ശാന്തിനികേതൻ വിശ്വഭാരതി സർവകലാശാലയിൽ പഠനത്തിനായി എത്തുമ്പോഴേ മനസ്സിലുള്ള ആഗ്രഹമായിരുന്നു ഡാർജീലിങ്ങിലേക്കുള്ള യാത്ര. കോവിഡ് മഹാമാരി സർവ്വതും നിശ്ചലമാക്കിയപ്പോൾ യാത്രകളും മുടങ്ങി. പോകെപ്പോകെ ആ കാലവും കടന്നുപോയി. വീണ്ടും യാത്രാമോഹങ്ങൾക്ക് ചിറകുമുളച്ചു. ഡാർജീലിങ്ങിലേക്കും നേപ്പാൾ ഗ്രാമങ്ങളിലേക്കുമുള്ള യാത്ര തിരഞ്ഞെടുത്തത് ഒരു സെമസ്റ്റർ പരീക്ഷ തീർന്നതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു. അങ്ങനെ ഉത്തർബംഗ എക്‌സ്പ്രസിൽ സുഹൃത്ത് ജെയ്‌നിച്ചേച്ചിക്കൊപ്പം ന്യൂ ജയ്പാൽഗുഡിയിലേക്ക് വണ്ടി കയറി. ചുരങ്ങളും കോടമഞ്ഞും മഴച്ചാറ്റലും ആസ്വദിച്ചായിരുന്നു ജയ്പാൽഗുഡിയിൽനിന്നും ഡാർജീലിങ്ങിലേക്കുള്ള യാത്ര. ഇരുവശങ്ങളിലും ചന്തകളും കടകളും നിറഞ്ഞ കർസാങ് എന്ന കൊച്ചുപട്ടണത്തിലേക്കാണ് ആദ്യം എത്തിച്ചേർന്നത്.

ഒരുഭാഗത്തുകൂടി മലഞ്ചെരിവിലേക്ക് നീളുന്ന റെയിൽപ്പാളം. ടോയ് ട്രെയിനും ഡീസൽ ട്രെയിനും ഇവിടെയുണ്ട്. മുകളിലേക്ക് പോകുന്തോറും കാഴ്ചകൾ മാറിക്കൊണ്ടിരുന്നു. വസ്ത്രധാരണത്തിൽപോലും ആ മാറ്റം പ്രകടമാണ്. കമ്പിളി ഉടുപ്പുകൾ ധരിച്ചവരായിരുന്നു ഇവിടെ കൂടുതലും. ദുർഗാപൂജയുടെ സമയം കഴിയുന്നതോടെ ഇവിടെ തണുപ്പ് അധികരിക്കും. വസന്തകാലമല്ലെങ്കിലും പലവർണങ്ങൾ പൊഴിച്ച് പൂക്കൾ വിടർന്നുനിന്നിരുന്നു. വഴിയിലുടെനീളം നിറയെ രോമങ്ങൾ നിറഞ്ഞ നായ്ക്കളെ കണ്ടു. ശാന്തസ്വഭാവക്കാരാണ് അവർ. പട്ടികളെ പേടിയുള്ള കൂട്ടത്തിലാണെങ്കിലും തിരിച്ചുപോരുമ്പോഴേക്കും ആ ഭയം വിട്ടകന്നിരുന്നു. ഡാർജീലിങ്ങിലെ ക്ലോക്ക് ടവറിന് മുന്നിലാണ് ഷെയർ ടാക്‌സി നിന്നത്. നേരത്തെ ബുക്ക് ചെയ്ത ഹോം സ്‌റ്റേ തപ്പിയിറങ്ങി. ഒടുക്കം നീല പെയിന്റടിച്ച വീടിന് മുന്നിലെത്തിയപ്പോൾ ഞങ്ങളെയും കാത്ത് കുമാർ ദാദ നിൽപ്പുണ്ടായിരുന്നു. അദ്ദേഹമാണ് ഹോംസ്‌റ്റേയുടെ കെയർ ടേക്കർ. വൈകാതെ ഡാർജീലിങ്ങിന്റെ കുളിരിലേക്ക് ഇഴുകിച്ചേർന്നു.

തൊട്ടടുത്ത ദിവസം അഡ്വഞ്ചേഴ്‌സ് അൺലിമിറ്റഡിന്റെ വാഹനം കാത്തുനിൽപ്പുണ്ടായിരുന്നു. തലേദിവസം ടൂർ ഓപറേറ്ററായ ഗൗതം ദാ ഞങ്ങളുടെ ഷൂസ്, ട്രെക്കിങ്ങിന് അനുയോജ്യമാണോയെന്ന് പരിശോധിച്ചിരുന്നു. മഴ മാറിനിൽക്കുന്ന സമയമായതിനാൽ വഴുക്കലുണ്ടാകുമെന്നും അട്ടകളെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നൽകി. മനെഭംജങ് എന്ന ചെറുപട്ടണമായിരുന്നു ലക്ഷ്യം. മാനെഭംജങ്ങിൽ അർപ്പൺ ദാജു കാത്തുനിന്നിരുന്നു. തുടർന്നുള്ള രണ്ടുദിവസങ്ങൾ അർപ്പൺ ദാജുവായിരിക്കും ഞങ്ങളെ നയിക്കുക. നേപ്പാളി ഭാഷയിൽ ദാജുവെന്നാൽ ചേട്ടൻ എന്നാണ് അർഥം. ഇനി കുറച്ചുദൂരം യാത്രചെയ്യേണ്ടത് നേപ്പാൾ ഗ്രാമങ്ങളിലൂടെയാണ്. ധോത്രേ എന്ന ഹിമാലയൻ പട്ടണത്തിൽനിന്നാണ് ട്രെക്കിങ് ആരംഭിക്കുന്നത്. ധോത്രേയിൽനിന്ന് ആരംഭിച്ച് തോങ്‌ലു വഴി തുംലിങ്ങിലേക്ക്. അവിടുന്ന് പല ഗ്രാമങ്ങൾ പിന്നിട്ട് മനെഭംജങ്ങിൽ ട്രെക്കിങ് അവസാനിക്കും.

 

ധോേ്രതയിലേക്കുള്ള യാത്രയ്ക്കിടെ ചായ കുടിക്കാൻ ഒരു കടയിൽ നിർത്തി. നല്ല ഉപ്പിട്ട കട്ടൻ ചായ!. ഇവിടുത്തുകാരെല്ലാം ചായയിൽ ഉപ്പിട്ടാണ് കുടിക്കുന്നത്. രാവിലെ മുതൽ വൈകീട്ടുവരെ കൃഷിയിടങ്ങളിൽ പണിചെയ്യുന്നവർ ഊർജം കിട്ടാനാണത്രെ ഉപ്പിട്ട ചായ കുടിക്കുന്നത്. ധോത്രയിൽവെച്ച് മോമോസും സൂപ്പുമായിരുന്നു പ്രഭാതഭക്ഷണം. മോമോസ് കോഴിയിറച്ചി നിറച്ചുണ്ടാക്കിയതാണ്. പലകുറി കഴിച്ചിട്ടുണ്ടെങ്കിലും ടിബറ്റൻ മോമോയെ വെല്ലാൻ മറ്റൊന്നിനും സാധ്യമല്ല. ഭക്ഷണം കഴിച്ചു തീരാറാവുമ്പോഴേക്കും അതാ വരുന്നു ഉപ്പിട്ട പാൽച്ചായ. ബംഗാളിലെ സഹവാസത്തിനിടെ ഉപ്പിട്ട കട്ടൻ ചായ കുടിച്ചിട്ടുണ്ടെങ്കിലും ഉപ്പിട്ട പാൽച്ചായ കണ്ടപ്പോൾ ഒന്നമ്പരന്നു. ശുദ്ധമായ പാൽ ഒഴിച്ച ആ ചായ വളരെ രുചികരമായിരുന്നു.

 

ഇനി രണ്ടുദിവസം അർപ്പൻ ദാജുവിനൊപ്പമാണ് നടത്തം. തിരികെയെത്തുമ്പോൾ ഗൗതം ദാ ഞങ്ങളെ കൊണ്ടുപോകാനെത്തും. പൈൻ മരങ്ങൾ നിറഞ്ഞ പാതയിലൂടെ നടത്തം തുടർന്നു. പോകുന്ന വഴിയിൽ നിറയെ കൂണുകൾ വിടർന്നുനിൽക്കുന്നു. വിഷക്കൂണുകളാണ് ഏറെയുമെന്ന് ദാജു ഓർമിപ്പിച്ചു. കഴിക്കാൻ പറ്റില്ലെങ്കിലും മുറിവ് ഉണക്കാൻ ഇത് ഉപയോഗിക്കാറുണ്ടത്രെ. മൂന്നുകിലോമീറ്റർ മലകയറ്റത്തിന് ശേഷം ആദ്യ റെസ്റ്റിങ് പോയിന്റിലെത്തി. വിശ്രമത്തിനിടെ താഴ്‌വാരത്തുനിന്ന് കുട്ടയിൽ വിറകുമായി എത്തിയവരോട് ഞങ്ങൾ കുശലം ചോദിച്ചു. അവർ തങ്ങളുടെ കൈവശമുള്ള കുക്രികൾ (ഗൂർഖാകത്തി) പ്രദർശിപ്പിച്ചു. വന്യമൃഗങ്ങളിൽനിന്നുള്ള രക്ഷയ്ക്കായിരുന്നു കുക്രികൾ ഉപയോഗിച്ചിരുന്നത്. പിന്നീടത് ഈ സംസ്‌കാരത്തിന്റെ ഭാഗമായിത്തീർന്നു. റോഡോഡെൻഡ്രോൺ മരങ്ങൾക്കിടയിലൂടെ ഞങ്ങൾ മലകയറ്റം തുടർന്നു. ദൂരെ തോങ്‌ലു ഗ്രാമം ദൃശ്യമായി. കുത്തനെയുള്ള കയറ്റം കയറി വേണം അവിടെയെത്താൻ. സമയം കളയാതെ യാത്ര തുടർന്നു. 3070 മീറ്റർ അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഇന്ത്യ-നേപ്പാൾ അതിർത്തി ഗ്രാമമായ തോങ്‌ലുവിൽ ഞങ്ങൾ എത്തിച്ചേർന്നു. ഡാർജീലിങ്ങിന്റെ ഏറ്റവും വടക്കേയറ്റത്തുള്ള പ്രദേശമാണിത്. ഗ്രാമത്തോട് അടുക്കുംതോറും പശുക്കളുടെ കുടമണി ശബ്ദംകേൾക്കാം. പച്ചപ്പുല്ലും ചെടികളും തിന്ന് അവിടവിടെ മേയുന്നു. മഞ്ഞുകാലമായാൽ ഇവയുടെ സ്ഥിതി മാറും. പിന്നെ ഭക്ഷണം തേടിപ്പിടിച്ച് അവയ്ക്ക് നൽകേണ്ട അവസ്ഥ വരും. ഇനി പിന്നിടാനുള്ളത് തുംലിങ് എന്ന നേപ്പാൾ ഗ്രാമമാണ്. ഇരുട്ടുന്നതിന് മുൻപ് കൂടാരമണയാൻ നടത്തത്തിന് വേഗംകൂട്ടി. കുറച്ചുകൂടി മുന്നോട്ടുപോയപ്പോൾ ദൂരെ ഹോംസ്റ്റേകൾ കണ്ടുതുടങ്ങി. അവിടം മുതൽ നേപ്പാൾ ആരംഭിക്കുകയായി. കൃത്യമായ അതിർത്തികളൊന്നുമില്ല. ദാജു പറഞ്ഞില്ലായിരുന്നെങ്കിൽ അതിർത്തി കടക്കുന്നതുപോലും അറിയില്ലായിരുന്നു. ജനവാസം കുറവുള്ള മേഖലയാണിത്. ട്രെക്കിങ്ങിനിടെ അധികം പേരും ഈ ഗ്രാമത്തിലാണ് തങ്ങുന്നത്.

ഇരുട്ടിന് കട്ടി കൂടി വന്നു. തണുപ്പ് ശക്തിയാർജിച്ചു. നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ടിരുന്നത് കാറ്റിലാടുന്ന പതാകകളുടെയും അരികിലൂടെ ഒഴുകുന്ന അരുവിയുടെയും ശബ്ദം മാത്രം. പ്രഭാതകിരണങ്ങൾ കാഞ്ചൻജംഗയിൽ പതിക്കുന്ന അദ്ഭുതകാഴ്ചയെ കുറിച്ച ആലോചിച്ചു കിടന്നതിനാലാണോ എന്നറിയില്ല പുലർച്ചെ മൂന്ന് മണിക്ക് തന്നെ ഉണർന്നു. ജനൽ പാളികളിൽ പറ്റിപ്പിടിച്ചിരുന്ന മഞ്ഞുതുള്ളികൾ തുടച്ച് ആകാശത്തേക്ക് നോക്കി. കൂരാക്കൂരിരുട്ടിൽ ആകാശം നിറയെ നക്ഷത്രദീപങ്ങൾ. മനം മയക്കുന്ന കാഴ്ച മതിവരുവോളം നോക്കിനിന്നു.

പുലർച്ചെ അഞ്ചുമണിക്ക് ദാജുവിനെ ഞങ്ങൾ അനുഗമിച്ചു. പിൻഭാഗത്തുള്ള ഒരു കുന്നിൻമുകളിലേക്കാണ് എത്തിച്ചേർന്നത്. ഇവിടെനിന്നാൽ ദൂരെയുള്ള സന്തക്ഫു എന്ന പർവതനിര കാണാം. അതിന് മുകളിൽ കയറിയാൽ എവറസ്റ്റ്, കാഞ്ചൻജംഗ, ലോട്ട്‌സേ, മക്കാലൂ എന്നീ നാല് മഹാപർവതങ്ങളെ കാണാൻ സാധിക്കും. ആകാശം ഭാഗികമായി മേഘാവൃതമായതിനാൽ സൂര്യോദയം പൂർണമായി ദൃശ്യമായിരുന്നില്ല. എങ്കിലും സൂര്യരശ്മികൾ കൊടുമുടിക്കു മുകളിലെ മേഘങ്ങളിൽ തോടുമ്പോഴുള്ള സുവർണദൃശ്യം അവർണനീയം തന്നെ. ഒറ്റനോട്ടത്തിൽ ഒരു ബുദ്ധപ്രതിമ കണക്കെയാണ് കാഞ്ചൻജംഗ വിഹരിക്കുന്നത്. ഒരുപക്ഷേ, ഇതായിരിക്കാം ഈ പർവതനിരയെ സ്ലീപ്പിങ് ബുദ്ധയെന്ന് വിളിച്ചുപോരാൻ കാരണം. പ്രകൃതിയുടെ അനിർവചനീയമായ സൗന്ദര്യം മതിവരുവോളം ആസ്വദിച്ചു. തിരിച്ചിറങ്ങുന്നത് പുൽമേടുകളും അരുവികളുകളുമൊക്കെ സമൃദ്ധമായുള്ള വഴിയിലൂടെയായിരുന്നു. നടന്നുനടന്നു പോകവേ ഒരുവശം ഇന്ത്യയും ഒരു വശം നേപ്പാളും അതിരുപങ്കിടുന്നു. ഇടയ്ക്ക് വിശ്രമിച്ചും കയ്യിൽ കരുതിയിരുന്ന വനവിഭവമായ ഗുഫ്ലയും ശിമോത്തോയും കഴിച്ചും അരുവികളിലെ ശുദ്ധജലം കുടിച്ചും വിശപ്പടക്കി. വീണ്ടും മലയിറങ്ങിയെത്തുന്നത് വഴിയിലെ അവസാന ഗ്രാമമായ ഛിത്രേയിലേക്കാണ്. ഛിത്രേയിൽ വിശ്രമിക്കുമ്പോൾ ഒരു നായ ഞങ്ങൾക്കൊപ്പം കൂടി. അവിടെനിന്നു മനെഭംജങ് ലക്ഷ്യമാക്കി യാത്ര തുടരവേ അവനും ഞങ്ങളെ പിന്തുടർന്നു. ഒരുവേള വിശ്രമിക്കവേ മുൻപിൽ പോയ നായ തിരിച്ചുവന്ന് ഞങ്ങളെ കാത്തുനിൽക്കും. മലയിറങ്ങി, മലയിറങ്ങി മനെഭംജങ് എത്തുമ്പോൾ മുൻപിൽ പോയിരുന്ന ആ നായ എവിടെയോ അപ്രത്യക്ഷമായി. മനെഭംജങ്ങിൽ ആശിഷ് ദാ വാഹനവുമായി കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഒരിക്കൽകൂടി ഇവിടേക്ക് തിരിച്ചുവരണം. മറ്റൊരു ഋതുവിൽ... പ്രകൃതിയുടെ മറ്റൊരു ഭാവം കാണാൻ...

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi