ഉത്തർപ്രദേശിലെ ബറേലിയാണ് തന്റെ ജന്മനാടെന്ന് പ്രിയങ്ക ചോപ്ര എപ്പോഴും പറയാറുണ്ടെങ്കിലും, താരത്തിന് സിനിമാലോകത്ത് വിലാസമുണ്ടാക്കി നൽകിയത് മുംബൈ നഗരമാണ്. ബോളിവുഡിന്റെ ഈ തലസ്ഥാന നഗരിയിലെ തങ്ങളുടെ ആദ്യകാലത്തെക്കുറിച്ചും പ്രിയങ്കയുടെ സിനിമായാത്രയുടെ തുടക്കത്തെക്കുറിച്ചും മനസ്സ് തുറക്കുകയാണ് മാതാവ് മധു ചോപ്ര.
തെന്നിന്ത്യൻ സൂപ്പർ താരം 'ദളപതി' വിജയ്‌ക്കൊപ്പം പ്രിയങ്ക ആദ്യമായി അഭിനയിച്ച ചിത്രമായിരുന്നു 'തമിഴൻ' (2002). അന്ന് 19 വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ പ്രിയങ്കയ്ക്ക്. വിജയ്ക്കൊപ്പമുള്ള മകളുടെ ആദ്യ ചിത്രത്തെക്കുറിച്ച് മധു ചോപ്ര ഓർത്തെടുത്തതിങ്ങനെ;
"വിജയ് വളരെ നല്ലൊരു മനുഷ്യനാണ്. തുടക്കത്തിൽ പ്രിയങ്കയ്ക്ക് അദ്ദേഹത്തെ പേടിയായിരുന്നു. ഇത്രയും വലിയൊരു താരത്തോടൊപ്പം ഒരു കൊച്ചു പെൺകുട്ടി എങ്ങനെ അഭിനയിക്കുമെന്ന് എനിക്കും ആശങ്കയുണ്ടായിരുന്നു. എന്നാൽ അദ്ദേഹം അവളോട് വളരെ ദയയോടെയാണ് പെരുമാറുന്നത്. വിജയ് ആയിരുന്നു അവളുടെ ആദ്യത്തെ മെന്റർ. അവളുടെ ആത്മവിശ്വാസം നഷ്ടപ്പെടാൻ അദ്ദേഹം ഒരിക്കലും അനുവദിച്ചില്ല," പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
പ്രഭുദേവയുടെ സഹോദരൻ രാജു സുന്ദരമായിരുന്നു ചിത്രത്തിലെ നൃത്തസംവിധായകൻ. വിജയ് മികച്ച നർത്തകനായതുകൊണ്ട് തന്നെ പ്രിയങ്കയ്ക്ക് നൃത്തച്ചുവടുകൾ പഠിക്കുക പ്രയാസകരമായിരുന്നുവെന്നും എന്നാൽ അപ്പോഴെല്ലാം വിജയ് വലിയ പിന്തുണ നൽകിയിരുന്നുവെന്നും മധു ചോപ്ര കൂട്ടിച്ചേർത്തു.
സൗന്ദര്യമത്സരത്തിൽ വിജയിച്ച ശേഷം പ്രിയങ്കയോടൊപ്പം മുംബൈയിലേക്ക് താമസം മാറിയപ്പോഴുള്ള വെല്ലുവിളികളെക്കുറിച്ചും അവർ സംസാരിച്ചു. മുംബൈയിലെ കാന്തിവാലിയിലായിരുന്നു അവർ ആദ്യം താമസിച്ചിരുന്നത്.
"സ്വന്തമായി കാറോടിച്ചു ശീലിച്ച ഞങ്ങൾക്ക് മുംബൈയിലെ ലോക്കൽ ട്രെയിൻ യാത്രകൾ ആദ്യം പേടിപ്പെടുത്തുന്നതായിരുന്നു. പുലർച്ചെ 5.30-ന് വീട്ടിൽ നിന്നിറങ്ങി 6.30-ന് പരിശീലനത്തിന് എത്തണമായിരുന്നു. മുംബൈയിൽ ഞങ്ങൾ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. പിന്നീട് സാന്താക്രൂസിലെ ഒരു പിജി (Paying Guest) സൗകര്യത്തിലേക്ക് മാറി. അവിടെ വെച്ചാണ് പ്രിയങ്ക തന്റെ ഉറ്റസുഹൃത്തായ തമന്ന ദത്തിനെ പരിചയപ്പെടുന്നത്."
മുംബൈ നഗരം സുരക്ഷിതമാണെന്നും രാത്രി വൈകിയാലും പേടിയില്ലാതെ ടാക്സിയിൽ യാത്ര ചെയ്യാമായിരുന്നുവെന്നും അവർ പറഞ്ഞു. പ്രിയങ്കയെ സംരക്ഷിക്കാൻ എപ്പോഴും ചില മാലാഖമാർ കൂടെയുണ്ടായിരുന്നെന്നും വെല്ലുവിളികൾ വന്നാലും അത് ധൈര്യത്തോടെ നേരിടാൻ പ്രിയങ്കയ്ക്ക് അറിയാമായിരുന്നുവെന്നും മധു ചോപ്ര അഭിമാനത്തോടെ ഓർക്കുന്നു.
രാജമൗലി ചിത്രം ‘വാരണാസി’യാണ് പ്രിയങ്കയുടെ ഇനി വരാനിരിക്കുന്ന ചിത്രം. അതേ സമയം വിജയ്‌യുടെ അവസാന ചിത്രമായ ‘ജനനായകൻ’ ഇതുവരെ റിലീസ് ചെയ്തിട്ടില്ല.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Madhu Chopra recounts the early hardships of moving to Mumbai with Priyanka., Thalapathy Vijay acted as a mentor to a 19-year-old Priyanka during her debut film 'Thamizhan'., Insights into Priyanka's disciplined training and early living conditions in Mumbai., Acknowledgment of the support systems and 'guardian angels' that helped Priyanka succeed.
Published: 11 Mar 2026, 04:45 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented