12 വർഷത്തെ ഇടവേളയ്ക്കുശേഷം തമിഴ് സിനിമയിലേക്ക് തിരിച്ചെത്തുന്നതിന്റെ സന്തോഷത്തിലാണ് നടി നസ്രിയ നസിം. സൂര്യ നായകനാകുന്ന ജിത്തു മാധവൻ ചിത്രം 'സീൻ' ആണ് നസ്രിയയുടെ തിരിച്ചുവരവിന് വഴിയൊരുക്കുന്നത്. ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെ തമിഴ് പ്രേക്ഷകർക്ക് നന്ദി പറഞ്ഞ താരം, സൂര്യയ്‌ക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് സ്വപ്നസാക്ഷാത്കാരമാണെന്നും പറഞ്ഞു. ഇതിനിടെ ഫഹദ് ഫാസിലുമായുള്ള തന്റെ ബന്ധത്തെ സൂര്യ-ജ്യോതിക ദമ്പതികളുമായി താരതമ്യപ്പെടുത്തിയപ്പോൾ നസ്രിയ നടത്തിയ രസകരമായ പ്രതികരണവും ശ്രദ്ധേയമായി.

To advertise here,

''ഇത്രയധികം ആളുകളെ കാണുമ്പോൾ എന്തു പറയണമെന്ന് അറിയുന്നില്ല. എല്ലാവർക്കും ഒരുപാട് നന്ദി. തമിഴ് സിനിമകളിൽ അഭിനയിക്കാതിരുന്ന കാലത്തും ചെന്നൈയിലേക്ക് വരാൻ എനിക്ക് ഇഷ്ടമായിരുന്നു. കാരണം, ഇവിടത്തെ സ്‌നേഹവും പിന്തുണയും എന്നും എനിക്കൊപ്പമുണ്ടായിരുന്നു. ഒരുപാട് നന്ദി. സൂര്യ സാറിന്റെ സിനിമയാണെന്നതാണ് 12 വർഷത്തിനുശേഷം തമിഴ് സിനിമയിലേക്ക് തിരിച്ചുവരാൻ എന്നെ പ്രേരിപ്പിച്ച പ്രധാന കാരണം. സത്യത്തിൽ ഇതൊരു സ്വപ്നസാക്ഷാത്കാരമാണ്. പല കാരണങ്ങളാൽ മുമ്പ് ഒന്നോ രണ്ടോ അവസരങ്ങൾ നഷ്ടമായിരുന്നു. ഒടുവിൽ ഞങ്ങൾ ഒരുമിക്കുന്ന ആദ്യ സിനിമ ഇതായതിൽ ഒരുപാട് സന്തോഷമുണ്ട്,'' നസ്രിയ പറഞ്ഞു.

സംവിധായകൻ ജിത്തു മാധവൻ തന്റെ കഥാപാത്രമായ മായയെ അവതരിപ്പിക്കാൻ അവസരം നൽകിയതിൽ നന്ദി പറഞ്ഞ നസ്രിയ, ചിത്രത്തിലെ അസിസ്റ്റന്റ് ഡയറക്ടർമാർ ഉൾപ്പെടെയുള്ളവർ നൽകിയ കരുതലിനെക്കുറിച്ചും സംസാരിച്ചു. ഷൂട്ടിങ്ങിനിടെ ഭക്ഷണം ഒരുക്കിത്തരുന്നതു മുതൽ അഭിനയത്തിൽ പ്രോത്സാഹിപ്പിക്കുന്നതുവരെ അവർ തനിക്കൊപ്പം നിന്നുവെന്നും താരം പറഞ്ഞു.

പരിപാടിക്കിടെ അവതാരകൻ നസ്രിയ-ഫഹദ് ദമ്പതികളെ സൂര്യ-ജ്യോതിക താരങ്ങളുമായി താരതമ്യം ചെയ്തപ്പോഴായിരുന്നു രസകരമായ നിമിഷം. രണ്ടു ദമ്പതികൾക്കുമിടയിലെ ഐക്യത്തെക്കുറിച്ചുള്ള പരാമർശം കേട്ട നസ്രിയ ചിരിച്ചുകൊണ്ട് പറഞ്ഞു: ''ഫഹദ് ഇത് കേൾക്കണം. ഇവർ ഇതിനെ ഐക്യമെന്നാണ് വിളിക്കുന്നത്.''

ദമ്പതികൾ തമ്മിലുള്ള സാമ്യതയെക്കുറിച്ച് ചോദിച്ചപ്പോൾ പരസ്പര സ്‌നേഹവും ബഹുമാനവും ജോലിയോടുള്ള ആത്മാർഥതയുമാണ് പ്രധാനമെന്ന് നസ്രിയ പറഞ്ഞു. ''രണ്ടു ദമ്പതികൾക്കുമിടയിലെ സാമ്യത പരസ്പര ബഹുമാനവും സ്‌നേഹവും ജോലിയോടുള്ള സമർപ്പണവുമാണെന്ന് ഞാൻ കരുതുന്നു. അതിൽ ഏറ്റവും പ്രധാനമായി എനിക്ക് തോന്നുന്നത് പരസ്പര ബഹുമാനമാണ്,'' താരം കൂട്ടിച്ചേർത്തു.

ജിത്തു മാധവൻ രചനയും സംവിധാനവും നിർവഹിക്കുന്ന 'സീനി'ൽ സൂര്യ ഡി.എസ്.പി. ഇൻബരാജായും നസ്രിയ മായയായും നസ്ലിൻ ഈശ്വരനായും എത്തുന്നു. നവംബർ ആറിന് ദീപാവലി റിലീസായി ചിത്രം തിയറ്ററുകളിലെത്തും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi