ചെറുപ്പം മുതല്‍ ശരീരവും മനസ്സും തമ്മിൽ  സംഘര്‍ഷമായിരുന്നു. ശരീരം ഒരു ദിശയിലും മനസ്സ് മറ്റൊരു ദിശയിലും.  ഉള്ളിലൊരു സ്ത്രീയുണ്ടെന്ന്  തിരിച്ചറിഞ്ഞു. എന്നാല്‍ ഇത്തരത്തിലൊരു  മാറ്റം ജീവിതത്തിലുണ്ടാകുമെന്ന് ഒരിക്കലും ചിന്തിച്ചില്ല. പെണ്ണായി ജീവിക്കാനെടുത്ത തീരുമാനമാണ് എന്റെ ജീവിത യാത്രയെ ഇത്രയും മനോഹരമാക്കിയത്.

To advertise here,

തൃശ്ശൂര്‍ അയ്യന്തോളില്‍ ശശിധരന്റെയും വനജയുടെയും ഇളയമകനായി ജനിച്ച ജിനു കുട്ടിക്കാലത്തു തന്നെ തന്നിലെ പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ ചുറ്റും ഉയര്‍ന്നത് കളിയാക്കലുകളായതോടെ സ്വത്വം മറച്ചു ജീവിക്കാനായി തീരുമാനം. ഒരിക്കല്‍ തന്റെ ചിറകുകളെ വിടര്‍ത്താനാകുമെന്നൊരു വിശ്വാസം ഉള്ളില്‍ ജിനു ഒളിപ്പിച്ചിരുന്നു. എല്ലാ വേദനകളും പഠനത്തിലേക്ക് തിരിച്ചുവെച്ചു.  തൃശ്ശൂര്‍ വൈദ്യരത്നം കോളേജില്‍ നിന്ന് ബി. എ. എം. എസ്., കെ.വി.ജി ആയുര്‍വേദിക്ക് ഹോസ്പിറ്റലില്‍  എം.ഡി. പഠനം കഴിഞ്ഞ് അധ്യാപനത്തിലേക്ക്. പിന്നെ ആര്‍.എം.ഒ ആയി പട്ടാമ്പിയിലും കണ്ണൂരും. ഒടുവില്‍ തൃശ്ശൂര്‍ സീതാറാം ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് ഫിസിഷ്യന്‍. ഈ തിരക്കുകള്‍ക്കിടയിലും മനസ്സിന്റെ വിങ്ങല്‍ അടങ്ങിയിരുന്നില്ല. ഈ വിജയങ്ങളൊന്നും ഹൃദയത്തോട് ചേര്‍ക്കാന്‍ ജിനുവിന് കഴിയുമായിരുന്നില്ല. തന്റെയുള്ളിലെ സ്ത്രീയെ ജിനു ആദ്യം തുറന്നുകാട്ടിയത് കുടുംബത്തിന് മുന്നില്‍ തന്നെയായിരുന്നു. 'പൊട്ടിത്തെറിക്കുമെന്നും തള്ളിപ്പറയുമെന്നും കരുതിയിടത്ത് അവരെന്നെ ചേര്‍ത്തുപിടിച്ചു. എല്ലാക്കാര്യങ്ങള്‍ക്കും ഒപ്പം നിന്നത് സഹോദരനും ഡോക്ടറുമായ ജെയ്‌സായിരുന്നു. അങ്ങനെ ഞാന്‍ ഡോ.ജിനു ശശിധരനില്‍ നിന്ന് ഡോ.പ്രിയയായി.' പ്രിയ തന്റെ ജീവിതയാത്രയെപ്പറ്റി പറഞ്ഞു തുടങ്ങി...

placeholder

ആണും പെണ്ണും അല്ലാതെ മറ്റൊരു ലിംഗത്തെപ്പറ്റി ചിന്തിക്കാന്‍ തയ്യാറല്ലാത്ത സമൂഹം

 കുട്ടിക്കാലം മുതല്‍ തന്നെ ഞാന്‍ എന്നിലെ പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ അപ്പോഴൊന്നും ഞാന്‍ എന്താണ് , എന്റെ പ്രശ്നം എന്താണ് എന്ന് തിരിച്ചറിയാനുള്ള ഉപാധികളൊന്നും ഉണ്ടായിരുന്നില്ല. പഠിക്കുന്ന സമയത്തുപോലും വ്യക്തമായ രീതിയില്‍ ജെന്‍ഡന്‍ ഐഡന്റിറ്റിയും സെക്ഷ്യല്‍ ഐഡന്റിറ്റിയും കൂടുതല്‍ മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. പക്ഷേ എന്നിലെ മാറ്റം എനിക്കറിയാമായിരുന്നു. സ്‌കൂള്‍ കാലഘട്ടത്തിലൊക്കെ ഒരുപാട് ഒറ്റപ്പെടലുകള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. എന്നിലെ  സ്ത്രൈണതയാകാം  കാരണം. ആണും പെണ്ണും അല്ലാതെ മറ്റൊരു ലിംഗത്തെപ്പറ്റി ചിന്തിക്കാന്‍ തയ്യാറല്ലാത്ത സമൂഹമാണ് ചുറ്റും. 

സ്‌കൂളിലെ കളിയാക്കലുകളും പരിഹാസവും കാരണം കോളേജുകാലഘട്ടം എത്തിയപ്പോഴേക്കും എന്റെ സ്വത്വത്തെ മറച്ചുപിടിച്ചു. അഭിനയിക്കുകയായിരുന്നുവെന്ന് പറയാം. കോളേജിൽ ഒരുപാട് സുഹൃത്തുക്കളുണ്ടായിരുന്നു. ആര്‍ക്കും ഒരു സംശയവും തോന്നിയില്ല. പി.ജി കഴിഞ്ഞ് ജോലിയിലേക്ക് പ്രവേശിച്ച ശേഷമാണ് ഞാന്‍ മാനസികമായി ആകെ പ്രതിസന്ധിയിലായത്. ഐഡന്റിറ്റി ക്രൈസിസ് എന്നെ തളര്‍ത്തി. പുറമേ നിന്ന് നോക്കുന്നവര്‍ക്ക് ഞാന്‍ ഹാപ്പിയാണ്. ഫാമിലിയും പ്രൊഫഷനും എല്ലാം ഓക്കെയാണ്. എന്നാല്‍ ഞാന്‍ അഭിനയിച്ച് ജീവിക്കുകയായിരുന്നു. 

ഇനി മുന്നോട്ടു പോകാന്‍ കഴിയില്ല. ഞാന്‍ മുഴുവനായും ഒരു സ്ത്രീയാണ് എന്ന് തിരിച്ചറിഞ്ഞപ്പോഴും ആശങ്കകളായിരുന്നു മനസ്സു നിറയെ... പ്രൊഫഷൻ  വിട്ടുപോകേണ്ടി വരുമോ? സമൂഹവുമായി നേരിട്ട് ഇടപഴകേണ്ട ജോലിയാണ്, രോഗികള്‍ എത്തിയില്ലെങ്കില്‍ പഠിച്ച അറിവ്  ഗുണം ചെയ്യില്ല. സ്വത്വം വെളിപ്പെടുത്തിയാല്‍ എന്നെ സമൂഹം എങ്ങനെ സ്വീകരിക്കും എന്നൊക്കെ ചിന്തിച്ചിരുന്നു. എന്നാല്‍ ഇനി അഭിനയിച്ചു ജീവിക്കാന്‍ വയ്യെന്ന ഉറച്ച തീരുമാനത്തില്‍ ആഗ്രഹത്തിനു പിറകെ സഞ്ചരിക്കാന്‍ തീരുമാനിച്ചു. എന്റെ പ്രൊഫഷൻ ഇതിനെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനും റിസേര്‍ച്ച് ചെയ്യാനും സഹായിച്ചു. ഇതിനിടയില്‍ വീട്ടില്‍ കല്യാണാലോചനകള്‍ വന്നു തുടങ്ങി. ഞാന്‍ വീട്ടുകാരോട് എല്ലാം തുറന്നു പറഞ്ഞു.  അവരില്‍ വലിയൊരു ഞെട്ടല്‍ ഞാന്‍ കണ്ടില്ല.  പെരുമാറ്റത്തില്‍ നിന്നെല്ലാം മനസ്സിലായിട്ടുണ്ടാകാം. അച്ഛനും അമ്മയും ഒപ്പം നിന്നു. അമ്മയാണ് ആദ്യം മനസ്സിലാക്കി കൂടെ നിന്നത്.  എല്ലാം പോസിറ്റീവായി സ്വീകരിച്ച് എനിക്ക് കരുത്തു പകർന്നു. എന്റെ ഭാവിയെയും കരിയറിനെയും കുറിച്ചുള്ള ആശങ്ക മാത്രമേ അവര്‍ പ്രകടമാക്കിയിരുന്നുള്ളൂ.  മറ്റുള്ളവര്‍ അനുഭവിച്ചതുപോലുള്ള ഒറ്റപ്പെടല്‍ എനിക്ക് നേരിടേണ്ടി വന്നില്ല.

placeholder
ഡോക്ടര്‍ പ്രിയ അമ്മ വനജയ്‌ക്കൊപ്പം


ഞാനൊരു ഡോക്ടര്‍ ആയതുകൊണ്ടാകാം എല്ലാവരും സപ്പോര്‍ട്ട് ചെയ്തത്

ചെറുപ്പം മുതലേ സാഹിത്യത്തിലും കലയിലും താല്പര്യമുള്ളയാളായിരുന്നു ഞാന്‍. പ്ലസ് ടു എത്തിയപ്പോള്‍ ഇഷ്ടം സയന്‍സിനോടായി. ആയുര്‍വേദം എടുത്തു പഠിക്കണമെന്നു തന്നെയായിരുന്നു ആഗ്രഹം.  എന്‍ട്രന്‍സ് എഴുതി. ബി. എ. എം.സും എം.ഡിയും കഴിഞ്ഞ് ഒരുപാട് സ്ഥലങ്ങളില്‍ വര്‍ക്ക് ചെയ്തു. ഏഴ് വര്‍ഷമായി സീതാറാം ഹോസ്പിറ്റലില്‍.  സീതാറാമില്‍ വര്‍ക്ക് ചെയ്യുന്നതിനിടയിലായിരുന്നു ട്രാന്‍സിഷന്‍. 

 ഒരുപക്ഷേ ഞാനൊരു ഡോക്ടര്‍ ആയതുകൊണ്ടാകാം ട്രാന്‍സിഷന്‍ ഇത്രയും വൈകിച്ചത്.   വളര്‍ത്തിയെടുത്ത  കരിയറും അംഗീകാരങ്ങളും നഷ്ടമാകുമോ എന്ന ചിന്തയും അതിലുണ്ടായിരുന്നു. ഇതിന് രണ്ട് വശമുണ്ട്, ഞാന്‍ ഒരു ഡോക്ടര്‍ ആയിരുന്നതുകൊണ്ടാകാം. ഒപ്പമുള്ളവരെല്ലാം എന്നെ സപ്പോര്‍ട്ട് ചെയ്തത്. ഡോക്ടറായതുകൊണ്ട് എനിക്ക് ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാനും കഴിഞ്ഞു. മെഡിക്കല്‍ സിലബസില്‍ ഇപ്പോഴും പലതിനും വ്യക്തതയില്ല എന്നതും സത്യമാണ്. 

ചേര്‍ത്തുപിടിച്ചവര്‍

ഹോര്‍മോണല്‍ ചികിത്സകള്‍ ആരംഭിച്ചു.

ഇതൊരു നീണ്ട പ്രോസസ്സ് ആണ്.  ട്രീറ്റ്‌മെറ്റുകള്‍ക്കിടയില്‍ എനിക്ക് പ്രകടമായ മാറ്റമുണ്ടായി. അപ്പോഴും ഞാന്‍ പുരുഷവേഷത്തില്‍ തന്നെയാണ് ഹോസ്പിറ്റലിലേക്ക് വന്നത്. എന്നാല്‍ ചികിത്സക്കിടയിലെ പ്രകടമായ മാറ്റം എല്ലാവരും ശ്രദ്ധിക്കാന്‍ തുടങ്ങി.

അങ്ങനെ ഹോസ്പിറ്റലിലെ ക്ലീനിങ് സ്റ്റാഫ് മുതല്‍ മാനേജര്‍ ലെവല്‍ വരെയുള്ളവരെ എല്ലാം ക്യാബിനിലേക്ക് വിളിച്ച് കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തേണ്ടി വന്നു. സര്‍ജറിയ്ക്കായി ലോങ് ലീവ് എടുത്തു. ഞാനൊരു സ്ത്രീയായാണ് തിരിച്ചു വരുന്നതെന്ന് പറഞ്ഞിട്ടാണ് പോയത്. ഹോസ്പിറ്റല്‍ മാനേജ്മെന്റ് അതിനെ പോസിറ്റീവായി എടുത്തു.

placeholder

ഡോ.പ്രിയയായി തിരികെ  എത്തിയപ്പോൾ എല്ലാവരും ഇരുകൈകളും നീട്ടി സ്വീകരിച്ചു.   സ്ഥിരം വന്നുകൊണ്ടിരുന്ന ചില രോഗികൾ ജിനു ഡോക്ടറെ കാണണം എന്നു പറയാറുണ്ട്. അവര്‍ എന്നെ ഒട്ടും  തിരിച്ചറിയാറില്ല. ചിലരോടൊക്കെ ഞാന്‍ പറയും അത് ഞാന്‍ തന്നെയാണെന്ന്. എന്നാല്‍ കൂടുതല്‍ പേരോടും പറയാറില്ല. ജാനകി എന്ന പേരാണ് ആദ്യം ഇടാന്‍ തീരുമാനിച്ചത്. അപ്പോള്‍ എന്റെ സഹോദരിയാണ് എല്ലാവര്‍ക്കും പ്രിയമുള്ള എന്ന അര്‍ത്ഥത്തില്‍ പ്രിയ എന്ന പേര് നിര്‍ദേശിച്ചത്. ഡോ.പ്രിയയെ സമൂഹം അംഗീകരിച്ചു എന്നറിയുന്നതാണ് സന്തോഷം. വളരെ പോസീറ്റീവായി അത് അനുഭവപ്പെടുന്നു. സമൂഹം മാറിത്തുടങ്ങിയെന്നു തോന്നി. എന്റെ കുടുംബത്തെ ചേര്‍ത്തുപിടിച്ചാണ് ഞാന്‍ എന്റെ സന്തോഷത്തിലേക്ക് എത്തിച്ചേര്‍ന്നത്.

ഡോക്ടര്‍ എന്ന നിലയില്‍

ഡോക്ടര്‍ എന്ന പ്രൊഫഷന്‍ സമൂഹത്തില്‍ ഒരുപാട് ആദരവും സ്നേഹവും ലഭിക്കുന്ന ജോലിയാണ്. എന്നാല്‍ ഇന്ന് ഡോക്ടര്‍മാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കൂടിവരുകയാണ്. ഡോ.വന്ദനയുടെ മരണത്തില്‍ നിന്നുള്ള ഞെട്ടല്‍ ഇപ്പോഴും മാറിയിട്ടില്ല. ഉറക്കമിളച്ച് പഠിച്ച് ആതുരസേവനം ചെയ്യുന്നവരെക്കുറിച്ചുകൂടി ബോധ്യം ഉണ്ടാകണം. ഡോക്ടര്‍മാരെ ദൈവത്തെപ്പോലെ കാണുന്ന സമൂഹത്തോട് ഡോക്ടര്‍മാരും ഉത്തരവാദിത്തം പുലര്‍ത്തണം. സര്‍ജറി ടേബിളില്‍ കിടക്കുമ്പോള്‍ നാളെ പുലരുമോ എന്നറിയാതെ നമ്മളെ മാത്രം വിശ്വസിക്കുന്ന രോഗികളെ വഞ്ചിക്കരുത്.  

മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നു

ലിംഗമാറ്റ ശസ്ത്രക്രിയകള്‍  ചിലവേറിയതാണ്. അതിനുള്ള പണം കണ്ടെത്താനാണ് പലരും സെക്‌സ് വര്‍ക്കിനും മറ്റും ഇറങ്ങിത്തിരിക്കുന്നത്. 

മെഡിക്കല്‍ കോളേജുകളില്‍  ട്രാന്‍സിഷന്‍ സര്‍ജറികള്‍ക്കായുള്ള സജ്ജീകരണങ്ങള്‍ ഒരുക്കണം. അശാസ്ത്രീയമായ ശസ്ത്രക്രിയകളും മറ്റും തടയണം. ഇതിനെ നോര്‍മലായി കാണണം.

പാര്‍ശ്വവത്കരിക്കപ്പെടുമ്പോഴാണ് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. എന്റെ അടുത്തേക്ക് ഉപദേശം തേടിവരുന്ന ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ ഞാന്‍ സഹായിക്കാറുണ്ട്. സമൂഹം ഇനിയും മാറാനുണ്ട്. മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നു...