നടൻ സെയ്ഫ് അലി ഖാന്റെ ആദ്യഭാര്യയും നടിയുമായ അമൃത സിങ്ങിനെക്കുറിച്ച് തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സെയ്ഫിന്റെ സഹോദരി സബ അലി ഖാൻ. അമൃത സിങ്ങുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞ സബ, തനിക്ക് ഒരു അമ്മയെപ്പോലെ എളുപ്പത്തിൽ അടുക്കാൻ കഴിയുന്ന ഒരാളായിരുന്നു അമൃതയെന്ന് ഓർത്തെടുത്തു.

To advertise here,

1991-ൽ സഹോദരൻ സെയ്ഫ് അലി ഖാൻ അമൃതയെ വിവാഹം കഴിക്കുമ്പോൾ സബയ്ക്ക് 15 വയസ്സായിരുന്നു പ്രായം. സെയ്ഫിനേക്കാൾ 12 വയസ്സ് മുതിർന്ന അമൃത, ആ കാലഘട്ടത്തിൽ സബയുടെ ജീവിതത്തിൽ പ്രധാനപ്പെട്ടൊരു പങ്കുവഹിച്ചിരുന്നു. സിദ്ധാർത്ഥ് കണ്ണന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെ, 2004-ൽ സെയ്ഫും അമൃതയും വേർപിരിഞ്ഞതോടെ തങ്ങൾ തമ്മിലുള്ള അകലം വർധിച്ചെങ്കിലും, പരസ്പരം യാതൊരുവിധ വിദ്വേഷവുമില്ലെന്ന് സബ വ്യക്തമാക്കി.

അമൃതയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് സബ വിശദമായി സംസാരിച്ചു. ഒരു മുതിർന്ന സഹോദരിയെപ്പോലെ അമൃത തന്നെ എങ്ങനെയാണ് വഴികാട്ടിയതെന്ന് അവർ തുറന്നുപറഞ്ഞു. ''അമൃത വളരെ പക്വതയുള്ള ഒരാളാണെന്ന് എനിക്ക് തോന്നി. എനിക്കവരെ ഇഷ്ടമാണ്, അവരുമായി നല്ല ബന്ധമാണുള്ളത്. എനിക്ക് ബേബോയെ (കരീനയെ) ഒരുപാട് ഇഷ്ടമാണ്, അത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്റെ സ്‌നേഹവും കൂറും ആർക്ക് നൽകണമോ അവർക്ക് തന്നെയാണ് ഞാൻ നൽകുന്നത്. എന്നാൽ, അമൃതയും എന്നോട് വളരെ നന്നായിട്ടാണ് പെരുമാറിയത്. അമ്മ ഒരുപക്ഷേ എന്നെ വിമർശിച്ചേക്കാവുന്ന കാര്യങ്ങളിൽ, അമൃത എനിക്ക് കൃത്യമായ മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഒരു മുതിർന്ന സഹോദരിയുടെ കരുതലോടും സ്‌നേഹത്തോടും കൂടിയാണ് അവർ അത്തരം കാര്യങ്ങൾ പറഞ്ഞിരുന്നത്. ചിലപ്പോഴൊക്കെ അമ്മയെ പോലെയും''.

അമൃത പലപ്പോഴും തനിക്ക് ഫാഷൻ സംബന്ധമായ ഉപദേശങ്ങൾ നൽകുകയും, വസ്ത്രധാരണവുമായി ബന്ധപ്പെട്ട തന്റെ തിരഞ്ഞെടുപ്പുകൾ തിരുത്തുകയും ചെയ്യാറുണ്ടായിരുന്നു എന്നും സബ വെളിപ്പെടുത്തി.

''അമൃത എന്നെ എപ്പോഴെങ്കിലും കാണുമ്പോൾ, ശ്രദ്ധിക്കുന്ന ഒരു കാര്യമാണത്. അവരെ കാണുന്നതിന് മുൻപ് ഞാൻ വസ്ത്രധാരണത്തിൽ പ്രത്യേക ശ്രദ്ധ കൊടുക്കാറുണ്ട്; കാരണം, 'എന്തുകൊണ്ടാണ് നിന്റെ ബാഗ് നീലയും വസ്ത്രം പിങ്കും ആയിരിക്കുന്നത്?' എന്ന് അമൃത ചോദിച്ചേക്കാം'', സബ പറഞ്ഞു.

എങ്കിലും, 2004-ൽ സെയ്ഫും അമൃതയും വേർപിരിഞ്ഞതോടെ അവരുടെ ബന്ധത്തിന്റെ സ്വഭാവം മാറി. വേർപിരിയലിനു ശേഷം അമൃതയ്ക്ക് കുറച്ച് അകലവും സ്വകാര്യമായ സമയവും ആവശ്യമായിരുന്നിരിക്കാം എന്ന് സബ വെളിപ്പെടുത്തി. എന്നിരുന്നാലും, അവർ തമ്മിൽ ഇപ്പോഴും നല്ലൊരു ബന്ധമാണുള്ളത്; കാണുമ്പോഴെല്ലാം വളരെ സ്‌നേഹത്തോടെയാണ് പരസ്പരം പെരുമാറുന്നത്. സെയ്ഫിന്റെയും അമൃതയുടെയും മക്കളെ കാണുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്നും, അവർക്കിടയിൽ യാതൊരുവിധ പിണക്കങ്ങളോ വിദ്വേഷമോ ഇല്ലെന്നും സബ പറഞ്ഞു. തങ്ങൾ ഒരുമിച്ച് ചെലവഴിച്ച നല്ല നിമിഷങ്ങളെ അവർ ഇപ്പോഴും ഓർക്കാറുണ്ട്.

എന്നാൽ, അമൃതയുമായുള്ള സെയ്ഫിന്റെ വിവാഹത്തിൽ തങ്ങൾ പങ്കെടുത്തിരുന്നില്ലെന്ന് സബയും സഹോദരിയും നടിയുമായ സോഹ അലി ഖാനും നേരത്തെ പറഞ്ഞിട്ടുണ്ട്. ആ വിവാഹം നടക്കുമ്പോൾ സബയ്ക്ക് 15 വയസ്സും സോഹയ്ക്ക് 13 വയസ്സുമായിരുന്നു പ്രായം. തങ്ങൾ സ്‌കൂളിൽ പഠിക്കുമ്പോഴാണ് ഈ വിവാഹവാർത്ത അറിഞ്ഞതെന്ന് സഹോദരിമാർ ഓർത്തെടുത്തു.

''ഞങ്ങൾ സ്‌കൂളിൽ പഠിക്കുമ്പോഴാണ് അദ്ദേഹം വിവാഹിതനായത്. സ്‌കൂളിലെ പ്രിൻസിപ്പലിന്റെ ഓഫീസിലേക്ക് മാതാപിതാക്കളുടെ ഒരു ഫോൺ കോൾ വന്നു; ഇക്കാര്യം ആരോടും പറയരുതെന്ന് അവർ ഞങ്ങളോട് പറഞ്ഞു. എന്നാൽ അപ്പോഴേക്കും വാർത്ത പത്രങ്ങളിൽ വന്നിരുന്നു, അതിനാൽ ആ വാർത്ത എത്രത്തോളം സത്യമാണെന്ന് ഞങ്ങൾക്ക് ഉറപ്പില്ലായിരുന്നു. എന്തായാലും, ഇക്കാര്യം ആരോടും പറയരുതെന്ന് ഞങ്ങൾക്ക് നിർദ്ദേശം ലഭിച്ചിരുന്നു'', എന്ന് സബ പറഞ്ഞു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi