
പാലും തൈരും നെയ്യും വെണ്ണയുമൊക്കെ കാലങ്ങളായി നമ്മുടെ ഭക്ഷണത്തിന്റെ ഭാഗമാണ്. പണ്ട് രാജകീയ പാചക ശാലകളിൽ, പ്രത്യേകിച്ച് മുഗൾ സ്വാധീനം ശക്തമായ കാലഘട്ടത്തിൽ പാൽ, ക്രീം, നട്ട്‌സ്, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ചേർത്ത സമ്പന്നമായ വിഭവങ്ങൾ കൂടുതലായിരുന്നു. മുഗൾ രാജവംശത്തിന്റെ പാചക ശാലയിലാണ് മലായ് വിഭവങ്ങളുടെ ഉത്ഭവം എന്നാണ് പറയപ്പെടുന്നത്. പാൽ തിളപ്പിക്കുമ്പോൾ അതിന്റെ മുകളിൽ സ്വാഭാവികമായി രൂപപ്പെടുന്ന കട്ടിയുള്ള പാളിയാണ് മലായ്. പാലിൽ നിന്ന് ക്രീം വേർതിരിക്കുന്ന ആധുനിക യന്ത്രങ്ങളൊന്നും ഇല്ലാതിരുന്ന കാലത്ത്, പാൽ തിളപ്പിച്ച് തണുപ്പിച്ച ശേഷം മുകളിൽ രൂപപ്പെടുന്ന ഈ പാളി ശേഖരിച്ചാണ് മലായ് വിഭവങ്ങൾ തയ്യാറാക്കിയിരുന്നത്. കാലക്രമേണ രസ്മലായ്, മലായ് ചിക്കൻ, മലായ് ടിക്ക, മലായ് പുഡ്ഡിങ് എന്നിവയെല്ലാം നമ്മുടെയും പ്രിയ രുചികളായി മാറി. ഇത്തവണ വ്യത്യസ്തമായ മലായ് വിഭവങ്ങളെ പരിചയപ്പെടാം.
മലായ് ചിക്കൻ ബൺ
ബണ്ണിനുള്ള ചേരുവകൾ:
മൈദ – രണ്ട് കപ്പ്
ഇളം ചൂടുള്ള പാൽ- അരക്കപ്പ്
മുട്ട- ഒന്ന് (റൂം ടെമ്പറേച്ചറിൽ)
യീസ്റ്റ് – ഒരു ടേബിൾസ്പൂൺ
പഞ്ചസാര- മൂന്ന് ടേബിൾസ്പൂൺ
ഉപ്പ് – അര ടീസ്പൂൺ
എണ്ണ- കാൽ കപ്പ്
ഇളം ചൂടുള്ള വെള്ളം - ആവശ്യത്തിന്
സ്റ്റഫിങ്ങിനുള്ള ചേരുവകൾ:
ബോൺലെസ് ചിക്കൻ - അര കിലോ
സവാള - രണ്ട്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - ഒരു ടേബിൾസ്പൂൺ
ഫ്രഷ് ക്രീം - മൂന്ന് ടേബിൾസ്പൂൺ
തൈര് - രണ്ട് ടേബിൾസ്പൂൺ
കാഷ്യുനട്ട് - രണ്ട് ടേബിൾസ്പൂൺ
പച്ചമുളക് - മൂന്നെണ്ണം
മല്ലിപ്പൊടി - ഒരു ടേബിൾസ്പൂൺ
ഗരം മസാല - രണ്ട് ടീസ്പൂൺ
കുരുമുളകുപൊടി - ഒരു ടീസ്പൂൺ
ജീരകപ്പൊടി - അര ടീസ്പൂൺ
കസൂരിമേത്തി - അര ടീസ്പൂൺ
ബട്ടർ - രണ്ട് ടേബിൾസ്പൂൺ
ഉപ്പ് -ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: എല്ലാ ചേരുവകളും നന്നായി യോജിപ്പിച്ച് മൃദുവായ ഒരു മാവ് തയ്യാറാക്കുക.
Also Read
മാവിന് മുകളിൽ കുറച്ച് എണ്ണ പുരട്ടി മൂടിവെക്കുക. ഏകദേശം രണ്ട് മണിക്കൂർ, അല്ലെങ്കിൽ മാവ് നന്നായി പൊങ്ങി ഇരട്ടിയാകുന്നതുവരെ ചൂടുള്ള സ്ഥലത്ത് വെക്കുക. മാവ് പൊങ്ങിക്കഴിഞ്ഞാൽ വീണ്ടും നന്നായി കുഴച്ച് അരമണിക്കൂർ കൂടി വിശ്രമിക്കാൻ വെക്കുക.
ഇനി ഫില്ലിങ് തയ്യാറാക്കാനായി ചിക്കൻ ഉപ്പ് ചേർത്ത് വേവിച്ച് ചെറുതായി അരിഞ്ഞു വെക്കുക. പാനിൽ ഒരു ടേബിൾ സ്പൂൺ ബട്ടർ ചേർത്ത് സവാള വഴറ്റി, നിറം മാറി വരുമ്പോൾ അതിലേക്ക് കാഷ്യുനട്ട്‌സും പച്ചമുളകും ചേർത്ത് വഴറ്റുക. ഇത് തീയിൽ നിന്നും മാറ്റി ആറിയതിനു ശേഷം നന്നായി അരച്ചെടുക്കുക. പാനിലേക്ക് ബാക്കി ബട്ടറും ചേർത്ത് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് വഴറ്റുക. അരച്ചെടുത്ത മിശ്രിതം ചേർക്കുക. ഇതിലേക്ക് എല്ലാ പൊടികളും ചേർത്ത് വേവിച്ച ചിക്കനും ചേർക്കുക. തൈരും ഫ്രഷ് ക്രീമും ആവശ്യത്തിന് ഉപ്പും ചേർക്കുക. ഗ്രേവി നന്നായി കുറുകി വരുമ്പോൾ കസൂരി മേത്തിയും മല്ലിയിലയും ചേർത്ത് വാങ്ങി ആറാൻ വയ്ക്കുക. തയ്യാറാക്കിയ മാവ് എട്ടു ഭാഗങ്ങളാക്കി ഉരുട്ടിവെക്കുക. ഓരോ ഉരുളയും ചെറുതായി ഒന്ന് പരത്തി ചിക്കൻ ഫില്ലിങ് വെച്ച് വീണ്ടും മൂടി ബണ്ണിന്റെ ആകൃതിയിൽ ആക്കി വയ്ക്കുക. ഒരു മുട്ട പൊട്ടിച്ച് ഒഴിച്ച് ഒന്ന് ബീറ്റ് ചെയ്തതിനുശേഷം, ഒരു ബ്രഷ് കൊണ്ട് മുട്ടയിൽ മുക്കി, ബണ്ണുകൾക്ക് മുകളിൽ ബ്രഷ് ചെയ്യുക. 180ഡിഗ്രിയിൽ പ്രീഹീറ്റ് ചെയ്ത അവനിൽ 15 മിനിറ്റ് ബേക്ക് ചെയ്‌തെടുക്കാം.
മലായ് ബ്രഡ് പുഡ്ഡിങ്
ചേരുവകൾ:
ബ്രഡ് - എട്ട് സ്ലൈസ്
പാൽ - അര ലിറ്റർ
കസ്റ്റാർഡ് പൗഡർ - രണ്ട് ടേബിൾസ്പൂൺ
പാൽ പൊടി - അരക്കപ്പ്
പഞ്ചസാര - കാൽ കപ്പ്
ബദാം - 50 ഗ്രാം
കാഷ്യുനട്ട്‌സ് - 50 ഗ്രാം
പിസ്ത - 25 ഗ്രാം
റബഡിക്കുള്ള ചേരുവകൾ:
പാൽ - അര ലിറ്റർ
ഫ്രഷ് ക്രീം - കാൽ കപ്പ്
മിക്‌സ്ഡ് നട്ട്‌സ് - മൂന്ന് ടേബിൾസ്പൂൺ
ഏലക്ക - മൂന്നെണ്ണം
കണ്ടൻസ്ഡ് മിൽക്ക് - മുക്കാൽ കപ്പ്
തയ്യാറാക്കുന്നവിധം: കസ്റ്റാർഡ് പൗഡർ കാൽ കപ്പ് പാലിൽ കലക്കി വെക്കുക. അര ലിറ്റർ പാൽ തിളപ്പിച്ച് അതിലേക്ക് പഞ്ചസാരയും ചേർത്ത് യോജിപ്പിക്കുക. ഇതിലേക്ക് കലക്കിവെച്ച കസ്റ്റാർഡ് ചേർത്ത് കൈവിടാതെ ഇളക്കി കുറുക്കി എടുക്കുക. ഇതിലേക്ക് ക്രഷ് ചെയ്ത നട്ട്‌സും പാൽ പൊടിയും ചേർത്ത് യോജിപ്പിച്ച് തീയിൽ നിന്നും മാറ്റി ആറാൻ വയ്ക്കുക. ഇനി റബഡി തയ്യാറാക്കാനായി പാലിലേക്ക് കണ്ടൻസ്ഡ് മിൽക്കും ഏലക്ക പൊടിയും ചേർത്ത് പകുതി ആകുന്നതുവരെ തിളപ്പിച്ച് വറ്റിക്കുക. ഇതിലേക്ക് ഫ്രഷ് ക്രീമും ചേർത്ത് വാങ്ങാം. ബ്രഡ് ഓരോ സ്ലൈസായി എടുത്ത് ചപ്പാത്തികോൽ കൊണ്ട് നന്നായി പരത്തുക. ഓരോ സ്ലൈസ് ബ്രഡിലും രണ്ട് സ്പൂൺ വീതം തയ്യാറാക്കിയ കസ്റ്റാർഡ് നട്ട്‌സ് ഫില്ലിങ് വെച്ച് സ്‌പ്രെഡ് ചെയ്ത്, ചുരുട്ടി, പുഡ്ഡിങ് ബൗളിൽ നിരത്തി വയ്ക്കുക. ഇതിനു മുകളിൽ റബഡിയും ഒഴിച്ച്, മിക്‌സ്ഡ് നട്ട്‌സ് തൂവി തണുപ്പിച്ച് വിളമ്പാം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 08 Oct 2026, 10:45 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented