വിവിധ ആകൃതിയിലും നിറത്തിലും വലുപ്പത്തിലും നെറ്റിയിൽ തൊടുന്ന മനോഹരങ്ങളായ പൊട്ടുകൾ ഇന്ന് വിപണിയിലുണ്ട്. വസ്ത്രങ്ങളുമായി യോജിക്കുന്ന തരത്തിലുള്ളതും ആഘോഷങ്ങള്‍ക്കായുള്ള പ്രത്യേക തിരഞ്ഞെടുപ്പുമുൾപ്പെടെ പൊട്ടുകൾ എന്നും ഫാഷൻ ലോകത്തെ താരമാണ്. എന്നാൽ, ഈ ഫാസ്റ്റ് ഫാഷൻ തിരഞ്ഞെടുപ്പ് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.

To advertise here,

ഒട്ടിക്കുന്ന പൊട്ടുകൾ ചർമ്മത്തിന് നിറം നൽകുന്ന കോശങ്ങൾ നഷ്ടപ്പെടാനും ചർമ്മത്തിൽ വെളുത്ത പാടുകൾ ഉണ്ടാകാനും കാരണമാകുന്നു. ഇത് 'ബിന്ദി ലൂക്കോഡെർമ' എന്ന അവസ്ഥയിലേക്ക് നയിച്ചേക്കാം. പ്രത്യക്ഷത്തിൽ വിറ്റിലിഗോ ആണെന്നുതോന്നുള്ള ഈ പ്രശ്നം ജനിതകപരമായ ഘടകങ്ങളോ ചില രാസവസ്തുക്കളുമായുള്ള സമ്പർക്കമൂലമോ ഉണ്ടാകുന്ന ഒന്നാണ്.

വിദഗ്ധരുടെ അഭിപ്രായത്തിൽ, പശ ഉപയോഗിച്ച് ഒട്ടിക്കുന്ന പൊട്ടുകളിൽ പ്ലാസ്റ്റിക്കോ അല്ലെങ്കിൽ പി-ടെർഷ്യറി ബ്യൂട്ടൈൽ ഫിനോൾ (PTBP) അടങ്ങിയിട്ടുണ്ട്. ഇത് തുകലും റബ്ബറും ഒട്ടിക്കാൻ ഉപയോഗിക്കുന്ന വാണിജ്യ പശകളിൽ കാണപ്പെടുന്ന ഒരു തെർമോപ്ലാസ്റ്റിക് ഫിനോൾ-ഫോർമാൽഡിഹൈഡ് റെസിനാണ്. ഇങ്ങനെ പൊട്ടുകളിലെ പശകളിൽ അടങ്ങിയിരിക്കുന്ന മെലനോസൈറ്റോടോക്സിക് രാസവസ്തുക്കൾ മൂലമുണ്ടാകുന്ന പിഗ്മെന്റേഷനാണ് ബിന്ദി ലൂക്കോഡെർമയ്ക്ക് കാരണമെന്ന് പഠനങ്ങളും വിവരിക്കുന്നു.

ഫാഷനിൽ നിന്ന് അണുബാധയിലേക്ക്

നെറ്റിയിൽ സ്ഥിരമായി പൊട്ട് വെക്കുന്നത് ആ ഭാഗത്തിന് കാലക്രമേണ നിറം നഷ്ടപ്പെടാനും, അവിടെ വെള്ളപ്പാണ്ട് പോലെ കാണപ്പെടാനും സാധ്യത കൂടുതലാണ്. പരമ്പരാഗതമായി പൊട്ട് ധരിക്കുന്ന ശീലമുള്ളവരാണ് ഇന്ത്യക്കാർ. ഇവിടുത്തെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയിൽ രാസവസ്തുക്കൾ ചർമ്മത്തിലേക്ക് കൂടുതൽ ആഴ്ന്നിറങ്ങാൻ സാധ്യതയുണ്ട്. ഓരോ വ്യക്തിയുടെയും ചർമ്മത്തിന്റെ സംവേദനക്ഷമതയും എത്ര കാലം ഇത് ഉപയോഗിക്കുന്നു എന്നതും മറ്റൊരു പ്രധാന ഘടകമാണ്. നിങ്ങൾ പശയുള്ള പൊട്ട് എത്ര കൂടുതൽ നേരം വെക്കുന്നുവോ, അത്രയധികം ഈ അവസ്ഥ ഉണ്ടാകാനുള്ള സാധ്യതയും വർദ്ധിക്കുമെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം.

ചർമ്മത്തിൽ അലർജികളോ പൊട്ടുകളുപയോഗിക്കുമ്പോൾ പ്രശ്നമോ ഉണ്ടായിട്ടുള്ളവർ കുങ്കുമമോ വീട്ടിലുണ്ടാക്കുന്ന പൊട്ടുകളോ ഉപയോഗിക്കുന്നതാണ് നല്ലത്. അസോ ഡൈകൾ അടങ്ങിയിരിക്കാൻ സാധ്യതയുള്ള സിന്ദൂരം പോലും സെൻസിറ്റീവ് ചർമ്മമുള്ളവരിൽ ലൂക്കോഡെർമയ്ക്ക് കാരണമായേക്കാം.
നിറംമാറാൻ തുടങ്ങുന്നതിന് മുമ്പ് നാലിൽ മൂന്ന് സ്ത്രീകളിലും അലർജിക് റിയാക്ഷനുണ്ടാവുന്നുവെന്ന് പഠനങ്ങൾ പറയുന്നു. ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ ഉപയോഗം നിർത്തിയാൽ, ലൂക്കോഡെർമ തടയാൻ കഴിയും.‌

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi