
കർക്കിടകത്തിൽ എളുപ്പം ദഹിക്കുന്നതും എന്നാൽ ആരോഗ്യകരവുമായ ഭക്ഷണമാണ് കഴിക്കേണ്ടത്. മരുന്നുകഞ്ഞി കൂടാതെ ആരോഗ്യം സംരക്ഷിക്കാൻ സൂപ്പുകളും തയ്യാറാക്കാം. ഒരു നല്ല സൂപ്പ് രുചികരമെന്നതിലുപരി ആരോഗ്യത്തിനും നിരവധി ഗുണങ്ങൾ നൽകുന്ന ഭക്ഷണമാണ്.
ദഹനശേഷിയും പ്രതിരോധശേഷിയും വർധിപ്പിക്കാൻ ഇറച്ചി, പച്ചക്കറികൾ, ഇലക്കറികൾ, പരിപ്പ്, പയർ എന്നിവകൊണ്ട് സൂപ്പ് തയ്യാറാക്കുമ്പോൾ, ഒപ്പം മഞ്ഞൾപൊടി, ഇഞ്ചി, വെളുത്തുള്ളി, ജീരകം, കുരുമുളകുപൊടി എന്നീ ചേരുവകളും ചേർക്കാൻ ശ്രദ്ധിക്കണം.
Also Read
ബോൺ സൂപ്പിൽ ധാരാളമായി അടങ്ങിയിട്ടുള്ള കൊളാജെൻ ചർമത്തിന്റെ യുവത്വം നിലനിർത്താൻ സഹായിക്കുന്നു. അതുപോലെ തന്നെ ചീരയും പരിപ്പുമൊക്കെ വിറ്റാമിൻ, ധാതുക്കൾ, പ്രോട്ടീൻ എന്നിവയുടെ ഉറവിടവുമാണ്. അതുകൊണ്ടുതന്നെ ഈ കർക്കിടകത്തിൽ ഒരു കപ്പ് സൂപ്പ് കുടിക്കുന്നത് ആരോഗ്യകരമായ ശീലമാക്കിമാറ്റാം.
മട്ടൺ ബോൺ സൂപ്പ്
ചേരുവകൾ:
ആട്ടിൻകാൽ - 500 ഗ്രാം
ചുവന്നുള്ളി - 100 ഗ്രാം
വെളുത്തുള്ളി - ഒന്ന്
ഇഞ്ചി - ഒരു കഷണം
മല്ലി - ഒരു ടേബിൾ സ്പൂൺ
കുരുമുളക് - ഒരു ടേബിൾ സ്പൂൺ
ജീരകം - ഒരു ടീസ്പൂൺ
പട്ട, ഗ്രാമ്പു, ഏലക്ക, തക്കോലം - രണ്ട് വീതം
മഞ്ഞൾപൊടി - അര ടീസ്പൂൺ
നെയ്യ് - ഒരു ടേബിൾ സ്പൂൺ
മല്ലിയില, ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: മിക്‌സി ജാറിൽ ചുവന്നുള്ളി, ഇഞ്ചി, വെളുത്തുള്ളി എന്നിവ ക്രഷ് ചെയ്തു വെക്കുക. മല്ലി, കുരുമുളക്, ജീരകം എന്നിവയും തരിതരിപ്പായി പൊടിച്ചു വെക്കുക. കുക്കറിൽ നെയ്യ് ചൂടാക്കി, പട്ട, ഗ്രാമ്പു, ഏലക്ക, തക്കോലം എന്നിവയിട്ടതിന് ശേഷം ചതച്ചുവെച്ച ഉള്ളി, വെളുത്തുള്ളി, ഇഞ്ചിക്കൂട്ട് എന്നിവ ചേർത്ത് വഴറ്റുക. ഇതിലേക്ക് മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് യോജിപ്പിച്ച്, മട്ടൺ ചേർത്ത് വഴറ്റുക. ശേഷം പൊടിച്ചുവെച്ച കൂട്ടുകളും ചേർത്ത് യോജിപ്പിച്ച്, അഞ്ചു കപ്പ് വെള്ളവുമൊഴിച്ച് ഒരു തിള വരുമ്പോൾ, കുക്കർ മൂടി വച്ച് ഇരുപത് മിനിറ്റ് വേവിക്കുക. പ്രഷർ പോയതിനു ശേഷം കുക്കർ തുറന്ന് സൂപ്പിലേക്ക് മല്ലിയിലയും തൂവി വിളമ്പാം.
പാലക്ക് ദാൽ സൂപ്പ്
ചേരുവകൾ:
പാലക്ക് - 250 ഗ്രാം
ചെറുപയർ പരിപ്പ് - ഒരു കപ്പ്
സവാള - ഒന്ന്
നാടൻ തക്കാളി - ഒന്ന്
വെളുത്തുള്ളി - അഞ്ച് അല്ലി
പച്ചമുളക് - രണ്ട്
മഞ്ഞൾപൊടി - അര ടീസ്പൂൺ
വെളിച്ചെണ്ണ - ഒരു ടേബിൾസ്പൂൺ
മല്ലിയില, കറിവേപ്പില, ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: ചീര ചെറുതായരിഞ്ഞു വെക്കുക. കുക്കറിൽ പരിപ്പ് എടുത്ത്, സവാള, തക്കാളി, പച്ചമുളക്, വെളുത്തുള്ളി എന്നിവ അരിഞ്ഞത് ചേർക്കുക. ഇതിലേക്ക് മല്ലിയിലയും മഞ്ഞൾപൊടിയും ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് മൂടിവെച്ച് ഇരുപത് മിനിറ്റ് വേവിക്കുക. പ്രഷർ പോയതിനുശേഷം കുക്കർ തുറന്ന് ചീരയും ചേർത്ത് തിളപ്പിക്കുക. ആവശ്യമെങ്കിൽ വെള്ളം ചേർക്കാം. അഞ്ചു മിനിറ്റ് ഇടത്തരം തീയിൽ മൂടിവെച്ച് വേവിക്കാം. ഒരു തവി കൊണ്ട് എല്ലാ ചേരുവകളും നന്നായി ഉടച്ചെടുക്കുക. ഇതിലേക്ക് വെളിച്ചെണ്ണയും കറിവേപ്പിലയും തൂവി വിളമ്പാം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: healthy-soup-recipes-karkidakam-2026
Published: 22 Jul 2026, 01:52 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented