
'കുഞ്ഞ് നിര്‍ത്താതെ കരച്ചിലാണ്, നീയൊന്ന് തലയ്ക്കുഴിഞ്ഞിട്... കൊച്ചിനെ ഇങ്ങനെ എപ്പോഴും എടുത്ത് നടന്നോ, ശീലമായാല്‍ പിന്നെ മാറ്റാന്‍ പറ്റില്ല... അമ്മേടെ കൈയില്‍ വരുമ്പോള്‍ മാത്രമെന്താ കുഞ്ഞ് ഇങ്ങനെ കരയുന്നേ...' അമ്മമാര്‍ നിരന്തരം കേള്‍ക്കുന്ന പഴികളില്‍ ചിലതാണ് ഇവയൊക്കെ. പാലുകൊടുത്തിട്ടും ഉറക്കിയിട്ടുമൊന്നും മാറാത്ത കുഞ്ഞിന്റെ വാശിക്കുമുന്നില്‍ മാതാപിതാക്കള്‍ കാരണമെന്നറിയാതെ നട്ടംതിരിയും. ജനിച്ച് രണ്ടുവയസ്സുവരെയുള്ള കാലം അവര്‍ ലോകത്തെ കേട്ടും കണ്ടും തൊട്ടുമൊക്കെ അറിഞ്ഞുവരുന്ന നാളുകളാണ്. ഓര്‍മകളും അറിവുമെല്ലാം തലച്ചോര്‍ അടുക്കിപ്പെറുക്കിവെയ്ക്കുന്ന സമയം. ഇക്കാലത്തുതന്നെ കുഞ്ഞിന്റെ മാനസികാരോഗ്യത്തിന് വലിയ കരുതല്‍ നല്‍കണം. അവര്‍ കരയുന്നതും വാശിപിടിക്കുന്നതുമെല്ലാം കുഞ്ഞുമനസ്സുകളുടെ സൂത്രപ്പണികളാണ്. അവയ്ക്ക് വേണ്ടത് അശാസ്ത്രീയപരിഗണനകളല്ല. കൃത്യമായി നല്‍കുന്ന കരുതലിലൂടെ കുഞ്ഞുങ്ങളെ മിടുക്കരാക്കാം.
കുഞ്ഞുങ്ങള്‍ ഞെട്ടിയുണര്‍ന്ന് കരയുന്നത് പേടിസ്വപ്‌നം കണ്ടിട്ടാണ്, കണ്ണുകിട്ടിയതാണ് എന്നുപറഞ്ഞ് പരിഹാരം തേടുന്നവരുണ്ട്. ശരിക്കുള്ള കാരണമെന്താണ്?
Also Read
വിശപ്പ്, ദാഹം, വയറുവേദന, മറ്റ് ശാരീരികാസ്വസ്ഥതകള്‍, സഹിക്കാന്‍ പറ്റാത്ത ചൂട്, തണുപ്പ് എന്നിവയെല്ലാം കുഞ്ഞുങ്ങള്‍ ഉണര്‍ന്നുകരയുന്നതിന് കാരണമാകാം. ഉറക്കത്തില്‍ ജെന്നി (seizure) വരുന്നതും, ആകുലത (anxiety) ഉണ്ടാകുന്നതുമൊക്കെ ഞെട്ടിയുണര്‍ന്നു കരയാനുള്ള കാരണങ്ങളാണ്. ഉണര്‍ന്നിരിക്കുന്ന സമയത്ത് കേള്‍ക്കുന്ന വലിയ ശബ്ദങ്ങള്‍ (കുക്കര്‍, വിസില്‍, ഹോണ്‍, ജീവികളുടെ കരച്ചില്‍ തുടങ്ങിയവ) അബോധമനസ്സിലുണ്ടെങ്കില്‍ കുഞ്ഞ് ഞെട്ടിയുണരാന്‍ സാധ്യതയുണ്ട്. കുഞ്ഞിനെ നിര്‍ബന്ധപൂര്‍വം ഉറക്കാതിരിക്കുക. ആ സമയത്ത് സുരക്ഷിതനല്ലെന്ന തോന്നല്‍ അവരിലുണ്ടാകുകയും അതുമൂലം ഉറക്കത്തില്‍ ഞെട്ടിയുണരുകയും ചെയ്യാം. കുഞ്ഞിന് നന്നായി ഉറക്കംവരുമ്പോള്‍ താരാട്ടുപാട്ട് പാടിയോ തോളിലോ ശരീരത്തിലോ മറ്റോ തട്ടിക്കൊടുത്തോ ഉറക്കുക. അങ്ങനെ ചെയ്യുമ്പോള്‍ കുഞ്ഞിന്റെ മനസ്സിലെ പേടി വിട്ടുമാറുകയും ദീര്‍ഘനിദ്ര കിട്ടുകയും ചെയ്യും.
കുഞ്ഞുങ്ങള്‍ ഉറക്കത്തില്‍ ചിരിക്കുന്നതിന് കാരണം
കുഞ്ഞുങ്ങള്‍ ഉറക്കത്തില്‍ ചിരിച്ചാല്‍ അത് ദൈവത്തിനെ കണ്ടിട്ടാണെന്ന് പഴമക്കാര്‍ പറയാറുണ്ട്. ജനിച്ച് ആദ്യത്തെ രണ്ടുവര്‍ഷംകൊണ്ടാണ് കുഞ്ഞുങ്ങളുടെ ആശയവിനിമയശേഷി വികസിക്കുന്നത്. അതിന് മുന്‍പ് അവര്‍ എന്തുതരത്തിലുള്ള സ്വപ്‌നങ്ങളാണ് കാണുന്നതെന്ന് ശാസ്ത്രലോകത്തിന് അറിവില്ല. അഞ്ചുവയസ്സു വരെയുള്ള ഈ കാലഘട്ടത്തെ ആബ്സന്റ് ഇയേഴ്സ് എന്നാണ് പറയുക. സ്വപ്‌നം കാണുന്നത് ആര്‍.ഇ.എം. സ്ലീപ്പിലാണ് (Rapid eye movement sleep). ഈസമയത്താണ് കുഞ്ഞുങ്ങളില്‍ മസ്തിഷ്‌കവികാസം കൂടുതലായി നടക്കുന്നത്. ഭാഷ പോലെയുള്ള പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിനുള്ള പ്രക്രിയകള്‍ അപ്പോളവരുടെ തലച്ചോറില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇത് ചിരിഭാവമായി മുഖത്ത് വിരിയാം. ഉറക്കത്തിനിടെ ഗ്യാസ് പുറത്തുവിടുമ്പോഴുണ്ടാകുന്ന മുഖചലനങ്ങള്‍ ചിരിയായി തെറ്റിദ്ധരിക്കപ്പെടുന്നതുമാവാം. ചിരിക്കാന്‍ പഠിക്കുന്നത് കുഞ്ഞുങ്ങളുടെ വളര്‍ച്ചയിലെ നാഴികക്കല്ലാണ്. കുഞ്ഞുങ്ങള്‍ ഒരുകാര്യം ചെയ്യാന്‍ പഠിച്ചാല്‍ പിന്നെ അതുതന്നെ ചെയ്തുകൊണ്ടിരിക്കും. പകല്‍ ഉണര്‍ന്നിരിക്കുമ്പോള്‍ ചിരിക്കുന്നതിന്റെ തുടര്‍ച്ചയാവാം ഉറക്കത്തിലെ അവരുടെ ചിരി.
കുഞ്ഞുങ്ങളെ എപ്പോഴും എടുത്തുനടന്നും മടിയില്‍വെച്ചും ഉറക്കുന്നത് ദുശ്ശീലമാകുമോ?
ഒരുകുഞ്ഞും പ്രത്യേക സ്വഭാവമോ ശീലമോ ഉള്ളവരായി ജനിക്കുന്നില്ല. ഇവയെല്ലാം അവര്‍ ചുറ്റുപാടില്‍നിന്നു പഠിച്ചെടുക്കുന്നതാണ്. എപ്പോഴും കൈയില്‍ അല്ലെങ്കില്‍ മടിയില്‍വെച്ച് ഉറക്കുന്നത്, തൊട്ടിലില്‍ത്തന്നെ കിടത്തി ഉറക്കുന്നത് ഒക്കെ ശീലങ്ങളായിമാറാം. ഇവ പിന്നീട് പല സന്ദര്‍ഭങ്ങളിലും മുതിര്‍ന്നവര്‍ക്ക് ബുദ്ധിമുട്ടാവും. എന്നുകരുതി ഇത് പൂര്‍ണമായും ഒഴിവാക്കുന്നതും ശരിയല്ല. കുഞ്ഞുങ്ങള്‍ക്ക് ഈ പ്രായത്തില്‍ ഏറ്റവും കൂടുതല്‍ ലാളനയും സ്പര്‍ശനവും മുതിര്‍ന്നവരുടെ സാമീപ്യവുമൊക്കെ വേണ്ട സമയമാണ്. അതിലൂടെയാണ് കുഞ്ഞില്‍ സുരക്ഷിതത്വബോധമുണ്ടാകുന്നത്. പതുക്കെ, പടിപടിയായി ഇത്തരം ശീലങ്ങളില്‍നിന്നു മാറ്റിക്കൊണ്ടുവരികയും വേണം. സ്ലീപ്പിങ് പൊസിഷന്‍ എന്നൊന്ന് എല്ലാവര്‍ക്കുമുണ്ട്. നമ്മുടെ ശീലങ്ങളില്‍നിന്നാണ് അതുണ്ടാകുന്നത്. അതുകൊണ്ട് എല്ലാ സാഹചര്യങ്ങളിലും ഉറങ്ങാന്‍ പഠിപ്പിക്കുകയാണ് വേണ്ടത്. ഉദാഹരണത്തിന്, ദിവസത്തില്‍ രണ്ടുതവണ കൈയില്‍വെച്ചുറക്കുക, മറ്റുസമയങ്ങള്‍ തൊട്ടിലിലും കട്ടിലിലുമൊക്കെ മാറി മാറി കിടത്തി ശീലിപ്പിക്കാം.
മടിയില്‍വെച്ച് ഇരിക്കുമ്പോള്‍ കരയുന്ന കുഞ്ഞ് കൈയിലെടുത്ത് നടക്കുമ്പോള്‍ സന്തോഷത്തിലാകുന്നു
ഒരുപ്രായം കഴിഞ്ഞാല്‍ ചുറ്റും നടക്കുന്നത് കാണാനും തന്റെ ലോകം വിശാലമാക്കാനുമുള്ള ആഗ്രഹവും കൗതുകവും കൂടും. എന്നാല്‍, തനിയെ നടന്ന് കാണാനാവുകയുമില്ല. ഈ അവസ്ഥയില്‍ എപ്പോഴും ഒരിടത്തുതന്നെയിരിക്കാന്‍ അവര്‍ ആഗ്രഹിക്കില്ല. കൈകളിലെടുത്തു നടക്കാന്‍ അവര്‍ വാശിപിടിക്കുകയും ചെയ്യും. അതുമാത്രമല്ല, എടുത്തുനടക്കുമ്പോളുണ്ടാകുന്ന താളം കുഞ്ഞുങ്ങളെ ശാന്തരാക്കുമെന്നും (Soothing) വിദഗ്ധര്‍ പറയുന്നു. എല്ലാ ജീവികള്‍ക്കും ജനിച്ചുവീഴുമ്പോള്‍ത്തന്നെ ചുറ്റുമുള്ള അപകടങ്ങള്‍ തിരിച്ചറിയാനുള്ള കഴിവുണ്ട്. ഈ മുന്‍കരുതലനുസരിച്ച് ഇരിക്കുകയെന്നത് സുരക്ഷിതമായ ഒന്നായി കുഞ്ഞുങ്ങളുടെ മനസ്സ് രേഖപ്പെടുത്തുന്നില്ല. എടുത്തുനടക്കുന്നത് അവര്‍ക്ക് സുരക്ഷിതരാണെന്ന തോന്നല്‍ നല്‍കുമെന്ന് ചുരുക്കം.
അമ്മയുടെ കൈയിലെത്തുമ്പോള്‍ കരയുന്ന കുഞ്ഞുങ്ങള്‍
കുഞ്ഞിനോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനും പരിപാലിക്കാനും സമയക്കുറവുള്ള അമ്മമാരോട് കുട്ടികള്‍ക്ക് അടുപ്പം കുറവായിരിക്കും. അവരുടെകൂടെ കൂടുതല്‍ സമയം ചെലവഴിക്കുന്ന മറ്റ് പ്രൈമറി കെയര്‍ ടേക്കേഴ്സിനോടാകും ആ അടുപ്പം. ഈ കുഞ്ഞുങ്ങള്‍ അമ്മയുടെ കൈയിലെത്തുമ്പോള്‍ അസ്വസ്ഥരാകാറുണ്ട്. കുറച്ചു മുതിര്‍ന്ന കുട്ടികള്‍ തങ്ങളുടെ ആവശ്യങ്ങളും വാശികളും അമ്മയില്‍നിന്ന് സാധിച്ചെടുക്കാന്‍ വേണ്ടി കരയാം.
മറ്റൊന്ന്, കുഞ്ഞുങ്ങള്‍ക്ക് ഏറ്റവും സുരക്ഷിതമായ സ്ഥലം അമ്മയാണെന്ന തോന്നലാണ്. തനിക്ക് സുരക്ഷിതമായി തന്റെ ഏതുവികാരവും പ്രകടിപ്പിക്കാന്‍ കഴിയുന്ന വ്യക്തിയായാണ് അവര്‍ അമ്മയെ കാണുന്നത്. ഈസമയത്ത് കുഞ്ഞിനെ അമ്മയില്‍നിന്ന് മാറ്റുകയല്ല വേണ്ടത്. അമ്മയ്ക്ക് കുഞ്ഞിനെ സമാധാനിപ്പിക്കാനുള്ള സമയവും ഇടവും നല്‍കുക. മറ്റുള്ളവര്‍ അമ്മയ്‌ക്കെതിരേ നടത്തുന്ന സംസാരങ്ങള്‍ നിരന്തരം കേള്‍ക്കുന്ന കുട്ടികള്‍ അമ്മയില്‍നിന്ന് അകലം പാലിക്കുന്നതായി കാണാം. വളരുമ്പോഴും അമ്മയ്‌ക്കൊന്നുമറിയില്ല എന്ന ബോധം അവരിലുറയ്ക്കാം. ഇത്തരം സംസാരങ്ങള്‍ കുഞ്ഞുങ്ങളുടെമുന്നില്‍ ഒഴിവാക്കാം.
കുഞ്ഞുങ്ങളിലെ അക്രമ സ്വഭാവം
കുഞ്ഞുങ്ങള്‍ അവരുടെ മൊബിലിറ്റി ആക്ഷന്‍സ് തുടങ്ങുന്ന സമയങ്ങളില്‍ സ്വയം അടിക്കുകയും അടുത്തുള്ള വസ്തുക്കളെ അടിക്കുകയും ചെയ്യാറുണ്ട്. സാധനങ്ങളെ തൊട്ടറിയുന്ന അവരുടെ വളര്‍ച്ചയുടെ ഭാഗമായും ഇത്തരത്തില്‍ അടിക്കുന്നത് സാധാരണമാണ്. കുഞ്ഞുങ്ങള്‍ ദേഷ്യവും വാശിയും പ്രകടിപ്പിക്കുന്നത് ഏകദേശം ഒന്‍പത്, പത്ത് മാസങ്ങള്‍ എത്തുമ്പോള്‍ മുതലാണ്. ഈസമയത്ത് അവരുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ അടി ഒരു മാര്‍ഗമാക്കാറുണ്ട്. മുതിര്‍ന്നവരുടെ പ്രവൃത്തികളെ അനുകരിക്കുന്നതിന്റെ ഭാഗമായും ഇങ്ങനെ അടിക്കാം.
കുഞ്ഞ് വീഴുമ്പോള്‍ തറയില്‍ അടിക്കുക, അല്ലെങ്കില്‍ കൈയോ കാലോ എവിടെയെങ്കിലും മുട്ടി വേദനിച്ചാല്‍ ആ വസ്തുക്കളെ അടിച്ച് കുഞ്ഞിനെ സമാധാനിപ്പിക്കുന്നവരുണ്ട്. എന്നാല്‍, തെറ്റായ വിവരമാണ് ഇതിലൂടെ നല്‍കുന്നത്. തനിക്ക് വേദനിച്ചാല്‍ തിരിച്ച് വേദനിപ്പിക്കാം എന്ന ചിന്തയാണ് കുഞ്ഞിന്റെ മനസ്സിലുണ്ടാവുക.
സെപ്പറേഷന്‍ ആങ്സൈറ്റി
പൊതുവേ കുഞ്ഞുങ്ങള്‍ അമ്മയില്‍നിന്ന് മാറുമ്പോള്‍ അസ്വസ്ഥതയും കരച്ചിലുമൊക്കെ പ്രകടിപ്പിക്കുന്നത് സ്വാഭാവികവുമാണ്. എന്നാല്‍, ഇതില്‍നിന്നു വ്യത്യസ്തമായി, അമ്മയില്‍നിന്നോ ഏറ്റവും സ്‌നേഹമുള്ളവരില്‍നിന്നോ മാറിനില്‍ക്കാന്‍ പറ്റാത്തരീതിയിലുള്ള ആധി കുട്ടികളില്‍ ഉണ്ടാകാറുണ്ട്. ഇതിനെ സെപ്പറേഷന്‍ ആങ്സൈറ്റി എന്നുപറയാം. സ്‌കൂളില്‍ പോകാന്‍ മടികാണിക്കുന്ന കൊച്ചുകുട്ടികളില്‍ വില്ലന്‍ ഇക്കാരണമാണ്. കുറച്ചുസമയംകൊണ്ടുതന്നെ, ഈ അകല്‍ച്ച താത്കാലികമാണെന്നും, ഇത്രസമയം കഴിഞ്ഞാല്‍ താന്‍ തിരിച്ചു വീട്ടിലെത്തുമെന്നും മനസ്സിലാക്കുന്നതോടെ അവരുടെ പേടികള്‍ മാറും. എന്നാല്‍, ദിവസങ്ങള്‍ കഴിഞ്ഞും ഈ ഭയം മാറാതിരുന്നാല്‍ വിദഗ്ധസഹായം തേടേണ്ടതാണ്.
അമ്മമാര്‍ ജോലിക്കുപോകുന്ന അവസരത്തില്‍, തീരെച്ചെറിയ കുഞ്ഞുങ്ങളെ വീട്ടിലെ മറ്റംഗങ്ങളുടെ അരികിലോ, കുട്ടികളെ നോക്കുന്ന മറ്റ് സ്ഥാപനങ്ങളിലോ ഏല്‍പ്പിക്കേണ്ടി വരും. ഈ അവസരത്തില്‍ കുഞ്ഞുങ്ങള്‍ സെപ്പറേഷന്‍ ആങ്സൈറ്റി കാരണം അമിതമായി കരയുകയും വാശിപിടിക്കുകയും ചെയ്യാറുണ്ട്. ഇതൊഴിവാക്കാന്‍, അമ്മ അല്ലെങ്കില്‍ പ്രൈമറി കെയര്‍ ഗിവര്‍ കുഞ്ഞുകാണാതെ ഒളിച്ചുപോകുന്നത് സാധാരണമാണ്. ഇത് തെറ്റായ രീതിയാണ്. പകരം അമ്മ എപ്പോഴും കൂടെയുണ്ടെന്നും കുട്ടിയെ നോക്കാന്‍ ഏല്‍പ്പിക്കുന്നവരോടൊപ്പം നീ സുരക്ഷിതനാണെന്നും കുഞ്ഞിനെ ബോധ്യപ്പെടുത്താം. ഇത്രനേരം കഴിഞ്ഞാല്‍ അമ്മ അടുത്തെത്തും എന്നൊരു ബോധ്യം കുഞ്ഞിന് ഉണ്ടാക്കുകയും വേണം. മാത്രമല്ല, ജോലികഴിഞ്ഞുവന്നാല്‍ കുട്ടിയുടെകൂടെ കൂടുതല്‍ സമയം ചെലവഴിക്കുകയും ചെയ്യണം.
വാശിക്കാരെ കൈയിലെടുക്കാന്‍
കുഞ്ഞുങ്ങളുടെ ദേഷ്യവും വാശിയും വേണ്ടവിധത്തില്‍ നിയന്ത്രിക്കപ്പെട്ടില്ലെങ്കില്‍ വളര്‍ന്നുവരുമ്പോള്‍ പ്രശ്‌നങ്ങളുണ്ടാകും. ആദ്യം കുടുംബത്തില്‍ കാണിക്കുന്ന അക്രമസ്വഭാവങ്ങള്‍ അടുത്തഘട്ടത്തില്‍ ഏറ്റവും അടുപ്പമുള്ളവരോടെല്ലാം കാണിച്ചുതുടങ്ങാം. പിന്നീടത് സ്‌കൂളില്‍ സഹപാഠികളോടാവാം. പതുക്കെ സമൂഹത്തിലും കാണിച്ചുതുടങ്ങും. ജീവിതത്തില്‍ നേരിടേണ്ടിവരുന്ന ഒരു ചെറിയ എതിര്‍പ്പുപോലും സ്വീകരിക്കാന്‍ ഇത്തരക്കാര്‍ക്ക് കഴിയാതെവരും. പരിഹാരം അടിയോ കടുത്ത ശിക്ഷകളോ അല്ല. രക്ഷിതാക്കള്‍ ശ്രമിച്ചിട്ടും സ്വഭാവത്തില്‍ മാറ്റം കൊണ്ടുവരാന്‍ കഴിഞ്ഞില്ലെങ്കില്‍ മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. വാശി ഒഴിവാക്കാന്‍ ചെയ്യേണ്ടത്, വാശികൊണ്ട് ഒരുകാര്യവും നടക്കില്ല എന്ന ബോധം കുട്ടികളില്‍ ഉണ്ടാക്കുകയാണ്. നോ പറയേണ്ടിടത്ത് നോ പറയുക, അതില്‍ ഉറച്ചുനില്‍ക്കുക. വാശിപിടിച്ച് കരഞ്ഞുവെന്നുകരുതി ഒന്നും സാധിച്ചുകൊടുക്കരുത്. കുട്ടികള്‍ കരയാതിരിക്കാന്‍ എന്തും സാധിച്ചുകൊടുക്കുന്നത് അവരില്‍ ഒരു ശീലമായി വളരാം. വാശികളെ കണ്ടില്ലെന്നു നടിക്കാന്‍ രക്ഷാകര്‍ത്താക്കളും പഠിക്കണം.
വാശി നിയന്ത്രിക്കാന്‍ മൂന്ന് വഴികള്‍
1. അവഗണനയാണ് ആദ്യത്തെത്. കുട്ടി വാശിപിടിച്ച് കരയുന്ന സമയത്ത് അവരെ സമാധാനിപ്പിക്കാന്‍ ശ്രമിക്കാതിരിക്കുക. എന്തിനുവേണ്ടിയാണോ കരയുന്നത്, അത് സാധിച്ചുകൊടുക്കാതിരിക്കുക.
2. പാരിതോഷികം നല്‍കല്‍. കുട്ടി വാശിപിടിക്കാത്ത സമയത്തോ, അല്ലെങ്കില്‍, പറഞ്ഞത് അനുസരിക്കുമ്പോഴോ, പറഞ്ഞതെല്ലാം കേട്ടല്ലോ എന്ന് അഭിനന്ദിച്ച് ചെറിയ സമ്മാനങ്ങള്‍ നല്‍കാം.
3. വാശിക്കുപിന്നിലെ കാര്യം തിരക്കുക. കുഞ്ഞിനോട് എന്തിനാണ് വാശിപിടിക്കുന്നതെന്നും കരഞ്ഞതെന്നുമെല്ലാം ചോദിച്ച് അവരെ സമാധാനിപ്പിക്കുക. നിങ്ങള്‍ ചെയ്യുന്നത് ഒരുപദേശമായി അവര്‍ക്ക് തോന്നരുതെന്നുമാത്രം. കുറച്ചു മുതിര്‍ന്ന കുട്ടിയാണെങ്കില്‍ വാശി സാധിച്ചു നല്‍കാത്തതിന് കാരണം പറഞ്ഞുമനസ്സിലാക്കുക.
മാനസികാഘാതം ഉണ്ടാക്കുന്ന സംഭവങ്ങള്‍ ( പ്രിയപ്പെട്ടവരുടെ മരണം, മാതാപിതാക്കളുടെ വേര്‍പിരിയല്‍, കലഹം) കുഞ്ഞുങ്ങളെ ബാധിക്കുമോ?
അമ്മയുടെയും അച്ഛന്റെയും, അല്ലെങ്കില്‍, പ്രിയപ്പെട്ടവരുടെ മരണം ചെറിയ കുഞ്ഞുങ്ങളെ ബാധിക്കില്ലെങ്കിലും വളരുമ്പോള്‍ അവരുടെ ജീവിതത്തെയും സ്വഭാവരൂപവത്കരണത്തെയും ബാധിക്കാം. എന്നാല്‍, മാതാപിതാക്കള്‍ തമ്മിലുള്ള വഴക്കുകള്‍ തീരെച്ചെറിയ കുഞ്ഞുങ്ങളെയും ബാധിക്കുന്നതായാണ് പഠനം. അത്തരം കുഞ്ഞുങ്ങളില്‍ പലതരം ശാരീരികാസ്വസ്ഥതകള്‍, ഉറക്കം കുറയല്‍, എപ്പോഴും കരയുക, പാലുകുടിക്കാനുള്ള മടി... അങ്ങനെ പലതരം ലക്ഷണങ്ങളായി പുറത്തുവരാം. മാതാപിതാക്കളുടെ തീവ്ര കലഹങ്ങള്‍ കുഞ്ഞുങ്ങളില്‍ മാനസികസമ്മര്‍ദത്തിന് കാരണമാകാറുണ്ട്. ഓര്‍മകള്‍ രൂപപ്പെട്ടുവരുന്ന പ്രായത്തില്‍പ്പോലും ശാരീരികാതിക്രമങ്ങളുണ്ടായാല്‍ അതവരുടെ മനസ്സില്‍ മായാതെകിടക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. വളരുമ്പോള്‍ അതവരുടെ വ്യക്തിത്വത്തെ ബാധിക്കാം. ഇങ്ങനെയുള്ള ട്രോമകള്‍ കുട്ടിക്കുള്ളിലുണ്ടെങ്കില്‍ കുഞ്ഞിന് സ്വഭാവവൈകല്യമോ മുതിരുമ്പോള്‍ ആത്മഹത്യാപ്രവണതയോ ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്. അതുപോലെ ഭയം, നിസ്സഹായത, വാശി, ദേഷ്യം, സങ്കടം, ഒറ്റപ്പെട്ടുപോയി എന്ന തോന്നല്‍ ഇവയെല്ലാം ഉണ്ടാകാം. കുഞ്ഞുങ്ങളിലെ വിഷാദത്തിനുവരെ ഇവ കാരണമാകാം. ഇത്തരം കുഞ്ഞുങ്ങള്‍ക്ക് കൃത്യമായ വിദഗ്ധസഹായം ലഭ്യമാക്കണം.
അനുസരിപ്പിക്കാന്‍ സാങ്കല്പികകഥാപാത്രങ്ങളെ പറഞ്ഞ് ഭയപ്പെടുത്തുന്നത്
ഭയമെന്ന വികാരം കുഞ്ഞുങ്ങളില്‍ സൃഷ്ടിക്കാതിരിക്കാന്‍ ബോധപൂര്‍വം ശ്രമിക്കണം. ഉള്ളുനിറയെ ഭയവുമായിട്ടല്ല ഒരുകുഞ്ഞും ഭൂമിയില്‍ ജനിക്കുന്നത്. ഭയം ഒരു ലേണ്‍ഡ് ഇമോഷനാണ്. അതുണ്ടാക്കുന്നതരം പ്രവൃത്തികള്‍ മാതാപിതാക്കളുടെ ഭാഗത്തുനിന്നുണ്ടാകാതിരിക്കാന്‍ കഴിവതും ശ്രദ്ധിക്കണം. ഭക്ഷണം കഴിക്കാനും അനുസരിപ്പിക്കാനും സാങ്കല്പിക കഥാപാത്രങ്ങളുടെ പേരുപറഞ്ഞ് കുഞ്ഞുങ്ങളെ ഭയപ്പെടുത്തുന്നത് പലരുടെയും പതിവാണ്. അങ്ങനെയായാല്‍ കുഞ്ഞുങ്ങളുടെ പ്രവൃത്തികള്‍ ഭയമെന്ന വികാരത്തിന്റെ നിയന്ത്രണത്തിലാകും. ഭയപ്പെടാതെ മാനസികസന്തോഷത്തോടെ വളരാനുള്ള സാഹചര്യമാണ് രക്ഷിതാക്കള്‍ ഒരുക്കിക്കൊടുക്കേണ്ടത്. സന്തോഷം, സുരക്ഷിതത്വം എന്നീ കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന പേരന്റിങ് രീതിയാണ് വേണ്ടത്.
കടപ്പാട്
- ഡോ. അര്‍ഷിന എസ്.എ.
കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ്
ആസ്റ്റര്‍ മിംസ്, കോഴിക്കോട്
- ഡോ. ഗംഗാ കൈലാസ്
കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ്
ആലപ്പുഴ
Content Highlights: Infant and Early Childhood Mental Health
Published: 05 Jul 2023, 11:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented