കടുംചൂടും വെയിലുമായി സ്വാഗതം ചെയ്തു തഞ്ചാവൂരിലെ തീവണ്ടി സ്റ്റേഷൻ. പുറത്തെ ബഹളങ്ങളിൽ കലരുന്നു പൂക്കളുടെ ഗന്ധം. ത്യാഗരാജ കീർത്തനങ്ങളുടെ ഇമ്പം മുഴങ്ങുന്ന, പൈക്കൾ വിഹരിക്കുന്ന തെരുവുകൾ. രാജരാജ ചോളന്റെ ആസ്ഥാനനഗരിയായിരുന്ന ദേശം. തഞ്ചാവൂരിന് കാവേരി കൊലുസാണ്. തരിശുനിലങ്ങളും നെൽപ്പാടങ്ങളും കടന്ന് കാവേരി നിറയൗവനം പൂണ്ടൊഴുകുന്ന വർഷകാലം. കുഞ്ചരമല്ലൻ രാജരാജ പെരുന്തച്ചനും സംഘവും മാന്ത്രിക വിരലുകളാൽ കൊത്തിയെടുത്ത മഹാക്ഷേത്രം കാണാനാണ് യാത്ര. പരാന്തകൻ രണ്ടാമന്റെയും വാനവണ്ണ മഹാദേവിയുടെയും മകൻ അരുൾമൊഴിവർമൻ എന്ന രാജരാജ ചോളൻ ചോളസാമ്രാജ്യത്തിന്റെ കീർത്തിയുടെ അടയാളമായി പണികഴിപ്പിച്ച ക്ഷേത്രം. പെരിയുടയോർക്കോവിൽ എന്ന സാക്ഷാൽ ബൃഹദീശ്വര സന്നിധി. കലയും ഭക്തിയും സംഗീതവും ഇഴചേർത്തുതുന്നിയ നിർമിതി. അവിടേക്കുള്ള യാത്ര അദ്ഭുതങ്ങളിലേക്കുള്ള യാത്രകൂടിയാണ്.

അതിശയ ശില
'രാജരാജേശ്വരം കോവിൽ' എന്നും ബൃഹദീശ്വര ക്ഷേത്രം അറിയപ്പെട്ടിരുന്നു. ഒരു സഹസ്രാബ്ദം മുൻപാണ് ഈ ക്ഷേത്രം നിർമിക്കപ്പെട്ടത്. പൂർണമായും ശിലയിൽ പടുത്ത മഹാനിർമിതി. പ്രധാനമൂർത്തി ശിവനാണ്. ഒറ്റക്കല്ലിൽ തീർത്ത പതിമൂന്ന് അടി ഉയരമുള്ള ശിവലിംഗമാണ് പ്രതിഷ്ഠ.

ചോളർക്കുശേഷം പാണ്ഡ്യരും മധുരൈ നായകൻമാരും മറാത്തരും തഞ്ചാവൂർ മാറിമാറി ഭരിച്ചു. ചോളരുടെ ശില്പകലാവൈഭവത്തിന്റെ ഏറിയ പങ്കും ഒരു ശിലപോലും ബാക്കിവെക്കാതെ തച്ചുടയ്ക്കപ്പെട്ടു. എങ്കിലും ആ തകർച്ചയ്ക്ക് പെരിയുടയോർക്കോവിൽ വിധേയപ്പെട്ടില്ല. മാറിമാറിവന്ന രാജവംശങ്ങൾ ബൃഹദീശ്വര സവിധത്തെ കൂടുതൽ സുന്ദരവും അതിശയിപ്പിക്കുന്നതുമാക്കിമാറ്റി.

കോട്ടയ്ക്കുള്ളിൽ
കാലത്തിന്റെ ഏതോ കരുത്താൽ തകർന്നടിയപ്പെട്ട പെരുങ്കോട്ടയ്ക്കുള്ളിലായിരുന്നു ഒരുകാലത്ത് തഞ്ചാവൂർ നഗരം. അതിനുള്ളിൽ എന്നോ പണി കഴിക്കപ്പെട്ട ശിവഗംഗക്കോട്ടയ്ക്കുള്ളിൽ ബൃഹദീശ്വര സന്നിധി. അതിനു ചുറ്റുമായി എന്നോ കിടങ്ങായിരുന്നതെന്നുതോന്നിക്കുന്ന ഗർത്തങ്ങൾ കാണാം. അതിനുള്ളിൽ ക്ഷേത്രത്തിനു കാവലായി ഒരുകാലത്ത് മുതലകൾ പാർത്തിരുന്നെന്ന് പറയപ്പെടുന്നു.

കേരളാന്തകൻ തിരുവായിലെന്നും രാജരാജൻ തിരുവായിലെന്നും പേരുള്ള രണ്ട് ഗോപുര കവാടങ്ങൾ കടന്ന് ക്ഷേത്രമുറ്റത്തെത്താം. ചേരരാജാവായ ഭാസ്‌കര രവിവർമന്റെ കപ്പൽപ്പടയെ കാന്തല്ലൂർശാലയിൽ വച്ച് രാജരാജൻ തോല്പിച്ചതിന്റെ ഓർമയ്ക്കാണ്രേത കവാടങ്ങളിൽ ഒന്നിന് കേരളാന്തകൻ തിരുവായിലെന്ന് പേരുനൽകിയത്.

മരതകക്കല്ലുപതിച്ച പോലെ തത്തകൾ പാർക്കുന്ന ഗോപുരത്തിൽ ശിവപാർവതീ പരിണയം ഉൾപ്പെടെയുള്ള പുരാണകഥകൾ കൊത്തിവച്ചിട്ടുണ്ട്. ഒറ്റക്കല്ലിൽ കൊത്തിയ കൂറ്റൻ ദ്വാരപാലകർ അതിന് കാവലുണ്ട്. അകത്തളം കടന്ന് രണ്ടാം ഗോപുരത്തിലേക്ക് കടക്കാം. വിസ്തൃതശില്പങ്ങളുടെ മേലാപ്പണിഞ്ഞ പെരുംശിലയാകുന്നു ഗോപുരങ്ങൾ.

നന്ദീസമേതൻ
രണ്ട് ഗോപുര കവാടങ്ങൾക്കപ്പുറം കൽമണ്ഡപത്തിൽ കൃഷ്ണശിലാരൂപിയായ നന്ദി. ഒറ്റക്കല്ലിൽ തീർത്ത ബൃഹദാകാരം. ഒട്ടേറെ ശ്രീകോവിലുകളുള്ള തിരുച്ചുറ്റുമാളികയും ക്ഷേത്ര സമുച്ചയത്തോട് ചേർന്നുണ്ട്. പാർശ്വങ്ങളിൽ സുബ്രഹ്മണ്യനും ഗണിപതിയും കരുവാർ തേവരും നടരാജനും ചണ്ഡികേശ്വരനും പെരിയനായകി അമ്മാളും സൂര്യനും ചന്ദ്രനും അഷ്ടദിക്പാലകരും അഗ്‌നിയും ഇന്ദ്രനും വായുവും യമനും കുബേരനും...

ശിലാനിബിഢം
216 അടി ഉയരമുള്ള പ്രധാന ഗോപുരം 'വിമാന' മാതൃകയിലാണ്. പതിമൂന്നു നിലകൾ. ദ്രാവിഡ വാസ്തുകലയുടെ ഉത്തമസാക്ഷ്യം. പെരിയകോവിലിന്റെ പ്രധാനഗോപുരത്തിനു മുകളിലായി ഭരതന്റെ നാട്യശാസ്ത്രത്തിൽ പതിപാദിക്കപ്പെട്ട 108 കരണങ്ങൾ (ഭരതനാട്യമുദ്രകൾ) കൊത്തിവച്ചിട്ടുണ്ട്. താണ്ഡവപ്രിയനായ ശിവൻ നിറയുന്ന കാഴ്ച.

നന്ദീ മണ്ഡപത്തിന് അഭിമുഖമായി ബൃഹദീശ്വര സവിധം. കൽപ്പടവുകൾ കയറുമ്പോൾ വശങ്ങളിൽ സരസ്വതിയും മഹാലക്ഷ്മിയും ദ്വാരപാലകരും ശിലാരൂപികൾ. നൃത്തവാദ്യ മണ്ഡപങ്ങൾ കടന്ന് ശിവലിംഗത്തെ തൊഴാം. ശിലയിൽ തീർത്ത മഹാകാരം. മഹാമേരു എന്ന പേരിൽ അറിയപ്പെടുന്ന ക്ഷേത്രഗോപുര മുകളിൽ സ്വർണത്താഴികക്കുടം. ഒറ്റക്കല്ലിൽ തീർത്ത ഗോപുര മകുടം. ഭാരമേറിയ ശില അത്രയും ഉയരത്തിൽ എത്തിച്ചതെങ്ങനെയെന്ന ചോദ്യം ഇന്നും ഉത്തരംകിട്ടാതെ അവശേഷിക്കുന്നു.

ശ്രീകോവിലിന് അരികിലെ ചുമരുകളിൽ ചോളകാലഘട്ടത്തിലെ ചുമർച്ചിത്രങ്ങൾ. ക്ഷേത്രത്തിന്റെ പുറംചുമരിൽ പഴന്തമിഴ് ലിഖിതങ്ങൾ. ക്ഷേത്രവളപ്പിന് ചുറ്റുമായി അനന്തമായ ഇടനാഴിപോലെ ഒരു സമുച്ചയം. അതിനുള്ളിൽ 108 ശിവലിംഗങ്ങൾ പ്രതിഷ്ഠിച്ചിട്ടുണ്ട്. കല്പടവുകളിൽ ധ്യാനനിമഗ്‌നരായ മനുഷ്യർ. തളംകെട്ടിനിൽക്കുന്ന മഹാമൗനത്തെ നോവിക്കാതെ ഏതേതോ മണ്ഡപങ്ങളിൽ നിന്നുയരുന്നു കീർത്തനങ്ങളും ചിലങ്കക്കിലുക്കങ്ങളും.

അനശ്വരതയുടെ സ്പർശം
ഈറൻ സന്ധ്യയിൽ ബൃഹദീശ്വരന്റെ കോവിൽ അനശ്വരതയുടെ ശൈവസമുദ്രമായി. ഹിമപ്പെയ്ത്തുപോലെ കർപ്പൂര ധൂമങ്ങൾ. ശൈവസാഹിത്യത്തിന്റെ പൊരുൾ കാറ്റിൽ പടരുന്നു. ആകാശത്തേക്കുയർന്ന ഗോപുരപ്പടവുകളിൽ സൂക്ഷ്മതയിലും സൗന്ദര്യം നിറച്ച ശില്പങ്ങൾ. പാഴ്മഞ്ഞുതുള്ളിയിൽ പിറന്ന സമുദ്രം പോലെ മണ്ണിലുറച്ച വെറുംശിലയിൽ ഉയിർത്ത അലൗകികസൗന്ദര്യം. വെറും മാംസപിണ്ഡത്തിൽ നിന്ന് നൂറ്റവർ പിറന്ന കഥ പുരാണത്തിലുണ്ട്. മണ്ണിലുറഞ്ഞുപോയ തരിശു ശിലകളിൽ കാവ്യം രചിച്ച് കാലവും ഇതിഹാസം കുറിച്ചു.

നശ്വരനായ മനുഷ്യൻ അനശ്വരതയെ സ്പർശിച്ചതിനു തെളിവായി ശില്പസമ്പന്നമായ മഹാഗോപുരം ആകാശത്തെ ചുംബിക്കുന്നു. അനശ്വരതയുടെ ശിലാരൂപത്തെ കാവേരീ തടത്തിൽ കൊത്തിവെച്ച അജ്ഞാതരായ ശില്പികളെ ഓർക്കാതെ പോകുവതെങ്ങനെ.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi