ഹിന്ദി സിനിമാ ലോകത്ത് ഏറ്റവും ലളിതമായ ജീവിതശൈലി പിന്തുടരുന്ന ദമ്പതികളാണ് യാമി ഗൗതമും ആദിത്യ ധറും. തങ്ങളുടെ സ്വകാര്യ ജീവിതം മാധ്യമങ്ങളിൽ നിന്ന് അകറ്റി നിർത്താൻ താല്പര്യപ്പെടുന്ന ഇവർ, അപൂർവ്വമായി മാത്രമേ കുടുംബ വിശേഷങ്ങൾ പങ്കുവെക്കാറുള്ളൂ. ഇന്ന് ആദിത്യ ധറിന്റെ 43-ാം ജന്മദിനമാണ്. ആരാധകർ അദ്ദേഹത്തിന്റെ പുതിയ ചിത്രമായ 'ധുരന്ധർ: ദ റിവഞ്ച്' നായുള്ള കാത്തിരിപ്പിലാണ്. രൺവീർ സിങ് നായകനാകുന്ന ഈ ചിത്രത്തിൽ യാമി ഗൗതമും ഒരു അതിഥി വേഷത്തിൽ എത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ആദിത്യ ധർ ആദ്യമായി സംവിധാനം ചെയ്ത 'ഉറി: ദ സർജിക്കൽ സ്ട്രൈക്ക്' എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് ഇരുവരും അടുത്ത സുഹൃത്തുക്കളാകുന്നത്. ചിത്രത്തിൽ ഒരു റോ ഏജന്റായാണ് യാമി അഭിനയിച്ചത്. സിനിമയുടെ പ്രമോഷൻ സമയത്താണ് സൗഹൃദം ശക്തമായതെന്ന് യാമി ഗൗതമം മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്.

'ഹ്യൂമൻസ് ഓഫ് ബോംബെ'ക്ക് നൽകിയ അഭിമുഖത്തിൽ യാമി ഒരു സംഭവം ഓർത്തെടുത്തു: "ഇന്നത്തെ കാലത്ത് അപൂർവ്വമായി മാത്രം കാണുന്ന ഒരു മനുഷ്യനാണ് അദ്ദേഹം." 'ഉറി'യുടെ ഷൂട്ടിങ്ങിനിടയിൽ യാമി തറയിലിരുന്ന് ഭക്ഷണം കഴിക്കുന്നത് കണ്ട ആദിത്യ, ഉടൻ തന്നെ തന്റെ ഡയറക്ടർ ചെയർ അവർക്കായി ഒഴിഞ്ഞുകൊടുത്തു. ആദിത്യയുടെ മര്യാദയും കരുതലും യാമിയെ ഏറെ സ്വാധീനിച്ചു.

പല സിനിമാ പ്രണയകഥകളെയും പോലെ വലിയ പ്രൊപ്പോസലുകളോ നാടകീയതകളോ ഇവരുടെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല. "വിവാഹം കഴിക്കണമെന്ന് ഞങ്ങൾക്ക് രണ്ടുപേർക്കും അറിയാമായിരുന്നു, അത് സ്വാഭാവികമായി സംഭവിച്ചതാണ്," എന്ന് യാമി പറയുന്നു.

2021 ജൂൺ 4-ന് യാമിയുടെ ജന്മനാടായ ഹിമാചൽ പ്രദേശിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത തികച്ചും ലളിതമായ ചടങ്ങായിരുന്നു അത്. പ്രകൃതിയോടും ആചാരങ്ങളോടും ഇണങ്ങിനിന്നുകൊണ്ടുള്ള ഒരു വിവാഹമാണ് തങ്ങൾ ആഗ്രഹിച്ചതെന്ന് താരം വ്യക്തമാക്കി.

2024 മെയ് മാസത്തിലാണ് ഇരുവരും തങ്ങൾക്ക് ഒരു മകൻ ജനിച്ച വിവരം പങ്കുവെച്ചത്. അക്ഷയതൃതീയ ദിനത്തിൽ ജനിച്ച കുട്ടിക്ക് 'വേദവിദ്' എന്നാണ് പേരിട്ടിരിക്കുന്നത്. കുഞ്ഞിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നതിന് പകരം ഭഗവാൻ കൃഷ്ണൻ ഒരു കുഞ്ഞിനെ കയ്യിലേന്തിയിരിക്കുന്ന ചിത്രമാണ് അവർ പോസ്റ്റ് ചെയ്തത്.

തങ്ങളുടെ മകൻ സാധാരണമായ ഒരു കുട്ടിക്കാലം ആസ്വദിക്കണമെന്നാണ് യാമിയും ആദിത്യയും ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ അവനെ മാധ്യമശ്രദ്ധയിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും അകറ്റി നിർത്താൻ ഇവർ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi