2000 ഡിസംബറിലാണ് ബോളിവുഡ് താരം ഹൃത്വിക് റോഷനും സുസെയ്ൻ ഖാനും വിവാഹിതരായത്. ബാല്യകാലസുഹൃത്തുക്കളായിരുന്നു ഇരുവരും. പിന്നീട് ആ സൗഹൃദം വിവാഹത്തിലെത്തുകയായിരുന്നു. രണ്ടുകുട്ടികളുമുണ്ടായി ദമ്പതികൾക്ക്. 13 വർഷങ്ങൾക്കുശേഷം ഒരു ഡിസംബറിൽ തന്നെയാണ് ഇരുവരും വിവാഹമോചനത്തിനുള്ള തീരുമാനമെടുക്കുന്നതും. നടപടികളെല്ലാം പൂർത്തിയായത് തൊട്ടടുത്തവർഷവും.
വിവാഹമോചനത്തിലേക്ക് നയിച്ച കാരണങ്ങളെപ്പറ്റി ഇരുവരും ഒരിക്കലും തുറന്നുപറഞ്ഞിട്ടില്ല. ഒരു തെറ്റിദ്ധാരണയുടെ പുറത്താണ് ഇരുവരും പിരിഞ്ഞതെന്ന് പിന്നീട് ഹൃത്വിക്കിന്റെ അച്ഛൻ രാകേഷ് റോഷൻ പറഞ്ഞിരുന്നു. പക്ഷേ അക്കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടത് ഹൃത്വിക് സുസെയ്ന്‍ നൽകിയ ജീവനാംശമായിരുന്നു. സുസെയ്ൻ ജീവനാംശമായി 400 കോടി രൂപ ആവശ്യപ്പെട്ടുവെന്നാണ് ആദ്യം വാർത്തകൾ വന്നത്. ചർച്ചകൾക്കൊടുവിലത് 380 കോടിയായെന്നും.
Also Read
ഇതെല്ലാം നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് സുസെയ്ന്റെ സഹോദരിയും ജ്വല്ലറി ഡിസൈനറുമായ ഫറാ ഖാൻ അലി. വിക്കി ലൽവാനിയുടെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു അവർ. ''അവരുടെ വിവാഹമോചനസമയത്ത് വലിയ കോലാഹലങ്ങളുണ്ടായി. അവരുടെ വ്യക്തിജീവിതത്തെക്കുറിച്ച് ആളുകൾക്ക് പല അഭിപ്രായങ്ങളുമുണ്ടായിരുന്നു, എന്നാൽ അവരിരുവരും ആ സാഹചര്യത്തെ വളരെ മാന്യമായാണ് കൈകാര്യം ചെയ്തതെന്ന് എനിക്ക് തോന്നുന്നു. എല്ലാം സൗഹാർദ്ദപരമായാണ് നടന്നത്. ജീവനാംശം നൽകിയെന്നൊക്കെ അന്ന് വാർത്തകളുണ്ടായിരുന്നു. പക്ഷേ ഒരു കാര്യം എനിക്കുറപ്പിച്ചു പറയാൻ പറ്റും. 400 കോടി രൂപയുടെ ജീവനാംശമൊന്നും സുസെയ്ന്‍ നൽകിയിട്ടില്ല. 400 കോടി രൂപ നൽകിയെന്നും അതുവഴി സൂസെയ്ൻ കൂടുതൽ സമ്പന്നയായെന്നും ആളുകൾ പറയുന്നത് കാണുമ്പോൾ എനിക്ക് വല്ലാത്ത വിഷമം തോന്നിയിരുന്നു. അതൊരു വലിയ നുണയാണ്. എന്റെ സഹോദരി ഒന്നും വാങ്ങിയിട്ടില്ല'', ഫറാ ഉറപ്പിച്ചുപറയുന്നു.
''ഭൗതികമായ കാര്യങ്ങളല്ല, മറിച്ച് ബന്ധങ്ങളാണ് പ്രധാനമെന്ന് ഞങ്ങളെ പഠിപ്പിച്ച ഒരു കുടുംബത്തിൽ നിന്നും അമ്മയിൽ നിന്നുമാണ് ഞങ്ങൾ വരുന്നത്. അതുകൊണ്ട്, എന്റെ സഹോദരി ഒന്നും വാങ്ങിയില്ല. അതുകൊണ്ടാണ് ഇന്ന് തന്റെ മുൻ ഭർത്താവ് ഹൃത്വിക്കുമായും മുൻ ഭർതൃമാതാപിതാക്കളായ പിങ്കി, രാകേഷ് റോഷൻ എന്നിവരുമായും അവൾക്ക് മികച്ച ബന്ധമുള്ളത്. അവർക്ക് അവളെ വലിയ ഇഷ്ടമാണ്. പണത്തിനുവേണ്ടി മാത്രം ബന്ധം സ്ഥാപിക്കുന്ന ഒരാളല്ല അവൾ. അവൾ വളരെ മാന്യയും അന്തസ്സുള്ളവളുമാണ്. നല്ലൊരു കുടുംബപാരമ്പര്യമുള്ളവളാണ് അവൾ. ഹൃത്വിക്കും വളരെ നല്ലൊരു മനുഷ്യനാണ്. അവരുടെ ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞില്ലായിരിക്കാം'', അവർ കൂട്ടിച്ചേർക്കുന്നു.
ഇത്തരം വാർത്തകൾ നിഷേധിച്ച് സത്യം എന്താണെന്ന് പുറംലോകത്തെ അറിയിക്കാൻ താൻ പലതവണ സുസെയ്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും ഫറ പറയുന്നു. ''എന്തുകൊണ്ടാണ് നീയിത് നിഷേധിക്കാത്തതെന്ന് ഞാൻ അവളോട് ചോദിച്ചു. അപ്പോൾ അവൾ പറഞ്ഞു, 'ഫറ, ആളുകൾ എന്നെക്കുറിച്ച് എന്ത് ചിന്തിക്കുന്നു എന്നതിൽ എനിക്ക് ഒരു ആശങ്കയുമില്ല'. നമ്മളെല്ലാവരും അങ്ങനെയാണെന്ന് എനിക്ക് തോന്നുന്നു. എനിക്ക് തോന്നുന്നത് ഞാൻ ചെയ്യുന്നു. എന്റെ ജീവിതത്തിൽ നിങ്ങൾ എന്തെങ്കിലും മൂല്യം കൊണ്ടുവരുന്നില്ലെങ്കിൽ, ഞാൻ ചെയ്യുന്ന കാര്യങ്ങൾ നിങ്ങളെ ബാധിക്കേണ്ടതില്ല; അതുപോലെ, നിങ്ങൾ എന്നെക്കുറിച്ച് എന്ത് ചിന്തിക്കുന്നു എന്നത് എന്നെയും ബാധിക്കേണ്ടതില്ല''.
വിവാഹമോചനത്തിനുശേഷവും പഴയ അതേ സൗഹൃദം ഹൃത്വിക്കിനും സുസെയ്നുമിടയിലുണ്ട്. തങ്ങളുടെ കുട്ടികളെ ഒരുമിച്ചാണ് ഇരുവരും വളർത്തുന്നതും. നടിയും നാടകസംവിധായികയും സംഗീതജ്ഞയുമായ സബാ ആസാദാണ് ഇപ്പോൾ ഹൃത്വിക്കിന്റെ പങ്കാളി. അർസ്ലാൻ ഗോനിയാണ് സുസെയ്ന്റെ പങ്കാളി. വിശേഷാവസരങ്ങളിലെല്ലാം ഹൃത്വിക്കും സബയും അർസ്ലാനും സുസെയ്നും ഒത്തുകൂടാറുണ്ട്. അവധിക്കാലയാത്രകളും പലപ്പോഴും കുട്ടികൾക്കൊപ്പം ഇവരൊരുമിച്ചാണ് നടത്താറുള്ളത്. ആവശ്യമുള്ള സന്ദർഭങ്ങളിലെല്ലാം ഇരുവരും പരസ്പരം പിന്തുണയ്ക്കാറുമുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Farah Khan Ali officially denies reports of a 400 crore alimony settlement. The divorce between Hrithik and Sussanne was amicable and handled with dignity
Published: 03 Jul 2026, 12:04 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented