മലയാളി-തമിഴ് പാചകരീതികളുമായി ഏറെ സാമ്യമുള്ള ഒന്നാണ് ശ്രീലങ്കൻ പാചകം. ദക്ഷിണേന്ത്യൻ, അറബ്, ഡച്ച്, പോർച്ചുഗീസ് തുടങ്ങിയ വിവിധ സംസ്‌കാരങ്ങളുടെ സ്വാധീനം ഉൾക്കൊണ്ടാണ് ഇന്നത്തെ സമ്പന്നമായ ശ്രീലങ്കൻ പാചകരീതി രൂപപ്പെട്ടത്. തേങ്ങാപ്പാൽ ചേർത്തുള്ള കറികളും മസാലകൾ നിറഞ്ഞ മീൻ-മാംസ വിഭവങ്ങളും വിവിധതരം സാമ്പലുകളും (പ്രത്യേകതരം ചില്ലി സോസ്) ശ്രീലങ്കൻ ഭക്ഷണത്തിന് തനതായ രുചി നൽകുന്നു. നമ്മുടെ പല വിഭവങ്ങൾക്കും അവരുടെ ഭക്ഷണവുമായി അല്പം സാമ്യതയുണ്ട്. അങ്ങനെ കേരളീയ വിഭവങ്ങളോട് ഏറെ സാമ്യതയുള്ള രണ്ട് ശ്രീലങ്കൻ വിഭവങ്ങൾ ഇതാ...

വറ്റലപ്പം
ചേരുവകൾ:

മുട്ട - അഞ്ചെണ്ണം
തേങ്ങ ചിരകിയത് - ഒരു കപ്പ്
ശർക്കരപ്പൊടി - മുക്കാൽ കപ്പ്
പഞ്ചസാര - രണ്ട് ടേബിൾ സ്പൂൺ
നെയ്യ് - ഒരു ടേബിൾ സ്പൂൺ
ഏലക്ക - മൂന്നെണ്ണം
തയ്യാറാക്കുന്നവിധം: സോസ് പാനിൽ പഞ്ചസാര ഇട്ട് ചെറുതീയിൽ വെച്ച് കാരമലൈസ് ആവുമ്പോൾ ശർക്കരപ്പൊടിയും കാൽ കപ്പ് വെള്ളവും ചേർത്ത് ഉരുക്കിയെടുക്കുക. നന്നായി ഉരുകി വരുമ്പോൾ അഞ്ചു മിനിറ്റ് തിളപ്പിച്ച്, തീയിൽ നിന്ന് മാറ്റി ആറാൻ വെക്കുക. കാൽ കപ്പ് വെള്ളം മാത്രം ചേർത്ത് തേങ്ങ അരച്ച്, ഒന്നാം പാൽ കട്ടിയിൽ പിഴിഞ്ഞെടുക്കുക. മിക്‌സിയുടെ വലിയ ജാറിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് ഒന്നടിച്ചെടുക്കുക. ഇത് ഒരു വലിയ ബൗളിലേക്ക് മാറ്റി, തേങ്ങാപ്പാലും ഏലക്ക പൊടിച്ചതും ചേർത്ത് ഒരു വിസ്‌ക് കൊണ്ട് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് ആറിയ ശർക്കര പാനി ചേർത്ത് യോജിപ്പിക്കുക. ഈ കൂട്ട് നെയ്യ് പുരട്ടിയ ഒരു പാത്രത്തിലേക്ക് അരിച്ചൊഴിക്കുക. പാത്രം മൂടി വെച്ച്, സ്റ്റീമറിൽ അര മണിക്കൂർ വെച്ച് വേവിച്ചെടുക്കുക. ആറിയതിനു ശേഷം റെഫ്രിജറേറ്ററിൽ വെച്ച് തണുപ്പിച്ച്, ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കാം.

ലവരിയ
ചേരുവകൾ:

അരിപ്പൊടി - രണ്ട് കപ്പ്
വെള്ളം - രണ്ട് കപ്പ്
തേങ്ങ - ഒന്ന്
ശർക്കരപ്പൊടി - മുക്കാൽ കപ്പ്
ഏലക്ക - മൂന്നെണ്ണം
പഞ്ചസാര - രണ്ട് ടേബിൾ സ്പൂൺ
നെയ്യ് – രണ്ട് ടേബിൾ സ്പൂൺ
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: ഏലക്കയും പഞ്ചസാരയും പൊടിച്ചെടുക്കുക. ശർക്കരയിലേക്ക് കാൽ കപ്പ് വെള്ളം ചേർത്ത് ചൂടാക്കി, ഉരുക്കിയെടുക്കുക. ഇതിലേക്ക് പൊടിച്ച ഏലക്ക, തേങ്ങ ചിരകിയത് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. നെയ്യും ചേർത്ത്, വെള്ളം മുഴുവനും വറ്റുമ്പോൾ തീയിൽ നിന്ന് മാറ്റി, ആറാൻ വെക്കാം. അരിപ്പൊടിയിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യും ആവശ്യത്തിന് ഉപ്പും ചേർത്ത് രണ്ടു കപ്പ് തിളച്ച വെള്ളവും ചേർത്ത് ഒരു സ്പാറ്റുല കൊണ്ട് നന്നായി യോജിപ്പിച്ച് മൂടി വെക്കുക. ഒന്ന് ആറുമ്പോൾ കൈ കൊണ്ട് നന്നായി കുഴച്ച് മൃദുവാക്കിയെടുക്കുക. ഇടിയപ്പം നാഴിയിൽ ഈ മാവ് ഇട്ട്, നെയ്യ് പുരട്ടിയ വാഴയിലയിലേക്ക് വട്ടത്തിൽ പിഴിയുക. ഇതിന് മുകളിൽ തയ്യാറാക്കി വെച്ച ഫില്ലിങ് മൂന്ന് ടേബിൾ സ്പൂൺ നീളത്തിൽ വെച്ച്, ഇല പതുക്കെ ഉള്ളിലേക്ക് ചുരുട്ടുക. രണ്ടു വശത്തു നിന്നും ചുരുട്ടി, രണ്ടറ്റവും വിരൽ കൊണ്ട് ഒന്ന് അമർത്തി സീൽ ചെയ്യുക. ഇങ്ങനെ മുഴുവൻ മാവും പിഴിഞ്ഞ് ഫില്ലിങ് വെച്ച് ചുരുട്ടിയെടുത്ത്, സ്റ്റീമറിൽ വാഴയില വെച്ച് അതിലേക്ക് നിരത്തി വെക്കുക. മൂടി വെച്ച് പതിനഞ്ചു മിനിറ്റ് വേവിച്ചെടുക്കാം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi