നവരാത്രി ആഘോഷങ്ങൾക്കായി വ്യത്യസ്തവും ലളിതവുമായ ഒരു മധുരവിഭവം തിരയുകയാണോ? എളുപ്പത്തിൽ വീട്ടിലുള്ള വളരെ കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് സ്വാദിഷ്ടമായ തേങ്ങ ലഡ്ഡു എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം.  

ആവശ്യമായ ചേരുവകൾ:
ഡെസിക്കേറ്റഡ് കോക്കനട്ട് : 2 കപ്പ് (ഉരുട്ടി എടുക്കുന്നതിനായി അല്പം മാറ്റിവെക്കുക)
പാൽ: ഒരു കപ്പ്
പാൽപ്പൊടി: കാൽ കപ്പ്
ഏലയ്ക്കാപ്പൊടി: കാൽ ടീസ്പൂൺ
പഞ്ചസാര: അര കപ്പ്
നെയ്യ്: 1-2 ടീസ്പൂൺ
സിൽവർ വർക്ക് : അലങ്കരിക്കാൻ ( ആവശ്യമെങ്കിൽ മാത്രം)

തയ്യാറാക്കുന്ന വിധം:
അടികട്ടിയുള്ള ഒരു നോൺ-സ്റ്റിക് പാനിൽ നെയ്യ് ചൂടാക്കുക. ഇതിലേക്ക് ഡെസിക്കേറ്റഡ് കോക്കനട്ട് ചേർത്ത് കുറഞ്ഞ തീയിൽ ചെറുതായി വറുത്തെടുക്കുക. തേങ്ങയുടെ നിറം മാറാതെ, നല്ല മണം വരുന്നതുവരെ ഇളക്കിക്കൊടുക്കുക. പാനിലേക്ക് മിൽക്ക് പൗഡർ ചേർത്ത് വറുത്ത തേങ്ങയുമായി നന്നായി യോജിപ്പിക്കുക. തീ കുറച്ചുതന്നെ വെച്ച് ഏതാനും സെക്കൻഡുകൾ ഇളക്കുക. തുടർന്ന് പാൽ പതുക്കെ പാനിലേക്ക് ഒഴിച്ച് തുടർച്ചയായി ഇളക്കിക്കൊണ്ടിരിക്കുക. മിശ്രിതം ഒന്നായി യോജിക്കുന്നതുവരെ. ഇതിലേക്ക് പഞ്ചസാരയും ഏലയ്ക്കാപ്പൊടിയും ചേർക്കുക. പഞ്ചസാര അലിഞ്ഞ് മിശ്രിതം ലഡ്ഡു ആക്കാൻ പാകമായിമാറും വരെ ഇളക്കുക. വരണ്ടുപോകാതിരിക്കാൻ ശ്രദ്ധിക്കുക. തീ അണച്ച ശേഷം മിശ്രിതം ഒരു പ്ലേറ്റിലേക്ക് മാറ്റി അല്പം ചൂടാറാൻ വെക്കുക. ചെറുചൂടുണ്ടായിരിക്കുമ്പോൾ തന്നെ ലഡ്ഡു ഉരുട്ടിയെടുക്കണം.

കൈകളിൽ അല്പം നെയ്യ് തടവിയ ശേഷം ചെറിയ ഉരുളകളാക്കിയെടുക്കുക. ഉരുട്ടിയ ലഡ്ഡു മാറ്റിവെച്ചിരിക്കുന്ന ഡെസിക്കേറ്റഡ് കോക്കനട്ടിൽ പൊതിഞ്ഞെടുക്കുക. ആവശ്യമുണ്ടെങ്കിൽ മുകളിൽ ചെറിയൊരു സിൽവർ എഡിബിൾ പേപ്പർ ഒട്ടിച്ചു കൊടുക്കാവുന്നതാണ്. ലഡ്ഡു പൂർണ്ണമായും തണുത്ത ശേഷം കഴിക്കാം. എയർടൈറ്റ് കണ്ടെയ്നറിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതുമാണ്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi