മഴക്കാലം അസുഖങ്ങളുടെ കാലമാണ്. പ്രത്യേകിച്ച് പാദങ്ങളില്‍ പലതരത്തിലുള്ള അണുബാധകളും ഉണ്ടാവാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ മഴക്കാലത്തെ പാദസംരക്ഷണം പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു.

To advertise here,

ഫംഗല്‍ അണുബാധ
ഫംഗല്‍ അണുബാധ മഴക്കാലത്ത് മിക്കവാറും ആളുകള്‍ നേരിടുന്ന പ്രശ്‌നമാണ്. ഈര്‍പ്പം കെട്ടിനില്‍ക്കുന്നതാണ് അണുബാധയ്ക്ക് ഇടയാക്കുന്നത്. വളംകടി, പുഴുക്കടി, കുഴിനഖം, വട്ടച്ചൊറി എന്നിങ്ങനെ പലതരത്തില്‍ ഇത് കാണാം.

വിരലുകളുടെ ഇടയില്‍ ചുവപ്പ്, വേദന, ചൊറിച്ചില്‍, നഖത്തിന് ചുറ്റും വേദന, വീക്കം, നഖങ്ങള്‍ക്ക് നിറംമാറ്റം എന്നിവയാണ്‌ ലക്ഷണങ്ങള്‍. വായുസഞ്ചാരമില്ലാത്ത, മൂടിനില്‍ക്കുന്ന ഷൂസ് പോലെയുള്ളവ ഉപയോഗിക്കുവരില്‍ കൂടുതലായി കാണപ്പെടുന്നു.

ശ്രദ്ധിക്കാന്‍

* കാലുകളില്‍ അധികനേരം ഈര്‍പ്പം ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കുക.

* നനഞ്ഞ ചെരിപ്പുകള്‍ പെട്ടെന്നു മാറ്റുക.

* തുറന്നതും ഈര്‍പ്പം കെട്ടിനില്‍ക്കാത്തതുമായ ചെരിപ്പുകള്‍ ഉപയോഗിക്കാം.

* വീട്ടിലെത്തി കാലുകള്‍ കഴുകിയതിനുശേഷം ഒപ്പി ഉണക്കി വിരലുകളുടെ ഇടയില്‍ ടാല്‍ക്കം പൗഡര്‍ ഇടാം.

* നഖങ്ങള്‍ കൃത്യമായി വെട്ടി സൂക്ഷിക്കുക.

ബാക്ടീരിയമൂലമുള്ള അണുബാധ

കുട്ടികളിലും പ്രമേഹരോഗികളിലുമാണ് ബാക്ടീരിയല്‍ അണുബാധ കൂടുതലായി കാണാറുള്ളത്. വേദനയോടുകൂടിയുള്ള ചുവപ്പ്, പഴുത്ത കുരുക്കള്‍, നീരൊലിപ്പ് എന്നിവയാണ് ലക്ഷണങ്ങള്‍. ചെളിയുള്ള വെള്ളത്തില്‍ ചവിട്ടുന്നത് കഴിവതും ഒഴിവാക്കുക. കാലുകളില്‍ ചെറിയ മുറിവുണ്ടെങ്കില്‍ ഉണങ്ങുതുവരെ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.

മഴക്കാലത്ത് കൊതുകുകടി കാരണമുള്ള ബുദ്ധിമുട്ടുകളും കൂടുതലാണ്. അതിനാല്‍ കാലുകള്‍ മൂടുന്ന രീതിയിലുള്ള വസ്ത്രങ്ങള്‍ ധരിക്കാം. ചെറിയ രീതിയില്‍ വരുന്ന തടിപ്പുകള്‍ക്ക് കലാമിന്‍ പോലെയുള്ള ലോഷനുകള്‍പുരട്ടാം. ചൊറിയുമ്പോള്‍ പൊട്ടാതിരിക്കാന്‍ ശ്രദ്ധിക്കണം. കൊതുകുകളുടെ അലര്‍ജി കൂടുതലുള്ള ആളുകള്‍ക്ക് ഇന്‍സെക്റ്റ് റിപ്പലെന്റെ് ക്രീമുകള്‍ ഉപയോഗിക്കാം.