മഴക്കാലം രോഗാണുക്കൾ പെരുകുന്ന സമയമായിനാൽ ശരീരത്തിന് പ്രത്യേകതമായ കരുതൽ നൽകണം. ചർമ്മത്തിൽ തിണർപ്പുകളും മറ്റ് പ്രശ്‌നങ്ങളും ഉണ്ടാകാനുള്ള സാധ്യത മഴക്കാലത്ത് കൂടുതലാണ്, ഫംഗസ് അണുബാധ വളരെ സാധാരണമായി കാണപ്പെടുന്നു. ശരീരമടക്കുകൾ, സ്തനങ്ങൾക്ക് താഴെ, കാൽവിരലുകൾക്കിടയിൽ എന്നിവിടങ്ങളിൽ റിങ് വേം അണുബാധയുണ്ടാകാൻ സാധ്യതയുണ്ട്. പുഴുക്കടി, വട്ടച്ചൊറി പോലുള്ളവയൊക്കെ ഇതിൽപ്പെടും. അതുപോലന്നാണ് സാധാരണയായി ചൂടുകുരു എന്നറിയപ്പെടുന്ന മിലിയേറിയ. ഇത് വിയർപ്പുഗ്രന്ഥികൾ അടയുന്നത് കൊണ്ടുണ്ടാകുന്നതാണ്. എണ്ണമയമുള്ള ചർമ്മമുള്ളവരിൽ മഴക്കാലത്ത് മുഖക്കുരുവും കൂടുതലായി ഉണ്ടാകാറുണ്ട്.

To advertise here,

ഈ കാലാവസ്ഥയിൽ എക്സിമ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. ചൊറിച്ചിൽ പോലുള്ള ചുവന്ന ചുണങ്ങായി പ്രത്യക്ഷപ്പെടാം. ഉയർന്ന ഈർപ്പം കാരണം മുടിയും, വരണ്ടതും ചുരുണ്ടതും കൈകാര്യം ചെയ്യാൻ കഴിയാത്തതുമായി മാറുന്നു. അതുപോലെ രോമകൂപങ്ങളിലുണ്ടാവുന്ന അണുബാധയാണ് ഫോളിക്കുലൈറ്റിസ്. ചർമ്മത്തിൽ വേദനയുള്ള, ചെറിയ, ചുവന്ന കുരുക്കളായാണ് ഇത് കാണപ്പെടുന്നത്. നനഞ്ഞ വസ്ത്രങ്ങൾ, മഴ, അല്ലെങ്കിൽ ആഭരണങ്ങൾ എന്നിവയുമായി കൂടുതൽ സമ്പർക്കം പുലർത്തുന്നത് മൂലം ചർമ്മത്തിൽ കോൺടാക്റ്റ് ഡെർമറ്റൈറ്റിസും ഉണ്ടാവാം.

കൃത്യമായ ചർമസംരക്ഷണത്തിലൂടെ ഇവയൊക്കെ ഒരുപരിധിവരെ നമുക്കു തടഞ്ഞുനിർത്താം. അയഞ്ഞതും വായു കടക്കുന്നതുമായ വസ്ത്രങ്ങൾ ധരിക്കുക പ്രധാനമാണ്. കോട്ടൺ പോലുള്ള പ്രകൃതിദത്ത തുണിത്തരങ്ങൾ തിരഞ്ഞെടുക്കാം. ഇത് വിയർപ്പ് വലിച്ചെടുക്കാൻ സഹായിക്കും. പോളിസ്റ്റർ, നൈലോൺ പോലുള്ള തുണിത്തരങ്ങൾ ഒഴിവാക്കാം. ശരീരത്തിൽ ഈർപ്പം നിലനിൽക്കുന്നത് അണുബാധകൾക്ക് കാരണമാകുമെന്നതിനാൽ ശരീരം നന്നായി ഉണക്കി സൂക്ഷിക്കണം. സാധ്യമെങ്കിൽ മഴക്കാലത്ത് ഷൂവും സോക്സും ഒഴിവാക്കി ചെരിപ്പുകൾ ധരിക്കാം. ആന്റിഫംഗൽ പൗഡർ ഉപയോഗിക്കുന്നതും നല്ലതാണ്. വിയർപ്പും അഴുക്കും ഫലപ്രദമായി നീക്കം ചെയ്യാൻ ഇളം ചൂടുവെള്ളത്തിൽ കുളിക്കുകയും ചെയ്യാം.

ചൊറിച്ചിലും തിണർപ്പും അനുഭവപ്പെടുന്ന ഭാഗങ്ങൾ ചൊറിഞ്ഞ് വ്രണമാക്കരുത്. ചൊറിയുന്നത് കൂടുതൽ വീക്കത്തിനും അണുബാധയ്ക്കും കാരണമാകും. കഠിനമായ സോപ്പുകളോ സ്‌ക്രബുകളോ അമിതമായി ഉപയോഗിക്കരുത്. അത് അണുബാധയ്ക്കുള്ള സാധ്യത വർധിപ്പിക്കും. സ്റ്റിറോയിഡുകൾ ഉപയോഗിച്ച് സ്വയം ചികിത്സിക്കുന്നത് ഒഴിവാക്കുക. ഡോക്ടറുടെ നിർദേശമില്ലാതെ വാങ്ങുന്ന സ്റ്റിറോയിഡ് ക്രീമുകൾ വേഗത്തിൽ ആശ്വാസം നൽകിയേക്കാമെങ്കിലും പിന്നീട് ദോഷം ചെയ്യാം. മരുന്ന് നിർത്തുമ്പോൾ അസുഖം വീണ്ടും വരാനുമിടയാക്കും. ടവ്വലുകൾ, റേസറുകൾ, അടിവസ്ത്രങ്ങൾ, ഷൂസുകൾ, ചെരിപ്പുകൾ തുടങ്ങിയ വ്യക്തിപരമായ വസ്തുക്കൾ പങ്കുവെക്കുന്നതും ഒഴിവാക്കുക.

വീട്ടിലെ ലളിതമായ ശുചിത്വത്തിലൂടെയും പരിചരണത്തിലൂടെയും മഴക്കാലത്തെ ചർമപ്രശ്‌നങ്ങൾ ഒരു പരിധി വരെ നിയന്ത്രിക്കാം. അതേസമയം എല്ലാ ലക്ഷണങ്ങളെയും അവഗണിക്കരുത്. 3-5 ദിവസത്തിൽ കൂടുതൽ തിണർപ്പ് മാറാതെ നിൽക്കുകയോ, ചുവപ്പ്, പഴുപ്പ്, അല്ലെങ്കിൽ നീർവീക്കം തുടങ്ങിയ ലക്ഷണങ്ങൾ കാണുകയോ ചെയ്താൽ ഒരു ഡെർമറ്റോളജിസ്റ്റിന്റെ സഹായം തേടണം. ചില സാഹചര്യങ്ങളിൽ സമയബന്ധിതമായ വൈദ്യസഹായത്തിന്റെ പ്രാധാന്യം ചെറുതല്ല.

(പൊതുവായ നിർദേശങ്ങളാണിവ. അതിനാൽ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം മുന്നോട്ടുപോകുക)

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi