ശരീരത്തിന് വിശ്രമം നൽകുന്നതുപോലെ മനസ്സിനും വിശ്രമം ആവശ്യമാണ്. എന്നാൽ മനസ്സിന്റെ ക്ഷീണം മാറ്റാൻ വെറുതെയിരിക്കുകയോ ഫോണിൽ സമയം ചെലവഴിക്കുകയോ മാത്രം ചെയ്താൽ മതിയാകില്ല. യഥാർഥത്തിൽ മനസ്സിന് ആശ്വാസം നൽകുന്ന വിശ്രമം എങ്ങനെയായിരിക്കണം? വിദഗ്ധർ പറയുന്നത് ഇങ്ങനെയാണ്...
മനസ്സിന് വിശ്രമം ആവശ്യമാണെന്ന് എങ്ങനെ തിരിച്ചറിയാം?
ജലദോഷം, പനി തുടങ്ങിയ അസുഖങ്ങൾ വരുമ്പോൾ ശരീരത്തിന് വിശ്രമം വേണമെന്ന് പെട്ടെന്ന് തിരിച്ചറിയാനാകും. എന്നാൽ മാനസികമായും ശാരീരികമായും തളരുമ്പോൾ പലപ്പോഴും അത് തിരിച്ചറിയാതെ പോകുന്നു. പേശികളിലെ മുറുക്കം, തുടർച്ചയായ ക്ഷീണം, മാനസികാവസ്ഥയിലെ മാറ്റങ്ങൾ, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, ഉറക്കത്തിലെ ക്രമക്കേടുകൾ എന്നിവയൊക്കെ വിശ്രമം ആവശ്യമാണെന്നതിന്റെ സൂചനകളാകാം.
വിശ്രമം എന്നത് ജോലികൾ ചെയ്യാതിരിക്കുന്നതോ ശാരീരികപ്രവർത്തനങ്ങൾ ഒഴിവാക്കുന്നതോ മാത്രമല്ല. ശരീരത്തിനും മനസ്സിനും വീണ്ടെടുക്കാനും പിരിമുറുക്കം കുറയ്ക്കാനും ഊർജം വീണ്ടെടുക്കാനുമുള്ള സമയം കൂടിയാണത്.
Also Read
എന്താണ് മൈൻഡ്ഫുൾ റെസ്റ്റ്?
മനസ്സിന്റെയും ശരീരത്തിന്റെയും ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് ബോധപൂർവം വിശ്രമിക്കാൻ സമയം കണ്ടെത്തുന്നതിനെയാണ് മൈൻഡ്ഫുൾ റെസ്റ്റ് എന്നു പറയുന്നത്. ആവശ്യമായ ശാരീരിക ചലനങ്ങളും ശാന്തമായ വിശ്രമവും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്തുകയാണ് ഇതിന്റെ ലക്ഷ്യം.
മാനസികമായി തളർന്നിരിക്കുമ്പോൾ അൽപനേരം ശാന്തമായിരിക്കുക, പതുക്കെ ശ്വസിക്കുക, പ്രകൃതിയിലൂടെ നടക്കുക, ശരീരത്തിലെ പിരിമുറുക്കം കുറയ്ക്കുന്ന ലളിതമായ വ്യായാമങ്ങൾ ചെയ്യുക തുടങ്ങിയവ സഹായകമാകും. ശരീരത്തിന്റെ ആവശ്യങ്ങൾ ശ്രദ്ധിക്കാനും മനസ്സിന് ആശ്വാസം നൽകാനും ഇത്തരം ശീലങ്ങൾ സഹായിക്കും.
ശാരീരിക വിശ്രമം മാനസികക്ഷീണം കുറയ്ക്കുമോ?
ശാരീരികാരോഗ്യവും മാനസികാരോഗ്യവും സാമൂഹിക സാഹചര്യങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ ശരീരത്തിന് ആശ്വാസം നൽകുന്ന പ്രവർത്തനങ്ങൾ മാനസികാവസ്ഥയെയും സ്വാധീനിക്കാം.
ലളിതമായ വ്യായാമങ്ങൾ, ശ്വാസോച്ഛ്വാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കൽ, കുറച്ചുനേരം നിശ്ശബ്ദമായി ഇരിക്കൽ തുടങ്ങിയവ പിരിമുറുക്കം കുറയ്ക്കാനും സമ്മർദത്തെ കൈകാര്യം ചെയ്യാനുള്ള കഴിവ് മെച്ചപ്പെടുത്താനും സഹായിച്ചേക്കാം. എന്നാൽ ഓരോരുത്തർക്കും ആവശ്യമായ വിശ്രമം വ്യത്യസ്തമായിരിക്കും.
ഏത് തരത്തിലുള്ള വിശ്രമമാണ് ആവശ്യം?
ക്ഷീണത്തിന് പിന്നിലെ കാരണം തിരിച്ചറിയുന്നത് ശരിയായ വിശ്രമം തിരഞ്ഞെടുക്കാൻ സഹായിക്കും. ചില പ്രധാന വിശ്രമരീതികൾ ഇവയാണ്.
വൈകാരിക വിശ്രമം: സ്വന്തം വിഷമങ്ങളും വികാരങ്ങളും ഉള്ളിലൊതുക്കി മറ്റുള്ളവരുടെ ആവശ്യങ്ങൾക്കായി നിരന്തരം സമയം ചെലവഴിക്കുമ്പോൾ വൈകാരികമായി തളർന്നേക്കാം. എല്ലാം ശരിയാണെന്ന് പുറമേ കാണിച്ചാലും ഉള്ളിൽ സമ്മർദം അനുഭവപ്പെടുന്നുണ്ടോ എന്ന് സ്വയം ചോദിക്കാം. വിശ്വസിക്കുന്ന സുഹൃത്തിനോട് മനസ്സുതുറന്ന് സംസാരിക്കുക, സ്വന്തം വികാരങ്ങൾ തിരിച്ചറിയുക, ആവശ്യമായാൽ മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടുക എന്നിവ വൈകാരികമായ ഭാരം കുറയ്ക്കാൻ സഹായിക്കും.
ഇന്ദ്രിയങ്ങൾക്ക് വിശ്രമം: ഫോണിലെ നോട്ടിഫിക്കേഷനുകൾ, തുടർച്ചയായ സ്ക്രീൻ ഉപയോഗം, കമ്പ്യൂട്ടറിനു മുന്നിലെ ദീർഘനേരത്തെ ജോലി എന്നിവ മനസ്സിനെയും ഇന്ദ്രിയങ്ങളെയും അമിതമായി ഉത്തേജിപ്പിക്കാം. ഇടയ്ക്കിടെ ഫോണും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും മാറ്റിവയ്ക്കുക. ആവശ്യമില്ലാത്ത നോട്ടിഫിക്കേഷനുകൾ ഓഫ് ചെയ്യുക. വെളിച്ചം കുറച്ച് ശാന്തമായ അന്തരീക്ഷത്തിൽ സമയം ചെലവഴിക്കുക. പ്രകൃതിയിലൂടെ നടക്കുകയോ കുറച്ചുനേരം നിശ്ശബ്ദത ആസ്വദിക്കുകയോ ചെയ്യുന്നതും സഹായകമാണ്.
സാമൂഹിക വിശ്രമം: സുഹൃത്തുക്കളുമായുള്ള സംഭാഷണങ്ങളും കുടുംബപരമായ ഉത്തരവാദിത്തങ്ങളും ജോലിയിലെ മീറ്റിങ്ങുകളും ചിലപ്പോൾ അമിതമായി തോന്നാം. എല്ലാവരോടും ഇടപഴകാൻ നിരന്തരം ശ്രമിക്കുന്നത് ക്ഷീണം വർധിപ്പിച്ചേക്കാം. ഇത്തരം സാഹചര്യങ്ങളിൽ സാമൂഹിക ഇടപെടലുകൾക്ക് ഇടവേള നൽകാം. എല്ലാ ക്ഷണങ്ങളും സ്വീകരിക്കേണ്ടതില്ല. മനസ്സിന് സന്തോഷവും ആശ്വാസവും നൽകുന്ന ബന്ധങ്ങൾക്ക് കൂടുതൽ സമയം കണ്ടെത്തുകയും ആവശ്യമായപ്പോൾ വ്യക്തിപരമായ ഇടം അനുവദിക്കുകയും ചെയ്യാം.
മാനസിക വിശ്രമം: ഒരേസമയം നിരവധി കാര്യങ്ങൾ ചെയ്യുക, എല്ലാ ജോലികളും കൃത്യമായും വേഗത്തിലും പൂർത്തിയാക്കണമെന്ന് ചിന്തിക്കുക, ഭാവിയെക്കുറിച്ച് നിരന്തരം ആശങ്കപ്പെടുക എന്നിവ മനസ്സിനെ തളർത്തും. ജോലികൾക്ക് മുൻഗണന നിശ്ചയിക്കുക. എല്ലാം ഒരേസമയം ചെയ്യാൻ ശ്രമിക്കാതെ ഓരോ കാര്യമായി പൂർത്തിയാക്കുക. ഇടയ്ക്കിടെ ചെറിയ ഇടവേളകളെടുക്കുക. ധ്യാനവും ശ്വാസോച്ഛ്വാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പരിശീലനങ്ങളും മനസ്സിന് ആശ്വാസം നൽകാൻ സഹായിച്ചേക്കാം.
വിശ്രമത്തെക്കുറിച്ചുള്ള ചില തെറ്റിദ്ധാരണകൾ
ടിവി കാണുന്നതും ഫോണിൽ സ്ക്രോൾ ചെയ്യുന്നതും മനസ്സിന് വിശ്രമം നൽകുന്ന മാർഗങ്ങളാണെന്നാണ് പലരും കരുതുന്നത്. എന്നാൽ ഇത്തരം പ്രവർത്തനങ്ങൾ എപ്പോഴും മാനസിക ക്ഷീണം കുറയ്ക്കണമെന്നില്ല. തുടർച്ചയായി പുതിയ വിവരങ്ങളും ചിത്രങ്ങളും വീഡിയോകളും കാണുന്നത് തലച്ചോറിനെ സജീവമായി നിലനിർത്തും. അതിനാൽ ശരീരത്തിന് വിശ്രമം ലഭിച്ചാലും മനസ്സിന് പൂർണമായ ആശ്വാസം ലഭിക്കണമെന്നില്ല.
അതുപോലെ, വെറുതെയിരിക്കുകയോ കിടക്കുകയോ ചെയ്യുന്നതുകൊണ്ടുമാത്രം മനസ്സ് ശാന്തമാകണമെന്നില്ല. ഉറങ്ങുമ്പോഴും വിശ്രമിക്കുമ്പോഴും ചിന്തകളും ആശങ്കകളും തുടരാനിടയുണ്ട്.
വിശ്രമമെന്നത് ചെയ്യേണ്ട മറ്റൊരു ജോലിയായി കാണുന്നതും ഒഴിവാക്കണം. ചെയ്യേണ്ട കാര്യങ്ങളുടെ പട്ടികയിൽ വിശ്രമം കൂടി ഉൾപ്പെടുത്തി അതും കൃത്യമായി പൂർത്തിയാക്കാൻ ശ്രമിക്കുന്നത് സമ്മർദം വർധിപ്പിക്കും. പകരം, ആ സമയത്ത് ശരീരത്തിനും മനസ്സിനും എന്താണ് ആവശ്യമെന്ന് തിരിച്ചറിയുകയാണ് പ്രധാനം.
ദിവസവും മനസ്സിന് വിശ്രമം നൽകാം
മാനസിക ക്ഷീണം അതിരുകടക്കുന്നതുവരെ കാത്തിരിക്കാതെ ദിവസവും ചെറിയ ഇടവേളകൾ എടുക്കുന്നത് നല്ലതാണ്. ഇതിനായി വലിയ മാറ്റങ്ങളൊന്നും ആവശ്യമില്ല.
സ്ക്രീനിൽനിന്ന് ഇടവേള: മുഴുവൻ സമയവും ഫോണും കമ്പ്യൂട്ടറും ഉപയോഗിക്കാതെ ചെറിയൊരു ബ്രേക്ക് എടുക്കുക.
ശ്വാസത്തിൽ ശ്രദ്ധിക്കാം: കുറച്ചുനേരം പതുക്കെ ശ്വസിക്കുകയും ശ്വാസോച്ഛ്വാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുക.
നടക്കാൻ സമയം കണ്ടെത്താം: രാവിലെയോ വൈകുന്നേരമോ പ്രകൃതിയിലൂടെ ചെറിയ നടത്തം ശീലമാക്കാം.
ഉറക്കത്തിന് പ്രാധാന്യം നൽകാം: എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങാനും ഉണരാനും ശ്രമിക്കുക. മുതിർന്നവർക്ക് പൊതുവെ ഏഴ് മുതൽ ഒൻപത് മണിക്കൂർ വരെ ഉറക്കം ആവശ്യമാണ്.
ജോലികൾക്കിടയിൽ ഇടവേള: തുടർച്ചയായി ജോലി ചെയ്യാതെ ഇടയ്ക്ക് എഴുന്നേറ്റ് നടക്കുകയോ അൽപനേരം വിശ്രമിക്കുകയോ ചെയ്യാം.
സ്വന്തം ഇഷ്ടങ്ങൾക്കായി സമയം: വായന, സംഗീതം കേൾക്കൽ, പൂന്തോട്ടപരിപാലനം തുടങ്ങി മനസ്സിന് സന്തോഷം നൽകുന്ന കാര്യങ്ങൾക്കായി സമയം കണ്ടെത്താം.
വിശ്രമം എന്നത് എല്ലാ കാര്യങ്ങളിൽനിന്നും ഒഴിഞ്ഞുമാറലല്ല. വീണ്ടും ഉന്മേഷത്തോടെ ദൈനംദിന ജീവിതത്തിലേക്ക് മടങ്ങാൻ മനസ്സിനും ശരീരത്തിനും അവസരം നൽകുന്നതാണ്.
എപ്പോഴാണ് വിദഗ്ധസഹായം തേടേണ്ടത്?
മതിയായ ഉറക്കവും വിശ്രമവും ലഭിച്ചിട്ടും മാനസിക ക്ഷീണം മാറുന്നില്ലെങ്കിൽ അതിനെ അവഗണിക്കരുത്. ക്ഷീണം രണ്ടാഴ്ചയിലധികം തുടരുകയോ ജോലി, കുടുംബജീവിതം, വ്യക്തിബന്ധങ്ങൾ തുടങ്ങിയ ദൈനംദിന കാര്യങ്ങളെ ബാധിക്കുകയോ ചെയ്താൽ ഡോക്ടറുടെയോ മാനസികാരോഗ്യ വിദഗ്ധന്റെയോ സഹായം തേടുന്നത് നല്ലതാണ്.
ഉത്കണ്ഠ, വിഷാദം, ഉറക്കപ്രശ്നങ്ങൾ എന്നിവയ്ക്കൊപ്പം ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിലും വിദഗ്ധോപദേശം ആവശ്യമാണ്. മാനസിക ക്ഷീണത്തിന് പല കാരണങ്ങളുണ്ടാകാം. അതിനാൽ വിശ്രമംകൊണ്ടുമാത്രം പരിഹരിക്കാമെന്ന് കരുതാതെ ആവശ്യമായ പരിശോധനയും ചികിത്സയും തേടണം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 26 Oct 2026, 01:16 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented