മനസ്സ് പതർച്ചയറിയുകയും ജീവിതം ഇടറിപ്പോവുകയും ചെയ്ത നാളുകളിൽ നിന്ന് സ്വയം കരകയറിയതിന്റെ കഥകളിലേക്ക് തിരിച്ചുപോവുകയാണ് മായ മോഹൻ (വിഷ്വൽ ആർട്ടിസ്റ്റ്, എടപ്പാൾ)

മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന കുടുംബ പശ്ചാത്തലത്തിലാണ് ഞാൻ ജനിച്ചതും വളർന്നതുമെല്ലാം. മാനസികമായി സുരക്ഷിതമല്ലാത്ത പേരന്റിങ് ആയിരുന്നു എനിക്ക് ലഭിച്ചതും. കുഞ്ഞുന്നാൾ മുതൽതന്നെ ഒരു ഭയം എന്നെ വേട്ടയാടിയിരുന്നു. വേണ്ടപ്പെട്ടവർ എനിക്ക് നിരന്തരം ശാരീരിക വേദനകൾ തന്നിരുന്നു. ആ വേദനകൾ എന്നെ പിന്നെ അതിനോട് കൂടുതൽ അടുപ്പിക്കുകയാണ് ചെയ്തത്. മനസ്സ് അസ്വസ്ഥമാവുമ്പോഴെല്ലാം ഞാൻ എന്നെത്തന്നെ മുറിവേൽപ്പിക്കാൻ തുടങ്ങി. ഞാൻ അതിൽ സന്തോഷം കണ്ടെത്താനും തുടങ്ങി.
സമപ്രായക്കാരായ മറ്റു കുട്ടികളുടേതു പോലെയല്ല എന്റെ ചുറ്റുപാടുകൾ എന്ന തിരിച്ചറിവ് ഉണ്ടായിരുന്നു. പക്ഷേ, അതിൽ നിന്ന് എങ്ങനെ പുറത്തുവരണമെന്ന് അറിയുമായിരുന്നില്ല. വീടിനു പുറത്തുനിന്ന് ഒരു മോശം അനുഭവമുണ്ടായാൽ അതെങ്ങനെ വീട്ടിൽ പറയും എന്ന് എനിക്ക് ചിന്തിക്കേണ്ടി വന്നിട്ടില്ല, കാരണം അകത്തെ കാര്യങ്ങൾ പുറത്തുപറയാനാണ് ഞാൻ ഭയപ്പെട്ടിരുന്നത്. ആരോടും ഒന്നും തുറന്നു സംസാരിക്കാൻ സാധിച്ചിരുന്നില്ല. ആരും ഒട്ടറിഞ്ഞതുമില്ല.
സ്കൂൾ കാലഘട്ടമെല്ലാം എന്തിനായിരുന്നുവെന്നും എങ്ങനെയാണ് ഞാൻ പഠിച്ചതെന്നും എനിക്കിപ്പോഴും നിശ്ചയമില്ല. എന്നെ സംബന്ധിച്ച് അതെല്ലാം സൈഡിലൂടെ നടന്നു പോകുന്ന എന്തൊക്കെയോ കാര്യങ്ങൾ മാത്രമായിരുന്നു. പണ്ടുമുതലേ എഴുതാനും വരയ്ക്കാനും താത്പര്യം ഉണ്ടായിരുന്നു. പ്ലസ്ടുവിന് ശേഷം തൃശ്ശൂർ ഫൈൻ ആർട്സ് കോളേജിൽ പെയിന്റിങ്ങിൽ സ്പെഷ്യലൈസ് ചെയ്തു. അവിടെ മുതലാണ് കലയുടെ വലിയ ലോകം മുന്നിൽ തെളിഞ്ഞു വരാൻ തുടങ്ങിയത്. ഉള്ളിൽ എത്രത്തോളം കലയുണ്ടെന്ന് തിരിച്ചറിഞ്ഞതും അവിടെ വച്ചാണ്. ഇതിനിടയിലും മനസ്സുമായുള്ള മൽപ്പിടുത്തം തുടരുന്നുണ്ടായിരുന്നു.
എന്നിലേക്ക് അടുക്കുന്ന മനുഷ്യരെല്ലാം എന്നെ എന്തിൽ നിന്നൊക്കെയോ രക്ഷപ്പെടുത്താനാണ് വരുന്നതെന്നാണ് ഞാൻ കരുതിയിരുന്നത്. അതല്ലാതെ ഞാൻ എന്ന വ്യക്തിയെ നിർണയിക്കുന്നത് എന്താണെന്ന് തിരിച്ചറിയാൻ സാധിച്ചിരുന്നില്ല.
എന്ത് പ്രതിസന്ധി വന്നാലും ഞാൻ എന്നെത്തന്നെ ശിക്ഷിക്കുന്നത് അപ്പോഴും തുടർന്നുപോന്നു. ചെറുപ്പം മുതലേ ആത്മഹത്യാ പ്രവണതയുള്ള ആളായിരുന്നു ഞാൻ. മരിക്കുന്നതിന്റെ കാരണത്തെക്കാൾ ജീവിച്ചിരിക്കുന്നതിന്റെ പ്രസക്തിയാണ് ആത്മഹത്യ എന്ന ചിന്തയിലേക്ക് എത്തിച്ചിരുന്നത്.
കോളേജ് കഴിഞ്ഞതോടെ കോവിഡ് കാലമായി. തമ്മിൽ ചേരാത്തവരൊക്കെയും വീട്ടിൽ അടച്ചിരിപ്പായി. അതോടെ സ്ഥിതി ഗുരുതരമാവുകയും അസഹനീയമായ ദിവസങ്ങൾ വന്നെത്തുകയും ചെയ്തു. അങ്ങനെ ഒരു ദിവസം എനിക്ക് എന്നെ പൂർണമായി നഷ്ടപ്പെടുകയായിരുന്നു. പിന്നീട് കാണാതായ എന്നെ കണ്ടുകിട്ടിയത് വീട്ടിലെ നായക്കൂട്ടിൽ നിന്നായിരുന്നു.
ഞാനെങ്ങനെ അതിനുള്ളിൽ എത്തിയെന്നത് ഇന്നും എനിക്കറിയില്ല. ചുറ്റിലും ആളുകൾ കൂടുന്നതിന്റെയും മേലാകെ വലിഞ്ഞുമുറുകുന്നതിന്റെയും മഴച്ചാറ്റലിന്റെയും ചെറിയ ഓർമ്മകൾ ഉണ്ട്. കണ്ണു തുറന്നപ്പോൾ ആശുപത്രിയിലാണ്. പിന്നീടുള്ള ജീവിതം തികച്ചും വ്യത്യസ്തമായിരുന്നു. റിക്കറൻഡ് ഡിപ്രസീവ് ഡിസോഡർ ആണെന്ന് കണ്ടെത്തി. പിന്നെ തെറാപ്പിയും മരുന്നുമൊക്കെയായി ചികിത്സ തുടങ്ങി.
മനസ്സിന്റെ ഭാരത്തിനൊപ്പം ശരീരഭാരവും കൂടി വന്നു. പതിയെ എനിക്ക് തീരെ പരിചയം ഇല്ലാത്ത ഒരാളായി ഞാൻ മാറി. പിന്നീടങ്ങോട്ടുള്ള മൂന്നു വർഷങ്ങൾ ഒരു സിനിമയിലെന്നോണം വിചിത്രമായിരുന്നു.
സാഹചര്യങ്ങൾ എത്രയൊക്കെ മോശമാകുമ്പോഴും എനിക്ക് എഴുതാനും വരയ്ക്കാനും കഴിഞ്ഞിരുന്നു. കൂടെ നല്ല സുഹൃത്തുക്കൾ ഉണ്ടാവുകയും പതിയെ പലതരത്തിലുള്ള ആർട്ട് വർക്കുകളിൽ ഏർപ്പെടാനും തുടങ്ങി. പറ്റുന്നൊരു കുഞ്ഞു കാര്യമെങ്കിലും ചെയ്യണം എന്നത് എനിക്ക് നിർബന്ധമായിരുന്നു. അന്ന് ചേർത്തുപിടിച്ചവരോടും അതിനുശേഷവും കൂടെ തുടരുന്നവരോടും നന്ദി.
മരുന്നും തെറാപ്പിയും വേണ്ടിടത്ത് അതുതന്നെ വേണമെന്നതും മനസ്സിലാക്കുന്നവർ ചുറ്റിലും ഉണ്ടാവണമെന്നതും പ്രധാനമാണ്. ശരിയായ തെറാപ്പിസ്റ്റിനെ തിരഞ്ഞെടുക്കുന്നതിനും ഈ യാത്രയിൽ വലിയ പങ്കുണ്ട്. വഴിമുട്ടി നിൽക്കുമ്പോൾ ചെന്നെത്തുന്ന ഇടമാണത്. ഒരു തെറാപ്പിസ്റ്റ് ഒരു വാതിൽ തുറന്നു തരികയല്ല, പോകേണ്ട വഴി സ്വയം കണ്ടുപിടിക്കാൻ പ്രാപ്തരാക്കുകയാണ് ചെയ്യുകയെന്ന തിരിച്ചറിവുണ്ടാവണം. എനിക്ക് അതിനെല്ലാം കുറെ സമയം എടുത്തിരുന്നു.
സ്വയം മുറിവേൽപ്പിക്കൽ മെല്ലെ കുറഞ്ഞു വരികയും ക്രമേണ മരുന്നും തെറാപ്പിയും എല്ലാം നിർത്തി സാധാരണ ജീവിതത്തിലേക്ക് എത്തുകയും ചെയ്തു. അതിനുശേഷം, അത്രയും നാൾ കൂടെയുണ്ടായിരുന്ന എഴുത്തും വരയും ചെയ്തുതീർത്ത പുസ്തകങ്ങളിൽ നിന്നുള്ള അനുഭവങ്ങളും ഒക്കെച്ചേർത്ത് ഓൺലൈൻ ആയി ക്രിയേറ്റീവ് ജേണലിങ് ക്ലാസ് എടുക്കാൻ തുടങ്ങി. ഒന്നര വർഷത്തിനിപ്പുറം എന്റെ പ്രിയപ്പെട്ട സ്റ്റുഡന്റ്സിനൊപ്പം അത് മുന്നോട്ടു പോകുന്നുണ്ട്. പരിമിതികളില്ലാത്ത കലയിലൂടെ എങ്ങനെ സ്വത്വത്തെ കണ്ടെത്താം എന്നതുതന്നെയാണ് എനിക്ക് അവർക്ക് പകർന്നുകൊടുക്കാനുള്ള വലിയ പാഠം. ആ പാഠം അനുഭവങ്ങളെനിക്ക് സമ്മാനിച്ചതാണ്. ഇതിനൊപ്പം വിഷ്വൽ ആർട്ടുമായി ബന്ധപ്പെട്ട പലതരം വർക്കുകളും ചെയ്യുന്നുണ്ട്. എല്ലാവരുടെയും ജീവിതത്തിൽ കലയ്ക്ക് മാത്രം ചെയ്യാൻ കഴിയുന്ന ചിലതുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
മങ്ങിയ നിറങ്ങളിൽ ഒളിച്ചിരുന്ന ആളായിരുന്നു ഞാൻ. ഇന്നെന്റെ ചിത്രങ്ങളിലും കുപ്പായങ്ങളിലും കാഴ്ചപ്പാടിലും വരെ കടുത്ത നിറങ്ങളുണ്ട്. കാലിനടിയിലെ മണ്ണൊലിച്ചു പോകുമ്പോൾ എനിക്കൊരു പിടിവള്ളിയായത് എന്നിലെ കലയാണ്. ഇഷ്ടമുള്ളതെല്ലാം നിർത്തേണ്ടി വന്നപ്പോഴും എന്നെ വിട്ടു പോകാത്തതിന് എനിക്ക് അതിനോടും നന്ദിയുണ്ട്.
സാഹചര്യങ്ങൾ എന്നെ ബുദ്ധിമുട്ടിച്ചെങ്കിലും പ്രതിസന്ധികളിൽ വീട്ടുകാരെല്ലാവരും എന്റെ കൂടെ നിന്നിട്ടുണ്ട്. അവർക്ക് സ്നേഹം മാത്രമേ എനിക്ക് തിരിച്ച് കൊടുക്കുവാനുമുള്ളൂ. ഇപ്പോൾ ജീവിതം അതിന്റെ അർഥം വീണ്ടെടുത്തു കഴിഞ്ഞു. എന്നാലും ഇതിനി വന്നുകൂടെന്നുമില്ല. പക്ഷേ, എത്രതന്നെയായാലും ഇനി അത്രയും തകർന്നുപോകാനാവില്ലെന്ന് എനിക്കറിയാം. ഈ തിരിച്ചറിവും അന്നത്തെ ഇരുട്ടിൽ നിന്നുതന്നെയാണ് എനിക്ക് ലഭിച്ചത്.
ഈ വലിയ യാത്ര സമ്മാനിച്ച തിരിച്ചറിവുകൾ ഏറെയാണ്. മാനസികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരാളെയും അയാളുടെ കുടുംബത്തെയും സമൂഹം നോക്കിക്കാണുന്ന രീതി വ്യത്യസ്തമാണ്. അത് അപകടമാണ്. എന്റെ വീട്ടിൽ ഇങ്ങനെ ഒരു സ്ഥിതി ഉള്ളതുകൊണ്ടുതന്നെ പൊതുധാരയിൽ വീട് ഒറ്റപ്പെട്ടു പോകുമോ എന്ന ഭയം എന്നെ അലട്ടാറുണ്ട്.
മാനസികാരോഗ്യത്തെക്കുറിച്ചുള്ള മുൻവിധികൾ സമൂഹത്തിൽ മാറിവരുന്നുണ്ട്. എങ്കിലും ഇനിയും ഒരുപാട് മാറാനുമുണ്ട്. പ്രയാസം അനുഭവപ്പെടുമ്പോൾ പ്രൊഫഷണൽ ഹെൽപ്പ് എടുക്കാൻ മടി കാണിക്കരുത്. ഒരിക്കലും പ്രതീക്ഷ കൈവിടരുത്. ആരോടെങ്കിലും തുറന്നുപറയാൻ ശ്രമിക്കണം. അങ്ങനെ ഒരു മനുഷ്യനെങ്കിലും എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടായിരിക്കട്ടെ...
ഒളിപ്പിച്ചു കൊണ്ടുനടക്കാൻ മനസ്സ് എവിടെനിന്നെങ്കിലും കട്ടമുതൽ ഒന്നുമല്ലല്ലോ..
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Overcoming severe childhood trauma and dysfunctional parenting, Battling recurrent depressive disorder, self-harm, and suicidal tendencies, Finding healing and identity through fine arts and creative journaling, The importance of professional therapy, medication, and a strong support system
Published: 17 Oct 2026, 12:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented