അമിതാഭ് ബച്ചനും ജയ ബച്ചനും തമ്മിലുള്ള ഉയരവ്യത്യാസം പലപ്പോഴും സിനിമാലോകത്തെ ചർച്ചകളിൽ ഇടംപിടിക്കാറുണ്ട്. ഇപ്പോഴിതാ, ഭാര്യ ജയ തന്നെ വർഷങ്ങളോളം സ്നേഹത്തോടെ വിളിച്ചിരുന്ന ഒരു പേരിനെക്കുറിച്ചുള്ള രസകരമായ ഓർമ പങ്കുവെച്ചിരിക്കുകയാണ് അമിതാഭ് ബച്ചൻ. 'ലമ്പു ജി' എന്നായിരുന്നു ജയയുടെ വിളി. എന്നാൽ, ഈ വിളി അധികകാലം തുടരാൻ അമിതാഭിന്റെ പിതാവും കവിയുമായ ഹരിവംശ് റായ് ബച്ചൻ അനുവദിച്ചില്ല. ഒടുവിൽ ജയ ആ പേര് ഉപേക്ഷിക്കുകയും ചെയ്തു.
'കോൻ ബനേഗാ ക്രോർപതി'യുടെ പുതിയ എപ്പിസോഡിലാണ് അമിതാഭ് ഈ രസകരമായ അനുഭവം പങ്കുവെച്ചത്. നിതേഷ് തിവാരിയുടെ 'രാമായണ' സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി രൺബീർ കപൂർ, സായ് പല്ലവി, രവി ദുബെ എന്നിവർ പരിപാടിയിൽ അതിഥികളായി എത്തിയിരുന്നു. ഇതിനിടെയാണ് ബച്ചൻ കുടുംബത്തിലെയും രൺബീറിന്റെ കുടുംബത്തിലെയും ഉയരവ്യത്യാസത്തെക്കുറിച്ചുള്ള സംസാരം ഉയർന്നത്.
Also Read
''വർഷങ്ങളോളം അവൾ എന്നെ ലമ്പു ജി എന്നാണ് വിളിച്ചിരുന്നത്. പിന്നീട് അങ്ങനെ വിളിക്കരുതെന്ന് ബാബുജി പറഞ്ഞു. 'നോക്കൂ, അവനെ അങ്ങനെ വിളിക്കരുത്. ഒന്നുകിൽ പേര് വിളിക്കാം, അല്ലെങ്കിൽ മറ്റെന്തെങ്കിലും വിളിക്കാം' എന്നായിരുന്നു അദ്ദേഹത്തിന്റെ നിർദേശം. അതിനുശേഷം അവൾ എന്നെ പേര് വിളിക്കാൻ തുടങ്ങി,'' അമിതാഭ് പറഞ്ഞു.
അമിതാഭിന്റെയും ജയയുടെയും ഉയരവ്യത്യാസത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ രൺബീറും തന്റെ ഒരു സങ്കൽപ്പം പങ്കുവെച്ചു. ''ഞാൻ എപ്പോഴും മനസ്സിൽ സങ്കൽപ്പിക്കുമായിരുന്നു, അമിത് ജിയെപ്പോലെ എനിക്ക് കുറച്ചുകൂടി ഉയരമുണ്ടാകണമെന്നും ജയ ആന്റിയെപ്പോലെ ആലിയയ്ക്ക് കുറച്ചുകൂടി ഉയരം കുറവായിരിക്കണമെന്നും. അങ്ങനെയാകുമ്പോൾ ചിത്രങ്ങളിൽ ഉയരവ്യത്യാസം മനോഹരമായി തോന്നുമല്ലോ. ഞാൻ എപ്പോഴും ഇങ്ങനെ ചിന്തിക്കാറുണ്ടായിരുന്നു''. രൺബീറിന്റെ വാക്കുകൾ കേട്ട് ചിരിച്ച അമിതാഭ്, തന്റെയും ജയയുടെയും ഉയരവ്യത്യാസം വളരെ വലുതാണെന്ന് ചൂണ്ടിക്കാട്ടി. തുടർന്ന് അമിതാഭിന് ജയയെക്കാൾ എത്ര ഉയരക്കൂടുതലുണ്ടെന്ന് രൺബീർ ചോദിച്ചു. തനിക്ക് ആറടി രണ്ടിഞ്ച് ഉയരമുണ്ടെന്നും ജയയ്ക്ക് ഏകദേശം അഞ്ചടി മൂന്നോ നാലോ ഇഞ്ച് ഉയരമാണുള്ളതെന്നും അമിതാഭ് വെളിപ്പെടുത്തി. തന്റെ ഉയരം ജയയുടേതിനോട് അടുത്താണെന്ന് തമാശരൂപേണ രൺബീറും പറഞ്ഞു.
1970-കളുടെ തുടക്കത്തിലാണ് അമിതാഭ് ബച്ചന്റെയും ജയയുടെയും പ്രണയകഥ ആരംഭിക്കുന്നത്. ഹൃഷികേശ് മുഖർജിയുടെ 'ഗുഡ്ഡി' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പരിചയപ്പെടുന്നത്. ജയയ്ക്ക് അമിതാഭിനോട് നേരത്തേ തന്നെ പ്രണയം തോന്നിയിരുന്നുവെന്നും 1972-ൽ പുറത്തിറങ്ങിയ 'ഏക് നസർ' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് അമിതാഭ് ജയയുമായി കൂടുതൽ അടുക്കുന്നതെന്നുമാണ് റിപ്പോർട്ടുകൾ.
'സഞ്ജീർ', 'അഭിമാൻ', 'ചുപ്കെ ചുപ്കെ', 'ഷോലെ' തുടങ്ങി നിരവധി സിനിമകളിൽ ഇരുവരും ഒന്നിച്ചഭിനയിച്ചു. 'സഞ്ജീർ' വൻ വിജയമായതിനു പിന്നാലെ 1973 ജൂൺ മൂന്നിനായിരുന്നു വിവാഹം. അഞ്ച് പതിറ്റാണ്ടിലേറെയായി ദാമ്പത്യജീവിതം തുടരുന്ന ഇരുവർക്കും ശ്വേത ബച്ചൻ നന്ദ, അഭിഷേക് ബച്ചൻ എന്നീ മക്കളുണ്ട്. നവ്യ നവേലി നന്ദ, അഗസ്ത്യ നന്ദ, ആരാധ്യ ബച്ചൻ എന്നിവരാണ് കൊച്ചുമക്കൾ.
അതേസമയം, നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന 'രാമായണ'യുടെ റിലീസിനായുള്ള കാത്തിരിപ്പിലാണ് രൺബീർ കപൂർ, സായ് പല്ലവി, രവി ദുബെ എന്നിവർ. ചിത്രത്തിൽ രാമനായി രൺബീറും സീതയായി സായ് പല്ലവിയും ലക്ഷ്മണനായി രവി ദുബെയും എത്തുന്നു. രാവണനായി യാഷും ഹനുമാനായി സണ്ണി ഡിയോളുമാണ് വേഷമിടുന്നത്. രണ്ട് ഭാഗങ്ങളായാണ് ഇതിഹാസകഥ സിനിമയാകുന്നത്. ആദ്യഭാഗം 2026 നവംബർ അഞ്ചിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 03 Nov 2026, 10:59 am IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented