ഏറ്റവും ഭംഗിയായി ഭക്ഷണം കഴിക്കാൻ താൻ പഠിച്ചത് 50ാം വയസ്സിലാണെന്ന് പറയുകയാണ് ബോളിവുഡ് താരം പങ്കജ് തൃപാഠി. പതിയെ ഭക്ഷണം കഴിക്കാനും അതിന്റെ രുചി ആസ്വദിക്കാനും പഠിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹമിപ്പോൾ. ഇന്ത്യൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് പങ്കുവെച്ച ഒരു വീഡിയോയിലാണ് ശ്രദ്ധയോടെ ഭക്ഷണം കഴിക്കുന്നതിന്റെ പ്രാധാന്യം താൻ തിരിച്ചറിഞ്ഞതിനെപ്പറ്റി നടൻ സംസാരിച്ചത്.
“ഞാൻ ഒരിക്കലും ശ്രദ്ധയോടെ ഭക്ഷണം കഴിക്കുന്ന രീതി പിന്തുടർന്നിരുന്നില്ല. അമ്പതായപ്പോൾ മാത്രമാണ് അതിന്റെ പ്രാധാന്യം പഠിച്ചത്. ഭക്ഷണം കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് എത്രത്തോളം അത്യാവശ്യമാണെന്ന് ഞാൻ മനസ്സിലാക്കി,” അദ്ദേഹം പറഞ്ഞു.
“നമ്മുടെ പാരമ്പര്യങ്ങൾ നോക്കൂ. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് അതിനുചുറ്റും വെള്ളം തളിക്കുന്നു, പ്രാർഥനകൾ അർപ്പിക്കുന്നു, ആദരവ് കാട്ടുന്നു. ഒരു തരത്തിൽ, നാം ഭക്ഷണത്തെ ആദരവോടും കൃതജ്ഞതയോടും കൂടിയാണ് സമീപിക്കുന്നത്. ഇതൊരു പൂജ പോലെയാണ്” അദ്ദേഹം വിശദീകരിച്ചു.
കഴിഞ്ഞ ഒരു മാസമായി, ഓരോ വായ ഭക്ഷണവും നന്നായി ആസ്വദിച്ച് സമയമെടുത്താണ് അദ്ദേഹം കഴിക്കുന്നത്, ഒരുനേരത്തെ ഭക്ഷണത്തിന് ഏകദേശം അരമണിക്കൂറോളം മാറ്റിവെക്കും.
ജോലി, സന്ദേശങ്ങൾ വായിക്കൽ, സ്ക്രോളിങ് എന്നിവയ്ക്കിടയിൽ ഭക്ഷണം കഴിക്കുന്ന ശീലമാണ് ഇന്ന് പലർക്കുമുള്ളത്. അതെല്ലാം മാറ്റിവെച്ച് ഭക്ഷണസമയത്ത് അതിന് നമ്മുടെ പൂർണ്ണ ശ്രദ്ധ നൽകുകയാണെങ്കിൽ വലിയ മാറ്റത്തിലേക്കുള്ള ചവിട്ടുപടിയായിരിക്കുമതെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് രുജുത ദിവേകർ പലപ്പോഴും ശ്രദ്ധയോടെയുള്ള ഭക്ഷണക്രമത്തിനുവേണ്ടി വാദിക്കാറുണ്ട്. കഴിക്കുമ്പോൾ ഭക്ഷണത്തിൽ പൂർണശ്രദ്ധ നൽകിയാൽ ആലോചിച്ച് ഭക്ഷണം തിരഞ്ഞെടുക്കാനും സംതൃപ്തി തോന്നാനും, അമിതമായി കഴിക്കുന്നതൊഴിവാക്കാനും അത് സഹായിക്കും. പതുക്കെ കഴിക്കുന്നതും നന്നായി ചവച്ചരച്ച് തിന്നുന്നതും ദഹനത്തെയും സഹായിക്കും. ഒപ്പം ചേരുവകൾ നമുക്ക് ആരോഗ്യകരമാണോ എന്ന് വിലയിരുത്തുകയുമാവാം.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
ദിനചര്യയിൽ പെട്ടെന്ന് വലിയ മാറ്റങ്ങൾ വരുത്തേണ്ടതില്ല. കുറച്ച് ലളിതമായ ശീലങ്ങളിൽ നിന്ന് തുടങ്ങാം.
- കഴിക്കുമ്പോൾ ഫോൺ മാറ്റിവെക്കുക, സോഷ്യൽ മീഡിയയിലൂടെ സ്ക്രോൾ ചെയ്യാനോ സന്ദേശങ്ങൾക്ക് മറുപടി നൽകാനോ ശ്രമിക്കാതിരിക്കുക
- തിടുക്കമില്ലാതെ കഴിക്കുക
- ഓരോ പീസും ആസ്വദിക്കുക
- രുചികൾ, ഘടനകൾ, സുഗന്ധം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
- ശരിയായി ചവച്ചരയ്ക്കുക
- നിശ്ചിതസമയം അതിനായി മാറ്റിവെക്കാം
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Actor Pankaj Tripathi shares his experience of learning mindful eating at age 50., Mindful eating improves digestion, satisfaction, and prevents overeating., Expert tips include putting away phones, chewing properly, and listening to body cues.
Published: 30 Oct 2026, 05:15 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented