ദീപാവലി ആഘോഷത്തിൽ ബോളിവുഡ് താരങ്ങളായ കത്രീന കൈഫും വിക്കി കൗശലും മകൻ വിയാന്റെ ചിത്രം ആദ്യമായി ആരാധകർക്കുമുന്നിൽ പങ്കുവെച്ചു. മകന്റെ സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം നൽകുന്ന താരദമ്പതികൾ ഇതുവരെ കുഞ്ഞിന്റെ ചിത്രങ്ങൾ പരസ്യമായി പങ്കുവെച്ചിരുന്നില്ല. എന്നാൽ ഇത്തവണ ദീപാവലി ആശംസകൾക്കൊപ്പം മകന്റെ മുഖവും ആരാധകർക്ക് മുന്നിൽ വെളിപ്പെടുത്തിയിരിക്കുകയാണ് ഇരുവരും. നവംബർ ഏഴിന് വിയാന്റെ ഒന്നാം പിറന്നാൾ ആഘോഷിച്ചതിന് പിന്നാലെയാണ് ഈ സന്തോഷനിമിഷം പങ്കുവെച്ചത്.
'ഞങ്ങളുടെ ഏറ്റവും പ്രകാശപൂർണമായ ദീപാവലി... എല്ലാവർക്കും സ്നേഹവും വെളിച്ചവും സന്തോഷവും നേരുന്നു' എന്നായിരുന്നു ചിത്രത്തിനൊപ്പം കുറിച്ചത്.
Also Read
പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞാണ് മൂന്നുപേരും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. മഞ്ഞ നിറത്തിലുള്ള എംബ്രോയ്ഡറി വർക്കുകളുള്ള വസ്ത്രവും ആഭരണങ്ങളും ധരിച്ച് നിലത്തിരിക്കുന്ന കത്രീന മകനെ ചേർത്തുപിടിച്ചിരിക്കുകയാണ്. വിയാനെ നോക്കി സ്നേഹത്തോടെ പുഞ്ചിരിക്കുകയാണ് താരം. ക്രീം നിറത്തിലുള്ള കുർത്തയും മഞ്ഞ പ്രിന്റഡ് നെഹ്റു ജാക്കറ്റുമാണ് വിയാന്റെ വേഷം. അച്ഛനമ്മമാർക്കിടയിൽ നിന്ന് ക്യാമറയ്ക്കു നേരെ ചിരിച്ചുനിൽക്കുന്ന കുഞ്ഞിന്റെ ചിത്രമാണ് ആരാധകരുടെ ശ്രദ്ധ കവരുന്നത്. ക്രീം നിറത്തിലുള്ള എംബ്രോയ്ഡറി കുർത്ത ധരിച്ചാണ് വിക്കി ചിത്രത്തിലുള്ളത്.
2025 നവംബർ ഏഴിനാണ് കത്രീനയ്ക്കും വിക്കിക്കും ആൺകുഞ്ഞ് ജനിച്ചത്. ആദ്യത്തെ കൺമണിയുടെ വരവ് ഇരുവരും സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ആരാധകരെ അറിയിച്ചത്. 'ഞങ്ങളുടെ സന്തോഷം എത്തിയിരിക്കുന്നു. അതിരുകളില്ലാത്ത സ്നേഹത്തോടെയും നന്ദിയോടെയും ഞങ്ങളുടെ കുഞ്ഞിനെ സ്വാഗതം ചെയ്യുന്നു' എന്നായിരുന്നു അന്ന് കുറിച്ചത്.
മാതാപിതാക്കളാകാൻ പോകുന്ന സന്തോഷവാർത്ത 2025 സെപ്റ്റംബറിലാണ് താരദമ്പതികൾ പങ്കുവെച്ചത്. കത്രീനയുടെ വയറിൽ കൈവച്ച് വിക്കി നിൽക്കുന്ന ചിത്രവും അന്ന് പങ്കുവെച്ചിരുന്നു. ജീവിതത്തിലെ ഏറ്റവും മനോഹരമായ അധ്യായത്തിലേക്ക് കടക്കുകയാണെന്നും സന്തോഷവും നന്ദിയും നിറഞ്ഞ മനസ്സോടെയാണ് ഈ യാത്രയെന്നും ഇരുവരും കുറിച്ചു.
2026 ജനുവരിയിലാണ് മകന്റെ പേര് കത്രീനയും വിക്കിയും ആദ്യമായി വെളിപ്പെടുത്തിയത്. ഇരുവരുടെയും കൈകൾക്കിടയിൽ കുഞ്ഞിന്റെ കൈ ചേർത്തുപിടിച്ചിരിക്കുന്ന ചിത്രത്തിനൊപ്പമായിരുന്നു പേര് പങ്കുവെച്ചത്. 'ഞങ്ങളുടെ പ്രകാശകിരണം, വിയാൻ കൗശൽ' എന്നായിരുന്നു കുറിപ്പ്. പ്രാർഥനകൾക്ക് ഉത്തരം ലഭിച്ചെന്നും ജീവിതം മനോഹരമായെന്നും തങ്ങളുടെ ലോകം ആകെ മാറിയെന്നും ഇരുവരും അന്ന് എഴുതിയിരുന്നു.
വിയാൻ എന്ന പേര് പുറത്തുവന്നതോടെ വിക്കിയുടെ ആരാധകർക്ക് മറ്റൊരു കൗതുകം കൂടിയുണ്ടായി. 2019-ൽ ആദിത്യ ധർ സംവിധാനം ചെയ്ത 'ഉറി: ദ സർജിക്കൽ സ്ട്രൈക്ക്' എന്ന ചിത്രത്തിൽ വിക്കി അവതരിപ്പിച്ച മേജർ വിയാൻ സിങ് ഷെർഗിൽ എന്ന കഥാപാത്രത്തിന്റെ പേരുമായി മകന്റെ പേരിനുള്ള സാമ്യമായിരുന്നു അത്. നിരവധി ആരാധകർ ഈ ബന്ധം കമന്റുകളിലൂടെ ചൂണ്ടിക്കാട്ടുകയും ചെയ്തു. 2021 ഡിസംബർ ഒൻപതിനായിരുന്നു കത്രീന കൈഫിന്റെയും വിക്കി കൗശലിന്റെയും വിവാഹം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 08 Nov 2026, 06:00 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented