റൺവേയിലും റെഡ് കാർപ്പറ്റിലും ഹൈഹീൽസിന് എന്നും ഒരു പ്രത്യേക സ്ഥാനമുണ്ട്. എന്നാൽ സ്‌റ്റൈലിഷായി ഒരുങ്ങാൻ ഹൈഹീൽസ് തന്നെ വേണമെന്നില്ല. കാലുകൾക്ക് അമിതമായ സമ്മർദം നൽകാതെ തന്നെ എലഗന്റ് ലുക്കും ഫാഷൻ ടച്ചും നൽകുന്ന നിരവധി ഫൂട്വെയർ ട്രെൻഡുകൾ ഇന്ന് ശ്രദ്ധ നേടുന്നുണ്ട്. പോയിന്റഡ് ഫ്‌ലാറ്റ്‌സ് മുതൽ സ്‌കൾപ്ചറൽ മ്യൂൾസ് വരെ അക്കൂട്ടത്തിലുണ്ട്. ഹൈഹീൽസ് ഒഴിവാക്കിയാലും ഇവ സ്‌റ്റൈലിൽ ഒട്ടും കുറവ് വരുത്തില്ല. മണിക്കൂറുകളോളം ഹൈഹീൽസിൽ തട്ടിത്തടയാതിരിക്കാൻ ഈ സ്റ്റൈലിഷ് ഓപ്ഷനുകൾ പരീക്ഷിച്ചുനോക്കാവുന്നതാണ്.
- സ്നീക്കറിന്റെ കംഫർട്ടും ബാലെ ഫ്‌ലാറ്റ്‌സിന്റെ ഭംഗിയും ഒരുമിക്കുന്ന ഷൂസാണ് സ്നീക്കറീന. ലെയ്സ്-അപ്പ്, സ്ലിപ്പ്-ഓൺ തുടങ്ങി വിവിധ മോഡലുകളിൽ ഇവ ലഭിക്കും. കാഷ്വൽ ലുക്കിനൊപ്പം മാത്രമല്ല, സ്‌റ്റൈലിഷ് വസ്ത്രങ്ങൾക്കൊപ്പവും എളുപ്പത്തിൽ ഇണങ്ങും. കംഫർട്ടും ട്രെൻഡും ഒരുമിച്ച് വേണമെങ്കിൽ മികച്ച തിരഞ്ഞെടുപ്പാണിത്.
- കാലുകൾ നിലത്തുറപ്പിച്ച് നിൽക്കുമ്പോഴും സ്‌റ്റൈലിൽ പിന്നിലാകേണ്ടതില്ലെന്ന് തെളിയിക്കുന്ന ക്ലാസിക് ഫൂട്വെയറാണ് ബാലറീന ഫ്‌ലാറ്റ്‌സ്. മിനിമൽ ഡിസൈൻ ഇഷ്ടപ്പെടുന്നവർക്ക് സിംപിൾ മോഡലുകളും കൂടുതൽ ഫെമിനിൻ ലുക്ക് വേണമെങ്കിൽ അലങ്കാരങ്ങളുള്ള ഡിസൈനുകളും തിരഞ്ഞെടുക്കാം. വസ്ത്രം, സ്‌കർട്ട്, ട്രൗസർ തുടങ്ങി പല ഔട്ട്ഫിറ്റുകൾക്കൊപ്പവും ഇവ ചേരും.
- പാദത്തിന്റെ മുൻഭാഗം സുരക്ഷിതമായി പിടിച്ചുനിർത്തുന്ന സ്ട്രാപ്പിനൊപ്പം പിന്നിൽ തുറന്ന ഡിസൈനാണ് സ്ലിങ്ബാക്കുകളുടെ പ്രത്യേകത. ഹൈഹീൽസ് ഒഴിവാക്കി കാലുകൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുന്നതിനൊപ്പം എലഗന്റ് ലുക്കും നൽകും. കാഷ്വൽ വെയറിനും വെക്കേഷൻ ലുക്കിനും ഒരുപോലെ അനുയോജ്യം.
- പൂർണമായി കാലിൽ കെട്ടിയിടേണ്ടതില്ലാത്ത, അല്പം ബോൾഡ് ലുക്കുള്ള ഷൂസുകളാണ് സാബോട്ടുകൾ. ഒരുകാലത്ത് 'അഗ്ലി ഷൂസ്' എന്ന പേരിൽ കളിയാക്കപ്പെട്ടിരുന്ന ഈ ബോൾഡ് ഡിസൈനുകൾ ഇപ്പോൾ ഫാഷൻ ലോകത്ത് വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. കംഫർട്ടിനൊപ്പം സ്റ്റേറ്റ്‌മെന്റ് ലുക്ക് വേണമെങ്കിൽ സാബോട്ടുകൾ പരീക്ഷിക്കാം.
- ഫോർമൽ ലുക്കിനും ബോൾഡ് ഫാഷൻ സ്റ്റേറ്റ്‌മെന്റിനും ഒരുപോലെ ചേരുന്നവയാണ് പ്ലാറ്റ്‌ഫോം ലോഫേഴ്‌സ്. കട്ടിയുള്ള സോൾ നൽകുന്ന ഉയരം ഹൈഹീൽസിനേക്കാൾ വ്യത്യസ്തമായ രീതിയിലാണ് ലുക്കിൽ മാറ്റം വരുത്തുന്നത്. ട്രൗസറിനും ബ്ലേസറിനുമൊപ്പം ധരിച്ചാൽ സ്മാർട്ട്, പവർഫുൾ ലുക്ക് ലഭിക്കും.
- ഹൈഹീൽസിന്റെ ഉയരം വേണ്ടെങ്കിലും ചെറിയൊരു ഹീൽ വേണമെന്നുള്ളവർക്ക് കിറ്റൻ-ഹീൽഡ് മ്യൂൾസ് മികച്ച ഓപ്ഷനാണ്. ചെറിയ ഹീലിന്റെ ഭംഗി നിലനിർത്തിക്കൊണ്ട് കൂടുതൽ കംഫർട്ട് നൽകും. പ്രത്യേകിച്ച് ദിവസം മുഴുവൻ നിൽക്കേണ്ടി വരുന്നവർക്ക് സ്‌റ്റൈലും സൗകര്യവും ഒന്നിക്കുന്ന തിരഞ്ഞെടുപ്പാണിത്.
- കംഫർട്ടിന്റെ കാര്യത്തിൽ സ്നീക്കേഴ്‌സിനെ മറികടക്കുന്നത് എളുപ്പമല്ല. എന്നാൽ ഇന്ന് സ്നീക്കേഴ്‌സ് സ്‌പോർട്‌സ് വെയറിനൊപ്പം മാത്രം ധരിക്കേണ്ട ഷൂസല്ല. ഫ്‌ലോയിങ് ഡ്രസ്സിനും ടെയ്‌ലേർഡ് സ്യൂട്ടിനുമൊപ്പം പോലും ഇവ സ്‌റ്റൈലിഷായി ധരിക്കാം. കാഷ്വൽ ലുക്കിനൊപ്പം തന്നെ ഒരു വേറിട്ട ഭംഗി നൽകാനും സ്നീക്കേഴ്‌സിന് കഴിയും.
- ഇന്ത്യൻ ഫാഷന്റെ എവർഗ്രീൻ ഫൂട്വെയറാണ് കോലാപ്പുരി ചെരിപ്പുകൾ. കൈകൊണ്ട് തുന്നിയ ലളിതമായ ഡിസൈനും ഫ്‌ലാറ്റ് സോളും ഇവയുടെ പ്രത്യേകതയാണ്. ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങിനും ബ്രഞ്ചിനും കാഷ്വൽ ഔട്ടിങ്ങിനും ഒരുപോലെ ചേരും. ഇന്ത്യൻ വസ്ത്രങ്ങളോടൊപ്പം മാത്രമല്ല, മോഡേൺ വസ്ത്രങ്ങൾക്കൊപ്പവും കോലാപ്പുരികൾ മനോഹരമായി ഇണങ്ങും.
- വിന്റേജ് ഭംഗിയും മോഡേൺ ഫാഷനും ഒരുമിക്കുന്നതാണ് മേരി ജെയ്ൻ ഷൂസ്. കാലിന് കുറുകെയുള്ള സ്ട്രാപ്പാണ് ഇവയുടെ പ്രധാന പ്രത്യേകത. ഗ്ലോസി ഫിനിഷ്, ഹാർഡ്വെയർ, അലങ്കാരങ്ങൾ എന്നിവയുള്ള മോഡലുകൾ ലുക്കിന് കൂടുതൽ ബോൾഡ് ടച്ച് നൽകും. ഫ്‌ലാറ്റായ മേരി ജെയ്ൻസിന് ഹൈഹീൽസിന്റെ അസൗകര്യമില്ലാതെ തന്നെ മനോഹരമായ ഒരു ഫെമിനിൻ ലുക്ക് നൽകാനാകും. സ്‌റ്റൈലിഷായി നടക്കാൻ ഇനി ഹൈഹീൽസിന്റെ വേദന സഹിക്കണമെന്നില്ല. ശരിയായ ഫുട്വെയർ തിരഞ്ഞെടുത്താൽ കംഫർട്ടും ഫാഷനും ഒരുമിച്ച് കൊണ്ടുപോകാം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: stylish-footwear-trends-without-high-heels
Published: 10 Aug 2026, 04:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented