മാനവരാശിയിലെ ഏറ്റവും പഴക്കമുള്ള സംസ്‌കാരങ്ങള്‍ പുലര്‍ന്ന നാടാണ് ഇന്ത്യ. അതിപൗരാണിക കാലം മുതല്‍ക്ക് ഇന്നോളം ഇന്ത്യ ഒരു രാജ്യത്തെയും അങ്ങോട്ട് കയറി അക്രമിക്കുകയോ പിടിച്ചടക്കാന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ല. അതിര്‍ത്തി കടന്ന് ഇങ്ങോട്ട് ആക്രമിക്കുന്നവരോടും അങ്ങേയറ്റം സംയമനത്തോടെ പ്രതികരിക്കുന്നതാണ് ഇന്ത്യയുടെ ശൈലി. എന്നാല്‍ ആദ്യമായി 2016-ല്‍ ഇന്ത്യ പതിവ് തെറ്റിച്ചു. അതാണ് ഉറി സര്‍ജിക്കല്‍ സ്‌ട്രൈക്ക്.

To advertise here,

ഉറി ആക്രമണം

placeholder
ഉറി /Wikipedia

2016 സെപ്റ്റംബര്‍ 18. ജമ്മു കശ്മീരിലെ ഉറിയിലെ ഇന്ത്യന്‍ ആര്‍മി ബേസ്. നാല് പാകിസ്താനി ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ പട്ടാളക്കാരുടെ താവളത്തിലേക്ക് ആയുധങ്ങളുമായി കടന്നെത്തി. പിന്നീടുണ്ടായ ഏറ്റുമുട്ടലില്‍ 19 ഇന്ത്യന്‍ സൈനികരെ നമുക്ക് നഷ്ടമായി. ഇന്ത്യയൊന്നാകെ കടുത്ത ഭാഷയില്‍ തീവ്രവാദത്തിന്റെ ഭീരുത്വത്തെ അപലപിച്ചു. 

പാക് ഹൈക്കമ്മീണറെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധമറിയിച്ചിരുന്നു. പക്ഷേ ആക്രമണത്തില്‍ പങ്കില്ലെന്ന് നിഷേധിക്കുകയാണ് പാകിസ്താന്‍ ചെയ്തത്. ജമ്മു കശ്മീരിലെ ആഭ്യന്തരപ്രശ്‌നങ്ങള്‍ മറച്ചുവെക്കാന്‍ ഇന്ത്യ തന്നെ ഒരുക്കിയ നാടകമായിട്ടാണ് പാക് ആഭ്യന്തര മന്ത്രി ഉറി ആക്രമണത്തെ വിലയിരുത്തിയത്. ഇതും ഇന്ത്യന്‍ സൈന്യത്തിന് പ്രകോപനമായി. 

ഉറിയില്‍ ആക്രമണം നടന്ന തൊട്ടടുത്ത ദിവസം തന്നെ സൈന്യത്തിന്റെ പ്രതികരണമെത്തിയിരുന്നു. തിരിച്ചടി തീര്‍ച്ചയായും ഉണ്ടാകും. പക്ഷേ, സമയവും സ്ഥലവും നമ്മള്‍ തീരുമാനിക്കും പ്രകാരമായിരിക്കും എന്നാണ് സൈന്യം വ്യക്തമാക്കിയത്. രാജ്യം ആ തിരിച്ചടിക്ക് കാത്തിരുന്നു.

സര്‍ജിക്കല്‍ സ്‌ട്രൈക്ക്

പതിനൊന്ന് ദിവസങ്ങള്‍ക്ക് ശേഷം സെപ്റ്റംബര്‍ 29-ന് ഇന്ത്യ തീവ്രവാദികള്‍ക്ക് മറുപടി കൊടുത്തു. പാക് അധീന കശ്മീരിന്റെ പല ഭാഗത്തായി പ്രവര്‍ത്തിച്ചിരുന്ന തീവ്രവാദി ക്യാമ്പുകള്‍ക്ക് നേരെയായിരുന്നു ഇന്ത്യയുടെ ആക്രമണം. ഉറി ആക്രമണത്തിന്റെ സൂത്രധാരന്മാരെയും തീവ്രവാദികള്‍ക്ക് പരിശീലനം നല്‍കിയിരുന്ന കൊടുംകുറ്റവാളികളെയും സൈന്യം വകവരുത്തി.

placeholder
ഉറി ആക്രമണത്തിൽ രക്തസാക്ഷികളായ സൈനികർ /PTI

ആദ്യമായിട്ടാണ് ഇന്ത്യന്‍ സൈന്യം നിയന്ത്രണരേഖ മുറിച്ചുകടന്നത്. സാധാരണക്കാരായ പാക്കിസ്താനികള്‍ക്ക് അപകടം വരാത്ത വിധമായിരുന്നു ഓപ്പറേഷന്‍. നിരപരാധികളായ മനുഷ്യര്‍ക്കോ അവരുടെ സ്വത്തുക്കള്‍ക്കോ കോട്ടം വരാതെ തീവ്രവാദികളെ മാത്രം ലക്ഷ്യമാക്കിയ നീക്കമാണ് ഇന്ത്യ നടത്തിയത്.

ആക്രമണത്തെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങളൊന്നും വ്യക്തമല്ല. എത്ര പേര്‍ കൊല്ലപ്പെട്ടു എന്നതിനും കൃത്യമായ കണക്കുകളില്ല. ആദ്യം ഇന്ത്യ ഇങ്ങനെയൊരു നീക്കം നടത്തിയതേയില്ല എന്നായിരുന്നു പാകിസ്താന്‍ നിലപാട്. പിന്നീട് അക്രമിക്കപ്പെട്ടതായി അവര്‍ക്ക് സമ്മതിക്കേണ്ടി വന്നു. ഇന്ത്യയുടെ സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഒരു ഇന്ത്യന്‍ സൈനികന്‍ തങ്ങളുടെ പിടിയിലായെന്നും പാകിസ്താന്‍ പ്രസ്താവന നടത്തി. ഒരു സൈനികന്‍ പാക് പിടിയിലായെന്ന് ഇന്ത്യ സമ്മതിച്ചു. പക്ഷേ സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ ഭാഗമായി ഒരു സൈനികനും ജീവന്‍ നഷ്ടമായിട്ടില്ല എന്നും ഇന്ത്യ വ്യക്തമാക്കി.

വെള്ളിത്തിരയില്‍

placeholder
'ഉറി' സിനിമയുടെ പോസ്റ്റർ
/ Wikipedia

2019-ലാണ് 'ഉറി; ദി സര്‍ജിക്കല്‍ സ്‌ട്രൈക്ക്' എന്ന ചിത്രം പുറത്തുവരുന്നത്. ആദിത്യ ധര്‍ സംവിധാനം ചെയ്ത സിനിമ ആര്‍.എസ്.വി.പി പ്രൊഡക്ഷന്‍സാണ് നിര്‍മിച്ചത്. 44 കോടി മുടക്കി നിര്‍മിച്ച ചിത്രം 320 കോടിയിലധികം വരുമാനമുണ്ടാക്കി. 

വിക്കി കൗഷല്‍, മോഹിത് റെയ്ന, യാമി ഗൗതം, പരേഷ് റാവല്‍ എന്നിങ്ങനെ താരനിബിഢമായ ചിത്രം. അഞ്ച് അധ്യായങ്ങളാണ് സിനിമയ്ക്കുള്ളത്. നാഗ ഫോഴ്സിനെതിരായ ഇന്ത്യന്‍ സൈനികനീക്കമാണ് ആദ്യ അധ്യായത്തില്‍ കാണിക്കുന്നത്. നായകന്റെ വ്യക്തിജീവിതത്തിലെ താളപ്പിഴവ് രണ്ടാം ഭാഗത്തിന് വിഷയമാകുന്നു. ഉറിയിലെ തീവ്രവാദി ആക്രമണമാണ്  മൂന്നാം ഭാഗം. സര്‍ജിക്കല്‍ സ്ട്രൈക്കിനുള്ള മുന്നൊരുക്കം നാലാം ഭാഗവും നിയന്ത്രണരേഖ കടന്നുള്ള തിരിച്ചടി അവസാനഭാഗവുമാണ്.

placeholder
വിക്കി കൗഷാല്‍
/Wikipedia

മികച്ച സംവിധായകന്‍, മികച്ച നടന്‍, മികച്ച ഓഡിയോഗ്രഫി, മികച്ച പശ്ചാത്തലസംഗീതം എന്നിങ്ങനെ നാല് ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങള്‍ ചിത്രം നേടി. 

'ഹൗ ഈസ് ദി ജോഷ്' എന്ന നായകന്റെ ചോദ്യത്തിന് 'ഹൈ സാര്‍' എന്ന് സൈന്യം മറുപടി പറയുന്ന സിനിമയിലെ രംഗം വലിയ ഹിറ്റായി മാറിയിരുന്നു. മുംബൈയിലെ സിനിമ ദേശീയ മ്യൂസിയം ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ഡയലോഗ് ഏറ്റുപറഞ്ഞത് വൈറലായി.