2025 നവംബറിലാണ് നടി സെലീന ജെയ്റ്റ്‌ലി ഭർത്താവും ഓസ്ട്രിയൻ സ്വദേശിയുമായ പീറ്റർ ഹാഗിനെതിരെ മുംബൈ കോടതിയിൽ കേസ് കൊടുത്തത്. പീറ്റർ തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നായിരുന്നു അവരുടെ ആരോപണം. വീട്ടിൽ പൂട്ടിയിട്ട തന്നെ അയൽക്കാരാണ് രക്ഷിച്ചതെന്നും അവർ പറഞ്ഞിരുന്നു. താൻ അനുഭവിച്ച കഷ്ടപ്പാടിനുള്ള നഷ്ടപരിഹാരമായി അവർ ആവശ്യപ്പെട്ടത് 50 കോടി രൂപയാണ്. തന്റെ അറിവില്ലാതെ തന്റെ പല സ്വത്തുക്കളും പീറ്റർ ഹാഗ് വിറ്റുവെന്നും അവർ ആരോപിച്ചു. തന്റെ നഗ്നചിത്രങ്ങളെടുത്ത് ബ്ലാക്‌മെയിൽ ചെയ്തുവെന്നും സെലീന പറഞ്ഞു. 15 വർഷം നീണ്ടുനിന്ന ആ കയ്‌പേറിയ അനുഭവങ്ങളെക്കുറിച്ച് വിവരിച്ചത് എല്ലാവരെയും ഞെട്ടിച്ചു.
2011-ൽ വിവാഹിതരായ ഇരുവർക്കും മൂന്നുമക്കളാണുള്ളത്. 15-ാം വിവാഹവാർഷികദിനത്തിൽ സർപ്രൈസ് ഗിഫ്റ്റായി തനിക്ക് വിവാഹമോചനനോട്ടീസ് നൽകുകയായിരുന്നുവെന്നും സെലീന അന്ന് ആരോപിച്ചിരുന്നു. ഇതിനെല്ലാമിടയ്ക്ക് അവരുടെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ് ചർച്ചയാവുകയാണ്.
സെലീന തന്റെ കുറിപ്പ് ഇങ്ങനെയാണ് തുടങ്ങിയത്. ''പച്ച നിറം, ഒപ്പം ഒരു തിരിച്ചറിവും. സ്‌നേഹം നമ്മളെ ഒരിക്കലും നിസ്സഹായരും സാമ്പത്തികമായി ഒന്നുമില്ലാത്തവരുമാക്കരുത്. വിവാഹം എന്നാൽ സുരക്ഷിതത്വമാണെന്നാണ് നമ്മളെ പഠിപ്പിക്കാറുള്ളത്. പ്രത്യേകിച്ച് ദക്ഷിണേഷ്യൻ, ഏഷ്യൻ സംസ്‌കാരങ്ങളിലും മറ്റ് പല സംസ്‌കാരങ്ങളിലും, ഇതാണ് ശരിയെന്ന് വിശ്വസിച്ചാണ് നമ്മൾ വളരുന്നത്. എന്നാൽ യഥാർത്ഥ സുരക്ഷിതത്വം എന്നത് നമ്മുടെ വിദ്യാഭ്യാസം, കഴിവുകൾ, സ്വന്തമായ വീട്, സാമ്പത്തികസ്വാതന്ത്ര്യം, കൂടാതെ നമുക്ക് അനുയോജ്യമല്ലാത്ത ഏത് സാഹചര്യത്തിൽ നിന്നും ഇറങ്ങിപ്പോരാനുള്ള കഴിവ് എന്നിവയിലാണെന്ന് ഇപ്പോൾ മനസ്സിലാകുന്നു''.
വിവാഹബന്ധം ഏതുവിധേനയും നിലനിർത്തിക്കൊണ്ടുപോവണമെന്നാണ് നമ്മളെ പഠിപ്പിക്കുന്നതെന്നും അവർ കുറിക്കുന്നു. ''വിവാഹം എന്നാൽ വിട്ടുവീഴ്ചകൾ ചെയ്യുക എന്നത് മാത്രമാണെന്നാണ് നമ്മോട് പറയുന്നത്. എന്നാൽ എത്രത്തോളം വിട്ടുവീഴ്ചകൾ ചെയ്യണം? എത്രത്തോളം ഒത്തുപോകാൻ ശ്രമിക്കണം? ഇതിന്റെ പേരിൽ ഒരു സ്ത്രീ എത്രത്തോളം സഹിക്കണം എന്ന് പ്രതീക്ഷിക്കപ്പെടുന്നു? കഴിഞ്ഞ വർഷം, കൈയ്യിൽ പണമോ സ്വത്തുക്കളോ ഒന്നുമില്ലാതെ ഞാൻ ഉപേക്ഷിക്കപ്പെട്ടപ്പോൾ, ദുഃഖിക്കാൻ പോലും എനിക്ക് സമയമുണ്ടായിരുന്നില്ല. 'ഞാനും എന്റെ കുട്ടികളും എങ്ങനെ ജീവിക്കും?' എന്ന ചോദ്യം എന്നെ വല്ലാതെ അലട്ടി. ഇത്രയും വർഷങ്ങളോളം, പീഡനങ്ങൾ നിറഞ്ഞ ഒരു വിവാഹബന്ധത്തിൽ ഞാൻ തുടരാൻ ഉണ്ടായ കാരണവും അതുതന്നെയായിരുന്നു''.
സ്ത്രീകൾക്ക് സാമ്പത്തികസ്വാതന്ത്ര്യം നിർബന്ധമാണെന്നും അവർ ഓർമിപ്പിക്കുന്നു. ''ഞാൻ വീണ്ടും വീണ്ടും ചിന്തിച്ചുപോകുന്ന ഒരു കാര്യമുണ്ട്. സ്ത്രീകൾക്ക് സാമ്പത്തിക സ്വാതന്ത്ര്യവും, സ്വന്തമായി ഒരു വീടും കാറും, ബാങ്ക് അക്കൗണ്ടിൽ ആവശ്യത്തിന് പണവും ഉണ്ടായിരുന്നെങ്കിൽ, എത്രപേർ ഇന്നും അക്രമം നിറഞ്ഞ ബന്ധങ്ങളിൽ തുടരുമായിരുന്നു? പുറത്തുകടക്കാൻ മാർഗമില്ലാത്തതുകൊണ്ട് മാത്രം എത്രപേർ അവിടെത്തന്നെ തുടരുന്നുണ്ടാകാം? ഓരോ സ്ത്രീക്കും തങ്ങളുടെ തൊഴിലിലേക്കോ, വിദ്യാഭ്യാസത്തിലേക്കോ, കഴിവുകളിലേക്കോ, അല്ലെങ്കിൽ സ്വന്തം നിയന്ത്രണത്തിലുള്ള സമ്പാദ്യത്തിലേക്കോ തിരിയാൻ കഴിയണം''. സിനിമയോട് വിടപറഞ്ഞാണ് സെലീന കുടുംബജീവിതത്തിലേക്ക് കടന്നത്. നാലുകുട്ടികൾ ജനിച്ചുവെങ്കിലും, അതിലൊരു കുഞ്ഞ് അസുഖങ്ങൾ കാരണം ചെറുപ്പത്തിൽ തന്നെ മരിക്കുകയും ചെയ്തു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Celeste Jaitley filed a case against husband Peter Haag in November 2025 demanding 50 crore compensation for domestic abuse. Her latest Instagram post emphasizes that true security comes from financial independence, education, and having one's own assets., She highlights that lack of money and resources is the primary reason why women stay trapped in toxic or abusive relationships.
Published: 26 Oct 2026, 06:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented