ബംഗാളി സിനിമയിലൂടെ അഭിനയരംഗത്തെത്തി ബോളിവുഡിലും തന്റേതായ ഇടം നേടിയ നടിയാണ് ശർമിള ടാഗോർ. കശ്മീർ കി കലി, ആരാധന, അമർ പ്രേം തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരം ആറ് പതിറ്റാണ്ടിലേറെയായി സിനിമാരംഗത്ത് സജീവമാണ്. മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മൻസൂർ അലി ഖാൻ പട്ടൗഡിയുമായുള്ള വിവാഹത്തിൽ ഇവർക്ക് മൂന്ന് മക്കളാണുള്ളത്. നടൻ സെയ്ഫ് അലി ഖാൻ, ആഭരണരൂപകൽപ്പനാ രംഗത്ത് പ്രവർത്തിക്കുന്ന സബ അലി ഖാൻ, നടി സോഹ അലി ഖാൻ. 2023ലാണ് താരത്തിന് ശ്വാസകോശ അർബുദം ബാധിച്ച വിവരം പുറത്തുവരുന്നത്. രോഗം പ്രാരംഭഘട്ടത്തിലായിരുന്നതിനാൽ ശസ്ത്രക്രിയ ആവശ്യമില്ലെന്ന് പലരും കരുതിയിരുന്നു. എന്നാൽ, അമ്മയുടെ ആ തീരുമാനം എത്രത്തോളം നിർണായകമായിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മകളും നടിയുമായ സോഹ അലി ഖാൻ.
തന്റെ പോഡ്കാസ്റ്റായ All About Her ൽ സംസാരിക്കവേയാണ് സോഹ ഇക്കാര്യം പങ്കുവച്ചത്. ശസ്ത്രക്രിയയ്ക്കിടെ മാത്രമാണ് നീക്കം ചെയ്യേണ്ട കോശഭാഗം മാരകമാണെന്ന് ഡോക്ടർമാർ തിരിച്ചറിഞ്ഞതെന്നും അത് പൂർണമായി നീക്കം ചെയ്യാൻ കഴിഞ്ഞത് ആശ്വാസകരമായെന്നും സോഹ പറഞ്ഞു.
Also Read
''നേരത്തേ രോഗം കണ്ടെത്തുക എന്നത് വളരെ പ്രയാസമാണ്. അമ്മയുടെ കാര്യത്തിൽ സ്റ്റേജ് സീറോ ഘട്ടത്തിലായിരുന്നു രോഗം കണ്ടെത്തിയത്. ശസ്ത്രക്രിയയ്ക്ക് വിധേയയാകണമെന്ന് അമ്മ നിർബന്ധം പിടിച്ചപ്പോൾ പലരും അത് ആവശ്യമില്ലെന്ന് പറഞ്ഞു. എന്നാൽ, ശസ്ത്രക്രിയയ്ക്കിടെ മാത്രമാണ് അത് മാരകമാണെന്ന് തിരിച്ചറിഞ്ഞത്. കോശഭാഗം പൂർണമായി നീക്കം ചെയ്യാൻ കഴിഞ്ഞു. ശ്വാസകോശ അർബുദം ബാധിച്ച ഒരാളെ സംബന്ധിച്ചിടത്തോളം ഏറ്റവും അനുകൂലമായ സാഹചര്യങ്ങളിലൊന്നായിരുന്നു അത്,'' സോഹ പറഞ്ഞു.
മുമ്പ് നൽകിയ മറ്റൊരു അഭിമുഖത്തിലും അമ്മയുടെ ആരോഗ്യത്തെക്കുറിച്ച് സോഹ സംസാരിച്ചിരുന്നു. ''അമ്മയ്ക്ക് സ്റ്റേജ് സീറോയിൽ ശ്വാസകോശ അർബുദം കണ്ടെത്തിയ അപൂർവം ആളുകളിൽ ഒരാളാകാൻ കഴിഞ്ഞു. കീമോതെറാപ്പി വേണ്ടിവന്നില്ല. ശസ്ത്രക്രിയയിലൂടെ അത് നീക്കം ചെയ്തു. ഇപ്പോൾ അമ്മ സുഖമായിരിക്കുന്നു,'' എന്നായിരുന്നു സോഹയുടെ വാക്കുകൾ.
ശ്വാസകോശത്തിലെ ശ്വാസവാഹിനികളിൽ അസാധാരണ കോശങ്ങൾ കാണപ്പെടുന്ന, എന്നാൽ ആഴത്തിലുള്ള ശ്വാസകോശകലകളിലേക്ക് അവ വ്യാപിച്ചിട്ടില്ലാത്ത ഘട്ടത്തെയാണ് സ്റ്റേജ് സീറോ എന്നു പറയുന്നത്. ഇത്തരം കോശങ്ങളെല്ലാം അർബുദമായി മാറണമെന്നില്ല. എന്നാൽ ചിലത് കാലക്രമേണ അർബുദമായി വളരാനുള്ള സാധ്യതയുണ്ട്. ഇത്തരം മാറ്റങ്ങൾ കണ്ടെത്തിയാൽ അവയുടെ സ്വഭാവവും വളർച്ചാസാധ്യതയും പരിശോധിച്ച് തുടർചികിത്സ തീരുമാനിക്കാം.
നേരത്തേ കണ്ടെത്താൻ പ്രയാസമോ?
ശ്വാസകോശ അർബുദത്തിന്റെ ആദ്യഘട്ടത്തിൽ പലപ്പോഴും വ്യക്തമായ ലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല. അതിനാൽ രോഗലക്ഷണങ്ങളില്ലെന്നത് രോഗമില്ലെന്നതിന് ഉറപ്പല്ല. സംശയാസ്പദമായ കോശവളർച്ച കണ്ടെത്തിയാൽ സിടി സ്‌കാൻ, ബയോപ്‌സി തുടങ്ങിയ പരിശോധനകൾ നിർദേശിച്ചേക്കാം. പരിശോധനാഫലങ്ങളും രോഗിയുടെ ആരോഗ്യനിലയും വിലയിരുത്തിയാണ് ചികിത്സ തീരുമാനിക്കുന്നത്.
ശസ്ത്രക്രിയയിലൂടെ ബാധിച്ച കോശഭാഗം നീക്കം ചെയ്തതിനു പിന്നാലെ ശർമിള ടാഗോറിന് കീമോതെറാപ്പി ആവശ്യമായി വന്നില്ലെന്നതാണ് ആശ്വാസകരമായ കാര്യം. 2023ൽ കോഫി വിത്ത് കരൺ പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് ശർമിള തന്റെ രോഗത്തെക്കുറിച്ച് ആദ്യമായി തുറന്നുപറഞ്ഞത്. ആരോഗ്യപ്രശ്‌നങ്ങളെത്തുടർന്നാണ് Rocky Aur Rani Kii Prem Kahaani എന്ന ചിത്രത്തിൽ അഭിനയിക്കാൻ കഴിയാതിരുന്നതെന്നും അവർ വെളിപ്പെടുത്തിയിരുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 02 Nov 2026, 12:00 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented