തമിഴ് സിനിമാ പ്രേക്ഷകരുടെ പ്രിയ താരജോഡികളായ വിജയ്‌യും തൃഷ കൃഷ്ണനും വീണ്ടും പൊതുവേദിയിൽ ഒന്നിച്ചെത്തിയ സന്തോഷത്തിലാണ് ആരാധകർ. ചെന്നൈയിൽ നടന്ന വിവാഹസൽക്കാര ചടങ്ങിലാണ് വിജയും തൃഷയും ഒന്നിച്ച് പങ്കെടുത്തത്. വിജയ്‌യുടെ അമ്മ ശോഭ ചന്ദ്രശേഖറും ഇവർക്കൊപ്പമുണ്ടായിരുന്നു.

To advertise here,

വിവാഹവേദിയിലേക്ക് ഇരു താരങ്ങളും ഒന്നിച്ച് എത്തുന്നതിന്റെയും വേദിയിലേക്ക് നവദമ്പതികളെ ആശംസിക്കാൻ എത്തുന്നതിന്റെയും നിരവധി വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ചടങ്ങിൽ ക്ലാസിക് ബ്രൗൺ സൂട്ടിലാണ് വിജയ് എത്തിയത്. പിങ്ക് നിറത്തിലുള്ള സാരിയിൽ അതി സുന്ദരിയായി തൃഷയും. നവദമ്പതികൾക്ക് ആശംസകൾ നേർന്ന് ഇരുവരും വേദിയിൽ ഒന്നിച്ച് ചിത്രങ്ങൾക്കും പോസ് ചെയ്തു.

മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും വൈ.എസ്.ആർ. കോൺഗ്രസ് അധ്യക്ഷനുമായ വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ ബന്ധു വൈ.എസ്. അനിൽ റെഡ്ഡിയുടെ മകളുടെ വിവാഹസൽക്കാരമായിരുന്നു ഇത്. ചടങ്ങിൽ വെച്ച് ജഗൻ മോഹൻ റെഡ്ഡിയുമായി വിജയ് കൂടിക്കാഴ്ച നടത്തുകയും ഒന്നിച്ച് ചിത്രങ്ങൾക്ക് പോസ് ചെയ്യുകയും ചെയ്തു. ബി.ആർ.എസ്. വർക്കിങ് പ്രസിഡന്റ് കെ.ടി. രാമറാവുവും ഭാര്യ ശൈലിമയും ചടങ്ങിൽ പങ്കെടുത്തു.

വിജയ്‌യും തൃഷയും ഒന്നിച്ചു പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നത് ഇതാദ്യമായല്ല. ഏതാനും മാസങ്ങൾക്ക് മുൻപ് ചെന്നൈയിൽ നടന്ന പ്രമുഖ ചലച്ചിത്ര നിർമ്മാതാവ് കൽപാത്തി എസ്. സുരേഷിന്റെ മകന്റെ വിവാഹസൽക്കാരത്തിലും ഇരുവരും ഒന്നിച്ചെത്തിയിരുന്നു. അന്ന് അത് വലിയ വാർത്തയായിരുന്നു.

കൂടാതെ, യുകെയിലെ സിൽവർസ്റ്റോൺ സർക്യൂട്ടിൽ വെച്ച് നടന്ന റേസിങ്ങിൽ നടൻ അജിത് കുമാറിനെ പിന്തുണയ്ക്കാൻ എത്തിയപ്പോഴും വിജയ്‌യുടെയും തൃഷയുടെയും സാന്നിധ്യം വാർത്താപ്രാധാന്യം നേടിയിരുന്നു. വിജയിയുമായി വലിയ സൗഹൃദമാണ് തനിക്കുള്ളതെന്ന് തൃഷ പലപ്പോഴും അഭിമുഖങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi