'നോട്ടി ഫോര്‍ട്ടി' എന്നൊരു കളിതമാശയുണ്ട് പെണ്ണുങ്ങളെ സംബന്ധിച്ചു പറയുമ്പോള്‍. പെണ്ണുങ്ങള്‍ നാല്‍പതുകടന്നാല്‍ അല്പം വികൃതികള്‍ തുടങ്ങുമത്രേ. ശരീരം കൊണ്ടുള്ള വികൃതികളായതിനാല്‍ തന്നെ അത് പിടിച്ചിടത്ത് നിന്നുകൊള്ളണമെന്നില്ല എന്ന സ്ഥിതിയിലാകും കാര്യങ്ങള്‍. എന്താണ് നാല്‍പതില്‍ പെണ്ണുങ്ങള്‍ക്ക് സംഭവിക്കുന്നത്?

ഭൗതികമായ കാരണങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ ഒരു പെണ്ണിന്റെ ജീവിതചക്രവും വിശദമാക്കേണ്ടതുണ്ട്. വര്‍ത്തമാനകാലത്തെ ട്രെന്റ് പ്രകാരം ശരാശരി ഇരുപത്തിയഞ്ച് വയസ്സിനുള്ളില്‍ ഒരു പെണ്‍കുട്ടി വിവാഹിതയാവുന്നു. ഇരുപത്തിയെട്ട് വയസ്സിനുള്ളില്‍ ആദ്യപ്രസവം. ആദ്യത്തെ മൂന്നു വര്‍ഷത്തെ ദാമ്പത്യബന്ധം എന്നത് ലൈംഗികബന്ധത്തിന്റെ തുടക്കനാളുകളാണ്. സ്നേഹവും വിധേയത്വവും പുതിയ ജീവിതസാഹചര്യത്തോടുള്ള ചേര്‍ന്നുപോകലും എല്ലാംകൊണ്ടും ആണിനേക്കാള്‍ പെണ്ണാണ് പ്രാരംഭകാലത്ത് ലൈംഗികബന്ധത്തില്‍ അഡ്ജസ്റ്റ് ചെയ്യുന്നത്.  ഒരുപക്ഷേ, മാസങ്ങള്‍ കഴിഞ്ഞാകും രതിമൂര്‍ച്ഛ എന്തെന്ന് സ്ത്രീ മനസ്സിലാക്കുന്നതും ആസ്വദിക്കുന്നതും. 

പിന്നെയുള്ള വര്‍ഷങ്ങള്‍ കുട്ടികള്‍ക്കായി മാറ്റിവെക്കപ്പെട്ടവയാണ്. അവരുടെ പരിപാലനവും ഉദ്യോഗസ്ഥരായ അമ്മമാരാണെങ്കില്‍ ഓഫീസ് സംബന്ധമായ വിഷയങ്ങളും... ഇവയ്ക്കിടയിലുള്ള നെട്ടോട്ടമാണ് മിക്കവരുടെയും ജീവിതത്തില്‍ നടക്കുന്നത്. മാത്രമല്ല, പ്രസവശേഷം അമ്മയും കുഞ്ഞുമാണ് കട്ടിലിന്റെ സിംഹഭാഗം കവര്‍ന്നെടുക്കുന്നത്. അപ്പോള്‍ വല്ലപ്പോഴും മാത്രം സംഭവിക്കുന്ന ഒരു ചടങ്ങായി സെക്സ് മാറുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ അല്പം കൂടി മുന്നോട്ടു നീങ്ങുമ്പോള്‍ സംഗതികള്‍ക്ക് ഒരു 'പാരഡൈം ഷിഫ്റ്റ്' സംഭവിക്കുന്നു. കിടപ്പറയിലെ മുല്ലപ്പൂവിപ്ളവം പോലെ സെക്സ് പ്രധാന വിഷയമായി കടന്നുവരികയായി. 
  
നാല്‍പ്പതിന് മുമ്പ്
കുട്ടികളെ തങ്ങള്‍ക്കൊപ്പം കിടത്തിയുറക്കുന്ന ദമ്പതികളില്‍ പലരും സെക്സിലേര്‍പ്പെടുമ്പോള്‍ പാതി മനസ്സ് മാത്രമേ ആസ്വാദനത്തിന് കൊടുക്കാറുള്ളൂ. ബാക്കി ടെന്‍ഷന്‍ മുഴുവന്‍ മക്കള്‍ ഉണരുമോ എന്നതിനെക്കുറിച്ചാണ്. സെക്സ് എന്നത് തികച്ചും കുട്ടികളില്‍ നിന്നും ഒളിച്ചുവെക്കേണ്ട ഒന്നാണെന്ന ബോധവും നമ്മെ ഭരിക്കുന്നുണ്ട്. അപ്പോള്‍ ഫോര്‍പ്ലേകളില്ലാതെ, ഡയറക്ട് ഇന്‍സേര്‍ഷന്‍ എന്ന പ്രക്രിയ മാത്രമായ, തികച്ചും ജൈവികമായി മാറുന്നു ലൈംഗികബന്ധം. 

ഒരു കുഞ്ഞുണ്ടായി കൃത്യമായ ഇടവേള അടുത്ത കുഞ്ഞിനായി പ്ലാന്‍ ചെയ്യുന്നവരാകട്ടെ സുരക്ഷിതസമയങ്ങളില്‍ മാത്രം ശരീരത്തെ തൃപ്തിപ്പെടുത്തുക എന്ന സമവായത്തത്തിലേക്കു നീങ്ങുന്നു. സ്ത്രീയുടെ ലൈംഗികോത്തേജനം ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന ഓവുലേഷന്‍ സമയങ്ങളില്‍ പലപ്പോഴും സെക്സ് ആസ്വദിക്കപ്പെടാതെ പോകുകയും ചെയ്യുന്നു. 

ഏതാണ്ട് ഒരു പത്തു വയസ്സെങ്കിലും കുട്ടികള്‍ക്കെത്തിയാലാണ് അവര്‍ക്ക് സ്വന്തമായൊരു മുറി എന്ന കാഴ്ചപ്പാടിലേക്ക് മാതാപിതാക്കള്‍ ചിന്തിക്കാന്‍ തയ്യാറാവുന്നത്. ഇരുപത്തിയഞ്ചില്‍ വിവാഹിതയായ ഒരു പെണ്‍കുട്ടി അമ്മയായതിനുശേഷം വീണ്ടും ഭര്‍ത്താവും താനും മാത്രമുള്ള മുറിയിലേക്ക്, ലോകത്തേക്ക് വരുന്നത് അവളുടെ ദാമ്പത്യജീവിതത്തിലെ പത്തുവര്‍ഷത്തിനുശേഷമാണ്. അപ്പോള്‍ ഏതാണ്ട് മുപ്പത്തഞ്ചിലെത്തുന്നു നമ്മുടെ നായിക. ഇനിയുമുണ്ട് അഞ്ച് വര്‍ഷം വികൃതിവയസ്സിലെത്താന്‍. അതിന് മറ്റൊരു കാരണം കൂടിയുണ്ട്. രണ്ടാമതൊരു കുഞ്ഞ് എന്ന ചിന്ത തുടങ്ങുക ഒരു പക്ഷേ ആദ്യത്തെ കുട്ടിക്ക് ഏഴോ എട്ടോ വയസ്സുള്ളപ്പോഴായിരിക്കും. പദ്ധതി പിന്നെയും പാളുന്നു. 

അമ്മമാര്‍ രണ്ടാമതും പ്രസവിക്കുമ്പോഴാണ് നമ്മുടെ വൈകാരിക കുടുംബപശ്ചാത്തലത്തില്‍ നിന്നും, അമ്മയുടെ പക്കല്‍ നിന്നും കുട്ടിയെ മാറ്റിക്കിടത്താന്‍ ശീലിക്കുന്നത്. അപ്പോഴേക്കും മുറിയില്‍ അടുത്ത അതിഥി സ്ഥാനം പിടിച്ചിട്ടുണ്ടാകും. ആ കുഞ്ഞിനെയും കൂടി പതുക്കെ മുറിമാറ്റി കിടത്താന്‍ പ്രാപ്തിയാക്കുമ്പോഴേക്കും വീണ്ടും കടന്നുപോയിരിക്കും അടുത്ത അഞ്ചു വര്‍ഷം കൂടി. 
 
നാല്‍പതും കിടപ്പറയും
കുഞ്ഞുങ്ങളെ സെറ്റിലാക്കി പതുക്കെ നമ്മുടെ നായിക നാല്‍പതിലേക്ക് പ്രവേശിക്കുകയാണ്. അത്രയും കാലത്തെ ജീവിതത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായി സെക്സില്‍ മുന്‍കൈയെടുക്കാനൊരുങ്ങുന്ന ഈ കാലയളവില്‍ ആത്മരതിയും ആത്മാഭിമാനവും ഏറ്റുമുട്ടാനൊരുങ്ങും. അതിന് അവളെ സഹായിക്കുന്നതാവട്ടെ ഈസ്ട്രജന്‍ ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചിലുകളും നേരവും കാലവും നോക്കാതെയുള്ള ശരീരത്തിന്റെ ഓക്സിറ്റോസിന്‍, വാസോപ്രസിന്‍ ഉത്പാദനങ്ങളുമാണ്

അവള്‍ 'ഐ നീഡ് സെക്സ്' എന്ന് പങ്കാളിയുടെ മുഖത്ത് നോക്കി പറയാനുള്ള സ്വാതന്ത്ര്യമെടുക്കും. ഈ തുറന്ന ആവശ്യം പലപ്പോഴും യാഥാസ്ഥിതിക പുരുഷപങ്കാളിക്കേല്‍പ്പിക്കുന്ന പ്രഹരമാണ്. 'താന്‍ കണ്ടറിഞ്ഞു തരുന്നതും പോരാഞ്ഞ് വീണ്ടും ആവശ്യങ്ങളോ?' ദാമ്പത്യജീവിതത്തിലെ ആദ്യത്തെ ഒരു ദശകം പെണ്ണിനെ സംബന്ധിച്ചിടത്തോളം പലപ്പോഴും തന്റെ ഭര്‍ത്താവിന് അനുവദിച്ചുകൊടുക്കപ്പെട്ട മേല്‍ക്കോയ്മയെ മൗനമായി അംഗീകരിച്ചു ജീവിക്കാനുള്ള കാലങ്ങളായിട്ടാണ് മനഃശാസ്ത്രം പറയുന്നത്. എന്നാല്‍ കാലം കഴിയും തോറും സ്ത്രീ തന്റെ മേല്‍ക്കോയ്മ സ്ഥാപിച്ചെടുക്കുന്നു. അതിന് പ്രധാനപ്പെട്ട കാരണം മക്കളുടെ സ്വയം പര്യാപ്തതയാണ്. കുട്ടികള്‍ തങ്ങളുടെ കാര്യങ്ങള്‍ സ്വയം ചെയ്യാന്‍ തുടങ്ങുന്നതുമുതല്‍ മാനസികമായും ശാരീരികമായും അമ്മ സ്വതന്ത്രയാവുന്നു. വസ്ത്രധാരണത്തിലും ശരീരസൗന്ദര്യത്തിലും വ്യക്തിത്വ വികാസത്തിലും സ്ത്രീ കൂടുതല്‍ ശ്രദ്ധകൊടുക്കുന്നു. മറ്റുള്ളവരുടെ ആകര്‍ഷണകേന്ദ്രമായി മാറുകയും ചെയ്യുന്നു. 

സ്പര്‍ശം
അനുഭവസുഖങ്ങളില്‍ ഏറ്റവും മനോഹരമായതും മഹത്തായതുമായി വാഴ്ത്തപ്പെടുന്ന ഒന്നാണ് സ്പര്‍ശം. ലൈംഗികമായ സ്പര്‍ശങ്ങളില്‍ മടുപ്പുളവാക്കും വിധം ക്ലീഷേകള്‍ അനുഭവപ്പെടുമ്പോള്‍ പുതിയ സ്പര്‍ശങ്ങളെ സ്ത്രീയോ പുരുഷനോ എന്ന വ്യത്യാസമില്ലാതെ അനുവദിച്ചുകൊടുക്കുന്നു എന്നത് യാഥാര്‍ഥ്യമാണ്. അത്തരം സ്പര്‍ശങ്ങളും, സുഖങ്ങളും തേടിയുള്ള പ്രയാണത്തെയാണ് 'നോട്ടി ഫോര്‍ട്ടി' എന്നു പേരിട്ടിരിക്കുന്നത്. 

സ്ത്രീകളുടെ ശാരീരികവും മാനസികവുമായ അവസ്ഥയെ തിരിച്ചറിയാന്‍ സാധിക്കുന്ന പങ്കാളിക്ക് ആ നാല്‍പതുകളെ അതിമനോഹരമാക്കി മാറ്റാന്‍ കഴിയും. ശരീരം നിരന്തരം ലാളനകള്‍ ആഗ്രഹിക്കുന്നുണ്ടെന്ന തിരിച്ചറിവില്‍ പെണ്‍ നാല്‍പതുകളെ കൊണ്ടാടാന്‍ കഴിയുക അവരുടെ ജീവിതപങ്കാളിക്കാണ്. 'നര തുടങ്ങുന്ന കാലത്തെ ഇളക്കം' എന്ന് പരിഹസിക്കാതെ സ്ത്രീകളുടെ ഹോര്‍മോണ്‍ വ്യതിയാനങ്ങളെക്കുറിച്ച് കൃത്യമായ ധാരണ ആദ്യം സ്വായത്തമാക്കുക എന്നതാണ് മികച്ചമാര്‍ഗം. 

ഫോര്‍പ്ലേകള്‍ ലൈംഗികാസ്വാദനത്തിലെ മുഖ്യഘടകമായി മാറുന്നതും ഈ കാലത്താണ്. ശരീരത്തിന്റെ ഓരോ അണുവിനെയും ത്രസിപ്പിക്കുന്ന, ഓരോ നിമിഷവും ഉണര്‍ത്തിക്കൊണ്ടേയിരിക്കുന്ന 'റൊമാന്റിക് സെക്സ്' സജീവമാകുന്നത് പെണ്‍നാല്പതുകളിലാണ്. ശാരീരികമായും മാനസികമായും സ്വാതന്ത്ര്യമനുഭവിക്കുന്നവളുടെ തേജസ്സായി സെക്സ് ഉയര്‍ത്തപ്പെടുന്നു. മാത്രമല്ല, ജീവിതപങ്കാളിയോട് അത്രമേല്‍ സ്നേഹവും വൈകാരികതയും സ്ത്രീ തിരികെ കൊണ്ടുവരുന്നതും അവളുടെ നാല്പതുകളിലാണ്. അതേ സമയം തന്നെ പെണ്ണിന്റെ തുറന്നുകാട്ടലുകളോട് മുഖം തിരിക്കുന്ന ഭര്‍ത്താവിനെ പാടെ തിരസ്‌കരിച്ചുകൊണ്ട് പുതിയൊരു പങ്കാളിയെ തിരഞ്ഞെടുക്കാനും സ്ത്രീ മടിക്കുന്നില്ല.  

വന്ധ്യംകരണം
ഫാമിലി പ്ലാനിങ്ങില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണല്ലോ വന്ധ്യംകരണം. തങ്ങള്‍ പ്ലാന്‍ ചെയ്ത പ്രകാരം കുട്ടികളായാല്‍ അനവസരത്തില്‍ ഗര്‍ഭധാരണം നടക്കുമോ എന്ന ഭയം ഉണ്ടാവുന്നില്ല. സ്ത്രീയോ പുരുഷനോ ആവട്ടെ വന്ധ്യംകരണത്തിന് വിധേയമാകുന്ന പ്രായവും ഏതാണ്ട് നാല്‍പതിനോടടുത്തായിരിക്കും. അതിന്റെ കാരണം രണ്ടാമത്തെ കുഞ്ഞിന്റെ ലേറ്റ് എന്‍ട്രി ആണ്. മുപ്പത്തിയഞ്ചില്‍ വന്ധ്യംകരണത്തിന് വിധേയമാക്കപ്പെടുന്ന സ്ത്രീ സ്വാഭാവികമായും തന്റെ രണ്ടാമത്തെ പ്രസവത്തോടെയാണ് അത് ചെയ്യുന്നത്. പിന്നീടുളള അഞ്ച് വര്‍ഷം രണ്ടാമത്തെ കുട്ടിയുടെ പരിപാലനത്തിനായി മാറ്റിവെക്കപ്പെടുമ്പോള്‍ അവളുടെ പ്രയാണം തുടങ്ങുക നാല്‍പതിലായിരിക്കും. 

സിനിമ കാണുക, വിനോദയാത്രകള്‍ പോകുക, സംഗീതം ആസ്വദിക്കുക, പൂന്തോട്ടം നിര്‍മിക്കുക, വീട് അലങ്കരിക്കുക, പാചകപരീക്ഷണങ്ങള്‍ ചെയ്യുക, സ്വന്തമായി ബിസിനസ് സംരംഭം തുടങ്ങുക തുടങ്ങി എല്ലാ മേഖലകളെയും എത്തിപ്പിടിക്കാനുള്ള സ്ത്രീയുടെ ത്വര ആരംഭിക്കുന്നതും  ഈ നാല്പതിലാണ്. ജീവിതം വര്‍ണാഭമായി അനുഭവപ്പെടുന്നതോടെ, മനസ്സില്‍ സന്തോഷം നിറയുന്നതോടെ ശരീരത്തിലെ ഓക്സിറ്റോസിനും വാസോപ്രസിനും വെറുതെയിരിക്കാനാവില്ല. മനുഷ്യന്റെ ലൈംഗികചോദനകളുടെ സ്റ്റിയറിങ്ങായി വിശേഷിക്കപ്പെടുന്ന 'ലിബിഡോ' വേണ്ടതിലധികം തഴച്ചുവളരാനുള്ള സാഹചര്യവും ഇതുമൂലം വന്നുചേരുന്നു. 

മാനസികമായും ശാരീരികമായും സാമൂഹികമായുമുള്ള ഘടകങ്ങള്‍ സ്ത്രീയ്ക്ക് അനുകൂലമാകുമ്പോള്‍ പ്രാഥമിക സെക്സ് ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണും ശരീരത്തിന്റെയും മനസ്സിന്റെയും ഇടനിലക്കാരനായ ഡോപ്പമിനും ആണ് ലിബിഡോയെ നിയന്ത്രിക്കുന്നത്. സാഹചര്യങ്ങള്‍ അനുകൂലമാകുമ്പോള്‍ ഈ രണ്ട് ഹോര്‍മോണുകളും കൂടി ഹൈപ്പര്‍ സെക്ഷ്വാലിറ്റിയിലേക്ക് നയിക്കുന്നു. തന്റെ പങ്കാളിയില്‍ അത്രയധികം വിശ്വാസവും സ്നേഹവും സ്ത്രീ നല്‍കുമ്പോള്‍ നേരമോ കാലമോ ഇല്ലാതെയുള്ള ലൈംഗികബന്ധം അവള്‍ ആഗ്രഹിക്കുകയോ പ്രകടിപ്പിക്കുകയോ ചെയ്യുന്നു. അത്തരം സാധ്യതകള്‍ അടഞ്ഞുപോകുമ്പോള്‍ ചിലരെങ്കിലും മുന്‍പിന്‍ നോക്കാതെയുള്ള വിവാഹേതരബന്ധങ്ങളിലേക്ക് വീണ് പോകാം. ആര്‍ത്തവവിരാമം നാല്‍പതുകളുടെ ആരംഭത്തില്‍ തന്നെ സംഭവിക്കുന്നു എന്ന പഠനം ചൂണ്ടിക്കാണിക്കുന്നത് മുപ്പത്തിയഞ്ച് വയസ്സ് മുതല്‍ തന്നെ സ്ത്രീകള്‍ തങ്ങളുടെ സ്വതന്ത്രലൈംഗികതയെപ്പറ്റി ചിന്തിച്ചു തുടങ്ങുന്നു എന്നാണ്. അഞ്ചു കൊല്ലം നേരത്തെ തന്നെ സ്ത്രീകള്‍ എക്സ്പ്ലോറിങ് തിരഞ്ഞെടുക്കുന്നു എന്നര്‍ഥം. 

പെരിമെനപ്പോസ്
ആര്‍ത്തവവിരാമം സംഭവിക്കുന്നതിനു മുമ്പേ സ്ത്രീശരീരത്തില്‍ സംജാതമാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളെയാണ് 'പെരിമെനപ്പോസ്' എന്നുപറയുന്നത്. ഓവറികള്‍  ഈസ്ട്രജന്‍ ഉത്പാദനത്തിന്റെ അളവ് കുറക്കുന്നു. ഓവറികള്‍ അണ്ഡോത്പാദനം പതിയെ നിര്‍ത്തുന്നു. ലൂബ്രിക്കേഷന്‍ കുറയുകയും സ്പര്‍ശം, പെനിട്രേറ്റഡ് സെക്ഷ്വല്‍ ഇന്റര്‍കോഴ്സ് തുടങ്ങിയവയോട് താല്‍പര്യമില്ലാതാവുകയും ചെയ്യുന്നു. ആര്‍ത്തവ വിരാമംവരെയുള്ള കാലത്തെയാണ് 'പെരിമെനപ്പോസ് കാലം' എന്നു പറയുന്നത്. ടെസ്റ്റോസ്റ്റിറോണ്‍ അത്രയും കാലം സ്ഥിരമാണെങ്കില്‍,ടെസ്റ്റോസ്റ്റിറോണിന് ഒരു ഉത്തേജനം ലഭിക്കുന്നത് പോലെയാണ് ഇത്. അവിടെ ശരീരം ഉയര്‍ന്ന അളവിലുള്ള പ്രോജസ്റ്ററോണ്‍, ടെസ്റ്റോസ്റ്റിറോണ്‍ എന്നിവ ഉത്പാദിപ്പിക്കുന്നു. എന്നിരുന്നാലും അണയാന്‍ പോകുന്ന തിരിയുടെ ആളിക്കത്തലെന്നവണ്ണം ഏറിയുംകുറഞ്ഞുമിരിക്കുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഒരു നിശ്ചിതശതമാനം സ്ത്രീകളെയും ഹൈപ്പര്‍ സെക്ഷ്വാലിറ്റിയിലേക്കാണ് നയിക്കുന്നത്.

സ്ത്രീകള്‍ തങ്ങളുടെ നാല്പതുകളിലേക്ക് അടുക്കുമ്പോള്‍, തങ്ങളോടും പങ്കാളിയോടും വിമോചനബോധം അനുഭവിച്ചേക്കാം. ഇത് അവരുടെ  ലൈംഗികതയും പ്രതികരണശേഷിയും ഉയര്‍ത്തുന്നു. അവര്‍ ലൈംഗികത സ്വയം പ്രകടിപ്പിക്കാനും സ്വയം പരിപാലിക്കാനും തുടങ്ങുന്നു. വ്യക്തിപരമായ ലൈംഗികതയെക്കുറിച്ചുള്ള സ്ത്രീകളുടെ സ്വാവബോധം ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കാലമായി നാല്‍പതുകള്‍ മാറുന്നു. അതേ സമയം എല്ലായ്പ്പോഴും ഉയര്‍ന്ന ലിബിഡോ ഉള്ള ഒരാളാണെങ്കില്‍, ഹോര്‍മോണ്‍ വ്യതിയാനം ഒട്ടും ബാധിക്കുന്നുമില്ല.