ആരോഗ്യകരമായ ജീവിതത്തിന് കൃത്യമായ ഉറക്കം ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. എന്നാൽ ഇന്നത്തെ തിരക്കുപിടിച്ച ജീവിതശൈലിയിൽ പലർക്കും ആവശ്യത്തിന് ഉറക്കം ലഭിക്കാറില്ല. ഉറങ്ങുമ്പോൾ ശരീരം വിശ്രമത്തിലാണെന്ന് പറയാറുണ്ടെങ്കിലും, കോശങ്ങളിലെ അറ്റകുറ്റപ്പണികളും മെറ്റബോളിക് പ്രവർത്തനങ്ങളും സജീവമായി നടക്കുകയായിരിക്കും.
ആവശ്യത്തിന് ഉറക്കം ലഭിക്കുന്നില്ലെങ്കിൽ ശരീരം ചില ലക്ഷണങ്ങളിലൂടെ അത് പ്രകടിപ്പിക്കുമെന്നാണ് ആരോഗ്യവിദഗ്ദ്ധനായ ഡോ. കുനാൽ സൂദ് പറയുന്നത്. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ അദ്ദേഹം പങ്കുവെച്ച ഉറക്കക്കുറവിന്റെ പ്രധാനപ്പെട്ട ചില ലക്ഷണങ്ങൾ ഇവയാണ്.
Also Read
ചായയോ കാപ്പിയോ
രാവിലെ ഒരു ചായയോ കാപ്പിയോ (Caffeine) കുടിച്ച് ദിവസം തുടങ്ങുന്നത് സാധാരണമാണ്. എന്നാൽ പകൽ സമയങ്ങളിൽ ഊർജ്ജസ്വലമായിരിക്കാൻ കാപ്പിയെ അമിതമായി ആശ്രയിക്കേണ്ടി വരുന്നത് ഉറക്കക്കുറവിന്റെ ലക്ഷണമാണ്.
കാപ്പിയിലുള്ള കഫീൻ തലച്ചോറിലെ അഡെനോസിൻ റിസപ്റ്ററുകളെ തടയുകയും താൽക്കാലികമായി ഉറക്കം തൂങ്ങൽ മാറ്റുകയും ചെയ്യും. എന്നാൽ ഉറക്കത്തിലൂടെ ശരീരം വീണ്ടെടുക്കുന്ന യഥാർത്ഥ ഊർജ്ജത്തിന് പകരമാവാൻ ഇതിനാവില്ല. ഇത് പിന്നീട് ഉറക്കമില്ലായ്മയിലേക്കും കഫീന്റെ അമിത ഉപയോഗത്തിലേക്കും നയിക്കുമെന്ന് അദ്ദേഹം പറയുന്നു.
മധുരത്തോട് ആസക്തി
പെട്ടെന്ന് മധുരമുള്ള പലഹാരങ്ങളോടും കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളോടും താല്പര്യം കൂടുന്നുണ്ടെങ്കിൽ അതിന് കാരണം ഉറക്കക്കുറവാകാം. ഉറക്കം കുറയുമ്പോൾ വിശപ്പ് കൂട്ടുന്ന 'ഗ്രെലിൻ' (Ghrelin) ഹോർമോണിന്റെ അളവ് കൂടുകയും, തലച്ചോറിലെ ചില ഭാഗങ്ങളുടെ പ്രവർത്തനം മന്ദഗതിയിലാവുകയും ചെയ്യും. ഇത് ഭക്ഷണം അമിതമായി കഴിക്കാൻ കാരണമാകും.
അനാവശ്യമായ ദേഷ്യം
ആവശ്യത്തിന് ഉറക്കം ലഭിക്കാത്തത് വൈകാരികമായ നിയന്ത്രണം നഷ്ടപ്പെടുത്തും. ചെറിയ കാര്യങ്ങൾക്ക് പോലും പെട്ടെന്ന് ദേഷ്യം വരിക, അസ്വസ്ഥത തോന്നുക എന്നിവ ഇതിന്റെ ലക്ഷണമാണ്. ഉറക്കക്കുറവ് തലച്ചോറിലെ വികാരങ്ങളെ നിയന്ത്രിക്കുന്ന Amygdala എന്ന ഭാഗത്തിന്റെ പ്രവർത്തനത്തെ ബാധിക്കുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.
ചിന്താശേഷി
ശ്രദ്ധക്കുറവ്, ഓർമ്മക്കുറവ്, കാര്യങ്ങൾ വേഗത്തിൽ പഠിക്കാനുള്ള ബുദ്ധിമുട്ട്, തീരുമാനങ്ങൾ എടുക്കാൻ വൈകുക എന്നിവയെല്ലാം ഉറക്കക്കുറവ് മൂലം ഉണ്ടാകാം. പഠനങ്ങൾ അനുസരിച്ച്, രണ്ടാഴ്ച തുടർച്ചയായി ആറ് മണിക്കൂറോ അതിൽ കുറവോ മാത്രം ഉറങ്ങുന്ന ഒരാളുടെ മാനസിക നില, രണ്ടുദിവസം ഒട്ടും ഉറങ്ങാത്ത ഒരാളുടെ അവസ്ഥയ്ക്ക് തുല്യമായിരിക്കും. പലപ്പോഴും തങ്ങളുടെ ചിന്താശേഷി കുറയുന്നത് വ്യക്തികൾ സ്വയം തിരിച്ചറിയാറുമില്ല.
അടിക്കടി രോഗങ്ങൾ
ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി നിലനിർത്തുന്നതിൽ ഉറക്കത്തിന് വലിയ പങ്കുണ്ട്. ഉറക്കം കുറയുന്നത് ശരീരത്തിന്റെ പ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തും. ഇത് വഴി ജലദോഷം, ചുമ തുടങ്ങിയ വൈറൽ അണുബാധകൾ വളരെ പെട്ടെന്ന് പിടിപെടാൻ സാധ്യതയുണ്ട്.
ഈ ലക്ഷണങ്ങൾ ഒന്നോ രണ്ടോ തവണ കണ്ടതുകൊണ്ട് മാത്രം ഉറക്കക്കുറവുണ്ടെന്ന് ഉറപ്പിക്കാനാവില്ല. എന്നാൽ ഈ ലക്ഷണങ്ങൾ ഒരുമിച്ച് കാണുകയാണെങ്കിൽ നിങ്ങളുടെ ഉറക്കത്തിന്റെ സമയവും ഗുണനിലവാരവും പരിശോധിക്കണമെന്നും നിർദ്ദേശിക്കുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Caffeine dependency indicates underlying sleep debt., Sleep deprivation triggers sugar cravings due to Ghrelin imbalance., Lack of sleep affects the Amygdala, leading to increased irritability., Chronic sleep loss impairs cognitive function and decision-making., Reduced sleep duration weakens the immune system, increasing infection risk.
Published: 21 Jul 2026, 02:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented