ കൂടുതൽ കൃത്യവും കാര്യക്ഷമവുമായി മാറിയിരിക്കുന്നു.

2ഡി മാമോഗ്രാഫിയിൽ നിന്ന് 3ഡി
ടോമോസിന്തസിസിലേക്കുള്ള മാറ്റം

പരമ്പരാഗത 2ഡി ഡിജിറ്റൽ മാമോഗ്രാം സ്തനങ്ങളുടെ ദ്വിമാന ചിത്രങ്ങൾ മാത്രമാണ് നൽകുന്നത്. ഇതിൽ കോശങ്ങൾ ഒന്നിനുമേൽ ഒന്നായി കാണപ്പെടുന്നതിനാൽ (ഓവർലാപ്പിങ്) ചെറിയ ട്യൂമറുകളോ മാറ്റങ്ങളോ ചിലപ്പോൾ വ്യക്തമായി കാണാൻ സാധിച്ചേക്കില്ല.

എന്നാൽ 3ഡി ടോമോസിന്തസിസ് ഈ പരിമിതിയെ പൂർണ്ണമായും മറികടക്കുന്നു. സ്തനങ്ങളുടെ ഒന്നിലധികം കോണുകളിൽ നിന്നുള്ള എക്സ്-റേ ചിത്രങ്ങൾ എടുത്ത് അവയെ കൂട്ടിയോജിപ്പിച്ച് പാളികളായുള്ള ത്രിമാന ചിത്രങ്ങൾ ഇത് തയ്യാറാക്കുന്നു. ഒരു പുസ്തകത്തിന്റെ പുറംചട്ട മാത്രം കാണുന്നതിന് പകരം അതിലെ ഓരോ പേജുകളും മറിച്ചുനോക്കുന്നതിന് തുല്യമാണിത്. ഇത് വഴി സാധാരണ ടിഷ്യൂകൾക്കിടയിൽ ഒളിച്ചിരിക്കുന്ന ചെറിയ ട്യൂമറുകൾ പോലും വ്യക്തമായി തിരിച്ചറിയാനും രോഗ നിർണ്ണയത്തിലെ തെറ്റായ സംശയങ്ങൾ ഒഴിവാക്കാനും സാധിക്കുന്നു.

നിർണ്ണയ മികവിന് റേഡിയോളജിസ്റ്റുകളെ സഹായിക്കുന്നതിൽ കൃത്രിമബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വലിയ പങ്ക് വഹിക്കുന്നുണ്ട്. ആയിരക്കണക്കിന് മാമോഗ്രാം സ്കാനുകൾ വിശകലനം ചെയ്ത് പരിശീലനം നേടിയ എഐ ആൽഗരിതങ്ങൾക്ക്, മനുഷ്യനേത്രങ്ങൾക്ക് പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കാത്ത വളരെ ചെറിയ മാറ്റങ്ങൾ പോലും കണ്ടെത്താൻ കഴിയും.

തുടക്കത്തിലേയുള്ള മാറ്റങ്ങൾ കണ്ടെത്തൽ: കാൻസറിന്റെ ആദ്യ ലക്ഷണങ്ങളിലൊന്നായ മൈക്രോകാൽസിഫിക്കേഷനുകൾ വളരെ കൃത്യമായി ചൂണ്ടിക്കാണിക്കാൻ എഐക്ക് സാധിക്കുന്നു.

റേഡിയോളജിസ്റ്റുകളുടെ കൃത്യത വർദ്ധിപ്പിക്കുന്നു: റേഡിയോളജിസ്റ്റുകളുടെ ജോലിഭാരം കുറയ്ക്കാനും, പരിശോധനയിൽ സംഭവിക്കാവുന്ന മാനുഷിക തെറ്റുകൾ ഒഴിവാക്കാനും എഐ ഒരു സഹായ സംവിധാനമായി പ്രവർത്തിക്കുന്നു.

വ്യാജ സന്ദേശങ്ങൾ കുറയ്ക്കുന്നു: കാൻസറല്ലാത്ത സാധാരണ മുഴകളെ കാൻസറാണെന്ന് തെറ്റിദ്ധരിക്കുന്നത് വഴി രോഗികൾക്കുണ്ടാകുന്ന മാനസിക സമ്മർദ്ദവും അനാവശ്യ ബയോപ്സികളും ഒഴിവാക്കാൻ എഐ സാങ്കേതികവിദ്യ സഹായിക്കുന്നു.

ലിക്വിഡ് ബയോപ്സിയും രക്ത അധിഷ്ഠിത
ബയോമാർക്കറുകളും

ഇമേജിംഗ് സാങ്കേതികവിദ്യകൾക്ക് പുറമേ, തന്മാത്രാ തലത്തിലുള്ള പരിശോധനകളും രോഗനിർണ്ണയത്തിൽ വിപ്ലവം സൃഷ്ടിക്കുന്നു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ലിക്വിഡ് ബയോപ്സി.

കാൻസർ കോശങ്ങൾ രക്തത്തിലേക്ക് പുറന്തള്ളുന്ന ചെറിയ ഡിഎൻഎ ഭാഗങ്ങളെയാണ് സിടി ഡിഎൻഎ (സർക്കുലേറ്റിംഗ് ട്യൂമർ ഡിഎൻഎ) എന്ന് വിളിക്കുന്നത്. ഒരു ചെറിയ രക്തപരിശോധനയിലൂടെ ഈ സിടി ഡിഎൻഎയും മറ്റ് ബയോമാർക്കറുകളും കണ്ടെത്താൻ ഇന്ന് സാധിക്കും. ഉയർന്ന രോഗസാധ്യതയുള്ളവരിലും പാരമ്പര്യമായി കാൻസർ പശ്ചാത്തലമുള്ളവരിലും സ്കാനിംഗിൽ മുഴകൾ തെളിയുന്നതിന് മുൻപ് തന്നെ കാൻസറിന്റെ സാന്നിധ്യം രക്തത്തിലൂടെ തിരിച്ചറിയാൻ ഇത് സഹായിക്കുന്നു.

പുതിയ ക്ലിനിക്കൽ സ്ക്രീനിംഗ് മാർഗ്ഗനിർദ്ദേശങ്ങൾ
സാങ്കേതികവിദ്യ മാറിയതിനൊപ്പം സ്തനാർബുദ സ്ക്രീനിംഗിനുള്ള മെഡിക്കൽ മാർഗ്ഗനിർദ്ദേശങ്ങളിലും വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്:

അടർത്തിയെടുത്തപോലെയുള്ള സ്തനകലകൾ (ഡെൻസ് ബ്രെസ്റ്റ് ടിഷ്യു): ചില സ്ത്രീകളിൽ കൊഴുപ്പ് കുറവും ഫൈബ്രസ് ടിഷ്യൂകൾ കൂടുതലുമുള്ള 'ഡെൻസ് ബ്രെസ്റ്റ്' അവസ്ഥ കാണപ്പെടാറുണ്ട്. ഇത്തരക്കാരിൽ സാധാരണ 2ഡി മാമോഗ്രാമിൽ ട്യൂമറുകൾ കാണാൻ പ്രയാസമാണ്. അതിനാൽ ഇവർക്ക് 3ഡി മാമോഗ്രാം, ബ്രെസ്റ്റ് എം.ആർ.ഐ, അല്ലെങ്കിൽ അൾട്രാസൗണ്ട് പരിശോധനകൾ കൂടി നടത്താൻ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ശുപാർശ ചെയ്യുന്നു.

പ്രായപരിധിയും പരിശോധനാ ക്രമവും: ഉയർന്ന രോഗസാധ്യതയുള്ള സ്ത്രീകൾ ചെറുപ്പത്തിൽ തന്നെ (40 വയസ്സിന് മുൻപ് തന്നെ) വാർഷിക സ്ക്രീനിംഗുകൾ ആരംഭിക്കണമെന്ന് വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു. വ്യക്തിഗത ആരോഗ്യസ്ഥിതിയും ജനിതക പശ്ചാത്തലവും കണക്കിലെടുത്തുള്ള പേഴ്സണലൈസ്ഡ് സ്ക്രീനിംഗ് രീതികളാണ് ഇപ്പോൾ പ്രോത്സാഹിപ്പിക്കപ്പെടുന്നത്.

സ്തനാർബുദത്തിനെതിരെയുള്ള പോരാട്ടത്തിൽ സാങ്കേതികവിദ്യ നൽകുന്ന പിന്തുണ വളരെ വലുതാണ്. 2ഡി മാമോഗ്രാമിൽ നിന്ന് 3ഡി ടോമോസിന്തസിസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ലിക്വിഡ് ബയോപ്സി തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളിലേക്കുള്ള മാറ്റം രോഗ നിർണ്ണയത്തെ കൂടുതൽ കൃത്യവും ലളിതവുമാക്കിയിരിക്കുന്നു. ഈ പുതിയ സാങ്കേതികവിദ്യകളെക്കുറിച്ചുള്ള അവബോധം സമൂഹത്തിൽ ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണ്. കൃത്യസമയത്തുള്ള പരിശോധനകളും ആധുനിക രോഗനിർണ്ണയ ഉപാധികളും വഴി സ്തനാർബുദത്തെ പ്രാരംഭദശയിൽ തന്നെ തടയാൻ സാധിക്കും.

(കൊച്ചി ആസ്റ്റർ മെഡ്‌സിറ്റി മെഡിക്കൽ ഓങ്കോളജി സീനിയർ കൺസൽട്ടന്റാണ് ലേഖകൻ)

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi