ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹൽ തന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടത്തെക്കുറിച്ചും വിഷാദരോഗത്തോടും മദ്യപാനത്തോടും പൊരുതി ജയിച്ചതിനെക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ്. മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്രയുടെ പോഡ്‌കാസ്റ്റിലാണ് ചാഹൽ മനസ്സ് തുറന്നത്. കൊറിയോഗ്രാഫറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ധനശ്രീ വർമ്മയുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് തന്റെ വ്യക്തിജീവിതവും മാനസികാരോഗ്യവും തകർച്ചയുടെ വക്കിലെത്തിയതെന്ന് താരം വെളിപ്പെടുത്തി.

വിവാഹമോചനത്തിനു ശേഷം നേരിട്ട കടുത്ത മാനസിക സമ്മർദ്ദം മറികടക്കാൻ മദ്യത്തെ അഭയം പ്രാപിക്കുകയായിരുന്നുവെന്ന് ചാഹൽ വ്യക്തമാക്കുന്നു. "ആദ്യമൊക്കെ പാർട്ടികളിലൊക്കെ തമാശയ്ക്കാണ് കുടിച്ചിരുന്നത്. 'ജീവിതത്തിൽ ബാലൻസ് അത്യന്താപേക്ഷിതമാണ്' എന്ന് എബി ഡിവില്ലിയേഴ്സ് ഒരിക്കൽ എന്നോട് പറഞ്ഞിട്ടുണ്ട്. കേൾക്കാൻ എളുപ്പമാണെങ്കിലും അത് പാലിക്കുക പ്രയാസമാണ്. വിവാഹമോചനത്തിനു ശേഷം എന്റെ മാനസിക നില തീർത്തും തകർന്നു. ഈ വഴി മുന്നോട്ട് പോയാൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ക്രിക്കറ്റ് ഇല്ലാതാകുമെന്ന് ഞാൻ തിരിച്ചറിഞ്ഞു," ചാഹൽ വ്യക്തമാക്കി.

തന്റെ ജീവിതവും കരിയറും നശിക്കുമെന്ന ഘട്ടമെത്തിയപ്പോൾ സ്വയം തിരുത്താൻ തീരുമാനിച്ച ചാഹൽ, 26 ദിവസം ഒരു പുനരധിവാസ കേന്ദ്രത്തിൽ (Rehab Centre) താമസിച്ച് ചികിത്സ തേടി. ഈ തീരുമാനം വ്യക്തിജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കിയെന്നും, ഇപ്പോൾ വൈകാരികമായി കൂടുതൽ പക്വതയും ക്രിക്കറ്റിൽ മികച്ച ഫിറ്റ്‌നസും കൈവരിക്കാൻ സാധിച്ചുവെന്നും താരം കൂട്ടിച്ചേർത്തു.

വേർപിരിയൽ ഘട്ടത്തിൽ താൻ നേരിട്ട വ്യാജ പ്രചാരണങ്ങളും സൈബർ ആക്രമണങ്ങളും മാനസികമായി വലിയ തകർച്ചയാണ് ഉണ്ടാക്കിയത്. 40 മുതൽ 45 ദിവസത്തോളം, ദിവസവും രണ്ട് മണിക്കൂർ മാത്രമാണ് ഉറങ്ങാൻ സാധിച്ചിരുന്നതെന്നും, മണിക്കൂറുകളോളം കരയുമായിരുന്നുവെന്നും ചാഹൽ വെളിപ്പെടുത്തി. ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചിന്തകൾ മനസ്സിനെ അലട്ടിയപ്പോൾ സുഹൃത്തുക്കളോടാണ് അത് പങ്കുവെച്ചിരുന്നത്. ഇതിനുപുറമേ 'ചതിച്ചവൻ' എന്ന രീതിയിലുള്ള പ്രചാരണങ്ങളും സോഷ്യൽ മീഡിയയിലെ വേട്ടയാടലുകളും സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കി.

2020 ഡിസംബറിലായിരുന്നു ചാഹലും ധനശ്രീ വർമ്മയും വിവാഹിതരായത്. 2022 ജൂൺ മുതൽ ഇരുവരും മാറി താമസിക്കുകയായിരുന്നു. തുടർന്ന് ബാന്ദ്ര ഫാമിലി കോടതിയിൽ സംയുക്തമായി നൽകിയ ഹർജിയെത്തുടർന്ന് 2025 മാർച്ച് 20-നാണ് വിവാഹമോചനം പൂർത്തിയായത്. കോടതിയുടെ ധാരണപ്രകാരം 4.75 കോടി രൂപ ജീവനാംശമായി നൽകുകയും ചെയ്തു.

വേർപിരിയലിന് പിന്നിൽ പരസ്പരമുള്ള ജീവിതലക്ഷ്യങ്ങളും ജോലിയിലെ തിരക്കുകളുമാണെന്ന് ചാഹൽ മുൻപ് രാജ് ഷമാനിക്ക് നൽകിയ അഭിമുഖത്തിലും വ്യക്തമാക്കിയിരുന്നു. ഇരുവർക്കും സ്വന്തം കരിയറും ലക്ഷ്യങ്ങളുമുള്ളപ്പോൾ സ്വഭാവത്തിൽ ഒത്തുപോകാത്ത സാഹചര്യമുണ്ടായാൽ പരസ്പര ബഹുമാനത്തോടെ വേർപിരിയുന്നതാണ് നല്ലതെന്ന തീരുമാനത്തിലായിരുന്നു ഇരുവരും.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi