
മഴ, കട്ടൻചായ, ജോൺസൺ മാഷ്... മഴ എന്നും മലയാളിക്ക് ഒരു വികാരമാണ്. എന്നാൽ ഇന്ന് കേരളത്തിൽ മഴക്കാലം സാംക്രമിക രോഗങ്ങളുടെ പെരുമഴക്കാലം പോലെയാണ് അനുഭവപ്പെടുന്നത്. ജലജന്യരോഗങ്ങളോടൊപ്പം വൃത്തിഹീനമായ സാഹചര്യങ്ങളിൽ നിന്നുള്ള ഭക്ഷ്യജന്യ രോഗങ്ങളും ഇപ്പോൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ലോക ഭക്ഷ്യസുരക്ഷാ ദിനമായ ഇന്ന്, ഈ സമയത്ത് രോഗങ്ങളെ പ്രതിരോധിക്കേണ്ടത് എങ്ങനെയെന്ന് നോക്കാം.
ഭക്ഷണംചൂടാക്കി കഴിക്കുമ്പോൾ…
മഴക്കാലം വിവിധതരം ബാക്ടീരിയ, ഫംഗസ് എന്നിവയ്ക്ക് വളരാനുള്ള അനുകൂല കാലാവസ്ഥയാണ്. പ്രത്യേകിച്ച് ഉഷ്ണമേഖലാ പ്രദേശമായ കേരളത്തിൽ ആർദ്രതയും, ചൂടും ഈ സൂക്ഷ്മാണുക്കൾക്ക് യഥേഷ്ടം പെരുകാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതാണ്. ഭക്ഷണം സാമാന്യമായി സൂക്ഷിക്കുന്ന അഞ്ച് ഡിഗ്രി മുതൽ 65 ഡിഗ്രിവരെയുള്ള താപനില എന്നത് ഡേഞ്ചർ സോൺ താപനില എന്ന് അറിയപ്പെടുന്നു. ഈ താപനയിലയിൽ സൂക്ഷിക്കപ്പെടുന്ന ഭക്ഷണം പെട്ടെന്നു കേടാകും. കാരണം ഈ താപനിലയിൽ ആണ് സൂക്ഷ്മാണുക്കൾക്ക് പെരുകാനുള്ള ഏറ്റവും അനുകൂല സാഹചര്യമുള്ളത്. അതിനാൽ ഉണ്ടാക്കിയ ഭക്ഷണം രണ്ട് മണിക്കൂറിനുള്ളിൽ കഴിക്കുകയോ അല്ലാത്തപക്ഷം ശീതീകരിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുകയോ വേണം. ഫ്രിഡ്ജിൽ നിന്നും എടുക്കുന്ന ഭക്ഷണം കൃത്യമായി ചൂടാക്കി (ഭക്ഷണത്തിന്റെ എല്ലാ ഭാഗത്തും ഒരുപോലെ ചൂടായി എന്ന ഉറപ്പ്‌വരുത്തി ) മാത്രം വിളമ്പുക. ഒരു തവണ ചൂടാക്കിയ ഭക്ഷണം വീണ്ടും ഫ്രിഡ്ജിൽ സൂക്ഷിച്ച് വീണ്ടും ചൂടാക്കി കഴിക്കുന്നത് ഭക്ഷ്യവിഷബാധയ്ക്ക് ഒരു പ്രധാന കാരണമാണ്. അങ്ങനെയുള്ള ശീലങ്ങൾ തീർത്തും ഒഴിവാക്കേണ്ടതാണ്.
പാകം ചെയ്ത് സൂക്ഷിച്ച ഭക്ഷണത്തിൽ നിറവ്യത്യാസമോ രുചിവ്യത്യാസമോ അനുഭവപ്പെട്ടാൽ ആ ഭക്ഷണം മൊത്തമായി ഒഴിവാക്കേണ്ടതാണ്. നിറവ്യത്യാസം വന്ന ഭാഗം മാത്രം കളഞ്ഞ് ശേഷിച്ച
Also Read
ഭക്ഷണം കഴിക്കുന്നത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകാം. സൂക്ഷ്മാണുക്കൾ ഉണ്ടാക്കുന്ന ടോക്‌സിൻസ് പലപ്പോഴും എത്ര കൂടിയ ഉഷ്മാവിലും നശിക്കാതെ ഇരിക്കും. സൂക്ഷ്മാണു മലിനീകരണത്തി (microbial contamination) നേക്കാൾ ഹാനികരവും ജീവഹാനി വരെ ഉണ്ടാവാൻ സാധ്യതയുള്ളതുമാണ് സൂക്ഷ്മജീവികൾ ഉൽപ്പാദിപ്പിക്കുന്ന വിഷപദാർത്ഥങ്ങളുടെ മലിനീകരണം (microbial toxin contamination).
മഴക്കാലത്ത് രാവിലെ ഉണ്ടാക്കിയ ചോറ് വൈകുന്നേരമാകുമ്പോഴേക്കും പലപ്പോഴും ഭക്ഷ്യയോഗ്യമല്ലാത്തതായി കാണാം. ചോറ് അതുപോലെ ഉരുളക്കിഴങ്ങ് തുടങ്ങിയവ അന്നജം കൂടുതലായുള്ള ഭക്ഷ്യവസ്തുക്കളാണ്. മഴക്കാലത്തെ ചൂടും ആർദ്രതയും ചേർന്ന കാലാവസ്ഥ ഇതിൽ ബാക്ടീരിയകളുടെ വളർച്ച ഉണ്ടാക്കുകയും പെട്ടെന്ന് കേടാക്കുകയും ചെയ്യും. ഭക്ഷണം ചൂടാക്കിയത് കൊണ്ട് മാത്രം അത് സുരക്ഷിതമാവുന്നില്ലെന്ന് സാരം.
ഭക്ഷണസാധനങ്ങൾ സൂക്ഷിക്കേണ്ടതെങ്ങനെ…
പാകം ചെയ്യാത്ത ഭക്ഷ്യവസ്തുക്കളും അതീവ ഈർപ്പമുള്ള സാഹചര്യങ്ങളിൽ പെട്ടെന്ന് കേടാകുന്നതും മഴക്കാലത്ത് പ്രത്യേകം ഓർമിക്കേണ്ടതാണ്. അരി, പയറുവർഗങ്ങൾ, നട്‌സ് തുടങ്ങിയവയിൽ ഈർപ്പം തട്ടിയാൽ ഫംഗസുകൾ വളരാൻ സാഹചര്യവും ഉണ്ടാക്കും. അതുകൊണ്ടുതന്നെ ഇവ വൃത്തിയുള്ളതും ഈർപ്പരഹിതവുമായ വായു കടക്കാത്ത ഫുഡ് ഗ്രേഡ് പ്ലാസ്റ്റിക് അഥവാ സ്റ്റീൽ കണ്ടെയ്‌നറുകളിൽ സൂക്ഷിക്കുക. ഹോട്ടലുകളിലെ സ്റ്റോർ റൂമുകളിൽ ചാക്കുകളിൽ സൂക്ഷിക്കുന്ന ഭക്ഷ്യവസ്തുക്കൾ ഈർപ്പം തട്ടാതെ തറയിൽ നിന്നും ഉയർത്തിയും ചുമരിൽ നിന്നും നിശ്ചിത അകലം പാലിച്ചും സൂക്ഷിക്കുന്നു എന്ന് ഉറപ്പു വരുത്തുക. ചാക്കുകൾ പൊട്ടിച്ചാൽ ഇവ തുറന്നിടാതെ ഫുഡ് ഗ്രേഡ് പ്ലാസ്റ്റിക് അഥവാ സ്റ്റീൽ കണ്ടെയ്‌നറുകളിൽ തന്നെ അടച്ച് സൂക്ഷിക്കുക. യാതൊരു കാരണവശാലും അണുബാധയേറ്റ ഭക്ഷ്യവസ്തു ഉപയോഗിക്കാൻ പാടുള്ളതല്ല.
ശുദ്ധമാണോ കുടിവെള്ളം?
മഴക്കാലത്ത് നമ്മൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് മാലിന്യംനിറഞ്ഞ വെള്ളം കെട്ടി നിൽക്കുക, വെള്ളപ്പൊക്കം ഉണ്ടാവുക എന്നത്. ഇത് നമ്മുടെ ജല സ്രോതസ്സുകളെ മലിനമാക്കും.
നമ്മുടെ നാട്ടിലെ പൊതുവായ ധാരണ കിണറ്റിലെ വെള്ളം ശുദ്ധമാണെന്നാണ്. എന്നാൽ ഇന്ന് കേരളത്തിലെ ജലത്തിന്റെ ക്വാളിറ്റി പരിശോധനക്ക് വിധേയമാക്കുന്ന ഒട്ടുമിക്ക കിണർ വെള്ളത്തിലും ഇ. കോളി (E. coli), കോളിഫോം ബാക്ടീരികളുടെ സാന്നിധ്യം കണ്ടെത്തുന്നുണ്ട്. ഇതിന് പ്രധാന കാരണം നമ്മുടെ ജനസാന്ദ്രത വർധിക്കുകയും, സെപ്റ്റിക് ടാങ്ക്, മലിന ജലം ശേഖരിക്കാനെടുക്കുന്ന കുഴികൾ എന്നിവയും കിണറുകളും തമ്മിൽ നിശ്ചിത അകലം പാലിക്കാൻ കഴിയാത്ത സാഹചര്യങ്ങളും ഉള്ളതുകൊണ്ടാണ്. ഇങ്ങനെ ക്രമാനുഗതമായി ഗ്രൗണ്ട് വാട്ടർ ടേബിൾ മലിനീകരിക്കപ്പെടുകയും നമ്മൾ പതിറ്റാണ്ടുകളായി ശുദ്ധ ജലസ്രോതസ്സായി കാണുന്ന നമ്മുടെ തൊടിയിലെ കിണറുകൾ മലിനമാകുകയും ചെയ്യുന്നുണ്ട്.
- മഴക്കാലത്തിനു മുന്നേ തന്നെ കിണറുകൾ വൃത്തിയാക്കുക (കിണർ ഇറക്കുക എന്ന് പറയും), ബ്ലീച്ചിങ് പൗഡർ, കുമ്മായം എന്നിവ ശാസ്ത്രീയമായി പ്രയോഗിച്ച് കിണർ വെള്ളത്തിന്റെ
- ക്വാളിറ്റി പരിശോധിച്ച് ഉറപ്പ് വരുത്തുക.
- തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാനുപയോഗിക്കുക.
- തിളപ്പിച്ച വെള്ളത്തിൽ ചൂട് കുറയ്ക്കാനായി യാതൊരു കാരണവശാലും തണുത്ത വെള്ളം ചേർക്കാതിരിക്കുക. ഇത് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും.
ടൈഫോയ്ഡ്, പനി, കോളറ, ഹെപ്പറ്റൈറ്റിസ് എ തുടങ്ങിയ രോഗങ്ങൾ മലിനമായ ജലത്തിൽ കൂടി പകരുന്ന രോഗങ്ങൾ ആണ്. വെള്ളത്തിന്റെ ശുദ്ധതയോടൊപ്പം വ്യക്തി ശുചിത്വവും ഉറപ്പാക്കേണ്ടതാണ്. ശൗചാലയം ഉപയോഗിച്ചതിന് ശേഷവും, തുമ്മുക, ചുമക്കുക, മൂക്ക് ചീറ്റുക, തല ചൊറിയുക എന്നിങ്ങനെയുള്ള കാര്യങ്ങൾക്കായി കൈകൾ ഉപയോഗിച്ചാലും രണ്ട് കൈകളും നന്നായി സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകിയിട്ട് മാത്രം ഭക്ഷണം പാകം ചെയ്യുകയോ, വിളമ്പുകയോ കഴിക്കുകയോ ചെയ്യുക.
ഹോട്ടലിൽനിന്ന് ഭക്ഷണം കഴിക്കുമ്പോൾ…
ഹോട്ടലുകൾ, ബേക്കറി എന്നിവിടങ്ങളിൽ ഭക്ഷണം പാകം ചെയ്യുന്നവർ, വിളമ്പുന്നവർ ഒക്കെ ഭക്ഷ്യ പ്രവർത്തകർക്കുള്ള ആരോഗ്യയോഗ്യതാ സർട്ടിഫിക്കറ്റ് നിർബന്ധമായും കരസ്ഥമാക്കേണ്ടതാണ്. ചുമ, ജലദോഷം, പനി, ശരീര വേദന, ക്ഷീണം എന്നീ ലക്ഷണങ്ങൾ കണ്ടാൽ ഉടനെ ഒരു ആരോഗ്യകേന്ദ്രത്തിൽ ചികിത്സതേടേണ്ടതും ഇത്തരം ജോലികളിൽ നിന്ന് അങ്ങനെയുള്ള ദിവസങ്ങളിൽ മാറി നിൽക്കേണ്ടതുമാണ്. ഇത് ഇത്തരം മേഖലകളിൽ ജോലി ചെയ്യുന്നവരുടെ ആരോഗ്യ സംരക്ഷണത്തോടൊപ്പം അവർ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെത്തുന്ന കസ്റ്റമേഴ്‌സിന്റെ ആരോഗ്യം കൂടി ഉറപ്പ് വരുത്തും.
മഴക്കാലം ക്ഷുദ്ര ജീവികളുടെ ഇഷ്ടകാലം കൂടിയാണ്. എലി, പാറ്റ മുതലായവയുടെ മാളങ്ങളിൽ വെള്ളം നിറഞ്ഞ് ഇവ നമ്മുടെ അടുക്കളയിലും മറ്റും അഭയം പ്രാപിക്കാം. ആയതിനാൽ അടുക്കളയുടെ പാത്രം കഴുകുന്ന വെള്ളം പോകുന്ന ഡ്രൈനേജ് തുടങ്ങിയവ കൃത്യമായ രീതിയിൽ ക്ഷുദ്ര ജീവികൾ കടക്കാതെ സൂക്ഷിച്ചിട്ടുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
ഭക്ഷ്യ വിഷ ബാധ എങ്ങനെ തിരിച്ചറിയാം?
ഭക്ഷണം കഴിച്ച ശേഷം ഉണ്ടാകുന്ന ഛർദ്ദി, മനംപിരട്ടൽ, ഓക്കാനം, ശരീരവേദന, വയറിളക്കം, പനി എന്നിവ ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ ആവാം. പ്രധാന ലക്ഷണങ്ങൾ ഭക്ഷണം കഴിച്ചതിനു മണിക്കൂറുകൾക്കുള്ളിലോ ചിലപ്പോൾ ഒരു ദിവസത്തിനുള്ളിലോ ഒക്കെ ആകാം അനുഭവപ്പെടുന്നത്. അതായത് ലക്ഷണങ്ങൾ കാണിച്ചതിന് തൊട്ട് മുൻപ് കഴിച്ച ഭക്ഷണം തന്നെയാവണം ഭക്ഷ്യ വിഷബാധയ്ക്ക് കാരണം എന്നുറപ്പിക്കാൻ സാധിക്കില്ല. ഒരു ദിവസം മുന്നേ കഴിച്ച ഭക്ഷണം വരെ ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ ഉണ്ടാക്കാം. നിർത്താതെയുള്ള ഛർദി, വയറിളക്കം എന്നിവ നിർജലീകരണത്തിനു കാരണമാകും. ഭക്ഷ്യവിഷബാധയെ തുടർന്നുള്ള നിർജലീകരണം മരണത്തിനു വരെ കാരണമാകാം. ആയതിനാൽ എത്രയും വേഗം വൈദ്യസഹായം തേടേണ്ടതാണ്.
ശുചിത്വമുള്ള നാടും വീടും ആരോഗ്യമുള്ള സമൂഹത്തിനു പ്രധാനമാണ്. രോഗ പ്രതിരോധം തന്നെയാണ് രോഗം വന്ന് ചികിത്സക്കുന്നതിനേക്കാൾ നല്ലത്. ശരിയായ അറിവുണ്ടെങ്കിൽ ഏത് മഴക്കാലവും നമുക്ക് ആരോഗ്യത്തോടെ ആസ്വദിക്കാം…
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: monsoon-health-safety-tips-prevention-kerala
Published: 07 Jun 2026, 12:18 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented