വമ്പൻ വിജയചിത്രമായ 'ധുരന്ദറി'ന്റെ രണ്ടാം ഭാഗമായ 'ധുരന്ദർ 2: ദ റിവഞ്ചി'ന്റെ റിലീസിനായി ഒരുങ്ങുകയാണ് സംവിധായകൻ ആദിത്യ ധർ. ആരാധകരും ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രമാണ് ധുരന്ദറിന്റെ രണ്ടാം ഭാഗം. രൺവീർ സിങ് നായകനാകുന്ന ചിത്രം മാർച്ച് 19-ന് തിയേറ്ററുകളിൽ എത്തും. മാർച്ച് 18 വൈകുന്നേരം മുതൽ ചിത്രത്തിന്റെ പെയ്ഡ് പ്രിവ്യൂകൾ ആരംഭിക്കും.

To advertise here,

ഒരു സംവിധായകൻ എന്ന നിലയിൽ വെറും രണ്ട് സിനിമകൾ മാത്രമേ ആദിത്യ ധർ ഇതുവരെ ചെയ്തിട്ടുള്ളു. എങ്കിലും ആ രണ്ട് സിനിമകളും രാജ്യത്തിന്റെ ശ്രദ്ധയും സ്നേഹവും പിടിച്ചുപറ്റി.

സംവിധായകൻ പ്രിയദർശന്റെ അസിസ്റ്റന്റ് ഡയറക്ടറായി തന്റെ കരിയർ ആരംഭിച്ചയാളാണ് ആദിത്യ. ഗാനരചയിതാവായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സംവിധായകന് പുറമെ, സഹോദരൻ ലോകേഷ് ധറിനൊപ്പം തന്റെ നിർമ്മാണ കമ്പനിയായ ബി62 സ്റ്റുഡിയോസും അദ്ദേഹം നടത്തുന്നുണ്ട്.

2016-ൽ പാകിസ്ഥാൻ ഭീകരവാദികൾ നടത്തിയ ഉറി ആക്രമണത്തിന് ഇന്ത്യ നൽകിയ തിരിച്ചടിയുടെ യഥാർത്ഥ കഥയെ ആസ്പദമാക്കി 2019-ൽ പുറത്തിറങ്ങിയ 'ഉറി: ദ സർജിക്കൽ സ്ട്രൈക്ക്' എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ആദിത്യ ധർ തന്റെ കഴിവ് തെളിയിച്ചിരുന്നു.

വിക്കി കൗശൽ നായകനായ 'ഉറി’ ബോക്സ് ഓഫീസിൽ വലിയ വിജയമായിരുന്നു. മികച്ച സംവിധായകൻ, മികച്ച നടൻ (വിക്കി കൗശൽ), മികച്ച ഓഡിയോഗ്രഫി (ബിശ്വദീപ് ചാറ്റർജി), മികച്ച സംഗീത സംവിധായകൻ (ശാശ്വത് സച്ച്‌ദേവ്) എന്നിവയുൾപ്പെടെ നാല് ദേശീയ ചലച്ചിത്ര അവാർഡുകളും ഈ ചിത്രം നേടി. ധുരന്ദർ (Dhurandhar) ഫ്രാഞ്ചൈസിക്കുവേണ്ടിയും ശാശ്വത് സച്ച്‌ദേവ് തന്നെയാണ് സംഗീതമൊരുക്കുന്നത്.

ഉറി റിലീസ് ചെയ്തപ്പോൾ, ചിത്രം പാകിസ്ഥാനിൽ പ്രദർശിപ്പിച്ചില്ലെങ്കിൽ എന്ത് തോന്നും എന്ന ചോദ്യത്തിന് ആദിത്യ ധർ അന്നു നൽകിയ മറുപടി ഇങ്ങനെയായിരുന്നു: "എനിക്ക് ഒരു പ്രത്യേകതയും തോന്നുന്നില്ല. അവർ വിശ്വസിക്കുകയും ഈ സിനിമ ഒരിക്കൽ കാണുകയും ചെയ്താൽ, പാകിസ്ഥാനിലെ ജനങ്ങൾക്ക് എതിരായി ഒന്നും ഈ സിനിമയിൽ പറഞ്ഞിട്ടില്ലെന്ന് അവർക്ക് മനസ്സിലാകും. പറയുന്നതെല്ലാം തീവ്രവാദത്തിനെതിരെയാണ്. നമ്മൾ തീവ്രവാദത്തോട് മാത്രമാണ് പോരാടുന്നത്, ഏതെങ്കിലും രാജ്യത്തോടോ പൗരന്മാരോടോ അല്ല എന്ന് അവർ തിരിച്ചറിഞ്ഞാൽ, അവർക്കും ഈ ചിത്രം തീർച്ചയായും ഇഷ്ടപ്പെടും."

ആദിത്യ ധറിന്റെ ഭാര്യ യാമി ഗൗതം, മോഹിത് റെയ്ന, പരേഷ് റാവൽ, കീർത്തി കുൽഹാരി എന്നിവരും ചിത്രത്തിൽ അഭിനയിച്ചിരുന്നു. 'ഉറി: ദ സർജിക്കൽ സ്ട്രൈക്ക്' പോലെ തന്നെ 'ധുരന്ദറും' പാകിസ്ഥാനിൽ റിലീസ് ചെയ്തിരുന്നില്ല.

എങ്കിലും, 16 രൂപയ്ക്ക് ലഭിക്കുന്ന പൈറേറ്റഡ് ഡിവിഡികളിലൂടെ 'ധുരന്ദർ' പാകിസ്ഥാനിൽ പ്രചരിച്ചിരുന്നു. റിലീസ് ചെയ്ത് 12 ദിവസത്തിനുള്ളിൽ പാകിസ്ഥാനിൽ 2 ദശലക്ഷത്തിലധികം തവണയാണ് ഈ ചിത്രം നിയമവിരുദ്ധമായി ഡൗൺലോഡ് ചെയ്യപ്പെട്ടത്. ജനുവരിയിൽ നെറ്റ്ഫ്ലിക്സിൽ എത്തിയപ്പോഴും ചിത്രം പാകിസ്ഥാനിൽ ഒന്നാം സ്ഥാനത്ത് തന്നെ തുടർന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi