സ്വാഭിമാൻ, കഹാനി ഘർ ഘർ കി, ക്രിമിനൽ ജസ്റ്റിസ് തുടങ്ങിയ പരമ്പരകളിലൂടെ പ്രശസ്തയായ താരമാണ് മിത വസിഷ്ഠ്. താൽ, ദിൽ സേ, ഗുലാം, കുച്ച് ഘട്ടി കുച്ച് മീഠി, ഫിർ മിലേംഗെ, കാഗസ് തുടങ്ങിയ സിനിമകളിലും അവർ അഭിനയിച്ചിട്ടുണ്ട്. നെറ്റ്ഫ്‌ളിക്‌സിൽ റിലീസായ 'ഗാന്ധാരി'യാണ് അവരുടെ ഏറ്റവും ഒടുവിലായിറങ്ങിയ ചിത്രം. നാടകങ്ങളിലൂടെ അഭിനയരംഗത്തേക്കെത്തിയ അവർ, പിന്നീട് വെള്ളിത്തിരയിൽ സജീവമാവുകയായിരുന്നു. ലണ്ടൻ, ദമാസ്‌കസ് എന്നിവിടങ്ങളിൽ തിയേറ്റർ വർക്ക്‌ഷോപ്പുകൾ നടത്തിയിട്ടുമുണ്ട് താരം. വർഷങ്ങളോളം ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, പുണെയിലെ ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഡൽഹിയിലെ നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമ, അഹമദാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ എന്നിവിടങ്ങളിൽ ഫാക്കൽറ്റിയായും അവർ പ്രവർത്തിച്ചിട്ടുണ്ട്.

To advertise here,

'ദിൽ സെ'യിൽ ഷാരൂഖ് ഖാനൊപ്പം പ്രവർത്തിച്ച അനുഭവങ്ങൾ വിവരിക്കുകയാണ് മിത ഇപ്പോൾ. ഷാരൂഖ് വളരെ ദയാലുവാണെന്നും മിത പറയുന്നു. മണിരത്‌നം സംവിധാനം ചെയ്ത ഈ ചിത്രത്തിന് മുൻപ്, 'ദി ഇഡിയറ്റ്' എന്ന സിനിമയിലും ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ഷാരൂഖ് ഖാൻ തന്റെ ജീവൻ രക്ഷിച്ച ഒരു സംഭവവും മിത ഓർത്തെടുത്തു.

ചിത്രീകരണത്തിലുടനീളം അദ്ദേഹം വളരെ സ്‌നേഹത്തോടെയും കരുതലോടുകൂടിയുമാണ് പെരുമാറിയതെന്ന് അവർ പറഞ്ഞു. പ്രത്യേകിച്ച്, സിനിമയുടെ അന്തിമ പതിപ്പിൽ ഉൾപ്പെടുത്താത്ത ഒരു സംഘട്ടന രംഗത്തിൽ അദ്ദേഹത്തിന്റെ കരുതൽ എടുത്തുപറയേണ്ടതാണ്. ഒരു കൽഭിത്തിയിലേക്ക് തന്നെ തള്ളിയിടുന്ന രംഗങ്ങളിൽ, തലയ്ക്ക് പരിക്കേൽക്കാതിരിക്കാൻ അദ്ദേഹം തന്റെ കൈപ്പത്തി തന്റെ തലയ്ക്ക് പിന്നിൽ വെക്കുമായിരുന്നു എന്ന് മിത ഓർത്തെടുത്തു. ഒരു മികച്ച സഹതാരമാണ് ഷാരൂഖ് എന്ന് അവർ വിശേഷിപ്പിച്ചു. അതേ സംഘട്ടന രംഗത്തിനിടയിൽ, അബദ്ധത്തിൽ മിതയുടെ കൈയിൽ നിന്ന് ഒരു ചെറിയ കല്ല് വഴുതിപ്പോവുകയും അത് ഷാരൂഖിന്റെ തലയിൽ മുറിവുണ്ടാക്കുകയും ചെയ്തു. എന്നാൽ അപ്പോഴും അദ്ദേഹം തന്നോട് വളരെ ദയയോടെയാണ് പെരുമാറിയതെന്നും അവർ വെളിപ്പെടുത്തി.

തുടർന്ന് മിത മറ്റൊരു രംഗവും ഓർത്തെടുത്തു. അതിലവർ ഒരു എകെ-47 തോക്ക് കൈയിലേന്തി, കണ്ണുകൾ കെട്ടിയ ഷാരൂഖിനെ ഒരു ഭാഗത്തുകൂടി കൊണ്ടുപോകേണ്ടതുണ്ടായിരുന്നു. കഠിനമായ തണുപ്പുള്ള ഡൽഹൗസിയിൽ, ഷൂട്ടിങ്ങിനായി തയ്യാറെടുക്കുമ്പോൾ താൻ അദ്ദേഹത്തിന് തൊട്ടുപിന്നിലായി നിൽക്കുകയായിരുന്നുവെന്ന് അവർ പറഞ്ഞു. ''ഞങ്ങൾക്ക് നൽകിയ ഷൂസുകൾക്ക് പ്ലാസ്റ്റിക് സോൾ ആയിരുന്നു ഉണ്ടായിരുന്നത്. അതിനാൽ കാലിനടിയിലെ തറ കൃത്യമായി അനുഭവിക്കാൻ ഞങ്ങൾക്ക് കഴിയുന്നുണ്ടായിരുന്നില്ല. 'പിന്നിലേക്ക് പോകൂ, പിന്നിലേക്ക് പോകൂ, പിന്നിലേക്ക് പോകൂ' എന്ന് മണി സാർ പറഞ്ഞുകൊണ്ടിരുന്നു. അതുകൊണ്ട് ഞാൻ വളരെ സാവധാനം, ചെറിയ ചുവടുകൾ വെച്ചുകൊണ്ട് പിന്നിലേക്ക് നീങ്ങി. എന്നാൽ പെട്ടെന്ന് ഞാൻ ആകാശത്തേക്ക് നോക്കുന്നതായും താഴേക്ക് വീഴുന്നതായും എനിക്ക് തോന്നി. യഥാർത്ഥത്തിൽ ഞാൻ ഒരു കുത്തനെയുള്ള മലഞ്ചെരിവിന്റെ വക്കിലെത്തിയിരുന്നു, താഴേക്ക് വീഴാറായ അവസ്ഥയിലായിരുന്നു'', മിത പറയുന്നു.

ഷാരൂഖിന്റെ പെട്ടെന്നുള്ള ഇടപെടൽ തന്നെയാണ് അന്ന് മിതയെ രക്ഷിച്ചത്. ''എന്നാൽ ഷാരൂഖിന്റെ പ്രതികരണശേഷി അസാധാരണമായിരുന്നു. ഒരു നിമിഷം ഞാൻ ഒരു എകെ-47 തോക്കുമായി പിന്നിലേക്ക് വീഴുകയായിരുന്നു. തൊട്ടടുത്ത നിമിഷം തന്നെ അദ്ദേഹം എന്റെ ജാക്കറ്റിന്റെ മുൻഭാഗത്ത് പിടിച്ച് എന്നെ തിരികെ മുകളിലേക്ക് വലിച്ചുകയറ്റി. അന്ന് അദ്ദേഹം യഥാർത്ഥത്തിൽ എന്റെ ജീവൻ രക്ഷിക്കുകയായിരുന്നു. തോക്കിന്റെ ഭാരവും കുത്തനെയുള്ള ചരിവും കാരണം, തടയാൻ മറ്റൊന്നുമില്ലാത്ത അവസ്ഥയിൽ ഞാൻ താഴേക്ക് പൂർണ്ണമായും വീണുപോയേനെ. എന്താണ് സംഭവിക്കുമായിരുന്നതെന്ന് എനിക്കറിയില്ല, പക്ഷേ അദ്ദേഹത്തിന്റെ പെട്ടെന്നുള്ള ഇടപെടൽ മൂലം വലിയൊരു ദുരന്തം ഒഴിവായെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു''. മണിരത്‌നം സംവിധാനം ചെയ്ത 'ദിൽ സേ'യിൽ ഷാരൂഖിനൊപ്പം മനീഷ കൊയ്‌രാള, പ്രീതി സിന്റ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi