ദിവസവും ഉപയോഗിക്കുന്ന ഒന്നാണ് പാചക എണ്ണ. ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുമ്പോഴും എണ്ണയുടെ കാര്യത്തിൽ പലപ്പോഴും വലിയ ശ്രദ്ധ കൊടുക്കാറില്ല. എന്നാൽ ഉപയോഗിക്കുന്ന എണ്ണയുടെ സ്വഭാവം മാത്രമല്ല, അത് എങ്ങനെ ഉപയോഗിക്കുന്നു എന്നതും പ്രധാനമാണ്. ഒരേ എണ്ണ വീണ്ടും വീണ്ടും ചൂടാക്കുന്നതും അമിതമായി ഉപയോഗിക്കുന്നതും നമ്മുടെ ആരോഗ്യത്തെതന്നെ ബാധിച്ചേക്കാമെന്നാണ് വിദഗ്ധർ പറയുന്നത്. 

എണ്ണയിലെ കൊഴുപ്പിന്റെ ഘടന, ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട് ലഭ്യമായ പഠനങ്ങൾ, പാചകത്തിനിടെ എണ്ണ എങ്ങനെ പെരുമാറുന്നു തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് ആരോഗ്യവിദഗ്ധർ എണ്ണകളെ ക്രമീകരിക്കുന്നത്. എന്നാൽ ഈ പട്ടികയ്‌ക്കൊപ്പം ഒരു പ്രധാനകാര്യം കൂടിയുണ്ട്. എണ്ണയുടെ അളവും അത് ഉപയോഗിക്കുന്ന രീതിയും.

ഒന്നാം സ്ഥാനത്ത് ഒലീവ് ഓയിൽ
ഹൃദയാരോഗ്യത്തിന് ഗുണകരമായി കണക്കാക്കപ്പെടുന്ന മോണോ അൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ ഒലീവ് ഓയിലിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട് ഒലീവ് ഓയിലിനെക്കുറിച്ച് ലഭ്യമായ പഠനങ്ങളും താരതമ്യേന കൂടുതലാണ്. മെഡിറ്ററേനിയൻ ഭക്ഷണരീതിയുമായി ബന്ധപ്പെട്ട പഠനങ്ങളിലും എക്‌സ്ട്രാ വിർജിൻ ഒലീവ് ഓയിലിന് പ്രധാന സ്ഥാനമുണ്ട്. എക്‌സ്ട്രാ വിർജിൻ ഒലീവ് ഓയിലും നട്‌സും ഉൾപ്പെടുത്തിയ മെഡിറ്ററേനിയൻ ഭക്ഷണരീതിക്ക് ഹൃദയസംബന്ധമായ ചില ഗുണങ്ങൾ ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. എങ്കിലും എണ്ണയുടെ തിരഞ്ഞെടുപ്പിനൊപ്പം അത് എങ്ങനെ ഉപയോഗിക്കുന്നു എന്നതും ശ്രദ്ധിക്കണം.

ഇന്ത്യൻ അടുക്കളയ്ക്ക് യോജിച്ച കടുകെണ്ണ
ഇതിലെ കൊഴുപ്പിന്റെ ഘടനയും ഇന്ത്യൻ പാചകരീതികളുമായി എളുപ്പത്തിൽ പൊരുത്തപ്പെടുന്നതുമാണ് പ്രധാന പ്രത്യേകത. എന്നാൽ ഒലീവ് ഓയിലിനുള്ളതുപോലെ ശക്തമായ ഹൃദയാരോഗ്യ തെളിവുകൾ കടുകെണ്ണയുടെ കാര്യത്തിൽ ലഭ്യമല്ല. അതേസമയം, ഹൃദയാരോഗ്യകരമായ ഭക്ഷണരീതി പിന്തുടരാൻ പരിചിതമായ ഭക്ഷണങ്ങളും പാചകരീതികളും പൂർണമായി ഉപേക്ഷിക്കേണ്ടതില്ലെന്ന കാര്യവും ഇത് ഓർമിപ്പിക്കുന്നു.

ഉയർന്ന ചൂടിലും ഉപയോഗിക്കാം; നിലക്കടല എണ്ണ
ഉയർന്ന ചൂടിലുള്ള പാചകത്തിൽ താരതമ്യേന സ്ഥിരത പുലർത്തുന്നതാണ് ഗ്രൗണ്ട്‌നട്ട് അഥവാ നിലക്കടല എണ്ണയുടെ പ്രത്യേകത. എന്നാൽ നിലക്കടല എണ്ണയിൽ ഒമേഗ-6 കൊഴുപ്പുകളുടെ അളവ് കൂടുതലാണ്. ഭക്ഷണത്തിലെ മൊത്തത്തിലുള്ള കൊഴുപ്പിന്റെ ഘടനയും എണ്ണ ഉപയോഗിച്ച് തയ്യാറാക്കുന്ന ഭക്ഷണവും പരിഗണിക്കണം. അതുകൊണ്ട് നിലക്കടല എണ്ണയുടെ അളവിലും മൊത്തത്തിലുള്ള ഭക്ഷണരീതിയിലും ശ്രദ്ധിക്കുകയാണ് പ്രധാനം.

റിഫൈൻഡ് സീഡ് ഓയിലുകൾ
സൺഫ്‌ളവർ ഓയിൽ ഉൾപ്പെടെയുള്ള റിഫൈൻഡ് സീഡ് ഓയിലുകൾക്ക് ഏറ്റവും താഴെയാണ് സ്ഥാനം. ഇവയിലെ ഒമേഗ-6 കൊഴുപ്പുകളും എണ്ണയുടെ സംസ്‌കരണവും, പ്രത്യേകിച്ച് വീണ്ടും വീണ്ടും ചൂടാക്കുമ്പോൾ ഉണ്ടാകാവുന്ന ഓക്‌സിഡേഷനും ആരോഗ്യത്തിന് നല്ലതല്ല. 

എണ്ണ തിരഞ്ഞെടുക്കുമ്പോൾ അതിന്റെ പേര് മാത്രം നോക്കാതെ, എത്ര അളവിൽ ഉപയോഗിക്കുന്നു, എത്ര തവണ ചൂടാക്കുന്നു, ഏത് ഭക്ഷണം തയ്യാറാക്കാൻ ഉപയോഗിക്കുന്നു തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കണം.

വെളിച്ചെണ്ണയും പാം ഓയിലും: വേണം അൽപം കൂടുതൽ ശ്രദ്ധ
വെളിച്ചെണ്ണയിൽ സാച്ചുറേറ്റഡ് കൊഴുപ്പിന്റെ അളവ് വളരെ കൂടുതലാണ്. ഇത് LDL അഥവാ 'ചീത്ത' കൊളസ്‌ട്രോൾ ഉയരുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ വെളിച്ചെണ്ണ പ്രധാന പാചക എണ്ണയായി അമിതമായി ഉപയോഗിക്കാതെ മിതമായി ഉപയോഗിക്കുന്നതാണ് നല്ലത്.
അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങളിൽ പാം ഓയിൽ വ്യാപകമായി ഉപയോഗിക്കപ്പെടാറുണ്ട്. ഇത്തരം ഭക്ഷണങ്ങളിൽ സാച്ചുറേറ്റഡ് കൊഴുപ്പും കൂടുതലായിരിക്കാം. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതല്ല. 

ഏത് എണ്ണയാണ് ഏറ്റവും നല്ലത് എന്നതിന് ഒറ്റവാക്കിലുള്ള ഉത്തരമില്ല. എണ്ണയിലെ കൊഴുപ്പിന്റെ ഘടന, അതിനെക്കുറിച്ചുള്ള ശാസ്ത്രീയ തെളിവുകൾ, പാചകത്തിനുള്ള ഉപയോഗം, ഉപയോഗിക്കുന്ന അളവ് എന്നിവയെല്ലാം പരിഗണിക്കണം. ഹൃദയാരോഗ്യകരമായ ഭക്ഷണരീതിയിൽ ഒരു പ്രത്യേക എണ്ണയെ മാത്രം ആശ്രയിക്കുന്നതിനേക്കാൾ മൊത്തത്തിലുള്ള ഭക്ഷണക്രമത്തിലാണ് ശ്രദ്ധ നൽകേണ്ടത്. ഒരേ എണ്ണ വീണ്ടും വീണ്ടും ചൂടാക്കുന്നത് ഒഴിവാക്കുക, ഡീപ് ഫ്രൈ ചെയ്ത ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുക, ആവശ്യത്തിന് മാത്രം എണ്ണ ഉപയോഗിക്കുക തുടങ്ങിയ ചെറിയ ശീലങ്ങൾക്കും പ്രാധാന്യമുണ്ട്. 
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi