
“കുഞ്ഞുനാളിൽ ട്രാൻസ് വ്യക്തികളെ ഭയന്നയാളാണ് ഞാൻ. ചിലരെ കണ്ട് തിരിഞ്ഞോടിയ സംഭവങ്ങളുണ്ട്. സമൂഹം അങ്ങനെയാണല്ലോ നമുക്കുതന്ന ചിത്രം. കൊല്ലത്ത് ഇത്താത്തയുടെ വീട്ടിലേക്ക് ട്രെയിനിൽ പോകുംവഴിയാണ് ആദ്യമായി ട്രാൻസ്ജെൻഡറുകളെ അടുത്തു പരിചയപ്പെടുന്നത്. അവരെന്നെ കൈകാട്ടി വിളിച്ചു, കാര്യങ്ങൾ ചോദിച്ചു. കൗമാരത്തിലൂടെ കടന്നുപോവുന്ന എന്റെ വേഷവും പെരുമാറ്റവും കണ്ടപ്പോൾ എന്തോ മനസ്സിലായിക്കാണണം. പച്ചയായ മനുഷ്യർ തന്നെയാണവരുമെന്ന് ഞാനറിഞ്ഞു. എപ്പോഴും കുതറിച്ചെറിച്ച എന്റെ മനസ്സിന്റെ പ്രശ്നം ഞാൻ വൈകാതെ ഉൾക്കൊണ്ടു. അതെ, ഞാനും അവരിലൊരാൾ തന്നെ.”- പുരുഷനിൽ നിന്ന് സ്ത്രീയിലേക്കുള്ള തന്റെ യാത്രയെക്കുറിച്ച് നർത്തകിയും ട്രാൻസ് വനിതയുമായ സിയ പവൽ പറയുന്നു. ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ പുരുഷ ഗർഭധാരണത്തിലൂടെ ശ്രദ്ധനേടിയ സഹദാണ് സിയയുടെ ജീവിതപങ്കാളി. ഇരുവർക്കും അഞ്ചുമാസം പ്രായമുള്ള കുഞ്ഞുണ്ട്.
'വേഷംകെട്ടി കുറേയാളുകൾ നടക്കുന്നുണ്ട്, അതുപോലെ നീയുമാവും’ കുടുംബത്തിലെ കുറ്റപ്പെടുത്തലുകൾ
ഒരു ട്രാൻസ് ലൈഫ് ആണ് ജീവിക്കാൻ പോകുന്നതെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല. ഫോണിൽ കേട്ടാൽ എന്റേത് പെൺശബ്ദമായേ തോന്നു. ‘നീയെന്താ പെണ്ണുങ്ങളെപ്പോലെ സംസാരിക്കുന്നത്, പെണ്ണുങ്ങളെപ്പോലെ നടക്കുന്നതെന്നൊ’ക്കെ പലരും ചോദിക്കും. ഞാനൊരിക്കലും അങ്ങനെ ശ്രമിച്ചിട്ടില്ല. എന്റെ ശബ്ദം, നടത്തം ഒക്കെ അങ്ങനെയാണ്. പെൺ വസ്ത്രങ്ങളായിരുന്നു ഇഷ്ടം. ‘ഇങ്ങനെ കുറേ പേർ നടക്കുന്നുണ്ട്. അതുപോലെ നീയുമാവും’ എന്നൊക്കെ കുടുംബത്തിനുള്ളിൽ നിന്ന് പഴികേട്ടു. ഇങ്ങനെയൊരു സമൂഹത്തെപ്പറ്റി അന്നെനിക്ക് അറിയില്ലായിരുന്നു.
Also Read

ഉമ്മയുടെ മരണത്തോടെ വീട്ടിൽ നിന്നിറങ്ങി
ചെറുപ്പത്തിലേ പെൺവേഷത്തിൽ ഡാൻസ് ചെയ്തിട്ടുണ്ട്. നാട്ടുകാർക്കൊക്കെ അറിയാം ഞാൻ ഡാൻസ് ചെയ്യുന്നയാളാണെന്ന്. പക്ഷേ, ഒരു ഗുരുവിന്റെ കീഴിലൊന്നും പഠിച്ചിരുന്നില്ല. മറ്റിടങ്ങളിൽ പഠിപ്പിക്കുന്നത് നോക്കിനിന്നും വീഡിയോ കണ്ടുമൊക്കെ കുറേ പഠിച്ചെടുത്തു. സ്റ്റേജിൽ പ്രോഗ്രാം ചെയ്യുമായിരുന്നു. വീട്ടിലായിരുന്ന സമയത്ത് കലോത്സവത്തിൽ പങ്കെടുക്കുന്ന കുട്ടികളെ നൃത്തം പഠിപ്പിക്കും. ഉമ്മയുടെ മരണശേഷം എനിക്ക് വീട്ടിൽ പ്രശ്നങ്ങളൊക്കെ വന്നു. ഡാൻസ് പഠിപ്പിക്കാൻ വേണ്ടിയാണ് ഞാൻ വീടുവിട്ടത്. ഡാൻസ് ചെയ്യുന്നതും പഠിപ്പിക്കാൻ പോകുന്നതുമൊന്നും വീട്ടുകാർക്ക് ഇഷ്ടമല്ലായിരുന്നു. ഉമ്മ മരിച്ചശേഷമാണ് വീട്ടിൽ നിന്നിറങ്ങുന്നത്. ഏകദേശം പ്ലസ് വൺ പകുതിയായപ്പോൾ.
എന്റെ ജീവിതത്തിൽ മാറ്റം കൊണ്ടുവന്നയാളാണ് ദീപാറാണി
2019-ന്റെ അവസാനമാണ് ട്രാൻസ് സമൂഹത്തെപ്പറ്റി കൂടുതലറിയുന്നത്. എന്റെ സ്വത്വം മനസ്സിലാക്കുന്നതും. അപ്പോഴേക്കും വീട്ടില് നിന്നിറങ്ങി രണ്ടുവർഷത്തോളം കഴിഞ്ഞു. ട്രെയ്നിൽ ഒരു സംഘത്തെ പരിചയപ്പെട്ടത് ആയിടെയാണ്. 2020 ജനുവരിയിൽ ഞാൻ കോഴിക്കോട് സിസിലി ജോർജ് എന്ന ട്രാൻസ് വനിതയെ പരിചയപ്പെട്ടു. അവരാണ് ട്രാൻസിന് ഷെൽറ്റർ ഹോം ഉണ്ടെന്ന് പറഞ്ഞുതന്നത്. മൂന്നുമാസം അവിടെ തങ്ങാം. ശേഷം സ്വയം തൊഴിലെന്തെങ്കിലും കണ്ടെത്തി വേറെ പോണം. അവിടെ ഞാനൊരു അഞ്ചുമാസത്തോളം നിന്നു. അവിടെനിന്ന് ഇറങ്ങേണ്ട സമയം അതിക്രമിച്ചപ്പോഴാണ് ട്രാൻസ് വനിത ദീപാറാണിയുമായി ബന്ധപ്പെടുന്നത്. അവരോട് ഞാൻ സഹായിക്കാമോ എന്നു ചോദിച്ചു. സെക്സ് വർക്കിനൊന്നും പോവരുത് തുടങ്ങി കുറേ നിബന്ധനകൾ അവർ മുന്നോട്ടുവെച്ചു. ഇതെല്ലാം സമ്മതമാണെങ്കിൽ പഠനവും ബാക്കി ചെലവും ഞാൻ നോക്കിക്കോളാമെന്ന് പറഞ്ഞു. അതെല്ലാം അംഗീകരിച്ച് ഞാൻ ഒപ്പമിറങ്ങി. പിന്നീട് അവരെന്റെ കമ്മ്യൂണിറ്റി മദറായി. തുടർന്നുള്ള യാത്ര മമ്മിക്കൊപ്പം. അവരെന്നെ പഠിപ്പിച്ചു. നൃത്തം പഠിപ്പിച്ചു. ജീവിതത്തിന് പുതിയ അധ്യായം തുറന്നുതന്നു. വൈകാതെ സഹദിനെയും പരിചയപ്പെട്ടു.
ഡാൻസ് പ്രൊഫഷണലായി പഠിക്കാൻ തുടങ്ങിയത്
മമ്മിക്കൊപ്പം വന്നശേഷം ട്രാൻസ് നടിയും മോഡലുമായ സഞ്ജനയെ പരിചയപ്പെട്ടു. അവളാണ് നൃത്തം പഠിക്കാൻ എനിക്ക് സഹായമായത്. ഒരേ ഫ്ലാറ്റിൽ അടുത്തടുത്തായിരുന്നു ഞങ്ങൾ താമസം. ഡോ. ഹർഷൻ സെബാസ്റ്റ്യൻ ആന്റണിയാണ് ഞങ്ങളുടെ ഗുരു. അദ്ദേഹത്തിന്റെ കീഴിൽ ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടമൊക്കെ പഠിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ സ്ഥാപനത്തിൽ പഠിപ്പിക്കുകയും ചെയ്യുന്നു.

അമ്മയായശേഷം ജീവിതം എങ്ങനെയുണ്ട്?
മാറ്റങ്ങളാണ് മുഴുവൻ. ദിനചര്യകൾ മാറി. പഴയതുപോലെ ടെൻഷനും കാര്യങ്ങളുമില്ല. സ്വസ്ഥമാണ് ജീവിതം. വാവയുടെ കാര്യങ്ങളായിട്ട് തിരക്കിലാണെപ്പോഴും. സഹദ് ജോലിക്കു പോവുമ്പോൾ വാവയെ നോക്കി ഞാൻ വീട്ടിലിരിക്കും. എനിക്ക് പ്രോഗ്രാമിനു പോവേണ്ടപ്പോൾ അവൻ കൂടി ലീവെടുത്ത് ഒപ്പം വരും. മൂന്നാളും ഒന്നിച്ചാണ് യാത്ര. പഴയപോലെ ഡാൻസ് ക്ലാസിന് പോവാനോ മറ്റുള്ള കാര്യങ്ങൾക്കോ സമയം കിട്ടുന്നില്ലെന്നത് ശരിയാണ്. പക്ഷേ, അതൊന്നുമൊരു ബുദ്ധിമുട്ടല്ല. പിന്നീട് പോവാമല്ലോ... അവളുടെ മാറ്റങ്ങളും സംസാരങ്ങള് തിരിച്ചറിയുന്നതുമൊക്കെ ആസ്വദിക്കുകയാണിപ്പോൾ.
കുഞ്ഞുവേണമെന്ന് ചിന്തിക്കുന്ന ട്രാൻസ് ദമ്പതിമാരോട് പറയാനുള്ളത്
ഹോർമോൺ ട്രീറ്റ്മെന്റ് എടുക്കുന്നവരാണ് മിക്കവരും. ഒരു കുഞ്ഞിനെപ്പറ്റി ചിന്തിക്കുമ്പോൾ വരാനിരിക്കുന്ന പ്രത്യാഘാതങ്ങൾക്കും കൂടി തയ്യാറായിരിക്കണം. ജീവിതകാലം മുഴുവൻ ആ കുഞ്ഞിനുവേണ്ടി നിങ്ങളൊന്നിച്ചുണ്ടാകുമെന്ന് ഉറപ്പുവരുത്തുന്നതാവും നല്ലത്. കാരണം, ഒരു കുഞ്ഞിനെ ജനിപ്പിച്ചിട്ട് അതിന്റെ ശാപം വാങ്ങിവെക്കരുത്. നോക്കാൻ തയ്യാറാണെങ്കിൽ മാത്രം അതിനുമുതിരുക. നാലാളെ കാണിക്കാൻ വേണ്ടിയാകരുത്.
ആളുകളെ കാണിക്കാൻ വേണ്ടിയെന്ന ആരോപണം നേരിടേണ്ടിവന്നോ നിങ്ങൾക്ക്?
ഇഷ്ടംപോലെ. സോഷ്യൽ മീഡിയാ ആക്രമണത്തിൽ പലതവണ ആത്മഹത്യ ചെയ്യേണ്ട സമയം കഴിഞ്ഞു. പക്ഷേ, ഒരു വിഭാഗം എന്തായാലും അംഗീകരിക്കില്ലെന്നും ആക്രമിച്ചേക്കുമെന്നൊക്കെ ഞങ്ങൾ മാനസികമായി ആദ്യമേ തയ്യാറെടുത്തിരുന്നു. എല്ലാത്തിനെയും മറികടന്ന് ഇപ്പോഴിവിടെയെത്തി. ഇപ്പോൾ ആക്രമണം കുറഞ്ഞു. പിന്നെ ഞങ്ങൾക്ക് സോഷ്യൽ മീഡിയയിൽ മാത്രമേ അറ്റാക്ക് നേരിട്ടുള്ളൂ. നേരിട്ടാരും ആക്രമിക്കാൻ വന്നിട്ടില്ല. * സമൂഹത്തിന് സംശയങ്ങൾ കാണും
ഇക്കാര്യങ്ങളൊക്കെ വേറാരുടെയെങ്കിലും ജീവിതത്തിലാണ് സംഭവിക്കുന്നതെങ്കില്‍ ഒരുപക്ഷേ ഞങ്ങൾക്കും സംശയങ്ങൾ കാണുമായിരിക്കാം. സമൂഹത്തിനറിയില്ല ശരിക്കും ഞങ്ങളെന്താണെന്ന്. ഒരു പരിധിവരെ അറിവില്ലായ്മകൊണ്ടാണ് അവർ ചോദിക്കുന്നതും കളിയാക്കുന്നതും. പ്രകോപിതരാവാതെ നിൽക്കുക എന്നു മാത്രമാണ്. ശേഷം ജീവിച്ചു കാണിച്ചുകൊടുക്കുക. അതേ മാർഗമുള്ളൂ. ഞങ്ങളുടെ ജീവിതം തുറന്ന പുസ്തകമാണ്. ആളുകൾ കാണുന്നുണ്ട്. ആളുകൾ കാണട്ടേ എന്നു കരുതിത്തന്നെയാണ് എല്ലാം യൂട്യൂബ് ചാനലിൽ പോസ്റ്റുചെയ്യുന്നത്. എന്നിട്ടവർ ഞങ്ങളെ മനസ്സിലാക്കട്ടെ.

പ്രശ്നങ്ങളുണ്ടെങ്കിലും ഇല്ലെങ്കിലും ഞാനും പടച്ചോനും തമ്മിലായിക്കോളാം
ഞാൻ മുസ്ലിം ആണ്. സഹദ് ക്രിസ്ത്യാനിയും. രണ്ടാളും മതം മാറിയിട്ടില്ല. നമ്മുടെ വിശ്വാസം നമ്മുടേതാണ്. എന്റെ മതത്തിൽ ഞാൻ പഠിച്ചത് ദൈവം മനസ്സിലേക്കാണ് നോക്കുന്നതെന്നാണ്. അല്ലാതെ ശരീരത്തിലേക്കല്ല. ബാക്കിയുള്ളവരെ ബോധിപ്പിക്കേണ്ട ആവശ്യമില്ലല്ലോ? ഇഷ്ടമുള്ള വസ്ത്രം, ഇഷ്ടരീതിയിൽ ജീവിതം. പ്രശ്നങ്ങളുണ്ടെങ്കിലും ഇല്ലെങ്കിലും ഞാനും എന്റെ പടച്ചോനും തമ്മിലായാൽ പോരേ? ദൈവം കോപിക്കുമെങ്കിൽ അതെന്നോടല്ലേ, കോപിച്ചോട്ടോ... ഇടനിലക്കാരുടെ ആവശ്യമില്ല. എല്ലാ മതത്തെയും ബഹുമാനിക്കുന്നരാണ് ഞങ്ങള്. എല്ലാവരോടും സ്നേഹം. മനുഷ്യന് മനുഷ്യനെ മനസ്സിലാവണം. ഞങ്ങളുടെ കുഞ്ഞിനെ അങ്ങനെ വളർത്താനാണ് ഉദ്ദേശിക്കുന്നത്. മുസ്ലിം, ക്രിസ്റ്റ്യൻ, ഹൈന്ദവരീതികളെല്ലാം ഞങ്ങൾ സ്വീകരിച്ചെന്നുവരും. ആരും മതവും കൊണ്ട് ജനിക്കുന്നില്ലല്ലോ. മുതിർന്നവരാണ് അവരെ വഴിതിരിക്കുന്നത്. കുഞ്ഞുണ്ടായപ്പോൾ എന്റെ മതത്തിൽ നിന്ന് കുറേപ്പേർക്ക് പ്രശ്നമുണ്ടായെന്ന് തോന്നുന്നു. പിന്നെ ആര് എന്തു വേണേലും പറഞ്ഞോട്ടെ. ജീവിച്ചു കാണിക്കാം എന്നാണ് ഞങ്ങൾ കരുതുന്നത്.
ഞങ്ങളുടെ ജീവിതം ഹിന്ദിയിൽ സിനിമയാവുന്നുണ്ട്
പ്ലസ് വണ്ണിൽ എന്റെ പഠനം മുറിഞ്ഞുപോയിരുന്നു. ഇപ്പോൾ തുല്യതാപരീക്ഷ എഴുതിയെടുത്തു. ഇനി തൃശ്ശൂർ സേക്രഡ് ഹാർട്സിൽ ഡിഗ്രി ചെയ്യാൻ തയ്യാറെടുക്കുന്നു. ബി.എ. മലയാളത്തിനൊപ്പം ഭരതനാട്യത്തിനുംകൂടി ചേരണമെന്നുണ്ട്. നൃത്തമാണ് കൂടുതലിഷ്ടം. ഹർഷൻ സാറാണ് സേക്രഡ് ഹാർട്സിൽ ട്രാൻസിനൊരു ഒഴിവുണ്ട്, ബി.എ. ഭരതനാട്യവും ചെയ്യാമെന്നൊക്കെ പറഞ്ഞുതന്നത്. എന്റെയും സഹദിന്റെയും ജീവിതകഥ ഹിന്ദിയിൽ സിനിമയാവുന്നുണ്ട്. കരാറൊക്കെ കഴിഞ്ഞു. തിരക്കഥയുടെ പണി നടക്കുകയാണ്. ഞാനൊരു സിനിമയുടെ ഭാഗമായിട്ടുമുണ്ട്.
ദാമ്പത്യത്തിലെ പൊരുത്തക്കേടിനെത്തുടർന്നുള്ള ആത്മഹത്യകളെക്കുറിച്ച് എന്താണ് പറയാനുള്ളത്?
ട്രാൻസ്മെനും മിസ്റ്റർ കേരളയുമായിരുന്ന പ്രവീൺ നാഥിന്റെ മരണം ഞങ്ങളൊന്നും ഒട്ടും പ്രതീക്ഷിച്ചിരുന്നതല്ല. അതിന്റെ സത്യാവസ്ഥ ഇപ്പോഴും ഞങ്ങൾക്കറിയില്ല. സത്യം തെളിയട്ടെയെന്നാണ് ആഗ്രഹം. ദാമ്പത്യം തിരഞ്ഞെടുക്കുമ്പോൾ മറ്റുള്ളവരെ ബോധിപ്പിക്കാൻ വേണ്ടിയാവരുത്. സമൂഹത്തിൽ ചോയ്സുകളുണ്ട്. ഇഷ്ടമുള്ളവരെ സമയമെടുത്ത് ചൂസ് ചെയ്യാം. നമ്മുടെ ജീവിതം നശിച്ചുപോയെന്ന് തോന്നാനിടവരരുത്. അതുകാരണം ആത്മഹത്യയുടെവക്കിലേക്ക് എത്തുകയുമരുത്. പ്രത്യേകിച്ച് ട്രാൻസ് വ്യക്തികളോടാണ് എനിക്കത് പറയാനുള്ളത്. കുടുംബത്തിൽ നിന്നോ സമൂഹത്തിൽ നിന്നോ സ്നേഹമോ സംരക്ഷണമോ കിട്ടാതെ വളർന്നവരായിരിക്കുമവർ. ഒരു ട്രാൻസ് സ്ത്രീയാണെങ്കിൽ പുരുഷനിൽ നിന്ന് സമാധാനിപ്പിക്കുന്ന ചില വാക്കുകൾ കേൾക്കുമ്പോഴേക്കും ഇഷ്ടം തോന്നി എടുത്തുചാടി ഒപ്പം താമസിക്കാൻ തോന്നും. പക്ഷേ, മറുഭാഗത്തുള്ളയാൾ നമ്മൾ വിചാരിക്കും പോലെ ആവണമെന്നില്ല. പിന്നെ, പുരുഷന്മാരുടെ മാത്രം ഇഷ്ടത്തിന് വഴങ്ങി ആരോഗ്യംപോലും നോക്കാതെ പത്തും പതിനഞ്ചും പ്രസവിക്കുന്ന സ്ത്രീകളുണ്ട്. എന്റേത് വലിയ കുടുംബമാണ്. ഒൻപതു മക്കളുണ്ട്. പഴയ കാലത്ത് സ്ത്രീകൾ പ്രസവിക്കാൻ വേണ്ടിയുള്ള യന്ത്രംപോലെയാണ്. പ്രസവിച്ചുപ്രസവിച്ച് ശരീരം സ്വയം ഇല്ലാണ്ടായിട്ടാണ് എന്റെ ഉമ്മ മരിച്ചുപോയത്. ഇപ്പോഴും അങ്ങനെ ജീവിക്കുന്ന സ്ത്രീകളെ കാണുമ്പോൾ സങ്കടം വരും.

ട്രാൻസ് സ്ത്രീയുടെ ജീവിതത്തിലെ വേദന
എല്ലാവരെയും കുടുംബത്തിനൊപ്പം കാണുമ്പോൾ നഷ്ടബോധം തോന്നും. എന്റെ കുടുംബം എന്നെയിനി സ്വീകരിക്കുമെന്നൊന്നും തോന്നുന്നില്ല. അതൊക്കെ അവരുടെ ഇഷ്ടം. ബിഗ്ബോസ് ഷോയിൽ നാദിറയെ വീട്ടുകാർ സ്വീകരിച്ചതുകണ്ടപ്പോൾ എനിക്കും ആഗ്രഹം തോന്നിയിട്ടുണ്ട്. പഴയപോലെ വീട്ടിൽ പോകാനൊക്കെയായാൽ നല്ലതല്ലേ. എന്റെ ഉപ്പയവിടെയുണ്ട്. അദ്ദേഹത്തോട് സംസാരിക്കണമെന്നുണ്ട്.
അവരെന്നെ കടന്നുപിടിക്കാൻ ശ്രമിച്ചു
ഞാനും സഹദും ഒന്നിച്ചുജീവിക്കാൻ തുടങ്ങിയശേഷം പൈസയില്ലാതെ കുറേ കഷ്ടപ്പെട്ടു. ഒരാൾ ജോലിക്കുപോയി കിട്ടുന്ന 500 രൂപകൊണ്ടു വേണമായിരുന്നു വാടക കറന്റ് ബില്ല്, വെള്ളം, ഹോർമോൺ ചിലവുകളെല്ലാം കഴിയാൻ. പിന്നെ ഞാനുമൊരു മൊബൈൽ കടയിൽ ജോലിക്ക് പോയി. ഒരാഴ്ചയേ അവിടെ നിന്നുള്ളൂ. ചെന്നതിന്റെ രണ്ടാംദിവസം അവിടെയുള്ളവർക്ക് സംശയമായി, എന്റെ അവയവങ്ങൾ ഒറിജിനലാണോ തൊട്ടുനോക്കാൻ പറ്റുമോ എന്നൊക്കെ. അവരെന്നെ കടന്നുപിടിക്കാൻ ശ്രമിച്ചു. അതെന്നെ തളർത്തിക്കളഞ്ഞു. ആദ്യമായിട്ടായിരുന്നു അങ്ങനെയൊന്ന് ജീവിതത്തിൽ. സഹദും മമ്മിയുമൊക്കെ ഇടപെട്ടു സമാധാനിപ്പിച്ചു. ഞാനെന്റെ ജീവിതത്തിൽ സെക്സ് വർക്കിനു പോയിട്ടില്ല. പോയവർ തന്നെ നിവൃത്തികേടു കൊണ്ടാണ് അത് ചെയ്തതെന്ന് ഞാൻ വിശ്വസിക്കുന്നു.
ട്രാൻസ് കമ്മ്യൂണിറ്റിക്കുള്ളിലെ പ്രശ്നങ്ങൾ സെൻസേഷനാവുന്നു എന്ന് തോന്നിയിട്ടുണ്ടോ?
ട്രാൻസ് കമ്മ്യൂണിറ്റിയിൽ ഒരു വിഷയമുണ്ടായാൽ അതിനെ ആ വിഷയമായി കാണാനല്ല ആളുകൾക്കിഷ്ടം. എല്ലാവരും പ്രശ്നക്കാരാണെന്ന് അവർക്ക് മുദ്രകുത്താനാണ് താത്പര്യം. പ്രവീൺ നാഥ് മരിച്ചപ്പോൾ സഹദാണ് മരിച്ചതെന്ന് കരുതിയവരുണ്ട്. പലരും ചോദ്യം ചെയ്യാൻ വന്നിട്ടുണ്ട്. ചിലർ ഇനിയെന്നാണ് സഹദ് മരിക്കുന്നത്, ഇവനെയെന്നാ കൊല്ലുന്നതെന്നൊക്കെ ചോദിക്കുമായിരുന്നു. അതൊക്കെ വേദനിപ്പിച്ചിട്ടുണ്ട്.
സഹദ് വന്നപ്പോൾ ജീവിതം എങ്ങനെ മാറി
ട്രാൻസ് മെനിനെ കല്യാണം കഴിക്കാൻ എനിക്ക് പ്ലാനുണ്ടായിരുന്നില്ല. സാധാരണപുരുഷനെ വിവാഹം ചെയ്യണമെന്നായിരുന്നു താത്പര്യം. സഹദ് എന്റെ ജീവിതത്തിലേക്ക് സ്വാഭാവികമായും വന്നുചേർന്നതാണ്. സഞ്ജനയും ഹയാനും ഞങ്ങൾക്കും മുമ്പേ പങ്കാളികളായവരാണ്. ഞാൻ അവരോടു ചോദിക്കുമായിരുന്നു നിങ്ങൾക്കെങ്ങനെ ഇങ്ങനെ ജീവിക്കാനാവുന്നു എന്നൊക്കെ. പിന്നെ സഹദ് വന്നശേഷം മനസ്സിലായി ട്രാൻസ് വുമണിന് ഒരു ട്രാൻസ് മെൻ തന്നെയാണ് ഏറ്റവും നല്ലതെന്ന്. ഞങ്ങളുടെ പേഴ്സണൽ കാര്യം മാത്രമാണത്. പ്രണയതീരുമാനം ശരിയായിരുന്നു. വാവയും കൂടിയായപ്പോൾ കൂടുതൽ സന്തോഷത്തിലാണ്.
പെണ്ണാവാൻ തുടങ്ങിയത് 2020-ൽ
2020 ജനുവരിയിലാണ് ഞാൻ എന്റെ സ്വത്വത്തിലേക്കുള്ള യാത്ര തുടങ്ങുന്നത്. ഹോർമോൺ ചികിത്സ തുടങ്ങി. സർജറി കഴിഞ്ഞവർക്ക് സ്ത്രൈണത കൂടുന്നതും ഭംഗിവെക്കുന്നതുമൊക്കെ കണ്ടാണ് ഞാനും അങ്ങനെ ആഗ്രഹിച്ചത്. ഇഷ്ടപ്പെട്ട രൂപത്തിലേക്ക് മാറാനുള്ള തത്രപ്പാടിലായിരുന്നു ആ സമയം. ഇപ്പോൾ വാവയ്ക്കുവേണ്ടി ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നു. സർജറി പൂർത്തിയാക്കിയിട്ടില്ല. ഹോർമോൺ എടുക്കുന്നത് ശരീരത്തിൽ കുറച്ച് പ്രശ്നങ്ങളൊക്കെയുണ്ടാക്കും. ഒരു പുരുഷശരീരം പെൺശരീരമാകുകയാണ്. ആ മാറ്റത്തിനൊത്ത് ശരീരം ക്ഷീണിക്കും. ഓടിച്ചാടി നടക്കാനോ പണികൾ ചെയ്യാനോ ഒന്നുമായെന്നു വരില്ല. മസിലുകൾ ഉടയും. ഹോർമോൺ മാറുന്നതിനൊത്ത് പേശീവേദന, കൂടുതൽ കയറ്റം കയറാനോ, ഭാരമെടുക്കാനോ ആവില്ല. എന്റെ ഡാൻസിനെയൊക്കെ ബാധിച്ചിട്ടുണ്ട്. അതിനെയെല്ലാം യോഗയിലൂടെയും നൃത്തത്തിലൂടെയും മറികടക്കാൻ നോക്കുകയാണ്.
Content Highlights: transwomen siya paval interview transman pregnancy
Published: 03 Jul 2023, 02:46 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented