
ദസറ ആഘോഷത്തിന്റെ ഒമ്പത് ദിവസങ്ങളിൽ ഒമ്പത് പ്രസാദങ്ങൾ ഉണ്ടാക്കലാണല്ലോ പതിവ്. പലവിധം റൈസ്, കടല, പരിപ്പ്, പയർ എന്നിവ കൊണ്ടുള്ള ചുണ്ടൽ, പൊങ്കൽ, പായസം എന്നിവയെല്ലാം ഈ ദിവസങ്ങളിൽ തയ്യാറാക്കാറുണ്ട്. അതിൽ തന്നെ കാലങ്ങളായി നവരാത്രി നൈവേദ്യങ്ങളിൽ പ്രധാനിയാണ് മഹാരാഷ്ട്ര, ആന്ധ്ര, കർണാടക, തമിഴ് നാട് എന്നിവിടങ്ങളിൽ പുളിയോഗരെ, പുളിഹോരെ, പുളിയോധരയ്, പുളി സാദം എന്നൊക്കെ അറിയപ്പെടുന്ന നമ്മുടെ പുളിഞ്ചോറ്. അതുപോലെ തന്നെയാണ് വിവിധ പേരുകളിൽ തയ്യാറാക്കുന്ന തേങ്ങാ ചോറും. അങ്ങനെ വളരെ പണ്ടു മുതലേ ദേശങ്ങൾക്കതീതമായി നവരാത്രി നാളുകളിൽ തയ്യാറാക്കി വരുന്ന രണ്ട് റൈസ് വിഭവങ്ങൾ പരിചയപ്പെട്ടാലോ..
പുളിയോഗരെ
ചേരുവകൾ:
പച്ചരി - ഒരു കപ്പ്
വാളൻപുളി - ഒരു വലിയ നാരങ്ങ വലിപ്പത്തിൽ
നിലക്കടല - രണ്ട് ടേബിൾ സ്പൂൺ
കാഷ്യുനട്ട്സ് - ഒരു ടേബിൾ സ്പൂൺ
മല്ലി - ഒരു ടീസ്പൂൺ
ഉഴുന്ന് - രണ്ട് ടീസ്പൂൺ
കടലപരിപ്പ് - രണ്ട് ടീസ്പൂൺ
മഞ്ഞൾപൊടി - അര ടീസ്പൂൺ
കായപ്പൊടി - അര ടീസ്പൂൺ
ചുവന്നമുളക് - എട്ടെണ്ണം
കുരുമുളക് - അര ടീസ്പൂൺ
എള്ള് - ഒരു ടീസ്പൂൺ
ഉലുവ - കാൽ ടീസ്പൂൺ
കടുക് - ഒരു ടീസ്പൂൺ
ഉപ്പ്, നല്ലെണ്ണ , കറിവേപ്പില - ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: അരി ഒട്ടാത്ത പരുവത്തിൽ വേവിച്ചൂറ്റി വെക്കുക. പാനിൽ മല്ലി, ഒരു ടീസ്പൂൺ വീതം ഉഴുന്ന്, കടലപ്പരിപ്പ് എന്നിവയും കുരുമുളക്, എള്ള്, ഉലുവ, നാല് ചുവന്ന മുളക് എന്നിവ ചേർത്ത് ചൂടാക്കുക. ഒന്നാറിയതിനു ശേഷം മിക്സി ജാറിലിട്ട് തരിതരിയായി പൊടിച്ചുവയ്ക്കുക. ഇനി പാനിലേക്ക് എണ്ണ ചേർത്ത് കടുകിട്ടു പൊട്ടിക്കുക. ഇതിലേക്ക് ഉഴുന്ന്, കടലപ്പരിപ്പ് എന്നിവ ചേർത്ത് ചുവന്നുവരുമ്പോൾ നിലക്കടല, കാഷ്യുനട്ട്സ് എന്നിവ ചേർത്ത് മൊരിയിക്കുക. ഇതിലേക്ക് ബാക്കി ചുവന്ന മുളകും കറിവേപ്പിലയും ചേർക്കുക. എല്ലാം മൂത്ത് വരുമ്പോൾ പാനിൽ നിന്നും മാറ്റിവയ്ക്കുക. അതേ എണ്ണയിലേക്ക് പുളി കട്ടിയിൽ പിഴിഞ്ഞതും കായപ്പൊടിയും മഞ്ഞൾപൊടിയും ഉപ്പും ചേർക്കുക. പുളി നന്നായി തിളച്ച് പകുതിയായി കുറുകി വരുമ്പോൾ പൊടിച്ചു വച്ച പൊടിയും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഇത് തീയിൽ നിന്നും മാറ്റിയതിനുശേഷം വേവിച്ച ചോറിലേക്ക് കുറേശ്ശെ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇങ്ങനെ മുഴുവൻ പുളി മിശ്രിതവും ചോറിലേക്ക് ചേർത്ത് യോജിപ്പിക്കുക. അല്പം നല്ലെണ്ണയും തൂവി, വഴറ്റിവച്ച ചേരുവകളും കൂടി ചേർത്ത് നന്നായി യോജിപ്പിച്ച് വിളമ്പാം.
Also Read
കോക്കനട്ട് റൈസ്
ചേരുവകൾ:
പച്ചരി - ഒരു കപ്പ്
തേങ്ങ ചിരകിയത് - ഒന്നര കപ്പ്
വെളിച്ചെണ്ണ - രണ്ട് ടേബിൾ സ്പൂൺ
പച്ചമുളക് - മൂന്നെണ്ണം
ചുവന്ന മുളക് - മൂന്ന്
കടുക് - ഒരു ടീസ്പൂൺ
ഉഴുന്ന് പരിപ്പ് - മൂന്ന് ടീസ്പൂൺ
കടല പരിപ്പ് - രണ്ട് ടീസ്പൂൺ
കാഷ്യുനട്ട്സ് - ഒരു ടേബിൾ സ്പൂൺ
കായപ്പൊടി - കാൽ ടീസ്പൂൺ
കറിവേപ്പില - രണ്ട് തണ്ട്
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: പച്ചരി കഴുകി അല്പം ഉപ്പ് ചേർത്ത് വേവിച്ച് വെള്ളം വാർത്തുവയ്ക്കുക. പാനിൽ എണ്ണ ചൂടാക്കി അതിലേക്ക് കടുകിട്ടു പൊട്ടുമ്പോൾ ഉഴുന്നു പരിപ്പ്, കടലപ്പരിപ്പ് എന്നിവ ചേർക്കുക. ചുവന്നു വരുമ്പോൾ ചുവന്ന മുളക്, കാഷ്യുനട്ട് എന്നിവ ചേർക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ പച്ചമുളകും കറിവേപ്പിലയും ചേർത്ത് വഴറ്റുക. കായപ്പൊടിയും അല്പം ഉപ്പും ചേർത്ത് യോജിപ്പിക്കുക. തേങ്ങ ചേർത്ത് നന്നായി യോജിപ്പിച്ച്, വേവിച്ച ചോറും ചേർത്ത് ഇളക്കി യോജിപ്പിച്ച് വാങ്ങാം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 14 Oct 2026, 11:54 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented